മിന്നുവിന്റെ
ഓണക്കാലം
അവളുടെ പേര് മിന്നു. വികൃതിയും വാശിയും നിറഞ്ഞ ഒരു കിലുക്കാംപെട്ടി. അവളെ അച്ഛനും അമ്മയും വീട്ടുകാരും ശകാരിക്കാതെ ലാളിച്ചാണ് വളര്‍ത്തിയത്. തറവാട്ടിനടുത്തുള്ള ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് അവളുടെ പഠനം. സ്‌കൂള്‍ കഴിഞ്ഞാല്‍ കൂടുതല്‍ നേരവും അവള്‍ ഗൗരിയോടൊപ്പമാണ് ചിലവഴിച്ചിരുന്നത്. മിന്നുവിന്റെ അയല്‍വക്കത്തുള്ള കൂട്ടുകാരിയാണ് ഗൗരി. അവളോടൊപ്പമാണ് ഗൗരിയും പഠിച്ചത്. അടിപിടികളും വഴക്കുകളും കുസൃതിയുമെല്ലാം ഉണ്ടായിരുന്ന ഒരു സൗഹൃദമായിരുന്നു അവരുടേത്.
എല്ലാ ദിവസവും മിന്നുവിന്റെ തറവാട്ടില്‍ ഒരാള്‍ വരും. മിന്നുവിന്റെ അമ്മാവന്‍. അമ്മാവന്‍ രസകരമായ കഥകള്‍ പറഞ്ഞും പാട്ടുകള്‍ പാടിയും അവളെ കളിപ്പിച്ചിരുന്നു. എന്നാല്‍, അമ്മാവനെയും ഗൗരിയേയുംകാള്‍ മിന്നുവിന് ഏറ്റവും ഇഷ്ടം മുത്തശ്ശിയോടായിരുന്നു.
പക്ഷേ ഇതെല്ലാം അവള്‍ക്കിപ്പോള്‍ ഒരു സ്വപ്നമാണ്. അച്ഛന് നഗരത്തില്‍ ജോലി കിട്ടിയതോടെ തറവാട്ടില്‍ നിന്ന് നഗരത്തിലുള്ള ഒരു ഫ്‌ളാറ്റിലേക്ക് മിന്നു താമസം മാറി. അവള്‍ നഗരത്തിലേക്ക് താമസം മാറിയിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളു. പെട്ടെന്നാണ് എല്ലാം നിശ്ചലമായത്. കൊറോണ മഹാമാരി മൂലം സ്‌കൂള്‍ അടച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ കടകളും സ്ഥാപനങ്ങളും അടച്ചു. നിരത്തുകള്‍ വിജനമായി. കടകളിലെ തിരക്കിന്റെയും കടക്കാരുടെ വര്‍ത്തമാനത്തിന്റെയും ശബ്ദം ഇപ്പോള്‍ കേള്‍ക്കാനില്ല. ആഴ്ചയിലൊരിക്കല്‍ അച്ഛന്‍ കടകളില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോകും. ഈയിടയായി അച്ഛന്‍ ഓഫീസിലേക്ക് ആഴ്ചയിലൊരിക്കലെ പോകാറുള്ളു. മിന്നു നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകാന്‍ അധിക കാലമൊന്നു എടുത്തില്ല. മിന്നുവിന്റെ സ്‌കൂളിലും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. ക്ലാസ്സ് കഴിഞ്ഞാല്‍ ജനാലയ്ക്കരുകിലിരുന്ന് വെറുതെ മാനത്തേക്ക് നോക്കിയിരിക്കും. തറവാട്ടില്‍ ഒരുമയോടെ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കും. അച്ഛന്റെ സ്‌കൂട്ടര്‍ നോക്കി അവള്‍ കാത്തുനില്‍ക്കും. ഓണാവധി ആയതിനാല്‍ ഇപ്പോള്‍ കുറച്ച് ദിവസമായി ഓണ്‍ലൈന്‍ ക്ലാസ്സുമില്ല. ലോക്ക്ഡൗണ്‍ കാലങ്ങളില്‍ അവളുടെ ലോകം തന്നെ ടെലിവിഷന്‍ ആയി മാറി. നാളെ തിരുവോണമാണെന്ന് തന്നെ കൊച്ചു മിന്നു അറിഞ്ഞത് ടെലിവിഷനില്‍ നിന്നാണ്. ഇതറിഞ്ഞതോടെ മിന്നുവിന്റെ മനസിലെ ദുഃഖം ഇരട്ടിച്ചു. കൊറോണയാണെങ്കിലും തറവാട്ടില്‍ പോയി ഗൗരിയേയും അമ്മാവനെയും മുത്തശ്ശിയേയും കാണാമെന്ന പ്രതീക്ഷയും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു.
നേരം വെളുത്തതേയുളളു. അങ്ങുമിങ്ങും കിളികള്‍ ചിലക്കുന്നു. ചെറുകാറ്റില്‍ ഇലകള്‍ അനങ്ങുന്ന ശബ്ദം. കോഴി കൂവുന്നു. ഈ ചെറിയ ശബ്ദങ്ങള്‍ പറയുന്നു ഇന്ന് എന്തോ പ്രത്യേക ദിനമാണ്. അതെ ഇന്ന് തിരുവോണമാണ്. അലങ്കോലമായി കിടക്കുന്ന മിന്നുവിന്റെ മുറി വൃത്തിയാക്കാനായി അമ്മ അടുക്കളയില്‍ നിന്ന് ഉറക്കെ വിളിച്ചത് കേട്ടാണ് മിന്നു ഉണര്‍ന്നത്. ഇന്നും എണീറ്റത് പത്ത് മണിക്കാണ്. ആറ് മണിക്ക് ആവേശത്തോടെ എണീറ്റിരുന്ന മിന്നു ഓണ്‍ലൈന്‍ ക്ലാസ്സ് വന്നതോടെ രാവിലെ പത്ത് മണിക്കും പതിനൊന്ന് മണിക്കും ഒക്കെയാണ് ഉണരുന്നത്. തന്റെ മുറി വൃത്തിയാക്കിയതിനു ശേഷം കുളിച്ചൊരുങ്ങി കഴിഞ്ഞ ജന്മദിനത്തിന് അച്ഛന്‍ വാങ്ങിത്തന്ന നിറയെ ചുവന്ന റോസാപ്പൂക്കളുള്ള ഉടുപ്പ് അവള്‍ ധരിച്ചു. അമ്മ മിന്നുവിന് പ്രത്യേകം ഉണ്ടാക്കിയ ചപ്പാത്തിയും ചിക്കന്‍ കറിയും കഴിക്കാന്‍ ഊണ് മേശയിലേക്ക് ഓടിച്ചെന്നു. ‘അമ്മേ, ഇന്ന് ഓണല്ലേ. എനിക്ക് ഇന്ന് അമ്മ വാരിതര്വോ’ ? മിന്നു ചോദിച്ചു. കൊച്ചു മിന്നുവിന്റെ തിളക്കമേറിയ കണ്ണുകളില്‍ നോക്കി അമ്മ പറഞ്ഞു. ‘ഞാന്‍ ഇന്ന് രാവിലെയും ഉച്ചയ്ക്കും വാരിത്തരാം. രാത്രി മോള് തന്നെ വാരിക്കഴിക്കണം കേട്ടോ, ശരി. ഇങ്ങ് വാ’. ‘ശരി അമ്മേ’, മിന്നു സമ്മതിച്ചു. അമ്മ മിന്നുവിന് പ്രഭാത ഭക്ഷണം വാരിക്കൊടുക്കാന്‍ തുടങ്ങി.
പ്രഭാത ഭക്ഷണം കഴിഞ്ഞ് മിന്നു ജനാലക്കരികിലേക്ക് ഓടി. അവിടെ മാനത്തേക്ക് നോക്കി നിന്നു. അവളുടെ മനസ്സിലേക്ക് അപ്പോള്‍ ചില ഓര്‍മ്മകള്‍ തിരിച്ചു വന്നു. തറവാട്ടുമുറ്റത്ത് കളിക്കുന്ന കുട്ടികളേയും ഊഞ്ഞാലുകളേയും സദ്യ ഉണ്ടാക്കാന്‍ കറിവേപ്പില പിച്ചുന്ന സ്ത്രീകളുടെ ബഹളവും ഒര്‍മ്മയില്‍ നിറഞ്ഞു. കഴിഞ്ഞ ഓണത്തിന് നടന്ന മത്സരത്തില്‍ ട്രോഫി കിട്ടിയ കാര്യമാണ് അവളെയേറെ സന്തോഷിപ്പിച്ചത്. ഒറ്റ വേരന്‍ പൂക്കളും വാഴക്കൂമ്പിന്‍ കഷണങ്ങളും ഇലകളും ഉപയോഗിച്ച് കഴിഞ്ഞ തവണ ഉണ്ടാക്കിയ പൂക്കളവും അവള്‍ മറന്നിട്ടില്ല.
ലോക്ക് ഡൗണ്‍ കാലങ്ങളില്‍ അവള്‍ കൂടുതല്‍ സമയവും ചിലവഴിച്ചത് കഥാപുസ്തകങ്ങള്‍ വായിച്ചാണ്. വായിച്ച കഥകളില്‍ അവളുടെ മനസ്സ് ഉടക്കി നിന്നത് കൂട്ടിലകപ്പെട്ട ഒരു പക്ഷിയുടെ കഥയാണ്. അവള്‍ക്ക് പലപ്പോഴും ആ കിളി താനാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാ ദിവസവും ജനാലക്കരികിലിരുന്ന് ആകാശത്തുള്ള പക്ഷികളെ നോക്കുമ്പോള്‍ ആ പക്ഷിയുടെ ദൈന്യതയോര്‍ത്ത് അവളുടെ മനസ്സ് പിടയും.
കുറേ നേരം അങ്ങനെയിരുന്നതിന് ശേഷം അമ്മയെക്കാണാന്‍ അവള്‍ അടുക്കളയിലേക്ക് ഓടി. അപ്പോളതാ അമ്മ മുത്തശ്ശിയെ വീഡിയോ കോള്‍ ചെയ്യുന്നു. അമ്മ ഫോണ്‍ മിന്നുവിന് കൊടുത്തിട്ട് ജോലിചെയ്യാന്‍ പോയി. കൊച്ചു മിന്നു മുത്തശ്ശിയുമായി സംസാരിക്കാന്‍ തുടങ്ങി. “അമ്മൂമ്മേ, എനിക്ക് ഈ ഓണം ഇഷ്ടപ്പെടണില്ല!” മിന്നു മുത്തശ്ശിയുമായി തന്റെ വിഷമങ്ങള്‍ പങ്കുവെച്ചു. “അതെന്താ മോളു! ശരി, പറ. എന്റെ കൊച്ചു മിന്നൂന് എന്തുപറ്റി?” മുത്തശ്ശി ചോദിച്ചു. “തറവാട്ടീന്നു പോയെടം മുതല്‍ എനിക്ക് ഭയങ്കര വിഷമാ. ഇവിടത്തെ ഫ്‌ളാറ്റില്‍ കൂടെ കളിക്കാന്‍ ഗൗരിയെ പോലെ ആരുമില്യ, തറവാട്ടിലാണെ എന്തു രസമായിരുന്നേനെ. മുത്തശ്ശീം അമ്മാവനും കുട്ട്യോളും കുഞ്ഞാടും എല്ലാരും ഉണ്ടായിരുന്നേനെ”, മിന്നു പറഞ്ഞു. ആ കുഞ്ഞു മനസ്സിലെ വിഷമം കേട്ട് മുത്തശ്ശി ദുഃഖഭാവത്തില്‍ പറഞ്ഞു. “മോളൂട്ടി ഇങ്ങട് നോക്ക്യേ, വിഷമിക്കാതെ! എല്ലാം ശരിയാവും. കൊറോണ പോയിട്ട് തറവാട്ടി വന്ന് അമ്മൂമ്മേം എല്ലാരേം കാണാം… ഇപ്പം ഞാന്‍ ഒരു പഴയ കഥ പറയാം”, മിന്നു വിഷമം അടക്കി ആ കഥ കേട്ടു.
ഉച്ചയ്ക്ക് ഒരു മണിയായി. “മിന്നൂ, ചേട്ടാ ഭക്ഷണം റെഡി ആയി. കഴിക്കാന്‍ വാ!” അമ്മ വിളിച്ചു. കൊറോണ ആയതുകൊണ്ട് സദ്യ കാണില്ലെന്ന് കൊച്ചു മിന്നുവിന് ആറിയാമെങ്കിലും അമ്മ ആ തിരുവോണത്തിന് എന്തായിരിക്കും ഉണ്ടാക്കിയത് എന്ന ആകാംഷ കൊണ്ടവള്‍ തീന്‍ മേശയിലേക്ക് ഓടിച്ചെന്നു. മേശപ്പുറത്ത് ചോറും മൂന്ന് നാല് കറികളും പപ്പടവും പായസവുമുണ്ട്. കഴിഞ്ഞ ഓണത്തിലെ നാല് കൂട്ടം പായസവും ഇരുപത്തിയഞ്ച് കറികളും ഉണ്ടായിരുന്ന ആളുകള്‍ നിറഞ്ഞ ഓണസദ്യ അവള്‍ അറിയാതെ ഓര്‍ത്തുപോയി.
രണ്ടു മൂന്നു ദിവസമായി അച്ഛന് വലിയ ഉന്മേഷമില്ലാത്തത് മിന്നു കണ്ടു. നാട്ടില്‍ പോകാന്‍ കഴിയാത്തതുകൊണ്ടായിരിക്കും എന്നവള്‍ വിചാരിച്ചു. അച്ഛന്‍ ചോറ് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരേയും നിശബ്ദരാക്കിക്കൊണ്ട് ഒരു എസ്.എം.എസ് അച്ഛന്റെ ഫോണില്‍ നിന്നു വന്നു. അമ്മ പറഞ്ഞു അത് പരസ്യമായിരിക്കും. “തുറക്കണ്ട. ചേട്ടന്‍ കഴിക്കാന്‍ നോക്ക്.” അമ്മ പറഞ്ഞത് ഗൗനിക്കാതെ ഇടതു കൈ വെച്ച് ഫോണ്‍ തുറന്നു അപ്പോള്‍ അമ്മയും കൂടി ആ സന്ദേശത്തിലേക്ക് നോക്കി. അച്ഛനും അമ്മയും ഒരാഘാതം ഏറ്റിട്ടെന്നപോലെ കസേരയിലേക്ക് ചാഞ്ഞിരുന്നു. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പെട്ടെന്ന് അവിടെയെമ്പാടും ഭീതിയുടെയും നിശബ്ദതയുടെയും വേരുകള്‍ പടര്‍ന്നു. ആ നിശബ്ദതയുടെ ഒറ്റപ്പെടലില്‍ മിന്നു ഒന്നുമറിയാതെ അലിഞ്ഞില്ലാതായി.
ഖദീജ താഹ
ലോകകേരളസഭ സാഹിത്യമത്സരം
സബ് ജൂനിയര്‍ വിഭാഗം, ചെറുകഥ
ഒന്നാം സ്ഥാനം