പേക്രോം പേക്രോം
ഒരിക്കൽ
ഭൂതകാലത്തിലെ തവളകളെ അന്വേഷിച്ചാണ്
ഞാൻ
പിന്നോട്ട് ഇഴഞ്ഞത്.
സമൃദ്ധമായ വർത്തമാനത്തിൽ,
ടിൻ ഫുഡ് ആവോളം കഴിച്ചതുകൊണ്ട്
പഴയപോലെ
തവളക്കരച്ചിൽ ആനന്ദം ഉണ്ടാക്കുന്നില്ല,
തടിയൻ ശരീരം
വേഗത്തെ ബാധിക്കുന്നു എന്ന് മാത്രം.
മണ്ണിരകളെയും
പച്ചത്തുള്ളനെയും
കീരാൻകീരിയെയും കാണണം
കൂട്ടത്തിൽ കൂടെ നടന്ന
പേക്രോം തവളച്ചിയെയും,
ഉമ്മറപ്പടിയിലെ കസേര മറിഞ്ഞു വീണ്
പഞ്ചാര നക്കുന്ന ഉറുമ്പിനെയും..
ഒടുവിലെത്തുമ്പോളാണറിയുന്നത്
തവള പിരിഞ്ഞു പോയെന്നു.
ഭൂതകാലത്തിലേക്കുള്ള പാലം
ആരോ വലിച്ചിരിക്കുന്നു.
ചിറവക്കിലെ പൊന്മാനും
കൈരീക്ക വളപ്പിലെ ഇറ്റീറ്റി പക്ഷിയും
പിന്നെ,
മരണമില്ലാത്ത ഓർമകളിലെ പൊട്ടിയ സ്ലേറ്റും
മൂർദ്ധാവിൽ ഉമ്മ വെച്ച മഴത്തുള്ളിയും…
ഇടക്ക്
ഇഴഞ്ഞു എത്തുമ്പോളാണറിയുന്നതു
കൂട്ടത്തിൽ നടന്നവരൊക്കെ
പെൻഷൻ പറ്റി വീട്ടിലിരിക്കുവാണെന്നു..
അതുകൊണ്ട്,
തുമ്മാൻ ചെപ്പു ഒന്നെടുക്കൂ,
പ്രായമായില്ലെങ്കിലും
നിന്റെ കൂടെ മുറുക്കാം
ചെഞ്ചോര ചുവപ്പു പടർന്ന ചുണ്ടിൽ വച്ചു
നീട്ടിത്തുപ്പാം
ഇറയത്തെ വെള്ളത്തിൽ…
തോട്ടിലേക്ക് പോകുന്ന വഴി
ഇഴഞ്ഞു എനിക്കും പോകാം
സിജി ഗോപിനാഥൻ
ദുബായ് ചാപ്റ്റർ