കുമ്മാട്ടിയും ആനന്ദക്കുട്ടികളും
ഒരു ചലച്ചിത്ര കവിത

ദേഹമാസകലം പുല്ലുകൊണ്ട് മൂടി കമുകിന്‍പാള കൊണ്ടുള്ള മുഖംമൂടി അണിഞ്ഞ് പാട്ടുപാടി നൃത്തം ചെയ്തുവരുന്ന കുമ്മാട്ടിയെ അറിയാമോ? തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രചാരത്തിലുള്ള നാടന്‍ കലാരൂപമാണ് കുമ്മാട്ടി. ഓണക്കാലത്തും വിളവെടുപ്പ് കാലത്തുമാണ് കുമ്മാട്ടികള്‍ വീടുവീടാന്തരം കയറി ഇറങ്ങുന്നത്. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആനന്ദിപ്പിക്കുന്ന കുമ്മാട്ടി മലയാളിയുടെ സാംസ്കാരിക തനിമയുടെ മികച്ച ദൃഷ്ടാന്തമാണ്.

ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് നാടന്‍ കലാരൂപമായ കുമ്മാട്ടിയെ കുറിച്ചല്ല. മറിച്ച് നമ്മുടെ നാടോടി സംസ്കാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രശസ്ത സംവിധായകന്‍ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത കുട്ടികള്‍ക്കുള്ള ചിത്രമായ കുമ്മാട്ടിയെ കുറിച്ചാണ്. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ എല്ലാ വര്‍ഷവും എത്തിച്ചേരുന്ന കുമ്മാട്ടിയെ കുറിച്ചും, കുമ്മാട്ടിയും ഗ്രാമത്തിലെ കുട്ടികളുമായുള്ള ചങ്ങാത്തത്തെ കുറിച്ചുമാണ് സിനിമ പറയുന്നത്. വാള്‍ട്ട് ഡിസ്നി കഥ പോലെ ആസ്വാദ്യകരമായ ഒരു ഫാന്‍റസി കഥയാണ് കുമ്മാട്ടിയിലൂടെ അരവിന്ദന്‍ പറയുന്നത്.

ആരാണ് കുമ്മാട്ടി?

വടക്കേ മലബാറിലെ ഒരു ഗ്രാമത്തിൽ വർഷാവർഷം എത്തുന്ന അവധൂതനായ ഒരു കഥാപാത്രമാണ് കുമ്മാട്ടി. ഗ്രാമത്തിലെ മുതിർന്നവർക്ക് കുമ്മാട്ടി ഒരു ഭ്രാന്തനും കുട്ടികളെ പേടിപ്പിക്കാനുള്ള ഒരു കഥാപാത്രവുമാണ്. എന്നാൽ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവനാണ് കുമ്മാട്ടി. ആദ്യം അവരൊന്ന് മടിച്ചു നില്‍ക്കുന്നുണ്ടെങ്കിലും പതിയെ അവര്‍ കുമ്മാട്ടിയുടെ കൂട്ടുകാരാകുന്നു. കുമ്മാട്ടി തന്റെ ഭാണ്ഡക്കെട്ടില്‍ നിന്നും ബിസ്ക്കറ്റും ഈന്തപ്പഴവുമെടുത്ത് കുട്ടികള്‍ക്ക് സമ്മാനിക്കുന്നു. സ്കൂളിലെ വിരസമായ ക്ലാസുകളില്‍ നിന്നും കുട്ടികള്‍ കുമ്മാട്ടിയുടെ അടുക്കലേക്ക് ഇറങ്ങിയോടുന്നു. “ഓടിയോടിക്കളി ആനന്ദക്കുട്ടികളെ…” എന്നു പാടിക്കൊണ്ട് കുമ്മാട്ടി കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നു.

ചിണ്ടന്‍ എന്ന കുട്ടിയാണ് ചിത്രത്തിലെ മറ്റൊരു മുഖ്യ കാഥാപാത്രം. ചിണ്ടന്‍ കുമ്മാട്ടിയുമായി ചങ്ങാത്തത്തില്‍ ആകുന്നു. സ്കൂള്‍ വിട്ടു വീട്ടില്‍ വന്നതിനു ശേഷം കുമ്മാട്ടിയുടെ അടുത്തേക്ക് പോവാനൊരുങ്ങുന്ന ചിണ്ടനെ അമ്മ വഴക്കുപറയുന്നുണ്ട്. ഭ്രാന്തന്റെ കൂടെ ചുറ്റിത്തിരിയാതെ ഇരുന്നു പഠിക്കാനാനാണ് അമ്മ ഉപദേശിക്കുന്നത്. പനി പിടിച്ചു കിടപ്പിലായ കുമ്മാട്ടിയെ ചികിത്സിക്കാന്‍ വൈദ്യനെ കൊണ്ടുവരുന്നത് ചിണ്ടനാണ്.

ഒടുവില്‍ എന്നത്തേയും പോലെ കുമ്മാട്ടിക്ക് ആ ഗ്രാമത്തില്‍ നിന്നും പോകാനുള്ള സമയമായി. തന്നെ കാണാന്‍ വന്ന കുട്ടികളെ ആനയും മയിലും നായയുമൊക്കെ ആക്കി മാറ്റുന്ന മന്ത്രവിദ്യ കാണിക്കുകയാണ് കുമ്മാട്ടി. നായയായി മാറിയ ചിണ്ടന്‍ തന്റെ പുതിയ രൂപം കാണിക്കാന്‍ വീട്ടിലേക്ക് ഓടുന്നു. എന്നാല്‍ വഴിയില്‍ വെച്ചു ചിണ്ടനെ മറ്റൊരു നായ പേടിപ്പിച്ചു ഓടിക്കുകയാണ്. മറ്റ് കുട്ടികളെ തിരികെ മനുഷ്യരൂപത്തിലാക്കിയ കുമ്മാട്ടി ചിണ്ടന്‍റെ കാര്യം മറന്നു പോകുന്നു. നായയുടെ രൂപത്തിലായ ചിണ്ടന്‍ ഗ്രാമം വിട്ടു ഓടിപ്പോകുന്നു.

പല സ്ഥലങ്ങളിലും അലഞ്ഞുനടന്നു ചിണ്ടന്‍ ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തുന്നു. ചിണ്ടനെ അമ്മയും അച്ഛനും തിരിച്ചറിഞ്ഞെങ്കിലും അവര്‍ നിസഹായരായിരുന്നു. ഒരു വർഷം നായയുടെ രൂപത്തിൽ ചിണ്ടന് കഴിയേണ്ടി വരുന്നു. അടുത്ത വർഷം ഗ്രാമത്തിൽ എത്തിയ കുമ്മാട്ടി ചിണ്ടനെ താൻ തിരിച്ചു മനുഷ്യരൂപത്തിൽ ആക്കിയില്ല എന്നു മനസിലാക്കി സങ്കടപ്പെടുന്നു. ഉടൻ തന്നെ അവനെ പഴയ രൂപത്തിലാക്കുന്നു.

ഗ്രാമ സംസ്കൃതിയിലൂടെയും പ്രകൃതിയിലൂടെയുമുള്ള സഞ്ചാരമാണ് കുമ്മാട്ടി. ക്ലാസ് മുറികളില്‍ നിന്നും പൌരധര്‍മ്മവും ജീവശാസ്ത്രവും പഠിക്കുന്ന കുട്ടി സ്വാതന്ത്ര്യത്തിന്റെ ജീവവായു ശ്വസിക്കുന്നത് കുമ്മാട്ടിയോടൊപ്പം കൂട്ടു കൂടുമ്പോഴാണ്. പാട്ടും നൃത്തവും നാടന്‍ താളവും കൊണ്ട് മുഖരിതമായ ഒരു ലോകമായിരിക്കണം കുട്ടികളുടെ മുന്നില്‍ തുറന്നിടേണ്ടത് എന്ന സന്ദേശമാണ് കുമ്മാട്ടിയിലൂടെ സംവിധായകന്‍ ജി അരവിന്ദന്‍ പറയാന്‍ ശ്രമിക്കുന്നത്. തന്റെ യഥാര്‍ത്ഥ രൂപത്തില്‍ തിരിച്ചെത്തിയ ചിണ്ടന്‍ കൂട്ടിലടച്ച തത്തയെ തുറന്നുവിടുന്ന ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

പ്രശസ്ത നാഗസ്വര വാദകരായ ‘അമ്പലപ്പുഴ ബ്രദേഴ്സി’ലെ’ ഇളയ സഹോദരന്‍ രാമുണ്ണി പണിക്കരാണ് കുമ്മാട്ടിയായി വേഷമിട്ടത്. മാസ്റ്റര്‍ അശോകനാണ് ചിണ്ടനെ അവതരിപ്പിച്ചത്.

യുനെസ്‌കോ ശിശു വർഷമായി പ്രഖ്യാപിച്ച 1979 ലാണ് കുമ്മാട്ടി പ്രദർശനത്തിനെത്തിയത്. കുമ്മാട്ടിയുടെ പരസ്യവാചകം തന്നെ ശിശു വർഷം പ്രമാണിച്ചു കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന വർണ്ണ ചിത്രം എന്നായിരുന്നു. 1979ലെ മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കുമ്മാട്ടിക്ക് ലഭിച്ചു.

കുമ്മാട്ടിയിലെ പാട്ടുകള്‍

 

പ്രശസ്ത കവിയും നാടകകൃത്തും സംവിധായകനുമായ കാവാലം നാരായണപ്പണിക്കര്‍ മനോഹരമായ നാടന്‍ പാട്ടുകള്‍ക്കൊണ്ട് സമ്പന്നമാണ് കുമ്മാട്ടി.

“ആരമ്പത്തീരമ്പുത്തൂരമ്പത്തെരമ്പം,
ആലേലുചെലവു പാലുല കെഴക്കുനേരെ മലക്കുമേലെ…”

 

“മാനത്തെ മാച്ചോളം തലയെടുത്തു
പാതാളക്കുഴിയോളം പാദം നട്ട്…”

 

“പൂവിടാം കുന്നിന്‍റെ തോളത്തു
ഭൂമി കാണാന്‍ വരും കുമ്മാട്ടി
പറ പറന്നാണോ പല്ലക്കിലാണോ
നടനടന്നാണോ ഇരിയിരുന്നാണോ..”

– തുടങ്ങി അര ഡസനോളം പാട്ടുകള്‍ ഉണ്ട് കുമ്മാട്ടിയില്‍.

ജി അരവിന്ദന്‍

മലയാള സിനിമയെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ സംവിധായകനാണ് ജി അരവിന്ദന്‍. ആദ്യ ചിത്രമായ ഉത്തരായനം 12 സംസ്ഥാന പുരസ്കാരങ്ങളാണ് നേടിയത്. ഉത്തരായനം, തമ്പ്, കാഞ്ചന സീത, കുമ്മാട്ടി, ചിദംബരം, എസ്തപ്പാന്‍, പോക്കുവെയില്‍, വാസ്തുഹാര എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. മികച്ച സംവിധായകനുള്ള സംസ്ഥാ ദേശീയ പുരസ്കാരങ്ങള്‍ നേടിയ സംവിധായകനാണ് അരവിന്ദന്‍. ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും കൂടിയായ അരവിന്ദന്‍ 1991 മാര്‍ച്ച് 15നു അന്തരിച്ചു.

കുമ്മാട്ടി 4കെ സാങ്കേതിക വിദ്യയിൽ

നാല്‌ പതിറ്റാണ്ട് മുൻപ് ഇറങ്ങിയ കുമ്മാട്ടി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4 കെ ദൃശ്യ മികവോടെ പ്രദർശനത്തിന് തയ്യാറായിരിക്കുന്നു എന്ന വാര്‍ത്ത നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. പ്രശസ്ത ഹോളിവുഡ് സംവിധായകനായ മാര്‍ട്ടിന്‍ സ്കോര്‍സസെ അദ്ധ്യക്ഷനായ ഫിലിം ഫൌണ്ടേഷനാണ് ഇതിന് വേണ്ട സാമ്പത്തിക സഹായം നല്കിയത്. മെയ് 9നു ഫിലിം ഫൌണ്ടേഷന്‍ ആരംഭിക്കുന്ന വെര്‍ച്വല്‍ സ്ക്രീനിംഗ് റൂമില്‍ കുമ്മാട്ടി പ്രദര്‍ശിപ്പിക്കും. യു ടൂബിലും കുമ്മാട്ടി ലഭ്യമാണ്.

സാജു കെ

സാജു കെ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content