പൂപ്പൊലി
ഓണത്തുമ്പീ ഓമനത്തുമ്പീ
ഓണം വന്നല്ലോ
ഓണപ്പൂവിളി, പൂപ്പൊലി കേട്ടോ
ഓണപ്പൂത്തുമ്പീ
പൂക്കളിറുത്തു പൂക്കളം തീർക്കാൻ
കൂട്ടിനാളുണ്ടോ
ഓണത്തിനുണ്ണുവാൻ പുത്തരി കൊയ്തോരാ
പാടത്തു പോവാലോ
തുമ്പയും മുക്കുറ്റീം കാക്കപ്പൂവും
ഏറെ പറിക്കാല്ലോ
വേലിപ്പടർപ്പിലെ കൊങ്ങിണിപ്പൂവും
കൂടെയിറുക്കാലോ
പാതയോരത്തെ കൃഷ്ണകിരീടവും
ഒടിച്ചങ്ങെടുക്കാല്ലോ
മുറ്റത്തു നിൽക്കുന്ന ചെത്തിയും ചേമന്തീം
കോളാമ്പി പൂവും
നന്ത്യാർവട്ടം, ഡാലിയ സീനിയ,
ചെമ്പരത്തി പൂവും
വാടാമല്ലിയും, ചിറ്റാട, മന്ദാരം,
രാജമല്ലി പൂവും
കോഴിവാൽ, കോഴിപ്പൂ പൂച്ചവാലങ്ങനെ
പൂക്കളിന്നേറെയുണ്ടേ…
കൂട നിറയെ പൂക്കളിറുക്കാം
പൂവേപൊലി പൂപ്പൊലിയേ….
ഓണത്തുമ്പി ഓമനത്തുമ്പി
കൂടെ പോരുന്നോ….
സ്വപ്ന സരൾവേദ