ഉപ്പൂപ്പൻ
ടീച്ചർ ക്ലാസിൽ വന്നതും കുട്ടികളെല്ലാവരും നിശബ്ദരായി.
ടീച്ചർ അല്പ സമയം അവരെ നോക്കി നിന്നു.
കുട്ടികൾക്കും അത്ഭുതമായി… ടീച്ചർക്ക് എന്തു പറ്റി? വന്ന ഉടനെ ചറ പറ ചറ പറ വർത്തമാനം പറയാറുള്ളതാണ്.
എന്തായാലും എല്ലാവരും ആ സാന്ദർഭികതയിൽ രസിച്ചു.
ടീച്ചർ പതുക്കെ നടന്ന് ചോദിച്ചു, “ഈ സമയം ഓരോരുത്തരും എന്താണ് ശ്രദ്ധിച്ചത് ? അല്പനേരം കണ്ണടച്ച് വെറുതെ ഓർത്തു നോക്കൂ. എന്നിട്ടതിന്റെ സൂചന നോട്ടുബുക്കിൽ കുറിക്കണം.”
കുട്ടികൾ കണ്ണടച്ചു. അതോടെ മറ്റു ഇന്ദ്രിയങ്ങൾ കൂടുതൽ ഏകാഗ്രമായി.
ചുറ്റും കേൾക്കുന്ന ശബ്ദങ്ങളിലേക്ക് ചെവി തുറന്നു .
ലൈബ്രറിക്ക് അതിരിട്ട് നില്കുന്ന മരങ്ങളിൽ നിന്നും പേരറിയാത്ത ചില പക്ഷികളുടെ ശബ്ദം കേട്ടു.
അതുവരെ പ്രത്യേകിച്ച് ഒന്നും ശ്രദ്ധിക്കാതിരുന്ന വിവേക് ‘പക്ഷികളുടെ ശബ്ദം’ എന്ന് ബുക്കിൽ എഴുതി. ജിസ്ന ടീച്ചർ കുട്ടികൾ എഴുതുന്നത് നോക്കി നിന്നു.
കൂടുതൽ പേരും പക്ഷികളുടെ ശബ്ദമാണ് തിരിച്ചറിഞ്ഞത്.
“എത്ര പക്ഷികളുടെ പേരറിയാം?” ടീച്ചർ ചോദ്യമുയർത്തി.
കാക്ക, മൈന, പരുന്ത്, ഒട്ടകപക്ഷി, പെൻഗ്വിൻ… പക്ഷികളുടെ പേരുകൾ തുരുതുരാ വന്നു കൊണ്ടിരുന്നു.
ടീച്ചർ കൈ കൊണ്ട് മതി എന്ന് ആംഗ്യം കാണിച്ചിട്ട് പറഞ്ഞു. “നേരിൽ കണ്ടാൽ തിരിച്ചറിയാവുന്ന പക്ഷികളുടെ പേരുകൾ മാത്രം മതി.”
അതോടെ കാക്കയും മൈനയും പ്രാവിനും ശേഷം ശബ്ദമൊന്നും കേട്ടില്ല.
“എന്തായാലും പക്ഷികളുടെ ശബ്ദം കേട്ടതല്ലേ നമുക്ക് പുറത്തിറങ്ങി നോക്കാം. കണ്ടാൽ തിരിച്ചറിയുമോ എന്ന് നോക്കാലോ ?”
തുറന്നു വിട്ട പക്ഷിക്കൂടു പോലെ കുട്ടികൾ ടീച്ചർ പക്ഷിക്കു പിറകെ പുറത്തേക്ക് പറന്നു.
മുൻവശം റോഡാണ്. ഒരുവശത്ത് ലൈബ്രറി.
പിറകു വശം കാട് പിടിച്ചു കിടക്കുന്നു.
അവിടുന്നാണ് പക്ഷികളുടെ ശബ്ദങ്ങൾ കേൾക്കുന്നത്.
ചെടികളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ജിസ്ന ടീച്ചർ തടഞ്ഞു.
കൈവിരൽ ചുണ്ടിൽ ചേർത്ത് നിശബ്ദരാവാൻ പറയാതെ പറഞ്ഞു.
അതോടെ കാര്യം മനസ്സിലായ കുട്ടികൾ ശബ്ദമുണ്ടാക്കതെ നടക്കാൻ തുടങ്ങി.
എന്നാൽ ചെടികൾക് ഇടയിലേക്ക് നീങ്ങിയതും കരിയിലകളിൽ ചവിട്ടി ശബ്ദങ്ങൾ ഉയർന്നു.
കുറച്ചു ദൂരം നടന്നപ്പോൾ ഒരു വലിയ മരത്തിനു ചോട്ടിൽ ടീച്ചർ നിന്നു. കുട്ടികളും നിന്നു. ടീച്ചർ ഇരുന്നു. കുട്ടികളും താഴെ പുല്ലിൽ ഇരുന്നു.
ഒരു വലിയ ചെമ്പരത്തി പൂത്തു നില്കുന്നു. അതിന്റെ പൂക്കളിൽ തേൻ കൂടിക്കുന്ന ചെറിയ തേൻകിളി അതിന്റെ വളഞ്ഞ സൂചി പോലുള്ള കൊക്കുകൊണ്ട് പൂവിൽ മുത്തമിടുന്നു.
വിവേകിന് കൊച്ചു കിളിയുടെ പേരെന്താണെന്ന് ചോദിക്കണം എന്ന് തോന്നി. പക്ഷേ ആ അന്തരീക്ഷത്തെ തന്റെ ശബ്ദം കൊണ്ട് അലങ്കോലമാക്കാൻ അവനു കഴിഞ്ഞില്ല.
നോട്ടു ബുക്കിൽ കിളിയുടെ ചിത്രം വരച്ചു വെച്ചു.
അപ്പോഴാണ് അല്പം അകലെ ചെടികൾക്കിടയിൽ കൊക്കു കൊണ്ട് മണ്ണിളക്കി ഇരപിടിക്കുന്ന ഒരു പക്ഷിയെ കണ്ടത്.
ശരീരം മങ്ങിയ കാവി നിറമാണ്. വരയൻ കുതിരയോടു സാമ്യമുള്ള വരകൾ ശരീരത്തിലുണ്ട്. നീണ്ടു വളഞ്ഞ കൊക്കു കൊണ്ട് മണ്ണിൽ കൊത്തിയും ഇലകളും മറ്റും നീക്കിയും ചെറിയ ജീവികളെ തിന്നുന്നുണ്ട്.
മനുഷ്യർ പിക്കാസുകൊണ്ട് കിളക്കുന്നതു പോലെ തുരുതുരാ മണ്ണിൽ കൊത്തുന്നു.
കുട്ടികൾ ആരോ ശബ്ദമുണ്ടാക്കി പക്ഷി തലയുയർത്തി ചുറ്റും നോക്കി. ഭയപ്പെട്ടിടെന്നോണം അതിന്റെ തലയിൽ മടക്കി വച്ചിരുന്ന വിശറി പോലുള്ള തൂവലുകൾ വിടർത്തി.
തലയിലൊരു കിരീടം.
പിന്നീട് ശബ്ദമൊന്നും കേൾക്കാത്തതിനാലാവണം തലയിലെ കിരീടം വീണ്ടും മടക്കി തീറ്റ തേടുന്നതിൽ വ്യാപൃതയായി.
വിവേകിന് മനസ്സിനെ തടഞ്ഞ് നിർത്താനായില്ല.
“ടീച്ചറെ ആ പക്ഷിയുടെ പേരെന്താ”, എന്ന് ചോദിച്ചു.
മറ്റ് കൂട്ടികൾ പക്ഷിയെ തന്നെ നിരീക്ഷിക്കുകയായിരുന്നു
ശുശൂ ….
എല്ലാവരും കൂടി വിവേകിനെ തടയാൻ ശ്രമിച്ചതാണ്
അത് മറ്റൊരു ശബ്ദമായി മാറി.
ഇത്തവണ പക്ഷി വീണ്ടും തലയുയർത്തി തലയിലെ തൊപ്പി വിടർത്തി ചുറ്റും നോക്കി പിന്നെ പറന്നുയർന്നു.
പക്ഷി പറന്നുയർന്നതും “ഇന്ന് ഇത്രയും മതി” എന്നു പറഞ്ഞു ടീച്ചർ എഴുന്നേറ്റു .
“ആ പക്ഷിയുടെ പേരെന്താ ടീച്ചർ?”
പലരിൽ നിന്നായി ചോദ്യം ഉയർന്നു.
അപ്പോൾ അല്പം അകലെ നിന്നും ഹൂപ്പ് …ഹൂപ്പ് …. ഹൂപ്പ് എന്ന ശബ്ദം ഉയർന്നു.
“ഉപ്പൂപ്പൻ ഇംഗ്ലീഷിൽ Hoopoe”,എന്ന് പറയും.
“ഇപ്പോൾ കേട്ട ശബ്ദം ആ പക്ഷിയുടേതാണ്”.
ക്ലാസിലേക്ക് നടന്നുകൊണ്ട് ടീച്ചർ പറഞ്ഞു.
“ഈ പക്ഷിയെ കുറിച്ച് നിരവധി രാജ്യങ്ങളിൽ വ്യത്യസ്ത കഥകൾ നിലവിലുണ്ട്”.
“ടീച്ചറെ ഒരു കഥ പറയൂ…” ഷബ്ന കൂട്ടിച്ചേർത്തു.
യൂറോപ്പിൽ പ്രചാരമുള്ള ഒരു കഥ ഈ പക്ഷി ഒരു രാജാവായിരുന്നുവത്രെ ശാപം മൂലം രാജാവ് പക്ഷിയായി മാറിയപ്പോൾ തന്റെ സ്വർണ്ണ കിരീടം ഭംഗിയുള്ള തൂവൽ തൊപ്പിയായി മാറി എന്നതാണ്.
അറേബ്യയിൽ ഈ പക്ഷി മഹാ ബുദ്ധിശാലിയും പ്രബലനുമായ സോളമൻ രാജാവിന്റെ സ്നേഹിതനുമായി കണക്കാക്കുന്നു. സോളമൻ രാജാവാണത്രെ ഈ പക്ഷിക്ക് ഇത്രയും മനോഹരമായ കിരീടം ദാനം ചെയ്തത്.
“ഇന്ത്യക്കാർക് ഈ പക്ഷിയെ കുറിച്ച് കഥകൾ ഒന്നും ഇല്ലേ ?”
“കേരളത്തിലെ ചോലനായ്ക്കർ വിഭാഗത്തിലുള്ളവർ ഈ പക്ഷിയെ അവരുടെ സുഹൃത്തായിട്ടാണ് കണക്കാക്കുന്നത്.” ടീച്ചര്‍ പറഞ്ഞു.
“ചോലനായ്ക്കർ വിഭാഗത്തിൽ പെട്ടവർ ഉൾകാട്ടിൽ താമസിക്കുന്ന ആദിവാസി വിഭാഗക്കാരാണ്. കാട്ടിൽ നടക്കുമ്പോൾ ഈ പക്ഷിയെ ശ്രദ്ധിച്ചാൽ വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാമെന്ന് അവർ കരുതുന്നു. അടുത്ത് എവിടെയെങ്കിലും വന്യമൃഗങ്ങളെ കണ്ടാൽ ഉപ്പൂപ്പൻ പേടിച്ച് തലയിലെ കിരീടം ഉയർത്തി ശബ്ദം ഉണ്ടാക്കും. അതു മനസ്സിലാക്കി അവർക്ക് അപകടങ്ങളിൽ നിന്നും രക്ഷപ്പെടാമെന്നാണ് വിശ്വാസം.”
ടീച്ചർ കഥ അവസാനിപ്പിച്ചു കൊണ്ട് ക്ലാസ്സിലേക്ക് കയറി.
തുടർന്ന് എല്ലാവരോടുമായി പറഞ്ഞു.
അടുത്തദിവസം വരുമ്പോൾ വീടിനടുത്ത് കാണുന്ന ഒരു പക്ഷിയെ സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു കുറിപ്പു തയ്യാറാക്കി വേണം വരാൻ…
നല്ല കുറിപ്പുകൾ പൂക്കാലത്തിലേക്ക് അയക്കാൻ മറക്കരുത്.
മുൻപത്തെ ഭാഗം വായിക്കാം : പൂക്കളെ കാണുമ്പോൾ

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ