കുട്ടികളുടെ ആഫ്രിക്ക: ഭാഗം 6
ബെനിന്‍
(കുട്ടികളുടെ ആഫ്രിക്ക പരമ്പരയിലെ മറ്റ് ഭാഗങ്ങള്‍ വായിക്കാം)
ഇന്ന് നമ്മൾ പോവുന്നത് ബെനിൻ എന്ന ആഫ്രിക്കൻ രാജ്യത്താണ്. ഒരുപാട് മലയാളികൾ ബെനിനിൽ താമസിക്കുന്നുണ്ട്. നിരവധി അട്ടിമറികൾക്ക് ശേഷവും ജനാധിപത്യ സംവിധാനം സുസ്ഥിരമായി നിലനിൽക്കുന്ന ഒരു ആഫ്രിക്കന്‍ രാജ്യമാണ് ബെനിൻ.
പണ്ട് പണ്ട് കോളനിവൽക്കരണത്തിന് മുൻപ് “Dahomey” എന്നായിരുന്നു ബെനിൻ അറിയപ്പെട്ടിരുന്നത്. പിന്നീട് 1975 ൽ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ബെനിൻ എന്നായി മാറി.
ബുർകിന ഫാസോയും, നൈജീരിയയും, ടോഗോലാൻഡുമാണ് ബെനിനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. അറ്റ്ലാന്റിക് സമുദ്രവുമായി അതിർത്തി പങ്കിടുമ്പോൾ തന്നെ ഭീതിദവും മനുഷ്യത്വരഹിതവുമായിരുന്ന അടിമക്കച്ചവടത്തിന്റെ നടുക്കുന്ന ഓർമ്മകൾ പേറുന്ന രാജ്യമാണ് ബെനിൻ എന്ന യാഥാർഥ്യം കൂടി ഓർമിപ്പിക്കുന്നു.
ഫ്രഞ്ച് കോളനിയായിരുന്ന ബെനിനിന്റെ തലസ്ഥാനം പോർട്ടോ നോവോയാണ്. കോളനിവൽക്കരണത്തിന് മുൻപ് ചെറിയ ചെറിയ സ്വതന്ത്ര നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ബെനിൻ. വ്യത്യസ്തമായ ഭാഷയും, സാംസ്‌കാരിക, സാമൂഹിക വൈവിധ്യവും പ്രാദേശികമായി ഇപ്പോഴും ബെനിനിൽ നിലനിൽക്കുന്നുണ്ട്. വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകം ബെനിനു അവകാശപ്പെടാനുണ്ട്.
ലോകത്ത് ആദ്യമായി കോപ്പർ, ബ്രോൺസ് എന്നിവ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ സ്വന്തമായുണ്ടായിരുന്ന രാജ്യമാണ് ബെനിൻ. ബെനിനിലെ പഴയ വായനശാലകളും പുരാവസ്തു ഗവേഷകർക്ക് കിട്ടിയ കയ്യെഴുത്ത് പ്രതികളും, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങളും, തടികൊണ്ടുള്ള കരകൗശല വസ്തുക്കളും ചരിത്രത്തിൽ ആ രാജ്യം സഞ്ചരിച്ച സുവർണ കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണെന്ന് പുതിയ തലമുറയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി നാഗദൈവങ്ങളെ ആരാധിക്കുന്ന പാരമ്പര്യം ബെനിനുണ്ട്. നാഗാരാധന കേന്ദ്രങ്ങൾ ബെനിന്റെ മാത്രം പ്രത്യേകതയാണ്. സംഗീതവും, നൃത്തവും ബെനിനിലെ മനുഷ്യരുടെ ജീവിതങ്ങളോട് ഇഴ ചേർന്ന് കിടക്കുന്നു. ചടുലമായ ചുവടുകളോട് കൂടിയ നൃത്ത രൂപങ്ങൾ ബെനിനിലെ ഓരോ തെരുവിനും സ്വന്തമാണ്.
വൂഡോ എന്ന ആരാധന രീതി ബെനിനിൽ ആണ് രൂപംകൊണ്ടത്. പിതൃക്കളെ സ്മരിച്ചുകൊണ്ട്, അവരിലൂടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പ്രാർത്ഥനാ രീതിയാണ് വൂഡോ. വൂഡോയുടെ ആരാധനാക്രമങ്ങൾ, വേഷ വിധാനങ്ങൾ, എല്ലാം തന്നെ ഭയം കലർന്ന ആരാധന വിശ്വാസികളിൽ ഉളവാക്കുന്നുണ്ട്. വൂഡോയുടെ വകഭേദങ്ങൾ പല ആഫ്രിക്കൻ രാജ്യങ്ങളിലും കാണാം. ഇഷ്ടകാര്യ പ്രാപ്തിക്കായി വൂഡോയിൽ അഭയം പ്രാപിക്കുന്ന വിശ്വാസികളെ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാൻ സാധിക്കും. പലരും തങ്ങളുടെ കാര്യസിദ്ധിക്കായി ബെനിനിലേക്ക് വൂഡോ ചെയ്യാൻ വരാറുണ്ട്.
വാമൊഴി സാഹിത്യവും കഥ ചൊല്ലലും ഇപ്പോഴും വളരെ സജീവമായ രാജ്യമാണ് ബെനിൻ. അതുകൊണ്ട് തന്നെ എഴുത്ത് രൂപത്തിലുള്ള ചരിത്രകൃതികളോ രേഖകളോ ലഭിക്കാൻ ബുദ്ധിമുട്ടാണ്. മാത്രവുമല്ല പ്രാദേശികമായി നിലനിൽക്കുന്ന ഭാഷകൾ ലിപിയില്ലാത്തവയാണ്. അതുകൊണ്ട് തന്നെ നാടോടിക്കഥകളും, പുരാണങ്ങളും ഐതിഹ്യങ്ങളും പരമ്പരാഗതമായി ബെനിനിൽ സംരക്ഷിക്കപ്പെട്ടു വരുന്നു.
ചോളമാണ് ബെനിനിലെ പ്രധാന ഭക്ഷണം. കപ്പലണ്ടി അരച്ച കറികളും തക്കാളിക്കറിയുമെല്ലാം ബെനിനിൽ ഉള്ളവരുടെ മുഖ്യാഹാരമാണ്. കിഴങ്ങു വർഗ്ഗങ്ങളും, കോഴിയും, മീനുമെല്ലാം ദൈനംദിന ഭക്ഷണ രീതിയുടെ ഭാഗമാണ്.
ആഫ്രിക്കൻ വൻകരയുടെ വൈവിധ്യം സൂക്ഷിക്കുന്ന ബെനിൻ ഒരുപാട് കഥകൾ കൂട്ടുകാർക്കായി ബാക്കി വെക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉല്‍പ്പാദക പ്രദേശങ്ങളിൽ ഒന്നായിട്ടും ദാരിദ്ര്യം എന്തുകൊണ്ട് വിട്ടൊഴിയാതെ ബെനിനെ പിന്തുടരുന്നു എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള അന്വേഷണം നമ്മളെ പുത്തൻ ബോധ്യങ്ങളിലേക്ക് കൊണ്ടെത്തിക്കും.
ബെനിനിൽ കൂടി ഒരിക്കൽ കൂടി നമ്മൾ പോകേണ്ടി വരും. എങ്കിലും ബെനിനിലെ ഈ ചെറിയ യാത്ര ഈ വിശേഷങ്ങളോട് കൂടി നമുക്കിവിടെ അവസാനിപ്പിക്കാം.
സോമി സോളമന്‍
(എഴുത്തുകാരി, കോളമിസ്റ്റ്)