സ്‌കൂള്‍ സ്‌ക്വാഡ്

പുതിയ സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കം. എല്ലാ കുട്ടികളെയും പോലെ വളരെ ആഘോഷത്തില്‍ ആയിരുന്നു നീവ്. തനിക്കെല്ലാം അറിയാമെന്നുള്ള ആത്മവിശ്വാസം അവനെപ്പോഴും ഉണ്ടായിരുന്നു. മൂന്നാം ക്ലാസ്സിലെ പുതിയ ടീച്ചറും കൂട്ടുകാരും ചേര്‍ന്ന് അവരുടെ ക്ലാസ്സ് മുറി ഒരാഘോഷമാക്കി തീര്‍ത്തു. ക്ലാസ്സ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരുമായും അവന്‍ നല്ല ചങ്ങാത്തത്തിലായി. പക്ഷേ അവരുടെ ആഘോഷത്തിനിടയിലേക്കു ആശങ്ക കടന്നുവരാന്‍ അധിക സമയം വേണ്ടി വന്നില്ല. ക്ലാസ്സ് മുറിയില്‍ ഇടയ്ക്കിടെ ചില അജ്ഞാത സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. മറ്റു കൂട്ടുകാരെയും ചിലപ്പോള്‍ നീവിനേയും കുറ്റപ്പെടുത്തുന്നതും അപമാനിക്കുന്നതും ആയിരുന്നു അവ. പലപ്പോഴും ചെറിയ ഇടവേളകളില്‍ അവര്‍ പുറത്തുപോയി കളിച്ചിട്ട് തിരികെ വരുമ്പോള്‍ അവരുടെ പെന്‍സില്‍ ബോക്‌സും ബുക്കുകളും സ്ഥാനം മാറി കിടന്നു. ആരാണിതെല്ലാം ചെയ്തതെന്ന് അവരെപ്പോഴും വിസ്മയിച്ചു. ക്ലാസ്സ്മുറിയില്‍ കണ്ടെത്തിയ ഈ അജ്ഞാത സന്ദേശങ്ങളുടെയും പുസ്തകത്തിനിടയിലെ കുറിപ്പുകളുടെയും പിന്നില്‍ ആരോ ഒരു ചാരന്‍ ആകും എന്നവന്‍ ഉറപ്പിച്ചു. മറ്റ് കൂട്ടുകാരോടൊപ്പം ചേര്‍ന്ന് നീവ് ഒരു ഗ്രൂപ്പ് ഉണ്ടാക്കി ചാരനെ പിടിച്ചാലോ എന്നാലോചിച്ചു. അങ്ങനെ അവന്‍ കൂട്ടുകാരുമായി ചേര്‍ന്ന് ക്ലാസ്സ് മുറിയിലെ അജ്ഞാതനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. അവരുടെ ഡിറ്റക്റ്റീവ് ടീമിന് സ്‌കൂള്‍ സ്‌ക്വാഡ് എന്നവര്‍ പേരും നല്‍കി.

സ്‌കൂള്‍ സ്‌ക്വാഡിന്റെ ജോലി ചെറുതായിരുന്നില്ല. ആരായിരിക്കും ആ അജ്ഞാതനായ ക്ലാസ്സ് ചാരനെന്നോര്‍ത്തു അവര്‍ തല പുകച്ചു. സ്‌കൂളിലും വീട്ടിലും കളിസ്ഥലത്തും നീവിന് അത് മാത്രമായി ആലോചന. എങ്ങനെയും അയാളെ കണ്ടുപിടിച്ചെ മതിയാകൂ. അവന് ഏറ്റവും വിശ്വസ്തരായ രണ്ട് കൂട്ടുകാരെ കൂടി അവന്‍ ടീം ലീഡര്‍ സ്ഥാനത്ത് ഉള്‍പ്പെടുത്തി. ആര്യയും മീനയും ആയിരുന്നു ആ കൂട്ടുകാര്‍. ക്ലാസ്സിലെ ആ മറ്റെല്ലാവരെയും സെക്യൂരിറ്റി അങ്കിളിനെയും ടീച്ചറിനെ വരെയും അവര്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇടവേളകളില്‍ പുറത്ത് കളിക്കാന്‍ പോകുമ്പോള്‍ അവര്‍ ഓരോരുത്തരായി പ്രത്യേകം പോകാന്‍ തുടങ്ങി. എപ്പോഴും ഒരാളെങ്കിലും ക്ലാസ്സ് റൂമില്‍ ഉണ്ടാകാന്‍ അവര്‍ ശ്രദ്ധിച്ചു. അജ്ഞാത സന്ദേശങ്ങള്‍ അതോടെ കുറഞ്ഞെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചു ചാരന്‍ പലപ്പോഴും കുറിപ്പുകള്‍ പലസ്ഥലത്തും കൊണ്ടിടാന്‍ തുടങ്ങി.

ആഴ്ചകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഏറ്റവും സംശയം ഉള്ള അഞ്ചുപേരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ നീവിനു മറ്റു ടീം ലീഡേഴ്‌സിനും കഴിഞ്ഞു. ആ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തു നീവിനോട് എപ്പോഴും വഴക്കുണ്ടാക്കാറുള്ള ഒരു കുട്ടിയായിരുന്നു. എല്ലാ അന്വേഷണങ്ങളും അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ അവര്‍ക്ക് മറ്റൊരു പ്രശ്‌നം നേരിടേണ്ടി വന്നു.

ക്ലാസ്സിലെ മറ്റൊരു കുട്ടി പുതിയ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയതായിരുന്നു അത്. ഈവി എന്ന ആ പെണ്‍കുട്ടി നീവിനെയും സ്‌കൂള്‍ സ്‌ക്വാഡിനെയും അലോസരപ്പെടുത്താന്‍ എപ്പോഴും ശ്രമിച്ചു. എന്തിനു പറയുന്നു. ടീച്ചറിനോട് സ്‌കൂള്‍ സ്‌ക്വാഡ് എന്നൊരു ഗ്രൂപ്പ് അവരെ ഉപദ്രവിക്കുന്നു എന്ന് പരാതി പറയുക കൂടി ചെയ്തു. അതോടെ ടീച്ചര്‍ ഇനി ഒരു ക്ലാസ്സ് ഗ്രൂപ്പുകളും പാടില്ലെന്ന് നീവിനെ താക്കീതു ചെയ്തു. എന്നാല്‍ നീവ് വളരെ ആത്മവിശ്വാസമുള്ള ഒരു കുട്ടിയായിരുന്നു. അവന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയില്‍ നിന്നും പിന്മാറാന്‍ അവന്‍ തയ്യാറായില്ല. ടീച്ചര്‍ അറിയാതെ അവര്‍ എല്ലാ കൂട്ടുകാരുടെയും നോട്ട് ബുക്കുകള്‍ പരിശോധിക്കാന്‍ ആരംഭിച്ചു. എത്രയും പെട്ടെന്ന അവരുടെ ജോലി തീര്‍ക്കണമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു. അജ്ഞാത സന്ദേശങ്ങളിലെ കയ്യക്ഷരം കണ്ടുപിടിക്കാനായിരുന്നു അത്.

അങ്ങനെ ആ ദിവസം വന്നെത്തി.

കുറെ ബുക്കുകള്‍ പരിശോധിച്ചു വരികെ അതാ ആ കയ്യക്ഷരം. നോട്ട് ബുക്കിലെ പേര് കണ്ട് നീവും ആര്യയും മീനയും അത്ഭുതത്തോടെ പരസ്പരം നോക്കി. അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളായിരുന്നു അത്.
ആര്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും ഒരേ സ്ഥലത്തു താമസിക്കുന്നവളും ആയ എലിഫ് ആയിരുന്നു അത്. അമ്പരന്നു പോയ ആര്യ എലിഫിനോട് ഇതേപ്പറ്റി ചോദിയ്ക്കാന്‍ പോയി. ചോദിച്ച പാടേ എലിഫ് അതവള്‍ തന്നെയായിരുന്നു എന്ന് സമ്മതിച്ചു. ആര്യയെ കബളിപ്പിക്കാന്‍ അവളൊരുക്കിയ കെണിയായിരുന്നു അത്. ഏതായാലും സ്‌കൂള്‍ സ്‌ക്വാഡിന്റെ ഉദ്യമം വിജയിച്ചതില്‍ നീവ് വളരെ അധികം സന്തോഷിച്ചു.

ടാസ്‌ക് തീര്‍ന്ന സ്ഥിതിക്ക് ഗ്രൂപ്പ് നിര്‍ത്താമെന്നായിരുന്നു ആര്യയുടെ അഭിപ്രായം. പക്ഷെ പുതിയ ടാസ്‌ക്കുകളുമായി നമുക്ക് മുന്‍പോട്ട് പോകാന്‍ സാധിക്കുമെന്ന് നീവ് ആര്യയെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ വരും വര്‍ഷങ്ങളിലും പുതിയ അന്വേഷണങ്ങളും കണ്ടെത്തലുകളുമായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സ്‌കൂള്‍ സ്‌ക്വാഡും ലീഡേഴ്‌സും ആകാംക്ഷയോടെ കാത്തിരുന്നു.

നവതേജ് സദാശിവുനി
ലോകകേരളസഭ സാഹിത്യമത്സരം
സബ് ജൂനിയര്‍ വിഭാഗം, ചെറുകഥ
മൂന്നാം സ്ഥാനം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content