പാട്ടുപാടും കൂഴവാലി: ഭാഗം 5
കുണ്ടറ വിളംബരത്തിന്റെ കഥ
(കഥയുടെ മുൻഭാഗങ്ങൾ വായിക്കാം: പാട്ടുപാടും കൂഴവാലി)
കൊല്ലത്തിന്റെ ചരിത്രത്തില്‍ അഭിമാനംകൊണ്ട കൂഴവാലി ജലപ്പരപ്പിലേക്ക് കുതിച്ചുയര്‍ന്നു. മലക്കം മറിഞ്ഞ് അഷ്ടമുടിക്കായലിന്റെ മടിത്തട്ടിലേക്ക് ഊളിയിട്ടു.
“അയ്യോ ! കൂഴവാലി പോകുകയാണോ?”
കുട്ടികള്‍ വിഷമത്തോടെ അപ്പൂപ്പനെ നോക്കി. അദ്ദേഹം മറ്റേതോ ലോകത്താണ്. കൂഴവാലി പറഞ്ഞ ചരിത്രത്തിന്റെ ഏടുകളിലെവിടെയോ ഉടക്കിനിന്ന അപ്പൂപ്പനെ കുട്ടികള്‍ കുലുക്കി വിളിച്ചു.
“പെരിനാട് ലഹള, കുണ്ടറ വിളംബരം, മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍…അങ്ങനെ എന്തെന്ത് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവളാണ് ഈ അഷ്ടമുടിക്കായല്‍…” അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു.
പെട്ടെന്ന് ജലപ്പരപ്പില്‍ ഒരിളക്കം. തന്റെ മനോഹരമായ വാല് വെള്ളത്തിലടിച്ച് രസിക്കുകയാണ് കൂഴവാലി. കൂഴവാലിയെക്കണ്ട കുട്ടികളുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം. ദേഹത്തേക്ക് തെറിച്ചുവീണ വെള്ളത്തുള്ളികളുടെ തണുപ്പ് ആസ്വദിച്ചുകൊണ്ട് അവര്‍ പറഞ്ഞു. “കൂഴവാലീ നീയന്ന് ഒരു വിളംബരത്തെക്കുറിച്ച് പറഞ്ഞില്ലേ.. ആ കഥ പറയൂ…”
അഷ്ടമുടിയുടെ ഓളങ്ങളില്‍ ഒരു വൃത്തംകൂടി വരച്ച് ചേര്‍ത്ത് കൂഴവാലി നിവര്‍ന്നു നിന്നു. “ഓ…. കുണ്ടറവിളംബരമോ? അത് അത് അപ്പൂപ്പന് പറയും.”
“വേണ്ട കൂഴവാലി …. നീ തന്നെ പറയൂ…അത് കേള്‍ക്കാനാണ് സുഖം..” അപ്പൂപ്പന് പറഞ്ഞു.
“അതേ…അതേ…” കുട്ടികള്‍ അനുകൂലിച്ചു.
കഥ കേള്‍ക്കാനുള്ള കുട്ടികളുടെ ഉത്സാഹം കണ്ട് കൂഴവാലിക്ക് ഏറെ സന്തോഷമായി. കണ്ടല്‍ക്കാടുകള്‍ക്കിടയിലെ കുഞ്ഞോളങ്ങളില്‍ മുങ്ങിനിവര്‍ന്ന് വേരുകളില്‍ തലചായ്ച്ച് അല്‍പ്പം ചരിഞ്ഞ് വാല് വെള്ളത്തിന് മീതേ ഉയര്‍ത്തിപ്പിടിച്ച് പള്ളിമഞ്ചത്തിലെന്നോണം കൂഴവാലി കിടന്നു. അപ്പൂപ്പനും കുട്ടികളും കണ്ടല്‍ വേരുകളൊരുക്കിയ സിംഹാസനത്തില്‍ ഇരുപ്പുറപ്പിച്ചു. കൂഴവാലി പറഞ്ഞുതുടങ്ങി…
“കൂട്ടുകാരേ…ശ്രദ്ധിച്ചു കേട്ടോളൂ…ഞാനീ പറയാന്‍ പോകുന്നത് ബ്രിട്ടീഷുകാര്‍ക്ക് എതിരായി ഇന്ത്യയില്‍ നടന്ന ആദ്യത്തെ വിപ്ലവകരമായ സമര നീക്കത്തെ കുറിച്ചാണ്. പണ്ട് നമ്മുടെ കേരളം ഇന്നത്തെ തമിഴ്നാടിന്റെ കുറച്ചുഭാഗങ്ങള്കൂടി ചേര്‍ന്ന് ‘തിരുവിതാംകൂര്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1802 മുതല്‍ 1809 വരെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ദളവാസ്ഥാനം വഹിച്ചിരുന്നത് വലിയവീട്ടില്‍ വേലായുധന് ചെമ്പകരാമന്‍ പിള്ള എന്ന വേലുത്തമ്പിദളവയായിരുന്നു.”
“ദളവയെന്നാല്…” ചിഞ്ചു ഇടയ്ക്ക് കയറി ചോദിച്ചു.
“ദളവയെന്നാല് പ്രധാനമന്ത്രി. തിരുവിതാംകൂറിലെ ഏറ്റവും ഉയര്‍ന്ന പദവിയായിരുന്നു അത്. വേലുത്തമ്പി ദളവാസ്ഥാനം ഏറ്റെടുക്കുന്ന കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായിരുന്നു, മാത്രമല്ല ബ്രിട്ടീഷ് റസിഡന്റ് കേണല്‍ മെക്കാളേ പ്രഭുവിന് വലിയ തുക കപ്പം കൊടുക്കുകയും വേണമായിരുന്നു. അക്കാലത്ത് ശങ്കരനാരായണന്‍ചെട്ടി, ജയന്തന് നമ്പൂതിരി, മാത്തൂതരകന് എന്നിവരായിരുന്നു രാജ്യത്തെ വാണിജ്യ സാമ്പത്തിക മേഖലകള്‍ കൈകാര്യം ചെയ്തിരുന്നത്. ഇവര്‍ ജനങ്ങളില്‍ നിന്നും വലിയതുക പിരിവ് നടത്തിയിരുന്നു. ഇവരുടെ ഭരണത്തിലും ബ്രിട്ടീഷുകാരുടെ ചൂഷണത്തിലും ജനങ്ങള്‍ പൊറുതിമുട്ടി. വേലുത്തമ്പിദളവ ഇവര്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പൊരുതി. ഒടുവില്‍ രാജാവ് വേലുത്തമ്പിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും നികുതിയിളവ് നല്‍കുകയും ദുര്‍നടപ്പുകാരായ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു.” കൂഴവാലി വിശദീകരിച്ചു.
“ആഹാ…” കുട്ടികള്‍ ആവേശത്തോടെ കയ്യടിച്ചു.
ഒന്ന് നീന്തിത്തുടിച്ച് കൂഴവാലി തുടര്‍ന്നു.
“ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിക്കുന്നതിനോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുവാനും വേലുത്തമ്പി പരിശ്രമിച്ചു. കപ്പക്കുടിശ്ശികയായി ഭീമമായ ഒരു തുക നല്‍കണമെന്നും! ഇല്ലാത്തപക്ഷം വേലുത്തമ്പിയെ തടവിലാക്കി തൂക്കിലേറ്റുമെന്നും മെക്കാളെ ഉത്തരവിട്ടു. കാര്യങ്ങള്‍ ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലില്‍ ചെന്ന് അവസാനിച്ചു. എന്നാല്‍ ബ്രിട്ടീഷുകാരുടെ ആയുധബലത്തിന് മുന്നില്‍ പരാജയപ്പെട്ട വേലുത്തമ്പി കുണ്ടറയുള്ള മണ്ണടി ക്ഷേത്രത്തില്‍ അഭയം തേടി. അവിടെവെച്ചും ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരാട്ടം തുടര്‍ന്നു.”
“1809 ജനുവരി 11-ന് ബ്രിട്ടീഷ് നയങ്ങള്‍ക്ക് എതിരെ പൊരുതാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ടുള്ള പരസ്യമായ വിളംബരം നടത്തി. എല്ലാ ജാതി മത സമുദായങ്ങള്‍ക്കും രാജ്യധര്‍മ്മത്തില്‍ തുല്യപങ്കാളി ആണെന്നും നിലവിലുള്ള രാജ്യനിയമങ്ങള്‍ ലംഘിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരമില്ലെന്നും ഇക്കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ രാജ്യത്തെ ഓരോ പൗരനും കടപ്പെട്ടിട്ടുണ്ടെന്നും അതിനായി ജനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും വിളംബരത്തിലൂടെ അദ്ദേഹം അറിയിച്ചു. ഇതാണ് ചങ്ങാതിമാരെ ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം.”
കുഴവാലി പറഞ്ഞുനിര്‍ത്തി. കുട്ടികളുടെ കണ്ണില്‍ വേലുത്തമ്പി എന്ന വീരനായകന്റെ ചിത്രം തെളിഞ്ഞുനിന്നു. കാതുകളില്‍ കുളമ്പടിയൊച്ച മുഴങ്ങി. അപ്പൂപ്പന് കൈകള്‍ കൂപ്പി ചരിത്രപുരുഷനെ വണങ്ങി.
(തുടരും…)
റാണി പി കെ