ഓണം അന്നും ഇന്നും
ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. മഹാബലി എന്ന രാജാവിന്റെ ഭരണകാലം, ആയിരത്താണ്ടുകള്‍ക്കപ്പുറത്തുനിന്ന് ഒരോര്‍മ്മയുടെ നാളം, നന്മയുടെ പ്രകാശം പകര്‍ന്ന് നമ്മിലൂടെയും കടന്നുപോകുന്നു. കേരളനാട്ടിലെ ‘നിറ’ എന്ന ഐശ്വര്യസമൃദ്ധിയെപ്പറ്റി വര്‍ണ്ണിക്കുന്ന കാവ്യം തലമുറകള്‍ക്കു പാടി മതിയാവുന്നില്ല ഇപ്പോഴും…
“മാവേലി നാടുവാണിടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും;
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം;
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
എന്നതാണ് ഏറെ പ്രചരിച്ചുനില്‍ക്കുന്ന കവിവചനം.
ആ ഐശ്വര്യപൂർണമായ ഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ക്കുവേണ്ടി വാമനന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതും, തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി ആണ്ടിലൊരിക്കലെത്തുന്നതും, മലയാളനാട് എത്ര തലമുറകളിലേക്കു പകര്‍ന്ന കഥയാണ്!
ജീവിത രീതികളുടെ ഭാഗമായി ആഘോഷച്ചടങ്ങുകളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടാകാമെങ്കിലും ആചാര സങ്കല്‍പ്പങ്ങളിലും, ഒത്തുചേരലുകളുടെ ആഹ്ലാദത്തിലും, ഓണം ഇന്നും ഓണമായിത്തന്നെ നിലകൊള്ളുന്നു.
ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍, പ്രാധാന്യത്തോടെ ആഘോഷിക്കുകയും, ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഒരു കാലത്ത് കൊച്ചിക്കടുത്തുള്ള തൃക്കാക്കര വാണിരുന്ന മഹാബലി, പെരുമാള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനായി, ചിങ്ങത്തിലെ അത്തം നാളില്‍ ജനങ്ങളെ ക്ഷേത്രസന്നിധിയില്‍ വിളിച്ചുവരുത്തുകയും, ആഘോഷങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവത്രെ. ഇന്നും കൊച്ചിരാജാവ് നടത്തിപ്പോരുന്ന അത്തച്ചമയം ഇതാണെന്നു കരുതപ്പെടുന്നു. ഈ ഉത്സവാഘോഷമാണു പിന്നീടു തിരുവോണമായി പരക്കെ ആഘോഷിച്ചു തുടങ്ങിയതത്രെ. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്ന് ഐതിഹ്യങ്ങൾ പറയുന്നു.
കര്‍ക്കിടകം എന്ന പഞ്ഞമാസം കഴിഞ്ഞ്, മാനം തെളിയുന്ന ഈ കാലത്താണ്, വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആണ്. ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ അന്നാണ് സ്വര്‍ണ്ണപ്പണവുമായി തുറമുഖത്തെത്തിയിരുന്നത്. അങ്ങനെ സ്വര്‍ണ്ണനാണയം കൊണ്ടുവന്നിരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും, ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായി എന്നും പറയപ്പെടുന്നു.
ബുദ്ധഭിക്ഷുക്കളായ ശ്രവണന്മാരെ സംബന്ധിച്ചുള്ളതാണ് ശ്രാവണം. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് ‘സാവണം’ അത് ആദിരൂപം ലോഭിച്ച് ‘ആവണം’ എന്നും, പിന്നീട് ‘ഓണം’ എന്നും ഉള്ള രൂപം സ്വീകരിച്ചു. ശ്രാവണം ചിങ്ങമാസമാണ്. സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അന്നൊക്കെ മഴക്കാലത്ത് ഭജനയിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞു കൂടിയിരുന്നു, അതിന്റെ തുടര്‍ച്ചയായിരിക്കാം ഇന്നത്തെ കര്‍ക്കടകമാസത്തെ രാമായണം വായന. ബുദ്ധഭിക്ഷുവായി ദീക്ഷ സ്വീകരിച്ചു കഴിഞ്ഞ്, ശ്രവണന്മാരായി മാറുന്ന യുവഭിക്ഷുക്കള്‍ക്ക്, അവരുടെ ദീക്ഷയുടെ പ്രതീകമായി ഒരു മഞ്ഞവസ്ത്രംകൂടി നല്‍കുക പതിവുണ്ടായിരുന്നു. ഈ സംഭവത്തെ അനുസ്മരിക്കുന്നതാണ് ഓണക്കാലത്തു കുട്ടികള്‍ ഉടുക്കുന്ന മഞ്ഞക്കോടിയെന്നും വാദമുണ്ട്.
ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളര്‍ന്നുവെന്നാണ് മറ്റൊരു വിശ്വാസം. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്ടിയുടെയും സമയം – പാടങ്ങളിലെ പണിയെല്ലാം കഴിഞ്ഞ്, കൃഷിപ്പണി ചെയ്യുന്നവര്‍ക്കും, ചെയ്യിക്കുന്നവര്‍ക്കും കൊണ്ടാടാനുള്ള അവസരം. ജന്മിമാർ, അടിയാന്മാർ എന്ന വ്യത്യാസങ്ങള്‍ മറന്നു സമഭാവനയോടുകൂടി കഴിയുകയും, പരസ്പരം സ്‌നേഹ സന്ദര്‍ശനങ്ങള്‍ നടത്തുകയും, ഒരേ വേദിയില്‍ ഒത്തുചേരുകയും ചെയ്യുവാന്‍ ഉപകരിച്ചിരുന്ന ഈ കാര്‍ഷികോത്സവ പരിപാടി, ക്രമേണ ദേശീയോത്സവമായി എന്നതാണ് നിഗമനം.
അത്തം നാള്‍ മുതല്‍, തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണം നാള്‍ മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തി, പൂജകൾ ചെയ്ത് പിന്നെ ഓണക്കളികളും, ഓണക്കോടിയും, പിന്നെ വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാള്‍, മാവേലിയെ എടുത്തു മാറ്റുന്നതു വരെ, ഓണം പൊടിപൊടിക്കുമായിരുന്നു.”കാണം വിറ്റും ഓണമുണ്ണണം” എന്നൊരു ചൊല്ലുണ്ട്.

അന്നും ഇന്നും മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ ഓർമ്മകൾ മൊട്ടിട്ടു നിൽക്കുന്നു. അത്തം തൊട്ട് തിരുവോണം വരെ പത്ത് ദിവസത്തെ ഓണം ഇന്ന് ഉത്രാടം, തിരുവോണം എന്നീ ദിവസങ്ങളിലായി ചുരുങ്ങിയിരിക്കുന്നു.
അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിൽ കുട്ടികൾ സൂര്യോദയത്തിനു മുൻപ് പൂക്കുടയുമായി പൂപ്പെറിക്കാൻ പോകുമായിരുന്നു. പാടത്തും, പറമ്പിലും കുന്നിൻ മുകളിലുമെല്ലാം ചെടികളും പൂക്കുടന്നയുമായി നിൽക്കും. തുമ്പപ്പൂവും, അരിപ്പൂവും, രാണിപ്പൂവും, കാക്കപ്പൂവുമൊക്കെ പറിച്ച് പൂക്കുട നിറച്ച് കുട്ടികൾ വീട്ടിലെത്തി പൂക്കളമൊരുക്കുന്നു. അന്ന് ഓണക്കാലം ഒരു വസന്തക്കാലം തന്നെ ആയിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി, ഓണത്തിന് അങ്ങാടിയിൽ പോയി പൂക്കൾ വാങ്ങി പൂക്കളം തീർക്കുകയാണ് പതിവ്. സ്കൂൾ, കോളേജ് തലങ്ങളിലും, സാംസ്കാരിക കേന്ദ്രങ്ങളിലും പൂക്കള നിർമ്മാണം ഒരു മത്സര രംഗമായി മാറിയിരിക്കുന്നു.
ഓണത്തിന്റെ മറ്റൊരു പ്രത്യേകത കുടുംബാംഗങ്ങൾ എല്ലാം ഒത്തുചേർന്ന് വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി കഴിക്കുന്നു എന്നതാണ്. അരിയിടിക്കലും – വറക്കലും, കായ വറുക്കലും, അടയുണ്ടാക്കലും, അച്ചാറീടിലും, ചക്ക വരട്ടലും ഒക്കെയായി ഒരു മാസം മുമ്പേ ഒരുക്കങ്ങൾ തുടങ്ങും. ഓണമെന്ന് കേട്ടാൽ തന്നെ ഉപ്പേരിയുടെയും, പപ്പടത്തിൻ്റെയും, പായസത്തിന്റെയും മാധുര്യമാണ് നാവിലൂറുന്നത്. അന്നൊക്കെ ഓണസദ്യക്കുള്ള പച്ചക്കറികൾ വരെ നമ്മുടെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്തുണ്ടാക്കുമായിരുന്നു. പക്ഷേ ഇന്നത്തെ സ്ഥിതി ആകെ മാറി.. ഓണസദ്യയും, പായസവും എല്ലാം പാഴ്സലായി!
ഓണമെന്ന് കേട്ടാൽ ആബാലവൃദ്ധം ജനങ്ങളുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ഓണക്കളികളുടെ ഓർമ്മകൾ തന്നെയാണ്. പുലികളി, കൈക്കൊട്ടികളി, പന്തുകളി, തുമ്പിതുള്ളൽ, ഊഞ്ഞാലാട്ടം എന്നിങ്ങനെ വിവിധതരം നാടൻ കളികൾ! പ്രായഭേദമനുസരിച്ച് ആളുകൾ ഓരോരോ കളികളിൽ മുഴുകുക പതിവായിരുന്നു.. ഇന്നാകട്ടെ കളിസ്ഥലങ്ങളുമില്ല; കളിക്കാനാളുമില്ല. ആളുകൾ ടെലിവിഷൻ പരിപാടികളെ ആശ്രയിച്ച് ഓണം കഴിച്ചു കൂട്ടുന്നു.
പ്രകൃതി പോലും മാറിയിരിക്കുന്നു. ഓണവെയിലും, ഓണനിലാവും, ഓണതുമ്പിയും മലയാളിയുടെ മനസ്സിൽ അന്ന് സന്തോഷം നൽകിയിരുന്നു. ഇന്നത്തെ കാലം തെറ്റി വരുന്ന മഴ പോലും ഓണാഘോഷങ്ങളെ മാറ്റി മറിക്കുന്നു.
കാലം മാറുന്നതിനനുസരിച്ച് ആഘോഷങ്ങൾക്ക് പരിണാമങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും ഓണം എന്നും മലയാളിക്ക് ഹരമാണ്. ലോകത്തിന്റെ ഏത് കോണിലായാലും മലയാളി ഓണം ആഘോഷിച്ചിരിക്കും. ഓരോ ഓണവും ഒരു മധുര പ്രതീക്ഷ തന്നെയാണ്!
ലത മേനോൻ
മലയാളം മിഷൻ അധ്യാപിക
ഗോത്രി, ബറോഡ
ഗുജറാത്ത്