കുട്ടിയും കിളിയും
അരുവിക്കരയിലെ ആല്‍മരത്തില്‍
പഞ്ചവർണ്ണക്കിളി കൂട് വച്ചു.
ചുള്ളിയും കൊള്ളിയും കൂട്ടിവച്ച്
ഭംഗിയേറീടുന്ന കൂട് നെയ്തു.
ഒരു ദിനം ഒരു കുട്ടി ആ വഴിയെ
കൂട്ടുകാരോടൊത്ത് പോയ നേരം
കണ്ടുപോയ് നല്ലൊരാ കൊച്ചു കൂട്.
ആല്‍മരക്കൊമ്പിലെ കുഞ്ഞു കൂട് .
കൂട്ടുകാരൊക്കെ പിരിഞ്ഞ നേരം
കുട്ടി പതുക്കെ മരത്തിലേറി
കൂട്ടിനകത്തേക്ക് കൈകള്‍ നീട്ടി
കൂട്ടക്കരച്ചില്‍ ഉയര്‍ന്നു കൂട്ടില്‍..
“അയ്യോ അരുതയ്യോ കൂട്ടുകാരാ..
പാവങ്ങളാണ്, ദ്രോഹിച്ചീടോല്ലേ”
കുഞ്ഞുങ്ങളെ നെഞ്ചിൽ ചേര്‍ത്തുകൊണ്ട്
കൂട്ടില്‍ നിന്നമ്മക്കിളി പറഞ്ഞു ..
കുട്ടിയാ നേരം ഒരല്പനേരം
വീട്ടിലെ അമ്മയെ മുന്നില്‍ കണ്ടു
കിളിയമ്മ തന്റെ പൊന്നമ്മ പോലെ
ആ കിളികൂട് തന്‍വീടുപോലെ..
കിളിയമ്മേ മാപ്പെന്ന് ചൊല്ലി കുട്ടി
മെല്ലെയിറങ്ങി നടന്നിടുമ്പോള്‍
പിന്നില്‍ നിന്നൊരു സ്നേഹകൂജനമായി
കിളിയമ്മ താരാട്ടു പാടിടുന്നു ..
ജയചന്ദ്രൻ കുറുവാട്ട്
മലയാളം മിഷൻ ദുബായ് ചാപ്റ്റർ അധ്യാപകൻ