വയൽചുള്ളിയുടെ കഥ

വധിക്കാലത്ത് കുറച്ചു ദിവസം മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കേരളത്തിൽ അടിച്ചു പൊളിക്കാൻ എത്തിയതാണ് ദിൽഷൻ.

രാവിലെ എഴുന്നേറ്റു വന്നാൽ മുത്തച്ഛനെ കാണാറില്ല. കുറച്ചു കഴിയുമ്പോഴാണ് കയ്യിൽ കുറച്ച് പച്ചക്കറിയുമായി മുത്തശ്ശന്റെ വരവ്.

“നാളെ രാവിലെ ഞാനും മുത്തശ്ശന്റ കൂടെ വരട്ടെ…”

ദിൽഷന്റെ ചോദ്യം മുത്തച്ഛന് രസിച്ചു.

“പിന്നെന്താ തീർച്ചയായും കൊണ്ടുപോകാം. പക്ഷേ രാവിലെ നേരത്തെ എഴുന്നേൽക്കണം. ഈ നേരത്ത് എഴുന്നേറ്റു വന്നാൽ പോകാൻ പറ്റില്ല.”

“മുത്തച്ഛൻ പോകുമ്പോൾ എന്നെ വിളിച്ചാൽ മതി. ഞാനും കൂടെ വരാം.”

“വിളിക്കുകയൊക്കെ ആവാം. വീണ്ടും തിരിഞ്ഞു കിടന്ന് ഉറങ്ങാൻ പാടില്ല.” മുത്തച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

വിശാലമായ പ്രദേശം വരണ്ട് ഉണങ്ങി കിടക്കുന്നു. കുറച്ചു ദൂരം വരമ്പിൽ കൂടി നടന്നാൽ ചെറിയ ഒരു പച്ചപ്പ് അവിടെയാണ് മുത്തച്ഛന്റെ പച്ചക്കറി കൃഷി. തൊട്ടടുത്ത് ഒരു കുളവും. കുളത്തിൽ നിന്നും വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ, മറ്റു സാധനങ്ങൾ സൂക്ഷിക്കാനായി ചെറിയ ഒരു കെട്ടിടം.

വയൽ വരമ്പുകളിലൂടെ വൈദ്യുത കമ്പികൾ ഒരു നൂലുപോലെ മറുകരയിലേക്ക് നീളുന്നു. വയലിനപ്പുറം ഉയർന്ന പ്രദേശമാണ് നിറയെ തോട്ടങ്ങളും വീടുകളും പക്ഷേ വീടുകളൊന്നും പെട്ടെന്ന് കാണാൻ കഴിയില്ല. പച്ച മരച്ചാർത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന വീടുകൾ.

ദിൽഷന് തന്റെ നഗരം ഓർമ്മ വന്നു. അവിടെ നിറയെ കെട്ടിടങ്ങൾ. അവക്കിടയിൽ ചില മരങ്ങൾ. അതാണ് പെട്ടെന്ന് കാണുന്ന ദൃശ്യം.

ഇവിടെ നേരെ വിപരീതം.

ദിൽഷൻ വയൽ വരമ്പിലൂടെ മുത്തച്ഛന്‍റെ പിറകെ നടന്നു.

സ്വർണ്ണo കട്ടപിടിച്ചതു പോല അവിടവിടെ വിളഞ്ഞ വെള്ളരിക്കകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. മുത്തച്ഛൻ പടർന്നു കിടക്കുന്ന വള്ളികളിൽ ചവിട്ടാതെ സൂക്ഷിച്ച് അതിനുള്ളിലൂടെ നടന്നു. ദിൽഷൻ വയൽ വരമ്പിൽ കാഴ്ചകൾ കണ്ട് നിന്നു.

കുറച്ചു കഴിഞ്ഞതും കയ്യിൽ ഒരു വെള്ളരിക്ക പൂവലുമായി മുത്തച്ഛൻ ദിൽഷന്റെ അരികിൽ എത്തി. ദിൽഷൻ പച്ചനിറത്തിലുള്ള കൊച്ചു വെള്ളരിക്ക കയ്യിൽ പിടിച്ച് എന്തു ചെയ്യണമെന്നറിയാതെ നിന്നു.

“ഇത് കടിച്ചു തിന്നാനുള്ളതാണ്”, മുത്തച്ഛൻ പറഞ്ഞു

മറ്റൊന്ന് കൂടി പറിച്ച് മുത്തച്ഛൻ കടിച്ചു തിന്നാൻ തുടങ്ങി.

രണ്ടു നല്ല ഭംഗിയുള്ള വെള്ളരിക്കയും പിടിച്ച് അവർ തിരിച്ചു നടന്നു.

നടത്തത്തിനിടയിൽ ദിൽഷന്റ കാലിൽ ഒരു മുള്ളു തറച്ചു. അവൻ അയ്യോ എന്ന് നിലവിളിച്ചു വരമ്പിൽ ഇരുന്നു.

മുത്തച്ഛൻ അരികിൽ ഇരുന്ന് ആ നേരിയ മുള്ള് എടുത്തുമാറ്റിക്കൊണ്ട് പറഞ്ഞു.

“ഇത് വയൽചുള്ളിയാണ്. പണ്ട് ഇത് വരമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ ഇങ്ങനെ അപൂർവമായി എവിടെയെങ്കിലും കണ്ടാലായി. നല്ല ഔഷധ ഗുണമുള്ള ചെടിയായിരുന്നു.”

“നിറയെ മുള്ളുകൾ ഉള്ള ചെടികൾ പോയത് നല്ലതല്ലേ മുത്തച്ഛാ… അല്ലെങ്കിൽ ഇതിലെ നടക്കാൻ എന്തു വിഷമമാവും.”

ദിൽഷന്റെ അഭിപ്രായം കേട്ടതും മുത്തച്ഛൻ ചിരിച്ചു.

“പഴയ കാലത്തെ പലതും പറഞ്ഞാലും കേട്ടാലും ഇന്നത്തെ തലമുറക്ക് മനസ്സിലായി എന്ന് വരില്ല. ഈ നിറയെ മുള്ളുകൾ ഉള്ള ചെടികൾ വയൽ വരമ്പിൽ കൃഷിക്കാർ തന്നെ വച്ചുപിടിപ്പിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് പഴയ കഥയാണ്.”

കഥ എന്ന് കേട്ടതും ദിൽഷന് ആവശേമായി. വീതിയുള്ള വരമ്പിലെത്തിയതും ചേർന്നു നടന്നുകൊണ്ട് മുത്തച്ഛനോട് കഥ പറയാൻ ആവശ്യപ്പെട്ടു.

“പണ്ട് എന്ന് പറഞ്ഞാൽ അത്ര പണ്ടൊന്നുമല്ല. എന്റെ അച്ഛന്റെ കാലത്തു വരെ നമ്മുടെ നാട്ടില ഭൂമി മുഴുവൻ ജന്മിമാരുടെ കൈയിലായിരുന്നു. ഈ കാണുന്ന പാടം മുഴുവൻ അതുപോലെ ആ കുന്നിൻ ചെരുവിൽ ഉള്ള മറ്റു പാടശേഖരങ്ങൾ ഒക്കെയും. അതിന് അന്ന് പറഞ്ഞിരുന്നത് ബ്രഹ്മസ്വം എന്നും അമ്പലങ്ങളുടെ അധീനതയിലുള്ള ഭൂമിക്ക് ദേവസ്വം എന്നും പറഞ്ഞു പോന്നു.

ഭൂമി ഉണ്ടായതു കൊണ്ട് കാര്യമില്ലല്ലോ അവിടെ കൃഷി ചെയ്താൽ മാത്രമല്ലേ നെല്ല് ഉണ്ടാവുകയുള്ളൂ. ബ്രാഹ്മണർ അക്കാലത്ത് അമ്പലങ്ങളിൽ പൂജയും മറ്റുമായി ജീവിക്കുകയാണ് പതിവ്. അവർ മണ്ണിലിറങ്ങി പണിയെടുക്കാനൊന്നും തയ്യാറുമില്ല.

അതിനാൽ അവരുടെ ഭൂമി കൃഷിചെയ്യാനായി മറ്റുള്ളവർക്ക് നൽകും. വിള ഉണ്ടാകുമ്പോൾ അതിൽ ഒരു ഭാഗം സ്ഥലത്തിന്റെ ഉടമസ്ഥരായ ബ്രാഹ്മണർക്കോ അമ്പലത്തിലേക്കോ നൽകണം. ഇതിന് പാട്ടം നൽകുക എന്ന് പറയും. വളരെയധികം ഭൂമി സ്വന്തമായി ഉള്ളവർ ഇതെല്ലാം നോക്കി നടത്താൻ ചിലരെ ഏർപ്പാടാക്കും.

അവരെയാണ് കാര്യസ്ഥൻ എന്ന് പറയുക.

കാലാവസ്ഥ ചതിച്ചാൽ വിള വേണ്ടത്ര കിട്ടി എന്നു വരില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ കൃഷിക്കാര്‍ക്ക് പാട്ടം കൊടുക്കാൻ കഴിയാതെയാവും.

പലപ്പോഴും ക്രൂരന്മാരായ കാര്യസ്ഥന്മാരും ഉടമസ്ഥരും പാട്ടത്തിൽ ഇളവ് കൊടുക്കണമെന്നില്ല.

ഇത്തരം സന്ദർഭങ്ങളിൽ കൃഷിക്കാർ ബ്രാഹ്മണരെ കൃഷിസ്ഥലം വന്ന് കാണാൻ ക്ഷണിക്കും.

മറ്റു ചില അവസരങ്ങളിൽ കൃഷിക്കാർ പാട്ടം കൊടുക്കാതെ ഉടമസ്ഥരെ കബളിപ്പിക്കുന്നുണ്ടോ എന്ന് നോക്കാനും ഇവർ കൃഷിസ്ഥലങ്ങളിലേക്ക് വരും.

പൊതുവേ മടിയന്മാരായ കാര്യസ്ഥന്മാരും ബ്രാഹ്മണരും വയൽ വരമ്പിലൂടെ അധിക ദൂരം നടക്കാതിരിക്കാൻ വേണ്ടി അന്നത്തെ കർഷകർ വയൽ വരമ്പിൽ വെച്ചു പിടിപ്പിച്ചതാണ് വയൽചുള്ളി എന്നാണ് കഥ.

അന്നത്തെ കാലത്ത് ആർക്കും ചെരിപ്പ് ഒന്നും ഉണ്ടാവില്ല.

വരമ്പിൽ നിറയെ മുൾച്ചെടികൾ കാണുമ്പോർ അവർ അതിലൂടെ നടക്കാൻ മടിക്കും. പാട്ടക്കാരൻ പറയുന്നത് കേട്ട് അവർ മടങ്ങും.

നാട്ടിൽ ജന്മിത്വം പോയപ്പോൾ വയൽ വരമ്പിൽ നിന്ന് വയൽചുള്ളിയും പോയി തുടങ്ങി.

ഇതുപോലെ പണ്ട് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ജന്മിത്തം, ഉച്ചനീചത്വം എന്നിവയുടെ ചില അവശിഷ്ടങ്ങൾ ഇന്നും കാണാനാവും. അത്തരത്തിൽ ഏതെങ്കിലും കണ്ടെത്തലുകൾ ഒരു ചെറിയ കുറിപ്പായി തയാറാക്കുക.

മികച്ച കുറിപ്പുകൾ പൂക്കാലത്തിന് അയക്കുമല്ലോ?

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content