എ, ഇ, ണ
മൂന്ന് അക്ഷര കവിതകള്‍
ഇ
ഇടവപ്പാതിയിൽ ഇടമുറിയാതെ
ഇടിയും വെട്ടി മഴ പെയ്തു.
ഇറയത്തിരുന്നൊരു ഇത്തിരിക്കുഞ്ഞൻ
ഇലപോലെ വിറച്ചു പേടിയാലേ.
ഇല്ലെടാ കുഞ്ഞാ പേടിക്കേണ്ടാ
ഇങ്ങോട്ട് പോരെ ഇവിടിരിക്കാം.
ഇടിച്ചക്കതോരനും ഇഞ്ചിക്കറിയും
ഇലയിൽ വിളമ്പി ചോറുതരാം.
ഇപ്പോൾ ചോറ് എനിക്ക് വേണ്ട
ഇഡ്ഡലിയുണ്ടേൽ ഇട്ടോളൂ
ഇറച്ചിക്കറി കൂട്ടി ഇഷ്ടത്തോടെ
ഇരുളും മുൻപേ തിന്നോളാം.
എ
എനിക്കറിയുന്നൊരപ്പൂപ്പൻ
എലിവാലിക്കരേലപ്പൂപ്പൻ
എലിയെപ്പിടിക്കുന്നയപ്പൂപ്പൻ
എൺപതു കഴിഞ്ഞോരപ്പൂപ്പൻ.
എട്ടുവയസ്സുള്ള എമിലിമോൾക്ക്
എണ്ണം പഠിക്കാൻ എഞ്ചുവടീം
എഴുതാൻ ബുക്കും വാങ്ങാനായ്
എരുമേലി പേട്ടയിൽ പോയല്ലോ.
എരുമേലിപേട്ടയിൽ എത്തിയപ്പോൾ
എരുമയോരെണ്ണം വിരണ്ടോടുന്നു.
എല്ലാരും എമ്പാടും ഓടിയപ്പോൾ
എളിയിൽ വെച്ചൊരു എറ്റാലി
എടുത്തൊരു കല്ലും വെച്ചിട്ട്
എടുപിടീ എയ്തു അപ്പൂപ്പൻ.
എതിരിടാനാകാതെ എരുമ വീണു
എഴുന്നേൽക്കാനാവാതെ കിടന്നവിടെ.
എല്ലൊടിഞ്ഞെന്നാ തോന്നുന്നേ
എരിക്കില കൊണ്ടു പൊതിഞ്ഞാലോ.
എവിടുന്നോ ഓടിവന്നപ്പോളേക്കും
എരുമേടെ ഉടമസ്ഥൻ എസ്തപ്പൻ.
*എരുമേലിക്കടുത്തുള്ള സ്ഥലമാണ് എലിവാലിക്കര.
ണ
“ണ” യെ “ണ” യങ്ങു റാഞ്ചിപ്പറന്നിട്ടു
മണ്ണിലും വിണ്ണിലും കൊണ്ടോയിട്ടു.
മണ്ണത് പയ്യെ കിണ്ണത്തിലാക്കീട്ട്
പെണ്ണിനും കണ്ണിനും കടം കൊടുത്തു.
വിണ്ണിൽ നിന്നും വെണ്ണിലാചന്ദ്രികേം
അണ്ണാറക്കണ്ണനും കൊണ്ടുപോയി.
കണ്ണിൽ നിന്നും കണ്ണിലെയുണ്ണിയും
കണ്ണടക്കാലും കയ്യിലാക്കി.
അണ്ണാറക്കണ്ണൻ കണ്ണിമാങ്ങാക്കും
കണ്ണാന്തളിക്കും എണ്ണിക്കൊടുത്തു.
സ്വപ്ന സരൾവേദ
അദ്ധ്യാപിക, ദുബായ് ചാപ്റ്റർ