മൂഷികരുടെ
പ്രതികാരം

രാത്രിയിൽ ആരോ കാലിൽ മാന്തിയതായി തോന്നി ആദ്യം കരുതിയത് സ്വപ്നത്തിൽ തോന്നിയതാവും എന്നാണ്. കുറച്ചു കഴിഞ്ഞതും വീണ്ടും കാലിനു മുകളിലൂടെ എന്തോ നീങ്ങിയതായി തോന്നി. ഉടനെ കൈ എത്തിച്ച് ലൈറ്റ് ഓൺ ചെയ്തു. ജനൽ കമ്പികളിലിരുന്ന് അവൻ എന്നെ നോക്കി ചിരിച്ചു. എനിക്ക് ദേഷ്യവും സങ്കടവും ആണ് വന്നത്. പെട്ടെന്ന് എഴുന്നേറ്റ് കാൽ പരിശോധിച്ചു.

ഇല്ല. മുറിവുകളോ പാടുകളോ ഇല്ല. ഭാഗ്യം എന്ന് മനസ്സിൽ പറഞ്ഞ് ജനലിലേക്ക് നോക്കിയപ്പോൾ പ്രതിയെ കാണുന്നില്ല. ഇത്ര പെട്ടെന്ന് എവിടെ പോയ് മറഞ്ഞു. താൽപ്പര്യമില്ലെങ്കിലും കട്ടിലിൽ നിന്നും എഴുന്നേറ്റു . മുറി മുഴുവൻ ഒരു പരിശോധന നടത്തി. എവിടെയും അവന്റെ പൊടിപോലും കണ്ടെത്തിയില്ല.

ഒന്നും കണ്ടെത്തിയില്ല എന്നു പറഞ്ഞാലും ശരിയല്ല. കാരണം മേശപ്പുറത്ത് അവന്റെ കാഷ്ഠം കിടക്കുന്നുണ്ട്.

ഇന്നലെ രാത്രി ഹോം വർക്ക് ചെയ്തു പൂർത്തിയാക്കാതെ വച്ച പുസ്തകത്തിനു പുറത്താണ് അവൻ കാഷ്ഠിച്ചിരിക്കുന്നത്.

ദേഷ്യം സഹിക്കവയ്യാതെയായി. എന്തെങ്കിലും ചെയ്തേ പറ്റൂ.

ഹോം വർക്ക് ചെയ്ത് പൂർത്തിയാക്കാത്ത നോട്ടു പുസ്തകം എടുത്ത് തറയിൽ എറിഞ്ഞു.

അതുകൊണ്ടൊന്നും ഒളിച്ചിരിക്കുന്ന കക്ഷി പുറത്തു വന്നില്ല.

മെല്ലെ വാതിൽ തുറന്നു പുറത്തുകടന്നു. ശബ്ദമുണ്ടാക്കാതെ വാതിൽ അടച്ചു . അടുക്കളയിൽ നിന്നും ചൂല് എടുത്തു വന്നു.

വാതിൽ തുറന്ന് അകത്തു കടന്നു. വീണ്ടും ശബ്ദമുണ്ടാക്കാതെ വാതിൽ അടച്ചു.

ഇനിയാണ് ശരിയായ യുദ്ധം.

നിന്നെ ഇന്ന് ഞാൻ ഒരു പാഠം പഠിപ്പിക്കും.

കുറച്ച് ഉറക്കെ തന്നെ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ ഒളിച്ചിരിക്കാതെ പുറത്തിറങ്ങി വാടാ .

ഒരു വെല്ലുവിളി നടത്തിയപ്പോൾ അല്പം സമാധാനം തോന്നി.

പക്ഷേ അവന്റെ ഭാഗത്തു നിന്നും യാതൊരു ചലനവും കാണുന്നില്ല. ഇനി ഞാൻ പറഞ്ഞത് മനസ്സിലാവഞ്ഞിട്ടാകുമോ? എന്തോ!

ചൂലു കൊണ്ട് കട്ടിലിനടിയിൽ പരിശോധിച്ചു. ഒരനക്കവുമില്ല. ഇരുമ്പിന്റെ അലമാറയുടെ അടിയിൽ പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല.

സങ്കടവും നിരാശയും ഒക്കെ കൂടി ആകെ ഇരിക്കപ്പൊറുതിയില്ലാതായി. വേഗം എഴുന്നേറ്റ് ചൂലിന്റെ അടിഭാഗം കൊണ്ട് അലമാറയിൽ ആഞ്ഞടിച്ചു.

രാത്രിയിലെ നിശബ്ദതയിൽ അതിന്റെ ശബ്ദം വലിയ മുഴക്കമുണ്ടാക്കി. അച്ഛനും അമ്മയും ചാടി എഴുന്നേറ്റു .

മുറികളിലെയും ഹാളിലെയും ലൈറ്റുകൾ തെളിഞ്ഞു.

അമ്മ എന്താ എന്തേ എന്ന് ചോദിച്ച് ഓടി വന്നു

എന്താണ്ടായത് അച്ഛനും ചോദിച്ചു

വാതിൽ തുറന്നതും ഞാൻ ചൂലും പിടിച്ച് നിൽക്കുന്നത് കണ്ട് അമ്മ പരിഭ്രമിച്ചു.

എന്താടാ എന്ന് ചോദിച്ചു കൊണ്ട് എന്റെ കൈയ്യിൽ നിന്നും ചൂല് വാങ്ങി.

ഒരു എലി

അച്ഛൻ ചോദിച്ചു, എലിയോ?

അതെ ഒരു എലി എന്റെ കാലിലൂടെ ഓടി.

അമ്മ താഴെ ഇരുന്ന് എന്റെ കാല് പരിശോധിച്ചു കൊണ്ട് ചോദിച്ചു

മാന്തിയോ, മുറിവുണ്ടോ?

അതൊന്നും ഇല്ല പക്ഷേ അതിനെ പിന്നെ കാണുന്നില്ല.

നീ വാതിൽ അടച്ചിരുന്നോ ?

അത് പുറത്തേക്ക് പോയിട്ടുണ്ടാവും.

ഒന്നും പേടിക്കണ്ട എലി ഒന്നും ചെയ്യില്ല

നീ കിടന്നോ എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ മുറിയിൽ നിന്നും പുറത്തുകടന്നു.

അമ്മ അവിടെ തന്നെ നിന്നു .

കുട്ടിക്ക് പേടി ഉണ്ടോ? ഞാൻ ഇവിടെ കിടക്കണോ?

അല്ലെങ്കിൽ വേണ്ട നീ ഞങ്ങളുടെ മുറിയിലേക്ക് പോരെ .

ഞാൻ ഒന്നും പറഞ്ഞില്ല

ഒരു എലിയെ കണ്ട് പേടിച്ചോടാൻ ഞാൻ ഒരുക്കമല്ല എന്ന് മനസ്സിൽ കരുതി.

അമ്മ പോയി കിടന്നോളൂ. ഞാൻ ഇവിടെ കിടന്നോളാം.

ലൈറ്റണച്ചു കിടന്നു പക്ഷേ ഉറക്കം പിടിതരാതെ തന്നെ നിന്നു .

പഞ്ചതന്ത്രത്തിലെ എലിയുടെ കഥ ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു.

ഒരു എലിക്കു പകരം പല പല കഥകളിലായി ഒരു പാട് എലികൾ മനസ്സിലേക്ക് തിക്കി തിരക്കി വരാൻ തുടങ്ങി. മനുഷ്യർ എലികള കുറിച്ച് എത്രയെത്ര കഥകളാണ് എഴുതിട്ടുള്ളത്. ഇനിയും ധാരാളം വരാനിരിക്കുന്നുണ്ടാവും.

ഇന്ന് എലിയും ഒരു കുട്ടിയും കൂടിയാണാല്ലോ വരുന്നത്. അവർ തമ്മിൽ എന്തോ പറയുന്നുണ്ട്. ചെവിയോർത്താൽ എനിക്കും കേൾക്കാം.

പഞ്ചതന്ത്രത്തിലെ മുത്തശ്ശൻ ചിന്നനെലിയുടെ കഥ പറയൂ. കുഞ്ഞെലി കൊഞ്ചി കൊണ്ട് പറഞ്ഞു.

എത്രവട്ടം നിനക്ക് ഞാനത് പറഞ്ഞു തന്നിരിക്കുന്നു. ഈ കഥ മാത്രം എന്താ എത്ര കേട്ടാലും മതിയാവാത്തത് .

ഈ കഥ എലികൾക്ക് എത്രകേട്ടാലും മതിവരില്ല നല്ല അച്ഛനല്ലേ ഒന്നുകൂടി പറയൂ.

മുത്തശ്ശൻ എലിയുടെ മാളത്തിൽ നിന്നും അല്പം വടക്കോട്ട് മാറി ഒരു അമ്പലമുണ്ട്. സുപ്രൻ സന്യാസിയാണ് അവിടെ താമസിച്ചിരുന്നത്. അധികം ആളുകളൊന്നും വരുന്ന അമ്പലമല്ല അതുകൊണ്ട് തന്നെ എലികൾക്ക് ഓടികളിക്കാനും വികൃതി കാട്ടാനും ധാരാളം സ്ഥലമുണ്ടായിരുന്നു.

സുപ്രൻ സന്യാസി ബാക്കി വരുന്ന നിവേദ്യം ഒരു പാത്രത്തിലാക്കി ഒരാണിയിൽ തൂക്കിയിട്ടും നമ്മളെ പേടിച്ചാണ് ഇങ്ങനെ ചെയ്യുന്നത്.

എലികളെല്ലാം കൂടി മുത്തശ്ശനോട് സങ്കടം പറഞ്ഞു. സുപ്രൻ സന്യാസി ഇങ്ങാനെ ചെയ്യുന്നതു കൊണ്ട് അവർക്ക് ഭക്ഷണം കിട്ടുന്നില്ല.

മുത്തശ്ശൻ എലി കാട്ടിലാണ് താമസം അതുകൊണ്ട് അവരേക്കാൾ ശക്തനായിരുന്നു.

മുത്തശ്ശൻ എലി സന്യാസി എവിടെ വെച്ചാലും പാത്രം തട്ടിമറിച്ച് ഭക്ഷണം വിതരണം ചെയ്യും.

അതോടെ സന്യാസി ഒരു മുളവടിയുമായി കാവലിരിക്കാൻ തുടങ്ങി.

സന്യാസി വിശ്രമിക്കുമ്പോഴും രാത്രിയിൽ ഉറക്കത്തിനിടയിലും മുളവടി കൊണ്ട് ഭക്ഷണ പാത്രത്തിൽ തല്ലികൊണ്ടിരിക്കും. അതിനാൽ മുത്തശ്ശനെലിക്കു പോലും അതിൽ നിന്നും ഭക്ഷണം എടുക്കാൻ കഴിയാതെയായി.

പക്ഷേ സന്യാസി എല്ലാ ദിവസവും ഈ പരിപാടി തുടർന്നുകൊണ്ടേയിരുന്നു.

അങ്ങനെയിരിക്കെ മറ്റൊരു സന്യാസി വിപ്രൻ ദൂരയാത്ര കഴിഞ്ഞ് അമ്പലത്തിൽ എത്തി. ഒരു ദിവസം ഇവിടെ വിശ്രമിച്ച് പോകാമെന്ന് തീർച്ചയാക്കി.

രാത്രി വിപ്രൻ സന്യാസി തന്റെ യാത്രയുടെ കഥ പറയാൻ തുടങ്ങി.

കഥ കേൾക്കുന്നതിന് ഇടയിൽ സുപ്രൻ മുളവടി കൊണ്ട് ചുമരിൽ അടിച്ചു കൊണ്ടിരുന്നു.

ഇത് കണ്ട വിപ്രന് ദേഷ്യം വന്നു. അയാൾ പറഞ്ഞു.

ഞാൻ വന്നത് താങ്കൾക്ക് ഇഷ്ടമായില്ല എന്ന് തോന്നുന്നു. ഞാൻ ഈ രാത്രി തന്നെ പോവുകയാണ്

സുപ്രൻ സങ്കടത്തോടെ പറഞ്ഞു

അയ്യോ അങ്ങ്‌ തെറ്റിദ്ധരിക്കരുത്.

ഞാൻ മുകളിലിരിക്കുന്ന ഭക്ഷണം ശ്രദ്ധിച്ചില്ല എങ്കിൽ ഇവിടെ പാത്തു പതുങ്ങി വരുന്ന ഒരു ഭയങ്കരൻ എലിയുണ്ട് അവനതെല്ലാം തട്ടിമറിക്കും.

എത്ര ഉയരത്തിൽ വച്ചാലും അവനത് കണ്ടുപിടിച്ച് ഭക്ഷിക്കും . വടി കൊണ്ട് നിരന്തരം അടിക്കുകയല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല.

വിപ്രൻ അല്പം ആലോചിച്ചിട്ട് പറഞ്ഞു.

എന്തായാലും ഒരു കാര്യം തീർച്ച. ആ എലി നിസ്സാരക്കാരനല്ല.

അവന്റെ മാളം എവിടെയാണെന്ന് അറിയുമോ ? അതു കണ്ടെത്തിയാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ.

അതെന്താ ചങ്ങാതി

സുപ്രൻ സന്യാസി ചോദിച്ചു.

ഒരു നിധിയുടെ മുകളിലാവും അവന്റെ മാളം . ആ സമ്പത്തിന്റെ ശക്തി കൊണ്ടാണ് അവനിതൊക്കെ ചെയ്യാൻ കഴിയുന്നത്. അവിടെ നിന്നും ആ നിധി എടുത്തു മാറ്റിയാൽ അവന്റ ശക്തി ചോർന്നുപോകും

ആ ദുഷ്ടൻ സന്യാസിമാർ മുത്തശ്ശന്റെ ശക്തി എടുത്തു മാറ്റിയോ ?

കുഞ്ഞെനെലി സങ്കടത്തോടെ ചോദിച്ചു.

അതല്ലേ തിന്നാൻ ഒന്നും കിട്ടിയില്ലെങ്കിലും നമ്മൾ ഈ മനുഷ്യരുടെ വീടുകളിൽ കയറി പരിശോധിക്കുന്നത്.

വെറുതെ തിന്നാനാണെങ്കിൽ നമുക്ക് പുറത്ത് എത്ര വേണമെങ്കിലും കിട്ടാനുണ്ട്.

നമുക്കാ നിധി കണ്ടു പിടിക്കണം കുഞ്ഞെനെലി ആവേശത്തോടെ അച്ഛനെലിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

എലികൾ വീടുകളിൽ കയറി അക്രമം കാട്ടുന്നത് പതിവാണ്. അതിന് പല കാരണങ്ങൾ ഉണ്ടാവാം. അത് മറ്റൊരു കഥയാക്കി എഴുതി നോക്കൂ.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content