കാവാലം
നാടക കലയിലെ മഹാകവി
കുട്ടനാടൻ ഗ്രാമമായ കാവാലത്തെ ചാലയിൽ എന്ന തന്റെ തറവാട്ടിലേക്ക് ഒഴിവുകാലം ആസ്വദിക്കാനെത്തിയ ബിക്കാനീറിന്റെ പ്രധാനമന്ത്രിയും പണ്ഡിതനും എഴുത്തുകാരനുമായ സർദാർ കെ എം പണിക്കരോടൊപ്പം പതിവ് തെറ്റിക്കാതെ ആ വിശിഷ്ടാതിഥിയും ഉണ്ടായിരുന്നു. ഉറ്റ ചങ്ങാതിയും ജ്യേഷ്ഠ തുല്യനുമായ മഹാകവി വള്ളത്തോൾ നാരായണമേനോൻ. ചാലയില്‍ തറവാടിന്റെ കാരണവരും കലാമണ്ഡലത്തിന്റെ ഖജാൻജിയും കൂടിയായ ചാലയിൽ കെ പി പണിക്കരും കൂട്ടത്തിൽ ചേരുന്നതോടെ കഥകളിയും അക്ഷര ശ്ലോകസദസ്സും വെടിവട്ടവുമെല്ലാം ചേർന്ന് തറവാട്ടിൽ ഉത്സവമേളം തന്നെയാണ്. ഈ ആഘോഷമെല്ലാം ഏറ്റവും ആസ്വദിച്ചു പോന്നിരുന്നത്, ആ അമ്മാവന്മാരുടെ കൊച്ചനന്തരവനായ ‘നാരാണം കുഞ്ഞാ’ണ്. കുട്ടനാടൻ കായൽപരപ്പിലൂടെയുള്ള തോണി യാത്രയ്ക്കും സായാഹ്നസവാരിക്കുമൊക്കെ തന്നോടൊപ്പം കൂടാറുള്ള, സ്കൂൾ വിദ്യാർത്ഥിയായ ‘കൊച്ചുപണിക്കരോ’ട് വള്ളത്തോളിനും ഒരുപാട് ഇഷ്ടവും വാത്സല്യവുമായിരുന്നു. അതുകൊണ്ട് അത്തവണ മഹാകവി ചെറുതുരുത്തിയ്ക്ക് മടങ്ങിപ്പോയപ്പോൾ, അമ്മൂമ്മയുടെയും അമ്മാവന്മാരുടെയും അനുവാദത്തോടെ കൊച്ചുപണിക്കരെയും തന്നോടൊപ്പം കൂട്ടി. വള്ളത്തോൾ തറവാട്ടിൽ, മഹാകവിയുടെ മക്കളോടൊപ്പം അവരിലൊരാളായി താമസിച്ച ആ ഒരുമാസക്കാലത്ത് കൊച്ചുപണിക്കർ, മഹാകവിയെ കാണാനെത്തിയ ജി ശങ്കരക്കുറുപ്പ്, ഒളപ്പമണ്ണ തുടങ്ങിയ കവികളെയും കഥകളിയുടെ ആചാര്യന്മാരെയും വേഷം കെട്ടുകാരെയും പിന്നണിക്കാരെയുമൊക്കെ പരിചയപ്പെട്ടു. ‘ഇയാൾ അസാരം കവിതയെഴുതും’ എന്ന വിശേഷണത്തോടെയാണ് വള്ളത്തോൾ കൊച്ചുപണിക്കരെ അവർക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. വള്ളത്തോൾ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്നുള്ള രാവിലത്തെ കഞ്ഞികുടിക്ക് ശേഷം മഹാകവിയോടൊപ്പം കലാമണ്ഡലത്തിലെ കളരികളിൽ ചെന്ന് ഉഴിച്ചിലും ചൊല്ലിയാട്ടവുമെല്ലാം നേരിൽ കണ്ടു. കഥകളിയെ കുറിച്ചു മാത്രമല്ല നൃത്തത്തെയും സംഗീതത്തെയുമൊക്കെ സംബന്ധിച്ചുള്ള പല സംഗതികളും അറിഞ്ഞു. കലാമണ്ഡലത്തിൽ പതിവായി അരങ്ങേറിയിരുന്ന കളി പുലർച്ചെ വരെ ഉറക്കമൊഴിഞ്ഞിരുന്നു കണ്ടു. പിന്നീട് കൊച്ചുപണിക്കർ വക്കീൽ പണിയുമായി കുടുംബത്തോടൊപ്പം ആലപ്പുഴയിൽ താമസിക്കുമ്പോൾ മഹാകവി പലപ്പോഴും വീട്ടിൽ വന്നു താമസിക്കാറുണ്ടായിരുന്നു. ശ്രവണ ശക്തി തീരെയില്ലാത്ത വള്ളത്തോളിന് കാര്യങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന, കൈവെള്ളയിലെഴുതി കാണിച്ചുകൊടുക്കുന്ന ഭാഷ കൊച്ചുപണിക്കർക്ക് നല്ല വശമായിരുന്നു. മഹാകവിയുടെ പ്രസിദ്ധമായ ഋഗ്വേദം പരിഭാഷ വിൽക്കാൻ ഇറങ്ങുമ്പോൾ സഹായിയായി ഒപ്പം കൂട്ടി. അപ്പപ്പോൾ മനസ്സിൽ തോന്നുന്ന ശ്ലോകങ്ങൾ മഹാകവി കൊച്ചുപണിക്കർക്ക് പറഞ്ഞുകൊടുത്തെഴുതിച്ചു. ഒരിക്കൽ അവിടെ താമസിക്കുന്ന വേളയിൽ മഹാകവിയ്ക്ക് കടുത്ത പനി ബാധിച്ചു. മകനെ വിവരമറിയിക്കട്ടെ എന്ന് ആരാഞ്ഞ കൊച്ചു പണിക്കരോട് വള്ളത്തോൾ പറഞ്ഞത് ഇങ്ങനെയാണ്.
“ഞാൻ എന്റെ സ്വന്തം മകനെപ്പോലെ കരുതുന്ന താൻ എന്റെയൊപ്പമുള്ളപ്പോൾ അതിന്റെയാവശ്യമില്ല.”
ഒരുകാലത്ത് കേരളത്തിന്റെ ‘അന്നദാതാവാ’യിരുന്ന കുട്ടനാടിന്റെ ഹൃദയഭാഗത്ത്, നാലുപാടുമായി പരന്നുകിടക്കുന്ന വിശാലമായ ജലാശയത്തിന്റെ ഒത്ത നടുവിൽ, കാവുകളും മരങ്ങളും പക്ഷി ജീവജാലങ്ങളും നിറഞ്ഞ കാവാലം എന്ന കൊച്ചുഗ്രാമത്തിലെ, പുരാതനമായ ചാലയിൽ തറവാട്ടിൽ 1928 ഏപ്രിൽ 28 നാണ് നാരായണ പണിക്കരുടെ ജനനം. ഗോദവർമ്മ തിരുമുൽപ്പാട്, ചാലയിൽ കുഞ്ഞുലക്ഷ്മിയമ്മ എന്നിവരാണ് മാതാപിതാക്കൾ.

പിതാവ് ഗോദവർമ്മ തിരുമുൽപ്പാട്, മാതാവ് കുഞ്ഞുലക്ഷ്മി അമ്മ
കല കൂടപ്പിറപ്പായി എന്നും ‘നാരാണം കുഞ്ഞി’ന് കൂട്ടായുണ്ടായിരുന്നു. സംഗീതം പഠിച്ചിരുന്നില്ലെങ്കിലും കുട്ടനാടിന്റെ ഗ്രാമീണ കലകളിൽ, പ്രത്യേകിച്ച് തിരുവാതിരപ്പാട്ടിൽ പ്രാവീണ്യം നേടിയിരുന്ന അമ്മ തന്നെയായിരുന്നു പ്രധാന ഗുരു. ജ്യേഷ്ഠൻമാരായ കേശവപ്പണിക്കരും രാമകൃഷ്ണ പണിക്കരും നാരാണം കുഞ്ഞിന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തു. കുടുംബത്തിലെ ഒരംഗത്തെപ്പോലെ വീട്ടിൽ തന്നെ താമസിച്ചിരുന്ന പരമേശ്വരൻ പിള്ള എന്ന ഭാഗവതർ സാർ നാരാണം കുഞ്ഞിനെയും ഇളയ സഹോദരൻ വേലായുധൻ കുഞ്ഞിനെയും അനുജത്തി സരസ്വതിയെയും, പിതാവ് തിരുമുൽപ്പാടിനെയും സംഗീതം പഠിപ്പിച്ചു.
രാമകൃഷ്ണപ്പണിക്കർ അനുജനെ മൃദംഗം അഭ്യസിപ്പിച്ചപ്പോൾ, വൈക്കം ഭാസി എന്നൊരു വാദ്യകലാകാരൻ ഗഞ്ചിറ വായിക്കാൻ പഠിപ്പിച്ചു. പിന്നീട് ജീവിതത്തിലുടനീളം ഒപ്പമുണ്ടായിരുന്ന താളത്തെ കുറിച്ചുള്ള ആഴത്തിലുള്ള ബോധം വേരുറയ്ക്കാൻ ആ പ്രായത്തിൽ തന്നെ സാധിച്ചത് അന്നത്തെ ആ പഠനം കൊണ്ടാണ്. നാരാണം കുഞ്ഞ് പാടുമ്പോൾ മൃദംഗം വായിക്കുന്നത് അനുജൻ വേലായുധൻ കുഞ്ഞ് ആയിരിക്കും. ചിലപ്പോൾ തിരിച്ചും. അമ്മാവന്റെ മകനായ രാമചന്ദ്രൻ മച്ചുനൻ ആണ് വയലിൻ വായിക്കുന്നത്.

അമ്മാവന്മാരായ ചാലയിൽ ഡോ. കെ പി പണിക്കരും സർദാർ കെ എം പണിക്കരും
മദ്ധ്യതിരുവിതാംകൂറിലെ പ്രധാന നാടൻ കലകളിലൊന്നായ തിരുവാതിര കളിയുടെ ആശാട്ടി കൂടിയായിരുന്ന അമ്മയുടെ നേതൃത്വത്തിൽ അന്ന് തറവാട്ടിലും ചില ബന്ധുവീടുകളിലൊക്കെ വിശേഷാവസരങ്ങളിൽ കളി നടക്കാറുണ്ടായിരുന്നു. ദിവസങ്ങൾക്കു മുമ്പ് തന്നെ അതിന്റെ പരിശീലനമാരംഭിക്കും. ചുറ്റുവട്ടങ്ങളിലെ വീടുകളിലുള്ള ചെറുപ്പക്കാരികളായ സ്ത്രീകളാണ് ‘താരങ്ങൾ’. ആദ്യമൊക്കെ മടികാണിച്ചു മാറി നിൽക്കുന്നവരെ പ്രോത്സാഹിപ്പിച്ച് പങ്കെടുപ്പിക്കുന്നത് നാരാണം കുഞ്ഞിന്റെ അമ്മൂമ്മയാണ്. വളരെ പെട്ടെന്നുതന്നെ ആ യുവതികൾ ഒന്നാന്തരം തിരുവാതിരക്കാരികളായി മാറുന്നത് രസകരമായ കാഴ്ചയായിരുന്നു. തറവാട്ടിലും ബന്ധുവായ അയ്യപ്പപണിക്കരുടെ വീട്ടിലുമൊക്കെ കളി നടക്കുമ്പോൾ അമ്മയുടെ പാട്ടിന് മൃദംഗം വായിക്കുന്നത് നാരാണം കുഞ്ഞാണ്.
നാരാണം കുഞ്ഞിന്റെ മനസിൽ താളബോധം ഊട്ടിയുറപ്പിക്കുന്ന കാര്യത്തിൽ അച്ഛൻ തിരുമുൽപ്പാടും ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാമായണവും ഭാഗവതവും ഭാരതവും ഭഗവത് ഗീതയും മാറി മാറി പാരായണം ചെയ്യിച്ച്, ഒക്കെ ഹൃദിസ്ഥമാക്കുന്ന കാര്യത്തിൽ മക്കൾക്കെല്ലാവർക്കും പിതാവ് പ്രേരണയും പ്രചോദനവുമായി. ഗ്രാമത്തിലെ സംസ്കൃത പണ്ഡിതനും കണിയാനുമായ ഗോവിന്ദ ഗണകനിൽ നിന്ന് നാരാണം കുഞ്ഞ് ശ്രീരാമോദന്തവും കാവ്യവും പഠിച്ചു.

നാരാണം കുഞ്ഞ്
താളാധിഷ്ഠിതമായ സംഗീതം, നാരാണം കുഞ്ഞിന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിത്തീരാൻ കുട്ടനാടൻ പ്രകൃതിയും അവിടുത്തെ കാർഷിക സംസ്കാരവും നിർണ്ണായകമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്.”കെട്ടിയ മുടി കച്ചയാൽ മൂടി, ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി”ക്കൊണ്ട് പാടത്ത് നിരക്കുന്ന കർഷകത്തൊഴിലാളികൾ, കൊയ്തു കൊയ്ത് അണിയണിയായി പിറകോട്ടേക്ക് ‘മുന്നേറുന്നതും’, ആ പോകുന്നപോക്കിൽ കറ്റ കെട്ടി വശങ്ങളിലേക്ക് ഇടുന്നതും അവ ചവുട്ടി മെതിക്കുന്നതും പറയിലേയ്ക്കും കുട്ടയിലേയ്ക്കും ‘ഒന്നേ’,’രണ്ടേ’എന്ന് ഉറക്കെ വിളിച്ചുകൊണ്ട് നെല്ല് അളന്നളന്നിടുന്നതുമെല്ലാം സംഗീതാത്മകമായിട്ടാണ്.
ഞാറ്റുപാട്ടും തേക്കുപാട്ടും ചക്രം പാട്ടും പോലെയുള്ള കൃഷിക്കാരുടെ പാട്ടുകളും കുട്ടനാടൻ ജലപ്പരപ്പിൽ നിന്ന് സന്ധ്യ മയങ്ങുമ്പോൾ ഉയർന്നുകേൾക്കാറുള്ള വള്ളക്കാരുടെ പാട്ടുകളും പുള്ളോർക്കുടവും
വീണയും വായിച്ചുകൊണ്ട് പുള്ളോനും പുള്ളോത്തിയും പാടുന്ന നാവോറ് പാട്ടുമെല്ലാം കുട്ടിക്കാലം മുതൽക്കേ നാരാണം കുഞ്ഞിനെ സ്വാധീനിച്ചിരുന്നു. തറവാടിന്റെ വിളിപ്പാടകലെയുള്ള പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുമ്പോഴാണ് ഏറ്റവും രസം. എല്ലാ രാത്രികളിലും കഥകളിയോ ഓട്ടം തുള്ളലോ നാഗസ്വര കച്ചേരിയോ ഉണ്ടാകും. കുഞ്ചൻ നമ്പ്യാരുടെ കൃതികൾ പലതും കുട്ടിക്കാലത്ത് തന്നെ മനഃപാഠമായിരുന്നതുകൊണ്ട് തുള്ളലിനോട്ട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അതുപോലെ ഏറെ ആകർഷിച്ച ഒരു കലാരൂപം വേലകളി ആയിരുന്നു. അമ്പലത്തിന്റെ ഉള്ളിൽ വെച്ച് ഉത്സവബലിയും മറ്റ് ആചാരാനുഷ്ഠാനങ്ങളും അരങ്ങേറുമ്പോൾ അമ്മ നിർബന്ധമായും മക്കളെയും കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നു. പിൽക്കാലത്ത് എഴുതിയ നാടകങ്ങളിൽ ആ അനുഷ്ഠാനങ്ങളിൽ ചിലതൊക്കെ കഥാഗാത്രത്തിന്റെ തന്നെ ഭാഗമായി മാറുന്നതിൽ അന്നത്തെ കാഴ്ചാനുഭവങ്ങൾ കാരണമായി തീർന്നിട്ടുണ്ട്. പാട്ടെഴുതാനുള്ള വാസന നാരാണം കുഞ്ഞിൽ അന്നേ പ്രകടമായിരുന്നു. അന്നെഴുതിയ “ലോകമീരേഴും കാത്തിടും കാർവർണ്ണാ കൃഷ്ണാ “എന്നു തുടങ്ങുന്ന പാട്ട് സന്ധ്യാ നേരത്ത് നാരാണം കുഞ്ഞും സഹോദരങ്ങളും അമ്മാവന്റെ മക്കളുമൊക്കെ ചേർന്ന് പാടുന്നത് പതിവായിരുന്നു.
കാവാലത്തും പുളിങ്കുന്നത്തുമായി നടന്ന സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം നാരായണപ്പണിക്കർ കോട്ടയത്തെ സി എം എസ് കോളേജിൽ ചേർന്ന് ഇന്റർമീഡിയറ്റ് പാസ്സായി. തുടർന്ന് ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തു. മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും. ആലപ്പുഴ ബാറിൽ ഒരു വക്കീലായി ഔദ്യോഗിക ജീവിതമാരംഭിച്ചെങ്കിലും നാരായണപ്പണിക്കരുടെ മനസ് മുഴുവനും കവിതയുടെയും കലയുടെയും സംഗീതത്തിന്റെയും ലോകത്തായിരുന്നു.
1961 ൽ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി ചുമതലയേറ്റത് കാവാലം നാരായണപ്പണിക്കരുടെ ജീവിതത്തിലെ വഴിത്തിരിവായി. ആ നാളുകളിൽ അക്കാദമിയുടെ അധ്യക്ഷപദവി അലങ്കരിച്ചിരുന്ന പ്രഗത്ഭ നടനായിരുന്ന സി ഐ പരമേശ്വരൻ പിള്ളയെ പോലുള്ളവരോടൊപ്പമുള്ള പ്രവർത്തനങ്ങൾ കാവാലത്തിന്റെ കലാസപര്യക്ക് പ്രചോദനവും ഊർജ്ജവും പകർന്നു. കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ഒട്ടേറെ കലാപ്രതിഭകളെ നേരിട്ടു പരിചയപ്പെടാനും അടുത്തിടപഴകാനും കഴിഞ്ഞത് ആ നാളുകളിലാണ്. ആലപ്പുഴയിൽ നിന്ന് തൃശൂരിലേക്ക് താമസം മാറ്റിയപ്പോഴാണ് കൂടിയാട്ടം പോലെയുള്ള പല കലാരൂപങ്ങളും ആദ്യമായി കാണാനവസരമുണ്ടായത്. ക്ലാസ്സിക്കൽ കലാരൂപങ്ങളോടൊപ്പം തന്നെ നാടൻ കലകൾക്കും അക്കാദമിയുടെ എല്ലാ വിധത്തിലുള്ള പ്രോത്സാഹനങ്ങളും ലഭിക്കുന്നത് കാവാലം സെക്രട്ടറിയായിരുന്ന കാലത്താണ്. കേരളത്തിന്റെ പല ഭാഗങ്ങളിലായി ഒതുങ്ങിക്കൂടിയിരുന്ന നാടൻ /പാരമ്പര്യ കലകളുടെ പ്രയോക്താക്കളെ കണ്ടുപിടിച്ച്, അന്യം നിന്നു പോയ പല കലകൾക്കും അരങ്ങൊരുക്കി അവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി. മാണി മാധവ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ, പാച്ചു ചാക്യാർ, ആറ്റൂർ കൃഷ്ണപിഷാരടി, ചെങ്ങന്നൂർ രാമൻ പിള്ള തുടങ്ങിയ ഗുരുവന്ദ്യരുമായുള്ള അഭിമുഖങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചു. കൂത്തും കൂടിയാട്ടവും കൃഷ്ണനാട്ടവും മോഹിനിയാട്ടവുമൊക്കെ കാവാലത്തിന്റെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി മാറി.
കാവാലം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് കലാനിലയം കൃഷ്ണൻ നായർ കലാനിലയം സ്ഥിരം നാടകവേദി ആരംഭിക്കുന്നത്. കണ്ണഞ്ചിക്കുന്ന സെറ്റുകളും വേഷവിധാനങ്ങളുമൊക്കെ ഉപയോഗിച്ചുകൊണ്ട്, ദിവസേനെ ഒന്നിലേറെ പ്രദർശനങ്ങൾ ഒരേ വേദിയിൽ മാസങ്ങളോളം അവതരിപ്പിക്കുന്ന സമ്പ്രദായമായിരുന്നു, അത്. മഹാഭാരത കഥയെ അടിസ്ഥാനമാക്കി ഓപ്പറാ ശൈലിയിൽ കാവാലം രചിച്ച ‘കുരു ക്ഷേത്ര’മായിരുന്നു ആദ്യമായി അരങ്ങത്ത് വന്നത്. പ്രമുഖരായ ഒട്ടേറെ നടീനടന്മാർ വേഷമിട്ട ‘കുരുക്ഷേത്ര’ത്തിൽ, കാവാലമെഴുതിയ ഗാനരൂപത്തിലുള്ള സംഭാഷണങ്ങൾക്ക് സംഗീതം പകർന്നത് പ്രശസ്ത സംഗീതസംവിധായകൻ വി ദക്ഷിണാമൂർത്തിയായിരുന്നു. പിന്നീട് പല നാടകങ്ങൾക്കും ലളിതഗാനങ്ങൾക്കും വേണ്ടി കാവാലം- ദക്ഷിണാമൂർത്തി ടീം ഒരുമിച്ചു.
ആ നാളുകളിൽ തന്നെ കാവാലം വളരെ സജീവമായി പങ്കുകൊണ്ടിരുന്ന കലയുടെ തട്ടകം കവിതയാണ്. കവിതാരചന മാത്രമല്ല, ഒറ്റക്കും കൂട്ടായുമുള്ള കവിത ചൊല്ലലും നിരന്തരമായി നടന്നു. പിൽക്കാലത്ത് ചൊൽക്കാഴ്ച എന്ന പേരിലറിയപ്പെട്ട കവിയരങ്ങുകളുടെ തുടക്കമായിരുന്നു അത്. നാട്ടുവഴികളിലും ഉത്സവമൈതാനിയിലും ചന്തകളിലുമൊക്കെ സംഘടിപ്പിക്കപ്പെട്ട കവിയരങ്ങുകളിൽ കാവാലത്തോടൊപ്പം ആധുനിക കവിതയുടെ പ്രണേതാക്കളായ അയ്യപ്പപണിക്കർ, സച്ചിദാനന്ദൻ, കടമ്മനിട്ട തുടങ്ങിയവരും, വ്യത്യസ്ത ചേരിയുടെ വക്താവായിരുന്ന വയലാർ രാമവർമ്മയും പങ്കുകൊണ്ടിരുന്നു. കളവങ്കോടം ബാലകൃഷ്ണൻ, ആലഞ്ചേരി മണി തുടങ്ങിയ സുഹൃത്തുക്കൾ ഈ സംരംഭത്തിന്റെ പിറകിലുണ്ടായിരുന്നു.
കാവാലത്തിന്റെ കവിതകളിൽ തെളിഞ്ഞുകണ്ടിരുന്ന നാടകബോധവും നാടകീയാവിഷ്കാര സാധ്യതയുമൊക്കെ വളർന്നു വികസിച്ച് കാവ്യനാടകവും നാടകീയകാവ്യവുമൊക്കെയായി മാറുക എന്നതാണ് അടുത്തതായി സംഭവിച്ചത്. അടുത്ത ബന്ധുവും ആത്മസുഹൃത്തുമായ അയ്യപ്പപണിക്കർ നടത്തിവന്ന ‘കേരള കവിത’ എന്ന പ്രസിദ്ധീകരണത്തിൽ ‘സാക്ഷി’എന്ന നാടകം വന്നതോടെ പുതിയൊരു അദ്ധ്യായത്തിന്റെ തുടക്കമായി.
‘കൂത്തമ്പലം’ എന്ന പേരിൽ ആലപ്പുഴയിൽ ഒരു നാടകസംഘത്തിന് രൂപം കൊടുത്തുകൊണ്ടാണ് കാവാലം തന്റെ ആയുഷ്ക്കാല കർമ്മമണ്ഡലമായി നാടകത്തെ സ്വീകരിക്കുന്നത്. നേരത്തെ സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായിരിക്കുമ്പോൾ അക്കാദമി സംഘടിപ്പിച്ച നാടകോത്സവത്തിൽ അവതരിപ്പിക്കാനായി ബോധായനന്‍ രചിച്ച സംസ്കൃത നാടകമായ ‘ഭഗവദജ്ജുകം’ മലയാളഭാഷയിലേക്ക് ‘വിവർത്തനം ചെയ്തത് കാവാലമായിരുന്നു.
പിന്നീട് റിയലിസ്റ്റിക്ക് നാടക ശൈലിയിൽ ‘പഞ്ചായത്ത്’ എന്ന ഒരു നാടകമെഴുതി കാവാലവും കൂടി ചേർന്ന് അഭിനയിച്ചെങ്കിലും അത് തന്റെ തട്ടകമല്ല എന്നു വേഗം തന്നെ തിരിച്ചറിഞ്ഞു. പിന്നീടാണ് ‘സാക്ഷി’എന്ന നാടകവുമായി കൂത്തമ്പലത്തിന്റെ തുടക്കം.’എനിക്ക് ശേഷം’എന്ന നാടകമായിരുന്നു അടുത്തത്. ഈ രണ്ടു നാടകങ്ങളും സംവിധാനം ചെയ്തത് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ യിൽ നിന്ന് പഠിച്ചിറങ്ങിയ കുമാരവർമ്മയാണ്. യഥാതഥ ശൈലിയിൽ നിന്ന് പൂർണ്ണമായ വിടുതൽ നേടാത്ത ഈ നാടകങ്ങൾക്ക് ശേഷമാണ് ഭാരതീയ നാട്യ സങ്കൽപ്പത്തിന്റെ അടിസ്ഥാനമായ തൗര്യത്ര്യാധിഷ്ഠിത (ഗീത-നൃത്ത -വാദ്യ പ്രയോഗങ്ങൾ )സമ്പ്രദായത്തിൽ രചിച്ച ‘തിരുവാഴിത്താൻ’ അരങ്ങത്തെത്തുന്നത്. എസ് ഡി കോളേജിലെ വിദ്യാർത്ഥികളായ നെടുമുടി വേണു, ഫാസിൽ, തിരുവനന്തപുരം അമേച്ച്വർ സ്റ്റേജിലെ പ്രമുഖ നടനായ പ്രസാധന ഗോപി, ആലഞ്ചേരി മണി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. സംവിധാനം ആലഞ്ചേരി മണിയും. ആലപ്പുഴയിലെ സനാതന ധര്‍മ്മം ഹൈസ്കൂളിലെ വേദിയിൽ തകഴി ശിവശങ്കരപ്പിള്ള പറ നിറച്ചുകൊണ്ട് നാടകം ഉദ്ഘാടനം ചെയ്തു. കാവാലം കണ്ടെത്തിയ തീർത്തും വ്യത്യസ്തവും പുതുമയാർന്നതുമായ നാടക ശൈലി കൂടുതൽ അവതരണ മികവോടെയും മിഴിവോടെയും അരങ്ങത്ത് കൊണ്ടുവന്ന ‘ദൈവത്താർ’ എന്ന കൃതിയിലൂടെ തനത് നാടക വേദി എന്ന സങ്കല്പം യാഥാർഥ്യമായിത്തീർന്നു.
അവനവൻ കടമ്പ‘തിരുവരങ്ങ്’ എന്നു പുനർനാമകരണം ചെയ്ത നാടകസംഘവുമായി 1974ൽ തിരുവനന്തപുരത്തേക്ക് കൂടു മാറിയ കാവാലം നാരായണപ്പണിക്കർ, ജി അരവിന്ദൻ, പ്രൊഫ. അയ്യപ്പപ്പണിക്കർ, സി എൻ ശ്രീകണ്ഠൻ നായർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ എസ് നാരായണ പിള്ള, പി കെ വേണുക്കുട്ടൻ നായർ തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങളുടെ സർഗാത്മകമായ ഒത്തുചേരലിലെ പ്രധാന അംഗമായി. ആ കൂട്ടായ്മയുടെ അനുഗ്രഹാശിസുകളോടെ പുതിയൊരു നാടക സങ്കൽപ്പത്തെ യാഥാർഥ്യമാക്കിക്കൊണ്ട്, കാവാലം രചിച്ച് ജി അരവിന്ദൻ സംവിധാനം ചെയ്ത ‘അവനവൻ കടമ്പ’ അരങ്ങത്തു വന്നു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ഹൈസ്കൂളിന്റെ അങ്കണത്തിൽ വളർന്നു പടർന്നു നിൽക്കുന്ന ശീലാന്തി മരച്ചുവട്ടിലെ തുറന്ന വേദിയിൽ വട്ടം കൂടിയിരിക്കുന്ന കാണികളുടെ ഒത്ത നടുവിലായാണ് ‘അവനവൻ കടമ്പ’ അരങ്ങേറിയത്. ആട്ടപ്പണ്ടാരങ്ങൾ, പാട്ടു പരിഷകൾ, വടിവേലവൻ, ഇരട്ടക്കണ്ണൻ പക്കി, ദേശത്തുടയോൻ, ചിത്തിരപ്പെണ്ണ് തുടങ്ങിയ കഥാപാത്രങ്ങളുടെ താളാത്മകമായ ഭാവ ചലനങ്ങളുമായി ഗോപി, നെടുമുടി വേണു, ജഗന്നാഥൻ, എസ് നടരാജൻ, എസ് ആർ ഗോപാലകൃഷ്ണൻ, കൃഷ്ണൻ കുട്ടി നായർ, കലാധരൻ, എൽ ആർ രുക്മിണി, വസന്ത ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് രംഗത്തെത്തിയത്. അങ്ങനെ തീവ്രവും ശക്തവുമായ ദൃശ്യശ്രവ്യ അനുഭവം കാഴ്ച്ചവെച്ചുകൊണ്ട് ‘അവനവൻ കടമ്പ’യിലൂടെ മലയാളത്തിൽ തനതു നാടകവേദി നിലവിൽ വന്നു. അതൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു.
പിന്നീട് ‘ഒറ്റയാൻ’,സംസ്കൃത നാടകമായ ‘മദ്ധ്യമവ്യായോഗം’എന്നിവയുടെ സംവിധാനകർമ്മം ഏറ്റെടുത്ത കാവാലം തുടർന്ന് കരിംകുട്ടി, കോയ്മ, പശുഗായത്രി തിരുമുടി, തെയ്യത്തെയ്യം, പൊറനാടി, അപ്രക്കൻ, സൂര്യത്താനം, കൈക്കുറ്റപ്പാട്, കാലനെത്തീനി, അരണി, കലിവേഷം, കല്ലുരുട്ടി, ഒറ്റമുലച്ചി തുടങ്ങിയ മലയാളനാടകങ്ങളും കർണ്ണഭാരം, ഊരുഭംഗം, ഭഗവദജ്ജുകം, മത്തവിലാസം, വിക്രമോർവശീയം, ശാകുന്തളം, ചാരുദത്തം, ദൂതവാക്യം എന്നീ സംസ്കൃത നാടകങ്ങളും അരങ്ങത്ത് കൊണ്ടുവന്നു. ‘സോപാനം’ എന്നുപേരിട്ട നാടക സംഘത്തിന്റെ അമരക്കാരനായ കാവാലം, പാരമ്പര്യകലകളിൽ നിന്നൂർജ്ജം കൊണ്ട് പണിതെടുത്ത പുതിയൊരു അരങ്ങിലൂടെ, ഭാരതീയ നാടകസംസ്കാരത്തിന്റെ പ്രതിപുരുഷനും ദേശീയ അന്തർദേശീയ നാടകവേദികളിലെ നിറഞ്ഞ സാന്നിധ്യവുമായി മാറി.
നാടക കല മാത്രമല്ല, കേരളത്തിന്റെ തനത് കലാരൂപങ്ങളായ മോഹിനിയാട്ടവും സോപാന സംഗീതവും കാവാലത്തിന്റെ പ്രിയപ്പെട്ട പഠന ഗവേഷണ വിഷയങ്ങളായി. ഈ രണ്ടു കലകൾക്കും അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധയും പ്രാമുഖ്യവും നേടിക്കൊടുക്കാൻ കാവാലത്തിന്റെ അക്ഷീണ പരിശ്രമങ്ങൾക്ക് കഴിഞ്ഞു.
കുട്ടനാടൻ മണ്ണിന്റെ മണവും നനവും നാടൻ പാട്ടുകളുടെ താളലയങ്ങളും കാർഷിക സംസ്കാരത്തിന്റെ തുടിപ്പുകളും അനുഷ്ഠാന കലകളുടെ വഴക്കപ്പൊരുത്തങ്ങളുമെല്ലാം ഓളം വെട്ടി നിൽക്കുന്ന കാവാലം കവിതകൾ വേറിട്ട അനുഭവമാണ്. മണ്ണ്, ഗണപതിത്താളം, എക്കാലപ്പെണ്ണ്, ചിന്തിക്കച്ചോടം, പൊറനാടി, യന്ത്രാസുരൻ, ആഫ്രിക്കൻ പായൽ, ആക്കത്തൊഴി തുടങ്ങിയവയാണ് പ്രധാന കവിതകൾ.
“ഘന ശ്യാമ സന്ധ്യാ ഹൃദയംനിറയേ മുഴങ്ങീ മഴവില്ലിൻ മാണിക്യവീണ” എന്ന ഒരൊറ്റ ലളിത ഗാനത്തിലൂടെ സഹൃദയ ലോകം കീഴടക്കിയ കാവാലം – എം ജി രാധാകൃഷ്ണൻ ടീം “കാനകപ്പെണ്ണ് ചെമ്മരത്തീ”(തമ്പ് )എന്ന പാട്ടിലൂടെ ചലച്ചിത്രഗാന രംഗത്തും പുതിയൊരു പാതയൊരുക്കി. ആയിരക്കണക്കിന് മലയാള സിനിമാഗാനങ്ങളിൽ നിന്ന് കാവാലത്തിന്റെ രചനകള്‍ ഒറ്റക്കേൾവിയിൽ തന്നെ തിരിച്ചറിയാനാകും എന്നതാണ് ആ പാട്ടുശൈലിയുടെ സവിശേഷത.

കാവാലം നാരായണപ്പണിക്കർ സഹധർമ്മിണി ശാരദാ മണി, പുത്രന്മാരായ ഹരികൃഷ്ണൻ, ശ്രീകുമാർ എന്നിവരോടൊത്ത്
കാവാലത്തിന്റെ ഉള്ളും മനവും കണ്ടറിഞ്ഞ സഹധർമ്മിണി ശാരദാ മണി, പുത്രന്മാർ ഹരികൃഷ്ണൻ (അന്തരിച്ചു), പ്രശസ്ത ഗായകൻ കൂടിയായ കാവാലം ശ്രീകുമാർ എന്നിവരടങ്ങിയ കുടുംബമായിരുന്നു നാടകകലയുടെ ആ പരമാചാര്യന്റെ ഏറ്റവും വലിയ പിൻബലം. കല്യാണി എന്ന കൊച്ചുമകളും ഗുരുവിന്റെ കാലടികൾ സദാ പിന്തുടർന്ന ശിഷ്യരും ചേർന്ന് ആ മഹത്തായ നാടക പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നു.
പത്മഭൂഷൻ, കേന്ദ്ര-കേരള സംഗീതനാടക അക്കാദമികളുടെ അവാർഡുകളും ഫെല്ലോഷിപ്പും, കേരള സാഹിത്യ അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ, വള്ളത്തോൾ സമ്മാനം, ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് … ഇങ്ങനെ പുരസ്‌കാരങ്ങളുടെ ഒരു പെരുമഴയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാൻ, കേരള സംഗീതനാടക അക്കാദ മിയുടെ ചെയർമാൻ തുടങ്ങിയ പദവികൾ ഒക്കെ അദ്ദേഹത്തെ തേടിയെത്തി. 1987 ൽ സോവിയറ്റ് യൂണിയനിൽ നടന്ന ‘ഇന്ത്യാ ഫെസ്റ്റിവലി’ന്റെ ഉദ്ഘാടനചടങ്ങിനോട് അനുബന്ധിച്ച് അരങ്ങേറിയ കലാ വിരുന്നിന്റെ മുഖ്യ കൊറിയോഗ്രാഫർ ആയിരുന്ന കാവാലം, ഇന്ത്യാ-ഗ്രീക്ക് സൗഹൃദപരിപാടി യുടെ ഭാഗമായി രാമായണവും ഇലിയഡും സമന്വയിപ്പിച്ചുകൊണ്ട് ‘ഇലിയാനാ’ എന്ന നാടകീയാവതരണം സംവിധാനം ചെയ്ത് അവതരിപ്പിച്ചു.
2016 ജൂൺ 26 ന് കാവാലം നാരായണപ്പണിക്കർ വിടപറഞ്ഞു.

ബൈജു ചന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍)