ചങ്ങാതിക്കൂട്ടം
ഒരു താടാകത്തിന്‍റെ തീരത്ത് നാലു സുഹൃത്തുക്കള്‍ താമസിച്ചിരുന്നു. എലിയും കാക്കയും ആമയും മാനും. അവര്‍ ഒരു മരത്തിനു കീഴെ എന്നും വൈകീട്ട് ഒത്തുകൂടിയിരുന്നു. എന്നാല്‍ ഒരു വൈകുന്നേരം മാന്‍ മാത്രം വന്നില്ല. എല്ലാ സുഹൃത്തുക്കളും അവള്‍ക്കു വേണ്ടി വളരെ നേരം കാത്തിരുന്നു.
“അവള്‍ക്ക് എന്തു സംഭവിച്ചിരിക്കാം?” ആകാംഷയോടെ എലി ചോദിച്ചു.
കാക്ക പറഞ്ഞു, “ഞാന്‍ ചെന്നു നോക്കിയിട്ട് വരാം.”
“ഒരു പക്ഷേ വല്ല വേടന്മാരുടെ കുടുക്കില്‍ അവള്‍ അകപ്പെട്ടുകാണും.” ആമ പറഞ്ഞു.
കാക്ക കാടിനു മേലെ പറന്നു നടന്നു. പെട്ടെന്ന് താഴെ നിന്നും ക്ഷീണിച്ച ശബ്ദത്തില്‍ ആരോ സഹായത്തിനു അഭ്യര്‍ത്ഥിക്കുന്നതു കാക്ക കേട്ടു. താഴെ ചെന്നപ്പോള്‍ വലയില്‍ കുടുങ്ങിക്കിടക്കുന്ന മാനിനെയാണ് കണ്ടത്. കാക്ക അതിവേഗം പറന്നുചെന്ന് സുഹൃത്തുക്കളോട് വിവരം പറഞ്ഞു. “വേഗം വരുവിന്‍ നമ്മുടെ സുഹൃത്ത് ഒരു വേടന്റെ വലയില്‍ കുടുങ്ങിക്കിടക്കുന്നു.”
ആമ ഒരു നിമിഷം ചിന്തിച്ചു, എന്നിട്ട് എലിയോട് ചോദിച്ചു. “നിനക്ക് നിന്റെ മൂര്‍ച്ചയേറിയ പല്ലുകള്‍ ഉപയോഗിച്ച് വല മുറിക്കാമോ?”
“തീര്‍ച്ചയായും എനിക്ക് കഴിയും, പക്ഷേ ഞാന്‍ എങ്ങനെ ആ സ്ഥലത്ത് എത്തിച്ചേരും?”, എലി ചോദിച്ചു.
കാക്ക പറഞ്ഞു, “വേഗം വരൂ… ഞാന്‍ നിന്നെ പുറത്ത് കയറ്റിക്കൊണ്ടുപോകാം.”
എലി കാക്കയുടെ പുറത്ത് ചാടിക്കയറി തങ്ങളുടെ സുഹൃത്തിനെ രക്ഷിക്കാന്‍ യാത്രയായി. എലി സ്ഥലത്ത് എത്തിയതും തന്റെ മൂര്‍ച്ചയേറിയ പല്ലുകള്‍ക്കൊണ്ട് വല കടിച്ചു മുറിച്ചു മാനിനെ സ്വതന്ത്രയാക്കി. ഈ സമയത്തിനുള്ളില്‍ ആമയും അവിടെ എത്തിച്ചേര്‍ന്നു.
സുഹൃത്തുക്കള്‍ സന്തോഷം പങ്കിടുമ്പോള്‍ വേടന്‍ അവിടെ എത്തി. വലയില്‍ നിന്നും മാന്‍ രക്ഷപ്പെട്ടതറിഞ്ഞ് അയാള്‍ ദേഷ്യം കൊണ്ട് വിറച്ചു. അപകടം മണത്തറിഞ്ഞ് കാക്ക പറന്നുപോയി, എലി ഒരു മാളത്തിനുള്ളില്‍ ഒളിച്ചു, മാന്‍ പെട്ടെന്ന് ഓടി അകന്നു. ആമ മാത്രം പതുക്കെ ഇഴഞ്ഞു നീങ്ങി. ഇത് കണ്ട വേടന്‍ പറഞ്ഞു, “ദാ വല്യൊരു ആമ, ഇന്നത്തെ എന്റെ ആഹാരത്തിനു ഇതു മതിയാകും.”
അവന്‍ ആമയെ പിടിച്ചു തന്റെ സഞ്ചിയിലിട്ടു. കാക്ക ഇതെല്ലാം കണ്ടുകൊണ്ട് ഒരു മരത്തിനു മുകളിലായി ഇരിക്കുന്നുണ്ടായിരുന്നു. അത് തന്റെ മറ്റു സുഹൃത്തുക്കളോടായി പറഞ്ഞു, “ആമ അപകടത്തില്‍ പെട്ടിരിക്കുന്നു. നമുക്ക് അവനെ രക്ഷിക്കണം.”
ഇതു കേട്ടു മാന്‍ പറഞ്ഞു, “എന്തു ചെയ്യണമെന്ന് എനിക്കറിയാം. ഞാന്‍ വേടന്‍ പോകുന്ന വഴിയില്‍ പുല്ലു തിന്നുന്നതായി നടിച്ചു നില്‍ക്കാം. തീര്‍ച്ചയായും വേടന്‍ സഞ്ചി ഉപേക്ഷിച്ച് എന്നെ പിടിക്കാനായി എന്റെ പുറകില്‍ വരും. അപ്പോള്‍ എലി ചെന്നു സഞ്ചി കടിച്ചു മുറിച്ചു ആമയെ രക്ഷിക്കണം.”
മാന്‍ താന്‍ പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിച്ചു. ദുരാഗ്രഹിയായ വേടന്‍ സഞ്ചി ഉപേക്ഷിച്ചു മാനിനെ പിടിക്കാനോടി. മാന്‍ വളരെ സമര്‍ത്ഥമായി ഓടി രക്ഷപ്പെട്ടു. ഈ സമയംകൊണ്ടു എലി സഞ്ചി കടിച്ചു മുറിച്ചു ആമയെ രക്ഷിച്ചു. ആമ രക്ഷപ്പെട്ടതുകണ്ട വേടന്‍ നിരാശനായി, “എത്ര നിര്‍ഭാഗ്യമാണ് ഇന്നത്തെ ദിവസം, ആദ്യം മാന്‍ രക്ഷപ്പെട്ടു ഇപ്പോ ആമയും.”
ദുഃഖിതനായ വേടന്‍ തന്റെ ഒഴിഞ്ഞ സഞ്ചിയുമായി വീട്ടിലേക്കു പോയി. നാലു സുഹൃത്തുകളും അവരുടെ വിജയത്തില്‍ സന്തോഷിച്ചു.
ഗുണപാഠം: ആവശ്യത്തില്‍ ഉപകരിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്.
സ്തുതി ഹന്ന റെജി
ലോകകേരളസഭ സാഹിത്യമത്സരം
സബ് ജൂനിയര്‍ വിഭാഗം, ചെറുകഥ
രണ്ടാം സ്ഥാനം