പാട്ടുപാടും കൂഴവാലി: ഭാഗം 6
ധീരന്‍മാര്‍ക്ക് മരണമില്ല
(കഥയുടെ മുൻഭാഗങ്ങൾ വായിക്കാം: പാട്ടുപാടും കൂഴവാലി)
കൂഴവാലി ജലനിരപ്പിന് മുകളിലൂടെ കുതിച്ചുയര്‍ന്നു. “ബ്ലും….” ശക്തിയായി വെള്ളം തെറിച്ചു.
കഥയുടെ ലോകത്ത് മുഴുകിയിരുന്ന കുട്ടികള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. കൂഴവാലി കണ്ടല്‍ വേരുകള്‍ക്കിടയില്‍ മറഞ്ഞിരുന്നു വിളിച്ചു, “ചിപ്പൂ…..ചിന്നൂ….”
കുട്ടികള്‍ കൂഴവാലിയെ തിരയുന്നതിനിടയില്‍ പെട്ടെന്നതാ ഒരു മിന്നായം പോലെ തിളങ്ങുന്ന വാല്‍. കൂഴവാലി ചിപ്പുവിന്റെയും ചിന്നുവിന്റെയും കാല്‍പ്പാദങ്ങളില്‍ ഉരുമ്മി ഇക്കിളി കൂട്ടി. കാല്‍ വെള്ളത്തിലടിച്ച് കുട്ടികള്‍ കുടുകുടെ ചിരിച്ചു.
പൊട്ടിച്ചിരിക്കുന്ന കുട്ടികളെനോക്കി ഒരു ദീര്‍ഘനിശ്വാസത്തോടെ അപ്പൂപ്പന്‍ പറഞ്ഞു. “നിങ്ങളുടെ ഈ ചിരി…സന്തോഷം….നിങ്ങള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം…. എന്റെ കുട്ടിക്കാലം ഇങ്ങനെയൊന്നും ആയിരുന്നില്ല. എന്റെ അപ്പൂപ്പന്‍ പറഞ്ഞുതന്നിട്ടുണ്ട്, നമ്മള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു പിന്നില്‍ എത്രയോ ദേശസ്‌നേഹികളുടെ ത്യാഗോജ്വലമായ ജീവിതമുണ്ടെന്ന്.. ജീവത്യാഗമുണ്ടെന്ന്….”
ഓളങ്ങള്‍ക്കൊപ്പം ഒഴുകിനടന്ന കൂഴവാലി വെട്ടിത്തിരിഞ്ഞു.
“അതേ… വേലുത്തമ്പിയുടെ ആത്മഹത്യ…. അതുപോലെ എത്ര യോദ്ധാക്കള്‍ രക്തംചിന്തി നേടിത്തന്നതാണ് നമുക്കീ സ്വാതന്ത്ര്യമെന്ന് അറിയുമോ?” അപ്പൂപ്പന്‍ ചോദിച്ചു.
“ധീരനായ വേലുത്തമ്പി ആത്മഹത്യ ചെയ്യുകയോ?” ചിപ്പു അത്ഭുതത്തോടെ ചോദിച്ചു. “അന്ന് പത്രത്തില്‍ ഒരു വാര്‍ത്ത വായിക്കവേ അപ്പൂപ്പന്‍ പറഞ്ഞില്ലേ ഭീരുക്കളാണ് ആത്മഹത്യചെയ്യുകയെന്ന്?” ചിന്നു കൂട്ടിച്ചേര്‍ത്തു.
“അതൊരു ഭീരുവിന്റെ ആത്മഹത്യ ആയിരുന്നില്ല മക്കളേ… പരദേശികള്‍ക്ക് കീഴടങ്ങാന്‍ ഇഷ്ടമില്ലാത്ത ഒരു രാജ്യസ്‌നേഹിയുടെ ചങ്കുറപ്പായിരുന്നു.” അപ്പൂപ്പന്‍ ആവേശത്തോടെ പറഞ്ഞു.
“ഒന്ന് വിശദമായി പറഞ്ഞുതാ കൂഴവാലീ….” കുട്ടികള്‍ കൊഞ്ചി.
ചെകിളപ്പൂക്കളില്‍ ആകാവുന്നിടത്തോളം ശുദ്ധജലം നിറച്ച് ജലപ്പരപ്പിലേക്ക് തല ഉയര്‍ത്തി കൂഴവാലി കഥപറഞ്ഞു തുടങ്ങി.
“കൊല്ലത്തെ ഇളമ്പള്ളൂര്‍ ക്ഷേത്രത്തില്‍ വച്ച് നടത്തിയ കുണ്ടറ വിളംബരത്തോടെ ജനങ്ങള്‍ കൂട്ടം കൂട്ടമായി വേലുത്തമ്പിയുടെ സൈന്യത്തില്‍ ചേര്‍ന്നു. ഇത് ബ്രട്ടീഷുകാരെ ഭയപ്പെടുത്തി. പല ഏറ്റുമുട്ടലുകളും നടന്നു. വേലുത്തമ്പിയെ അമര്‍ച്ച ചെയ്യാതെ തിരുവിതാംകൂറിന്റെ മേല്‍ മേല്ക്കോയ്മ നേടാനാകില്ലെന്ന് മെക്കാളേയ്ക്ക് ബോധ്യമായി. വിദഗ്ദമായി കരുനീക്കങ്ങള്‍ നടത്തിയ മെക്കാളെ തിരുവിതാംകൂര്‍ രാജകൊട്ടാരം ആക്രമിച്ചു. രാജാവിനെ തടവിലാക്കുമെന്നും മെക്കാളെ ഭീഷണിപ്പെടുത്തി. ഭയന്ന രാജാവ് ബ്രട്ടീഷുകാരുമായി ഉടമ്പടി ഒപ്പുവച്ചു. തിരുവിതാംകൂര്‍ സൈന്യത്തെ പിരിച്ചുവിട്ടു. അധികാരം ബ്രട്ടീഷുകാരുടെ കൈകളിലായി ദളവാസ്ഥാനം ഉമ്മിണിപിള്ളയ്ക്ക് നല്കുകയും വേലുത്തമ്പിയെ വധിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. പിടിച്ചുകൊടുക്കുന്നവര്‍ക്ക് നല്ല ഇനാം ബ്രട്ടീഷുകാര്‍ വാഗ്ദാനം ചെയ്തു. നാടൊട്ടുക്ക് അവര്‍ വേലുത്തമ്പിയെ തിരഞ്ഞു. അദ്ദേഹം മണ്ണടി ക്ഷേത്രത്തില്‍ ഉണ്ടെന്നറിഞ്ഞ് ബ്രട്ടീഷ് സേന അവിടെയും വളഞ്ഞു. ഒരു പരദേശിയുടെ കയ്യില്‍ അകപ്പെട്ട് മരിക്കുകയെന്നത് ആ ദേശാഭിമാനിക്ക് ഒട്ടും സഹിക്കാനാകുമായിരുന്നില്ല. അപ്പോഴേക്കും ബ്രിട്ടീഷ് സേന അടുത്തെത്തികഴിഞ്ഞിരുന്നു. അദ്ദേഹം സ്വന്തം സഹോദരനോട് ഇങ്ങനെപറഞ്ഞു. കീഴടങ്ങുന്നതും രക്ഷപ്പെടുന്നതും എന്റെ യുദ്ധപാരമ്പര്യം അല്ല. ഈ ഉടവാള്‍ സത്യത്തിനും നീതിക്കും വേണ്ടി, ഈ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി മാത്രമേ വീശിയിട്ടുളളു. ജീവനോടെ ഞാനൊരിക്കലും ബ്രട്ടീഷുകാര്‍ക്ക് മുന്നില്‍ കീഴടങ്ങില്ല. ശ്രീ പദ്മനാഭാ… എന്ന് വിളിച്ചുകൊണ്ട് അദ്ദേഹം സ്വന്തം ഉടവാള്‍ നെഞ്ചിലേക്ക് കുത്തിയിറക്കി.”
കഥപറഞ്ഞ കൂഴവാലി വല്ലാതെ കിതച്ചു. ഒരിറ്റ് ശ്വാസത്തിനെന്നോണം അവള്‍ അഷ്ടമുടിയുടെ ഓളങ്ങള്‍ക്കുള്ളിലേക്ക് ഊളിയിട്ടു. കഥകേട്ട് തരിച്ചിരുന്ന കുട്ടികള്‍ ദയനീയമായി അപ്പൂപ്പനെ നോക്കി. അദ്ദേഹത്തിന്റെ കണ്‍കോണുകളില്‍ നനവ് പടര്‍ന്നു.
ഗദ്ഗദത്തോടെ അദ്ദേഹം പറഞ്ഞു. “ധീരന്‍മാര്‍ക്ക് മരണമില്ല മക്കളെ”
(തുടരും…)
റാണി പി കെ