പിറന്നാൾ സർപ്രൈസ്
“ഡാ എനിക്കിന്ന് ഒരു സിനിമയ്ക്ക്. നീ വരുന്നോ എന്റെ കൂടെ?”
ചേട്ടന്റെ സ്നേഹം നിറഞ്ഞ വിളിയിൽ ഒരു പന്തികേടു തോന്നി കുഞ്ഞന്. ഇന്നെന്താ പതിവില്ലാതെ ഒരു ക്ഷണമൊക്കെ. എന്തോ കാര്യമുണ്ടല്ലോ. കുഞ്ഞൻ മനസ്സിൽ ഓർത്തതേയുള്ളൂ, പറഞ്ഞില്ല.
“ആയിക്കോട്ടെ ഞാനും വരാം”
“എങ്കിൽ നമുക്ക് ഒരു പ്ലാൻ. ഇന്ന് അമ്മയുടെ പിറന്നാൾ ആണല്ലോ. അമ്മയ്ക്ക് ഓർമ്മ കാണില്ല. നമുക്കൊരു സർപ്രൈസ് കൊടുക്കാം.”
ബെഡ്ഷീറ്റ് കുടഞ്ഞെറിഞ്ഞ് കുഞ്ഞൻ ചേട്ടന്റെ മുഖത്തിനരികെ എത്തി.
“അമ്മയുടെ പിറന്നാളിന് നമ്മൾ സിനിമയ്ക്ക് പോകുന്നതാണോ സർപ്രൈസ് ? “
“ഡാ കുഞ്ഞാ അത് മനസ്സിലാക്കാൻ ബുദ്ധി വേണം. അത് നിന്നോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ? ” ചേട്ടൻ ഇങ്ങനെ പറഞ്ഞു എഴുന്നേറ്റ് നേരെ കുളിമുറിയിൽ കയറി.
കുഞ്ഞന് ആകെ കൺഫ്യൂഷനായി. ഇത് എന്തായിരിക്കാം ചേട്ടന്റെ പ്ലാൻ ? കുഞ്ഞൻ തലപുകഞ്ഞാലോചിച്ചു.
“ആ എന്തെങ്കിലുമാകട്ടെ… എന്തായാലും സിനിമയ്ക്കു പോകാം…”
കുഞ്ഞൻ കിടക്കയിലെ വിരികൾ എല്ലാം വൃത്തിയായി മടക്കിയെടുത്ത് അടക്കി വച്ചു. അത് കഴിയുമ്പോഴേക്കും ചേട്ടൻ കുളിമുറിയിൽ നിന്നും പുറത്തിറങ്ങി.
“അതേ, ഡാ അമ്മയ്ക്ക് സമ്മാനം വാങ്ങിക്കണമെങ്കിൽ പൈസ വേണ്ടേ? അങ്ങനെ പൈസ ചോദിക്കാൻ കഴിയില്ലല്ലോ? സർപ്രൈസ് ഗിഫ്റ്റ് അല്ലേ ! അതുകൊണ്ട് സിനിമയ്ക്ക് പോകണം എന്ന് പറഞ്ഞു പൈസ വാങ്ങാം. അമ്മയ്ക്കുള്ള സമ്മാനങ്ങൾ വാങ്ങിക്കാൻ അത് മതിയാവും. നമ്മൾക്ക് സ്വസ്ഥമായി സമയമെടുത്ത് സമ്മാനം വാങ്ങിക്കാം. എങ്ങനെ ഉണ്ട് എന്റെ ബുദ്ധി?”
കുഞ്ഞിന് ചെറിയൊരു നിരാശ ഉണ്ടായെങ്കിലും സിനിമയെക്കാൾ സന്തോഷം അമ്മയ്ക്ക് സർപ്രൈസ് കൊടുക്കുന്നതാണെന്ന ആവേശം ഉണ്ടായി.
രണ്ടു മക്കൾ അമ്മയ്ക്ക് പിറന്നാൾ സമ്മാനം കൊടുക്കാൻ തീരുമാനിച്ചത് വായിച്ചില്ലേ? കൂട്ടുകാരെ, ഇതുപോലെ എത്രയെത്ര സമ്മാനപ്പൊതികൾ ദിനംപ്രതി കൈമാറപ്പെടുന്നുണ്ട്. നമ്മൾക്ക് എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ദിനമാണ് സ്വന്തം പിറന്നാൾ. അതുപോലെത്തന്നെ പ്രിയപ്പെട്ടവരുടെ പിറന്നാളും.
നമ്മളെല്ലാം പലതരം സമ്മാനങ്ങളും സന്തോഷങ്ങളും കൈമാറാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്തിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പിറന്നാൾ ഓർമ്മ നമ്മൾ ആദ്യ അധ്യായത്തിൽ വായിക്കുകയുണ്ടായല്ലോ? ഒരു കാലഘട്ടത്തെ ജീവിത സമ്പ്രദായം എപ്രകാരമായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ഒരു രചനയാണ് എം. ടി. വാസുദേവൻ നായരുടെ ഒരു പിറന്നാളിന്റെ ഓർമ്മയ്ക്ക്. ഇത്തരത്തിൽ നമ്മൾ ഓരോരുത്തർക്കും വ്യത്യസ്തമായ പിറന്നാൾ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടാവും. അവ പൂക്കാലത്തിലേക്ക് കുറിക്കുകയാണെങ്കിൽ എന്ത് രസമായിരിക്കും. നമുക്കും എഴുതിയാലോ ഒരു പിറന്നാൾ ഓർമ?

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം