അപ്പുവിന്റെ തോന്ന്യാക്ഷരങ്ങള്‍
ഒരു കാവ്യസാനു ജനിക്കുന്നു
ദീപങ്ങൾ മങ്ങുകയും കൂരിരുൾ തിങ്ങുകയും ചെയ്യുന്ന ആ ഗ്രാമീണസന്ധ്യയിൽ, റാന്തൽ വിളക്കിന്റെ ഇത്തിരിവട്ടത്തിൽ, വീടിന്റെ ഉമ്മറത്തിണ്ണയിലിരുന്ന് എന്തോ കുത്തിക്കുറിക്കുന്ന ആ ബാലനോട്, മുറ്റത്തുലാത്തിക്കൊണ്ടിരുന്ന കാരണവർ ചോദിച്ചു.
“അപ്പൂ നീ തോന്ന്യാക്ഷരങ്ങളെഴുതുകയാണോ?”
ഉള്ളിന്റെയുള്ളിൽ ഊറിക്കൂടി വരുന്ന വൈകാരികാനുഭൂതികളെ അതേപടി കടലാസിൽ പകർത്തുന്ന ശീലമുണ്ടായിരുന്ന അപ്പുവിന്, താൻ കുറിച്ചുവെക്കുന്നതൊക്കെ തോന്ന്യാക്ഷരങ്ങളാണെന്ന് മനസിലായത് അപ്പോഴാണ്. എന്നിട്ടും എഴുതാതെയിരിക്കാൻ അവന് കഴിയില്ലായിരുന്നു. കാരണം, ചുറ്റുവട്ടത്ത് താൻ കണ്ട ഓരോ കാഴ്ചയും ആ കുട്ടിയെ ഒരുപാട് സ്വാധീനിച്ചിരുന്നു. അവയുടെ അനുരണനങ്ങൾ, ആത്മാവിൽ നിന്ന് പ്രവഹിക്കുന്ന സംഗീതമായി, കവിതയായി കടലാസിലേക്ക് വാർന്നു വീണു. ആ കവിത, ആ സംഗീതം, ഒരായുഷ്ക്കാലം മുഴുവനും അപ്പുവിന് കൂട്ടായിത്തീർന്നു.
കൊല്ലം പട്ടണത്തിലെ ‘ഒറ്റപ്ലാക്കൽ’ എന്ന തറവാട്ടിൽ, പ്രസിദ്ധ ആയുർവേദ ഭിഷഗ്വരനും ശ്രീമൂലം പ്രജാസഭാംഗവും കൊല്ലം മുനിസിപ്പൽ കൗൺസിലറും ഒക്കെയായിരുന്ന ഓ എൻ കൃഷ്ണക്കുറുപ്പിന്റെയും, ചവറ നമ്പ്യാടിക്കൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏക ആൺസന്തതിയായി,1931 മേയ് 27 നാണ് അപ്പു ജനിച്ചത്. പരമേശ്വരൻ എന്ന പേരാണ് ആദ്യമിട്ടതെങ്കിലും, കുട്ടിയെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയപ്പോൾ തന്റെ പിതാവായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് കൃഷ്ണക്കുറുപ്പ് പറഞ്ഞുകൊടുത്തത്. അച്ഛനമ്മമാരുടെ തറവാടുകളായ ഒറ്റപ്ലാക്കലിനെയും നമ്പ്യാടിക്കലിനെയും സൂചിപ്പിക്കുന്ന ഓ എൻ എന്നീ അക്ഷരങ്ങൾ ഇനിഷ്യലുകളുമായി.
എട്ടുവയസ് വരെ രാജകുമാരനെപ്പോലെയാണ് അപ്പു ജീവിച്ചത്. ശാസ്ത്രീയസംഗീതത്തിന്റെ തനിയാവർത്തനങ്ങളും കഥകളിയുടെ മേളപ്പദങ്ങളും ചേർന്ന് സംഗീത സാന്ദ്രങ്ങളാക്കിയ ദിനരാത്രങ്ങൾ! ശാസ്ത്രീയ സംഗീത വിദഗ്ദൻ കൂടിയായ അച്ഛൻ നടത്തിയിരുന്ന വെള്ളങ്ങാട്ട് കഥകളി യോഗത്തിന്റെ വക നിഴൽക്കുത്തും പാദുക പട്ടാഭിഷേകവും, അച്ഛന്റെ അതിഥികളായെത്തിയിരുന്ന കലാകാരന്മാരുടെ ഓട്ടൻ തുള്ളലും നാഗസ്വര – മൃദംഗ കച്ചേരികളും അപ്പു കണ്ണും കാതും തുറന്നിരുന്ന് ആസ്വദിച്ചു.
അച്ഛന്റെ ചുവന്ന ചായമടിച്ച ഓസ്റ്റിൻ കാറിൽ കൊല്ലം പട്ടണത്തിലൂടെ സഞ്ചരിക്കുമ്പോൾ കണ്ട കാഴ്ചകൾ, ബേബി ടാക്കീസ് എന്ന കൊട്ടകയിൽ കണ്ട ശാകുന്തളം നാടകത്തിൽ ദുഷ്യന്തനായി പള പളാ മിന്നുന്ന ‘രാജാ പാർട്ട്’ വേഷം കെട്ടി കീർത്തനവുമാലപിച്ചുകൊണ്ടു രംഗത്തുവന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, സ്വാമി ടാക്കീസിൽ കണ്ട ഇംഗ്ലീഷ് സിനിമയിലെ ‘ഫൈറ്റ് സീൻ’….ഇതൊക്കെ ആറു വയസ്സുള്ള അപ്പുവിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. നാലു വർഷം വീട്ടിൽ തന്നെയിരുന്നു പഠിച്ചതിനു ശേഷം, പ്രവേശനപരീക്ഷയിലൂടെ പ്രിപ്പറേറ്ററി ക്ലാസ്സിൽ ചേർന്നത് കൊല്ലത്തെ ഗവണ്മെന്റ് ഇംഗ്ലീഷ് സ്കൂളിലാണ്. ഇടയ്ക്ക് റിക്ഷാവണ്ടിയിൽ സ്കൂളിൽ പോകേണ്ടി വന്നപ്പോൾ, ‘മനുഷ്യനെ മനുഷ്യൻ വലിച്ചുകൊണ്ടോടുന്ന’ ആ അനുഭവം അപ്പുവിന് സന്തോഷത്തേക്കാളേറെ സങ്കടമാണ് സമ്മാനിച്ചത്.
അസുഖബാധിതനായ അച്ഛൻ മദിരാശിയിൽ ചികിത്സയ്ക്ക് പോയപ്പോൾ തീവണ്ടിയാപ്പീസ് വരെ അപ്പുവും അനുഗമിച്ചു.
“പിന്നെത്തിരികെ വ–
ന്നെത്തിയതസ്ഥിയും
വെണ്ണീറുമായൊരു മൺകലശം മാത്രം!”
വിങ്ങിപ്പൊട്ടി നിന്ന അപ്പു അനാഥത്വത്തിന്റെയും ഇല്ലായ്മയുടെയും ക്രൂരമുഖം ആദ്യമായി കണ്ടു പകച്ചുനിന്നുപോയി. അമ്മയുടെ നാടായ ചവറയിലെ ഓലമേഞ്ഞ പഴകി ജീർണ്ണിച്ച തറവാട്ടിലേക്കാണ് പിന്നീട് ചേക്കേറിയത്. അവിടെ അമ്മയും മൂന്ന് കുഞ്ഞുങ്ങളും ഇല്ലായ്മ പങ്കിട്ടു ജീവിച്ചു. ചവറയിലെ ഇംഗ്ളീഷ് സ്കൂളിലാണ് പിന്നീട് ചേർന്നത്. ഏകാന്തതയുടെ ആ അമാവാസി യിൽ അപ്പുവിന് കൂട്ടായി തീർന്നത് അച്ഛന്റെ വിപുലമായ പുസ്തകശേഖരമായിരുന്നു. വിശേഷിച്ച് കവിതാപുസ്തകങ്ങൾ. നളിനിയും ലീലയും ബന്ധനസ്ഥനായ അനിരുദ്ധനും ശിഷ്യനും മകനും….അവയിലെ ശ്ലോകങ്ങൾ ഉരുവിട്ടു കൊണ്ട് ഇടവഴികളും വയൽവരമ്പുകളും താണ്ടി സ്കൂളിലേക്ക് പോയിമടങ്ങുമ്പോൾ ഒരുതരം അനുരണനം പോലെ മനസിൽ ശ്ലോകങ്ങൾ തോന്നിത്തുടങ്ങി. കുറിച്ചിടാനും തുടങ്ങി. അപ്പുവിന്റെ തോന്ന്യാക്ഷരങ്ങളുടെ പുറപ്പാട് അങ്ങനെയായിരുന്നു.
ചവറയിലെ സ്വദേശാഭിമാനി സ്മാരക വായനശാലയിലും മഹാനായ ആ പത്രാധിപരെ നാടുകടത്താൻ കാരണഭൂതനായ കൊട്ടാരം സർവാധികാരി ശങ്കരൻ തമ്പിയുടെ പേരിലുള്ള വായനശാലയിലും അപ്പുവും ചങ്ങാതിയും സഹപാഠിയുമായ ശ്രീകണ്ഠൻ എന്ന സി എൻ ശ്രീകണ്ഠൻ നായരും നിത്യസന്ദർശകരായി. സ്വാതന്ത്ര്യസമരത്തോടും ദേശീയപ്രസ്ഥാനത്തോടും അപ്പു ആകർഷിക്കപ്പെടുന്നത് അവിടെ നിന്നെടുത്തു വായിച്ച ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കൃതികളിലൂടെയാണ്. മഹാകവി വള്ളത്തോളിനെ ആദ്യമായി നേരിട്ടു കാണുന്നത് സ്വദേശാഭിമാനി വായനശാലയുടെ അങ്കണത്തിൽ പ്രസംഗിക്കാൻ വന്നപ്പോഴാണ്.
“ചവറ – പന്മന – തേവലക്കര – ചകിരി കൊണ്ടു പിഴയ്ക്കണം” എന്ന് പണ്ടുള്ളവർ ജാതകം കുറിച്ച ഗ്രാമത്രയത്തിലെ ആദ്യ ഗ്രാമത്തിൽ വളർന്ന ആ ബാല്യകൗമാരകാലത്ത്, അപ്പുവിനെ ഏറ്റവുമധികം സ്വാധീനിച്ചത് ആ ഗ്രാമത്തിന്റെ വശ്യഭംഗിയും അവിടുത്തെ നിസ്വരായ മനുഷ്യരുടെ ദൈന്യം കലർന്ന ജീവിതവുമാണ്.
ജി. ദേവരാജനും ഓ എന്‍ വി കുറുപ്പും
1946 ജൂൺ മാസത്തിലെ ഒരു നനഞ്ഞ പ്രഭാതത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്റർമീഡിയറ്റിന് ചേരാനെത്തിയ അപ്പുവിനെ എതിരേറ്റത്, പണ്ഡിറ്റ് നെഹ്റുവിനെ കാശ്മീർ പോലീസ് ബയണറ്റ് ചാർജ്ജ് ചെയ്തതിനെതിരെ പ്രതിഷേധിക്കാനായി മുത്തശ്ശി മാവിന്റെ ചുവട്ടിൽ ചേർന്ന യോഗത്തിൽ കെ ബാലകൃഷ്ണൻ നടത്തിയ ഉജ്ജ്വലമായ പ്രസംഗമാണ്.
കുമാരനാശാൻ ‘സ്ഥൂലാമ്രാധിപൻ’ എന്നു വിശേഷിപ്പിച്ച ആ മാവിന്റെ ചുവട്ടിലിരുന്നുകൊണ്ടാണ്, അപ്പു “പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം” എന്ന ആശാന്റെ സ്വാതന്ത്ര്യമന്ത്രവും “എവിടെ മനസ് നിർഭയവും ശിരസ് സമുന്നതവുമായിരിക്കുന്നുവോ” എന്ന ടാഗോർ സൂക്തവും ഉറക്കെ ഉരുവിട്ടു പഠിച്ചത്. 1947 ആഗസ്റ്റ് 15 ന് ആഹ്ലാദാരവങ്ങളോടെ ദേശീയ പതാക ഉയർത്തിയതും, അടുത്ത ജനുവരി 30 ന് വിങ്ങിപ്പൊട്ടുന്ന മനസ്സോടെ മൗനജാഥയിൽ പങ്കെടുത്ത് നഗരം ചുറ്റുമ്പോൾ ഹിന്ദു വർഗീയ വാദികൾ മധുരം വിതരണം ചെയ്യുന്ന കാഴ്ച്ചകണ്ട് ഞെട്ടിത്തരിച്ചതും ആ വിദ്യാർത്ഥി ജീവിതകാലത്തായിരുന്നു.
അതിനിടയിൽ കവിതയെഴുത്ത് മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. കൊല്ലത്ത് നിന്ന് പുറത്തിറങ്ങിയ ‘രാജ്യാഭിമാനി’ വാരികയിൽ പ്രസിദ്ധീകരിച്ച ‘മുന്നോട്ട്’ ആണ് അച്ചടി മഷി പുരണ്ട ആദ്യത്തെ കവിത. സുന്ദരഗ്രാമീണ ദൃശ്യങ്ങളുടെയിടയിൽ എവിടെയൊക്കെയോ കുരുങ്ങിക്കിടന്ന മനുഷ്യന്റെ കൊച്ചു കൊച്ചു നൊമ്പരങ്ങളും പാഴ് കിനാവുകളും നീറുന്ന നെടുവീർപ്പുകളും ആ കവിതകളുടെ പ്രമേയമായി. ‘വെട്ടം വീഴുമ്പോൾ’ എന്ന കവിത പ്രസിദ്ധീകരിച്ച ‘മംഗളോദയ’ത്തിന്റെ പത്രാധിപർ ജോസഫ് മുണ്ടശ്ശേരിയും, ‘മാളവിക’ പ്രസിദ്ധീകരിച്ച കേരളകൗമുദി പത്രാധിപർ സി വി കുഞ്ഞുരാമനും വളർന്നുവരുന്ന കവിയിൽ ഒരുപാട് പ്രതീക്ഷകളർപ്പിച്ചു.
ഓ എൻ വി കുറുപ്പ് എന്ന കവി അങ്ങനെ ജന്മം കൊണ്ടു. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന ഗന്ധർവഗായകന്റെ വശ്യമായ രചനാ ശൈലിയുടെ മായികവലയത്തിലേക്ക് പി ഭാസ്കരൻ, വയലാർ രാമവർമ്മ എന്നീ യുവകവികളോടൊപ്പം ഓ എൻ വിയും ആകർഷിക്കപ്പെട്ടു.
യൂണിവേഴ്സിറ്റി കോളേജിലെ പഠനം കഴിഞ്ഞ്, ഓ എൻ വി കൊല്ലം എസ് എൻ കോളേജിൽ ബി എയ്ക്ക് പഠിക്കുമ്പോഴാണ്, 1949 ൽ കൊല്ലത്തു വെച്ച് പുരോഗമന സാഹിത്യ സമ്മേളനം നടക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് ഒരു കവിതാമത്സരം നടന്നു. ആരുമറിയാതെ ഓ എൻ വി അയച്ചുകൊടുത്ത ‘അരിവാളും രാക്കുയിലും’ എന്ന കവിതയാണ് ചങ്ങമ്പുഴയുടെ പേരിലേർപ്പെടുത്തപ്പെട്ട സ്വർണമെഡലിനർഹമായത്. മലയാളത്തിലെ അതികായന്മാരായ എല്ലാ സാഹിത്യ പ്രതിഭകളും സന്നിഹിതരായ സമ്മേളനത്തിൽ വെച്ച് പുരോഗമന സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ കെ എ അബ്ബാസിൽ നിന്ന് ഓ എൻ വി അഭിമാനപൂർവം സമ്മാനമേറ്റുവാങ്ങി.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയ ഓ എൻ വി, കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭാവമുള്ള വിദ്യാർത്ഥി ഫെഡറേഷന്റെ സ്ഥാനാർത്ഥിയായി കോളേജ് യൂണിയൻ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ചു. ഓ മാധവൻ, തിരുനല്ലൂർ കരുണാകരൻ, വെളിയം ഭാർഗവൻ, പുതുശ്ശേരി രാമചന്ദ്രൻ തുടങ്ങിയവരൊക്കെ ആയിരുന്നു അന്ന് ഓ എൻ വിയുടെ ഏറ്റവുമടുത്ത സഹപാഠികളും സഖാക്കളും. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന ആ നാളുകളിൽ എം എൻ ഗോവിന്ദൻ നായരും ശങ്കരനാരായണൻ തമ്പിയും തോപ്പിൽ ഭാസിയും ഉൾപ്പെടെ പല കമ്മ്യൂണിസ്റ്റ് നേതാക്കളെയും ഒളിവിൽ പാർപ്പിക്കാനും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാനും ഓ എൻ വിയുൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് രഹസ്യമായി പ്രവർത്തിച്ചത്. കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യാനായി, പാർലമെന്റിലെ കമ്മ്യൂണിസ്റ്റ് സഹയാത്രികനും കവിയും നടനുമൊക്കെയായ ഹരീന്ദ്ര നാഥ് ചതോപാധ്യയയെ കൊണ്ടുവന്നത്, ഓ എൻ വി കോളേജ് അധികൃതരുടെ നോട്ടപ്പുള്ളിയായി തീരാൻ ഇടയാക്കി. കമ്മ്യൂണിസ്റ്റുകാരനെന്ന ലേബലും അതോടെ പതിച്ചുകിട്ടി. മികച്ച നിലയിൽ ബിരുദമെടുത്ത്,എം എയ്ക്ക് ചേരാനായി യൂണിവേഴ്സിറ്റി കോളേജിൽ ചെന്നപ്പോൾ, അഡ്മിഷൻ നേടാൻ കമ്മ്യൂണിസ്റ്റ് മുദ്ര തടസ്സം നിന്നു. ഓ എൻ വിയ്ക്ക് അഡ്മിഷൻ കൊടുക്കാത്തതിനെതിരെ എം എൻ ഗോവിന്ദൻ നായരും പി ഗോവിന്ദപ്പിള്ളയും നിയമസഭയിൽ ശബ്ദമുയർത്തി.
അടുത്ത വർഷം എം എ യ്ക്ക് ചേരാനാകുമെന്ന പ്രതീക്ഷയോടെ നാട്ടിലേക്ക് മടങ്ങാതെ, ഒരു ട്യൂട്ടോറിയൽ കോളേജിലെ അധ്യാപകനായി തിരുവനന്തപുരത്ത് താമസിക്കുമ്പോഴാണ് ഓ എൻ വിയുടെ ജീവിതത്തിലെ നിർണ്ണായകമായ ഒരു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നത്. അഡ്വ.ജി ജനാർദ്ദനകുറുപ്പ്, കമ്മ്യൂണിസ്റ്റ് എം എൽ എ പുനലൂർ രാജഗോപാലൻ നായർ എന്നിവരുടെ ഉത്സാഹത്തിൽ ആരംഭിച്ച കേരള പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് (കെ പി എ സി) എന്ന ഒരു നാടക സമിതിയുടെ പ്രാരംഭ പ്രവർത്തനങ്ങളിൽ ഓ എൻ വിയും സജീവമായി പങ്കെടുത്തു. ‘എന്റെ മകനാണ് ശരി ‘ എന്ന ആദ്യനാടകത്തിൽ പാട്ടുകളെഴുതാൻ ഓ എൻ വി നിയുക്തനായി. പാട്ടുകൾക്ക് ഈണം പകരാനായി ഓ എൻ വി നിർദ്ദേശിച്ചത് പരവൂർ ദേവരാജൻ എന്ന തന്റെ ആത്മസുഹൃത്തായ ഒരു യുവസംഗീതജ്ഞനെയാണ്. ഓ എൻ വി താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ കൂടെക്കൂടെ വന്നു താമസിക്കുമായിരുന്ന ദേവരാജൻ താൻ ഈണമിട്ട ചങ്ങമ്പുഴയുടെയും മറ്റും കവിതകൾ പാടി കേൾപ്പിക്കാറുണ്ടായിരുന്നു. ‘കേരളം’ എന്ന പത്രത്തിൽ വന്ന ഓ എൻ വി യുടെ ‘ഇരുളിൽ നിന്നൊരു ഗാനം’ എന്ന കവിത ശങ്കരാഭരണം രാഗത്തിൽ ചിട്ടപ്പെടുത്തിയ ദേവരാജൻ, എസ് എൻ കോളേജിൽ എ കെ ജിക്ക് നൽകിയ സ്വീകരണ ചടങ്ങിൽ അത് ആലപിക്കുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൽ ‘എന്റെ മകനാണ്ശരി’യിൽ ദേവരാജനെ സംഗീത സംവിധാന ചുമതല ഏൽപ്പിക്കാൻ കെ പി എ സി യുടെ സെക്രട്ടറി രാജഗോപാലൻ നായർ തയ്യാറായില്ല. അക്കാര്യം കൊണ്ട് നാടകത്തിന് വേണ്ടി പാട്ടുകളെഴുതാൻ ഓ എൻ വിയും കൂട്ടാക്കിയില്ല. എങ്കിലും നാടകത്തിന്റെ വിജയകരമായ നടത്തിപ്പിനായി സർവാത്മനാ സഹകരിക്കാൻ മടി കാട്ടിയില്ല. എന്നാൽ നാടകം വലിയ വിജയമായിരുന്നില്ല. തുടർന്ന് കെ പി എ സി അവതരിപ്പിച്ചത്, മദ്ധ്യതിരുവിതാംകൂറിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച ശൂരനാട് കലാപത്തിലെ പ്രതി തോപ്പിൽ ഭാസി എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരി എഴുതിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകമാണ്. ഒളിവിൽ കഴിയുമ്പോൾ ‘മുന്നേറ്റം’ എന്ന പേരിൽ ഭാസിയെഴുതിയ ഏകാങ്കം ‘വിശ്വകേരളം’ പത്രത്തിൽ പ്രസിദ്ധീകരിപ്പിക്കാൻ മുൻകയ്യെടുത്ത ഓ എൻ വി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന പേരിൽ അത് മുഴുനാടകരൂപത്തിൽ പുസ്തകമായപ്പോൾ നാടകത്തിൽ ചേർക്കാനായി രണ്ടു പാട്ടുകളെഴുതി കൊടുക്കുകയും ചെയ്തിരുന്നു. ജി ജനാർദ്ദനക്കുറുപ്പും പുനലൂർ രാജഗോപാലൻ നായരും കൂടി അനുയോജ്യമായ മാറ്റങ്ങളൊക്കെ വരുത്തിയ നാടകത്തിൽ കേന്ദ്ര കഥാപാത്രമായ പരമുപിള്ളയുടെ വേഷത്തിൽ കാമ്പിശ്ശേരി കരുണാകരൻ അഭിനയിച്ചു. കെ സുലോചന, വി സാംബശിവൻ, ഓ മാധവൻ, സുധർമ്മ, ജനാർദ്ദനക്കുറുപ്പ്, തോപ്പിൽ കൃഷ്ണപിള്ള,രാജഗോപാലൻ നായർ, ശ്രീനാരായണ പിള്ള, ഭാർഗവി, വിജയകുമാരി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. നാടകത്തിലേക്കായി ഓ എൻ വിയും ദേവരാജനും ചേർന്ന് ഒരുക്കിയ ഇരുപത്തിനാല് പാട്ടുകൾക്ക്, മണ്ണിന്റെ മണം പ്രസരിക്കുന്ന പാടത്തെ പാട്ടുകളുടെ ചേലും ശീലും ഉണ്ടായിരുന്നു.
“നീലക്കുരുവീ, നീലക്കുരുവീ
നീയൊരു കാരിയം ചൊല്ലുമോ?”“വെള്ളാരം കുന്നിലെ പൊന്മുളം കാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ”
കൂടാതെ, അന്നേക്ക് തന്നെ ഏറെ പ്രശസ്തമായിക്കഴിഞ്ഞ ”പൊന്നരിവാളമ്പിളിയിലും”
കെ എസ് ജോർജ്ജും കെ സുലോചനയും ചേർന്നാലപിച്ച ആ പാട്ടുകളെല്ലാം, പ്രത്യേകിച്ച്
“നേരം പോയ് നേരം പോയ്
നേരെ നാമൊന്നിച്ചാൽ
നമ്മള് കൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ…”
– എന്ന വരികൾ ഒരു കാലഘട്ടത്തിന്റെയും ജനതയുടെയും വിമോചന ഗാനമായി മാറി. 1952 ഡിസംബർ 6 ന് ഓ എൻ വിയുടെ നാടായ ചവറയിലെ തട്ടാശ്ശേരിയിലെ സുദർശനാ തീയേറ്ററിൽ വെച്ച് പുരോഗമന സാഹിത്യകാരനായ ഡി എം പൊറ്റക്കാട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉദ്ഘാടനം ചെയ്തു. അന്നത്തെ സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തെയും രാഷ്ട്രീയ ശത്രുക്കളുടെ കടന്നാക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട്, കെ പി എ സിയും ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യും ഒരു ജൈത്രയാത്ര ആരംഭിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് സദസ്സുകളിൽ നാടകം അവതരിപ്പിച്ചപ്പോൾ, ആഹ്ളാദാഭിമാനങ്ങളോടെ ഓ എൻ വി അതിന് സാക്ഷ്യം വഹിച്ചു. തുടർന്ന് കെ പി എ സി അവതരിപ്പിച്ച ‘സർവേക്കല്ല്’, ‘മുടിയനായ പുത്രൻ’, ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകങ്ങൾക്ക് വേണ്ടി ഓ എൻ വിയെഴുതിയ അർത്ഥ സമ്പുഷ്ടവും ഹൃദയഹാരിയുമായ വരികൾ ദേവരാജന്റെ ഭാവസാന്ദ്രമായ ഈണത്തോടും കെ എസ് ജോർജ്ജിന്റെയും സുലോചനയുടെയും അപൂർവ ശബ്ദമാധുര്യത്തോടും ഒത്തുചേർന്നപ്പോൾ എത്രയോ തലമുറകളാണ് അതേറ്റുപാടിയത്. 1955 ൽ ‘കാലം മാറുന്നു’ എന്ന സിനിമയിലൂടെ ചലച്ചിത്രപിന്നണിഗാന രംഗത്ത് പ്രവേശിച്ച ഓ എൻ വി – ദേവരാജൻ ടീം അവിടെയും ഒരു നവഭാവുകത്വത്തിന്റെ കടന്നുവരവിന് വഴിയൊരുക്കി.
കാമ്പിശ്ശേരി കരുണാകരനും തോപ്പില്‍ ഭാസിയും
ഉന്നതനിലയിൽ എം എയും പി എസ് സി പരീക്ഷയും പാസ്സായി ഒരു കോളേജ് അധ്യാപകൻ ആകാനുള്ള യോഗ്യത നേടിയിട്ടും കമ്മ്യൂണിസ്റ്റ് ആണെന്ന പേരിൽ ജോലി നിഷേധിക്കപ്പെട്ട ഓ എൻ വിക്ക് അന്നത്തെ ഗവർണർ ഇടപെട്ടതിനെ തുടര്‍ന്നാണ് അർഹമായ ഉദ്യോഗം നേടാൻ സാധിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഓ എൻ വി അപ്പോഴേക്കും കാവ്യലോകത്തെ പുതിയ തലമുറക്കാർക്കിടയിൽ ലബ്ധപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു. പി ഭാസ്കരൻ, വയലാർ രാമവർമ്മ, ഓ എൻ വി കുറുപ്പ്, തിരുനല്ലൂർ കരുണാകരൻ, പുതുശ്ശേരി രാമചന്ദ്രൻ, പുനലൂർ ബാലൻ തുടങ്ങിയവരടങ്ങിയ അരുണകവിനിര പടപ്പാട്ടുകാരെന്ന് മുദ്രയടിക്കപ്പെട്ടെങ്കിലും അവരുടെ കവിതകളിൽ തെളിഞ്ഞു നിന്ന മാനവികതയും നീതിബോധവും പ്രശംസിക്കപ്പെട്ടു. ”പടപ്പാട്ടിന് ഓ എൻ വി ചക്കരനാവേകി” എന്ന് വൈലോപ്പിള്ളി വിലയിരുത്തി. ഒരു പുതുയുഗപ്പിറവിക്കു വേണ്ടിയുള്ള ഉണർത്തുപാട്ടുകളായ ആ കവിതകൾ മനുഷ്യാധ്വാനത്തിന്റെ മഹനീയത വിളിച്ചോതി. തീരെ ചെറുപ്പത്തിൽ തന്നെ ഓ എൻ വി തന്റെ കാവ്യകലയെ സഹൃദയലോകത്തിനാകെ സ്വീകാര്യമാക്കി തീർത്തതിനെ അഭിനന്ദിച്ചുകൊണ്ട് പ്രൊ. ജോസഫ് മുണ്ടശ്ശേരി ഇങ്ങനെയെഴുതി.
“ഓ എൻ വി യൗവനത്തിലേക്ക് കടക്കുന്നതേയുള്ളൂ. പക്ഷെ, ഏതാണ്ടൊരായുസ്സിന്റെ ജോലി ചെയ്തു തീർത്തിട്ടിരിപ്പാണദ്ദേഹം — മറ്റൊരായുസ്സിന്റെ പണിക്ക് തയ്യാറെടുത്തുകൊണ്ട്.”
1940 കളില്‍ തുടങ്ങി 2016 ഫെബ്രുവരി 13 നു കാവ്യ സപര്യയ്ക്ക് തിരശീല വീണെങ്കിലും മലയാളം ഉള്ളിടത്തോളം കാലം തേജസോടെ നില്‍ക്കുന്നതാണ് ഓ എന്‍ വി കവിതകള്‍. 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൌന്ദര്യം മുതല്‍ നാല്‍പ്പതോളം കവിതാ സമാഹാരങ്ങള്‍ ഓ എന്‍ വിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. പൊരുതുന്ന സൗന്ദര്യം, മയിൽപ്പീലി, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, ഉപ്പ്, അപരാഹ്നം, ശാർങ്ഗകപ്പക്ഷികൾ, ഉജ്ജയിനി, നാലുമണിപ്പൂക്കൾ’, തോന്ന്യാക്ഷരങ്ങൾ, തുടങ്ങിയവയാണ് പ്രധാന കൃതികള്‍.പത്തോളം ലേഖന സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയലാർ അവാർഡ്, ആശാൻ പ്രൈസ്, ഉള്ളൂർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിങ്ങനെ അനേകം അംഗീകാരങ്ങൾ നേടി. ചലച്ചിത്രഗാനരചനയ്ക്ക് പന്ത്രണ്ട് തവണ സംസ്ഥാന അവാർഡും ആറു തവണ ദേശീയ അവാർഡും ലഭിച്ചു. 2007-ൽ കേരള യൂണിവേഴ്സിറ്റി ഡി-ലിറ്റ് നൽകി ആദരിച്ചു. പത്മശ്രീ, പത്മ വിഭൂഷൺ എന്നിവ നേടി. 2007-ലെ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായി. കേന്ദ്ര സാഹിത്യ അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും അംഗം, 1996-ൽ കലാ മണ്ഡലം ചെയർമാൻ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പി.പി.സരോജിനി. മക്കൾ: രാജീവൻ, മായാദേവി

ബൈജു ചന്ദ്രന് (മാധ്യമ പ്രവര്ത്തകന്, ഡോക്യുമെന്ററി സംവിധായകന്, എഴുത്തുകാരന്)