രാജകുമാരനും
രാക്ഷസനും
ഭാഗം 8

കഥയുടെ മറ്റ് ഭാഗങ്ങൾ വായിക്കാം – രാജകുമാരൻ

ന്നേ ദിവസം രാത്രി രാജാവിന് എല്ലാ ദിവസത്തേക്കാളും കൂടുതൽ വേദന അനുഭവിക്കേണ്ടി വന്നു. മന്ത്രിമാർ അദ്ദേഹത്തോട് രാജകുമാരനെ വീണ്ടും കൊട്ടാരത്തിലേക്കു വിളിപ്പിക്കുവാനും ചികിത്സ ഫലിച്ചാൽ രാജകുമാരിയെ തന്നെ പാരിതോഷികമായി നൽകാനും ഉപദേശിക്കുകയും നിർബന്ധിക്കുകയും ചെയ്തു. വേദന അസഹ്യമായപ്പോൾ രാജാവ് മനസ്സില്ലാ മനസ്സോടെ ആ നിർദ്ദേശം സ്വീകരിച്ചു.

അതനുസരിച്ച് രാജകുമാരനെ കൊട്ടാരത്തിലേക്ക് വരുത്തുകയും രാജകുമാരിയെ കുമാരന് കൈമാറുകയും ചെയ്തു. രാജകുമാരൻ കൂട്ടുകാരനുമൊത്ത്‌ അടുത്തുള്ള കുറ്റിക്കാട്ടിൽ പോയി ചില പച്ചമരുന്നുകൾ സംഭരിച്ചുകൊണ്ടു വന്നു. കൊട്ടാരം വൈദ്യന്മാരുടെ സഹായത്തോടെ അതെല്ലാം ഇടിച്ചു പിഴിഞ്ഞ് നീരാക്കി രാജാവിന്റെ കണ്ണുകളിൽ ഒഴിച്ചു. വെള്ള തുണി കൊണ്ട് കണ്ണുകൾ മൂടിക്കെട്ടി. നാളെ കാലത്തുണരുമ്പോൾ കണ്ണുകൾക്ക് വേദനയുണ്ടാക്കുന്ന വസ്തു രാജാവിന് കാണാനാകുമെന്ന് പറഞ്ഞു. രാജകുമാരിയെ കൂട്ടുകാരന് നൽകുകയും തന്റെ യാത്ര തുടരുകയും ചെയ്തു.

പിറ്റേന്ന് നേര് വെളുക്കുന്നതിനു മുൻപുതന്നെ രാജാവ് കെട്ടഴിച്ച് കണ്ണുകൾ നല്ലവണ്ണം കഴുകി. അപ്പോൾ കണ്ണിൽ തറച്ചിരുന്ന ആ ചീള് പുറത്തുവരികയും രാജാവിന്റെ കണ്ണ് വേദന പൂർണ്ണമായി മാറുകയും ചെയ്തു. തന്റെ ഒരേ ഒരു മകൾ നഷ്ടപ്പെട്ട അദ്ദേഹം ഒരു വർഷത്തേക്ക് രാജ്യത്ത് ദുഃഖാചരണം നടത്താൻ ഉത്തരവിട്ടു. രാജകുമാരന്റെ കൂട്ടുകാരൻ രാജകുമാരിയെയും കൊണ്ട് തന്റെ രാജ്യത്തേക്ക് ഉള്ള യാത്രാമധ്യേ കാട്ടിൽ വഴി തെറ്റുകയും ഒരു മന്ത്രവാദിയുടെ കയ്യിൽ അകപ്പെട്ട് ബന്ധനസ്ഥരാകുകയും ചെയ്തു. മന്ത്രവാദിയെ എതിർത്ത കുമാരനെ മന്ത്രശക്തിയാൽ ഒരു തലയോടായി മാറ്റി രാജകുമാരിക്ക് കാവലായി കാട്ടിലെ തന്റെ കൊട്ടാരത്തിൽ നിയോഗിച്ചു.

മന്ത്രവാദി രാജകുമാരിക്ക് വേണ്ടേതിലധികം ഭക്ഷണം നൽകി കുമാരിയുടെ ശരീരം പുഷ്ടിപ്പെടുത്താനും പിന്നീട് കൂട്ടുകാരുമൊത്ത് അവളെ കാളിക്ക് ബലികൊടുത്തശേഷം ഭക്ഷിക്കുവാനും തീരുമാനിച്ചു. എന്നാൽ ഈ കാര്യം മണത്തറിഞ്ഞ തലയോട്ടിയിൽ ആവാഹിക്കപ്പെട്ട രാജകുമാരൻ ഭക്ഷണത്തിൽ നിന്നും ജീവൻ നിലനിർത്താനായി മാത്രം കഴിക്കുവാനും ഉപദേശിച്ചു.

ഒരുവർഷം പൂർത്തിയായ സമയത്ത് മന്ത്രവാദി കൂട്ടുകാരുമൊത്ത് കാട്ടിലെ കൊട്ടാരത്തിലെത്തിച്ചേർന്നു. നാളെ കുമാരിയെ ബലി കഴിക്കുമെന്നും അവളെ ഭക്ഷിക്കുമെന്നും പറയുന്നത് തലയോട്ടി കേട്ടു. അടുത്ത ദിവസം കാലത്തുതന്നെ മന്ത്രവാദി കുമാരിക്കുള്ള ഭക്ഷണവുമായി വന്നു. രാജകുമാരിയോടുള്ള അദമ്യമായ സ്നേഹം കാത്തുസൂക്ഷിക്കുന്ന തലയോട്ടിയിലെ രാജകുമാരൻ മന്ത്രവാദിയും കൂട്ടുകാരുമൊത്തുള്ള സംസാരം കേട്ടത് മുഴുവൻ രാജകുമാരിയെ ധരിപ്പിച്ചു. അതുപ്രകാരം മന്ത്രവാദി ബലിക്ക് വേണ്ടിയുള്ള സാധനങ്ങൾ ശേഖരിക്കുവാൻ കൂട്ടുകാരോടൊപ്പം കാട്ടിലേക്ക് പോകുമ്പോൾ രാജകുമാരിയോട് അവിടെ നിന്നും രക്ഷപ്പെടുവാൻ നിർദ്ദേശിച്ചു.

(തുടരും)

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു

Tags:

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content