മുത്തു നക്ഷത്രം
മുത്തശ്ശീ!! എന്നു വിളിച്ചുകൊണ്ട് മിന്നു സ്‌കൂളില്‍ നിന്ന് ഓടി വന്നു. മുത്തശ്ശിയോടു സ്‌കൂളിലെ കഥകളൊക്കെ പറഞ്ഞു. കഥകള്‍ പറയുമ്പോള്‍ മുത്തശ്ശി അവള്‍ക്ക് ചോറ് വായില്‍ വെച്ചു കൊടുക്കുമായിരുന്നു.
“നാളെ സ്‌കൂളില്ല!”, സന്തോഷത്തോടെ മിന്നു മുത്തശ്ശിയോടു പറഞ്ഞു. മുത്തശ്ശി ചിരിച്ചു.
“ദേ അച്ഛനും അമ്മയും വിളിക്കുന്നു”, മുത്തശ്ശി മിന്നുവിനോട് പറഞ്ഞു. മിന്നു ഓടി വന്നു.
“മോളു ചായ കുടിച്ചോ?” അച്ഛന്‍ ചോദിച്ചു.
“കുടിച്ചു അച്ഛാ..” മിന്നു പറഞ്ഞു.
“നീ മുത്തശ്ശിയെ ശല്യപ്പെടുത്താറുണ്ടോ മിന്നൂ…” അമ്മ കളിയാക്കി ചോദിച്ചു.
“ഇല്ലമ്മെ ഞാന്‍ നല്ല കുട്ടിയാ.” മിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.
കുറച്ച് കഴിഞ്ഞ് മിന്നു ഹോംവര്‍ക്ക് ചെയ്തിട്ട് മുത്തശ്ശിയോടൊപ്പം പല്ലാംകുഴി കളിക്കാന്‍ പോയി. അയ്യോ ഇന്നും മുത്തു തന്നെ ജയിച്ചു. അവള്‍ മുത്തശ്ശിയെ മുത്തു എന്നാണ് വിളിക്കുന്നെ. മുത്തശ്ശിക്ക് മിന്നുവിനെ വളരെ ഇഷ്ടമായിരുന്നു. മിന്നുവിന്റെ അച്ഛനും അമ്മയും അങ്ങ് ഗള്‍ഫിലാണ്. മിന്നു ജനിച്ചതുതൊട്ടു അവളുടെ ഗ്രാമത്തിലാണ് വളര്‍ന്നേ. മുത്തശ്ശിയെ വിട്ട് ഒരു ജീവിതം അവള്‍ക്ക് ആലോചിക്കാനെ വയ്യ. മിന്നു മുത്തശ്ശിയോടു കുസൃതികള്‍ കാട്ടും. കളിക്കും. രണ്ടാളും ചെടികള്‍ നടും. മുത്തശ്ശി മിന്നുവിന് എന്നും രാത്രി കഥകള്‍ പറഞ്ഞുകൊടുക്കും, താരാട്ട് പാടും. മുത്തശ്ശിയും മിന്നുവും കടയില്‍ പോകും.
ഒരു ദിവസം പെട്ടെന്ന് മുത്തശ്ശിക്ക് നെഞ്ച് വേദന വന്നു. മിന്നു അപ്പോള്‍ സ്‌കൂളിലായിരുന്നു. മിന്നുവിന്റെ സ്‌കൂളീന്ന് അവളുടെ മാമന്‍ വിളിച്ചോണ്ട് പോയി. “എന്താ മാമാ? എന്തു പറ്റി?” അവള്‍ ചോദിച്ചു. “മോളുടെ മുത്തശ്ശി പോയി. പെട്ടെന്നു ഒരു നെഞ്ചുവേദന വന്നതാ..”
“അയ്യോ എന്റെ മുത്തശ്ശി പോയി” സങ്കടത്തോടെ അവള്‍ കരഞ്ഞു. എല്ലാവരും അവളെ ആശ്വസിപ്പിച്ചു.
അവളുടെ അച്ഛനും അമ്മയും വന്നു. “മോളെ കരയല്ലെ ഇനി ഇവിടെ നീ ഒറ്റക്കാകും. നമ്മളോടൊപ്പം വാ അവിടെ ഒരുപാട് സ്ഥലങ്ങളും ഒക്കെ കാണാം.”
“ഇല്ല ഞാന്‍ വരുന്നില്ല…” മിന്നു പറഞ്ഞു.
“മോളെ നീ വരണം” അവര്‍ നിര്‍ബന്ധിച്ചു. ഇതുവരെ അച്ഛനും അമ്മയും അവളെ ഒന്നിനും നിര്‍ബന്ധിന്ധിച്ചിട്ടില്ല. കുറെ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ കൂടെ പോകാന്‍ സമ്മതിച്ചു. രണ്ട് ദിവസം കഴിഞ്ഞ് അവര്‍ പോകാന്‍ പുറപ്പെട്ടു. അന്ന് രാത്രി മിന്നു ഒരു പാടു കരഞ്ഞു. കരഞ്ഞു കരഞ്ഞു അവള്‍ ഉറങ്ങിപ്പോയി.
അവള്‍ പുതിയ സ്‌കൂളില്‍ പോയിത്തുടങ്ങി. മുത്തശ്ശി ഇല്ലാതെ ആദ്യമായിട്ടാ… വിഷമത്തോടെ അവള്‍ മുത്തശ്ശിയെ പറ്റി ഓര്‍ത്തു. മുത്തശ്ശി അവളുടെ അടുത്തുണ്ടാകാന്‍ അവള്‍ ആഗ്രഹിച്ചു.
മുത്തശ്ശി പറയാറുള്ളത് മിന്നു ഓര്‍ത്തു. മരിച്ചവര്‍ ആകാശത്തില്‍ നക്ഷത്രമായി നമ്മുടെ കൂടെ എന്നും ഉണ്ടാവും. മിന്നു ആകാശത്തേക്ക് നോക്കി. ഒരു നക്ഷത്രം കൂടുതല്‍ തിളക്കത്തോടെ തന്നെ നോക്കി ചിരിച്ചതായി തോന്നി. ആ നക്ഷത്രം മുത്തശ്ശി ആണോ? അവള്‍ ചിന്തിച്ചു. പുഞ്ചിരിയോടെ അവള്‍ ആ നക്ഷത്രത്തെ നോക്കി ഇരുന്നു.
സാരംഗി ദേവീ
ലോകകേരളസഭ സാഹിത്യമത്സരം
സബ് ജൂനിയര്‍ വിഭാഗം, ചെറുകഥ
രണ്ടാം സ്ഥാനം