രാജകുമാരനും
ദ്വീപ് രാജാവും
ഭാഗം 4
കഥയുടെ മറ്റ് ഭാഗങ്ങൾ വായിക്കാം – രാജകുമാരനും രാക്ഷസനും
രാജകുമാരൻ തന്റെ സാഹസ സഞ്ചാരം തുടരവേ ഒരു ദ്വീപിൽ എത്തിച്ചേർന്നു. അവിടത്തെ രാജാവ് പ്രജകളുടെ ക്ഷേമത്തിൽ അതീവ ജാഗ്രതയുള്ളവനും ഭരണത്തിൽ അതിനിപുണനും ആയിരുന്നു.
രാജാവും രാജ്ഞിയും സുന്ദരിയായ രാജകുമാരിയും പ്രജകളോടൊപ്പം സുഖമായി വാഴുമ്പോഴാണ് രാജകുമാരൻ അവിടെ എത്തിപ്പെടുന്നത്. യാത്രയിൽ മറ്റൊരു രാജ്യത്തെ രാജകുമാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളും കൂടെ ഉണ്ടായിരുന്നു. കുറെ ദിവസങ്ങളിലെ ഒരുമിച്ചുള്ള യാത്രയിൽ അവർ ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു.
ദ്വീപിലെ വിശേഷങ്ങളും മറ്റും പറയുന്നതിനിടയിൽ സുഹൃത്തിന് ദ്വീപിലെ രാജകുമാരിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും എന്നാൽ രാജാവിന് അതിനു സമ്മതമല്ലെന്ന കാര്യവും പറഞ്ഞിരുന്നു.
ആ ദ്വീപിൽ പുഴകളില്ലാതിരുന്നതിനാൽ കൊട്ടാര വളപ്പിലെ ഒരു നീരുറവയിൽ നിന്നുമാണ് രാജാവും കുടുംബാംഗങ്ങളും കുളിക്കുകയും വെള്ളം ശേഖരിക്കുകയും ചെയ്തിരുന്നത്. രാജാവ് ഒരു തീർത്ഥാടനത്തിനായി കുടുംബാംഗബാംഗളുമായി ഒരു വർഷത്തോളം പുറം രാജ്യങ്ങളിൽ സഞ്ചരിച്ചു സ്വരാജ്യത്തേക്ക് മടങ്ങിവന്നു. പിറ്റേന്ന് കുളിക്കുവാനായി നീരുറവക്കരികിൽ പോയപ്പോൾ അവിടെ വലിയ ഒരു അരയാൽ
പടർന്നുപന്തലിച്ചു നിൽക്കുന്ന കണ്ടു.
ആൽമരം നീരുറവക്കു മുകളിൽ നിൽക്കുന്ന കാരണം പഴയ പോലെ വെള്ളം ശേഖരിക്കുവാനും നീരാട്ട് നടത്തുവാനും അവർക്കായില്ല. അതുകൊണ്ട് മരം വെട്ടി മാറ്റുവാൻ പടയാളികളോട് മഴുവും കൊണ്ട് വരാൻ രാജാവ് കൽപ്പിച്ചു. പടയാളികൾ നിരന്നുനിന്ന് മരത്തിന്റെ ശാഖകൾ വെട്ടിതുടങ്ങി. അദ്ഭുതമെന്നുപറയട്ടെ വെട്ടുന്നതിനൊപ്പം തന്നെ ആ ശാഖകൾ വീണ്ടും വളരുവാൻ തുടങ്ങി. വൈകുന്നേരം വരെ മരം വെട്ടു തുടർന്നെങ്കിലും
ആൽമരം യാതൊരു മാറ്റവുമില്ലാതെ പഴയ പോലെ തന്നെ നിന്നു.
നേരമിരുട്ടിയപ്പോൾ ഭടന്മാർ കൊട്ടാരത്തിലെത്തി ഈ വിവരം രാജാവിനെ ധരിപ്പിച്ചു. ഇത് കേട്ട രാജാവ് കുപിതനായി. പിറ്റേന്ന് രാവിലെ അദ്ദേഹം സ്വയം മഴുവുമേന്തി അവിടെ ചെന്ന് ആൽ മരം വെട്ടാൻ തുടങ്ങി.
തന്റെ ശാഖകൾ വെട്ടിമാറ്റാൻ രാജാവ് സ്വയം വന്നതിൽ ദേഷ്യം തോന്നിയ ആൽമരം തന്റെ ശാഖയിൽ നിന്നും ഒരു കൂർത്ത മരച്ചീൾ രാജാവിന്റെ കണ്ണിലേക്ക് തെറിപ്പിച്ചു. വേദനകൊണ്ടു പുളഞ്ഞ രാജാവ്
മഴു താഴത്തിട്ട് കൊട്ടാരത്തിലേക്ക് തിരിച്ചുപോയി. ആ രാത്രി അദ്ദേഹത്തിന് വേദനകൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് വേദന കൂടുകയും ഭക്ഷണം കഴിക്കാനും ഉറങ്ങാനും പറ്റാതാകുകയും ചെയ്തു.
പിറ്റേന്ന് തന്നെ രാജാവ് വേദനയുടെ കരണമറിയാൻ കൊട്ടാരം ജ്യോത്സനെ വിളിച്ച് പ്രശ്നം വെച്ചു. പ്രശ്നത്തിൽ ആൽമരത്തെ വെട്ടിമാറ്റാൻ രാജാവ് ശ്രമം നടത്തിയതിനാൽ ആൽമരം കോപിച്ചതായും പ്രായശ്ചിത്തം ചെയ്യണമെന്നും ജ്യോൽസ്യൻ കല്പിച്ചു.
അതുപ്രകാരം ഒരു വെളുത്ത ആടിനെയും ഒരു വെളുത്ത പൂവൻ കോഴിയെയും ബലി കൊടുത്തു. കൊട്ടാരം വൈദ്യന്മാർ പരിശോധിച്ച് മരുന്നുകളൊഴിക്കുകയും ചെയ്തു. പക്ഷെ വേദനക്ക് ശമനമുണ്ടായില്ലെന്നതു മാത്രമല്ല അത് കൂടിവരുകയും ചെയ്തു.
അടുത്ത ദിവസം രാജാവ് ഒരു വിളംബരം നടത്തി. തന്റെ കണ്ണ് വേദന മാറ്റുന്ന വൈദ്യൻ ആരായാലും തക്കതായ പ്രതിഫലം നൽകുമെന്ന അറിയിപ്പായിരുന്നു അത്.
വിളംബരം കേട്ട രാജകുമാരന്മാർ ഈ അവസരം ബുദ്ധിപൂർവ്വം വിനിയോഗിക്കാൻ തീരുമാനിച്ചു. അന്ന് തന്നെ രണ്ടുപേരും കൊട്ടാരത്തിലെത്തി.
രാജകുമാരൻ ചോദിച്ചു, “അങ്ങയുടെ കണ്ണിലെ വേദന പരിപൂർണ്ണമായും മാറ്റി തന്നാൽ അങ്ങ് എന്താണ് എനിക്ക് പ്രതിഫലമായി തരാൻ പോകുന്നത് ?”
“എന്റെ ദ്വീപിന്റെ പകുതി നിങ്ങൾക്കു തരുന്നതായിരിക്കും” രാജാവ് പറഞ്ഞു.
എന്നാൽ രാജകുമാരൻ ആ വാഗ്ദാനം നിരസിച്ചുകൊണ്ട് പറഞ്ഞു.
“പ്രതിഫലമായി എനിക്ക് വേണ്ടത് അങ്ങയുടെ മകളെയാണ്. “
(തുടരും)

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്, ബംഗളൂരു