കിക്കിലികാട്ടിലെ
കുഞ്ഞിക്കുയില്‍
കിക്കിലികാട്ടിൽ അന്ന് പതിവ് ശബ്‌ദങ്ങൾ ഒന്നും കേൾക്കാനില്ല. എല്ലാ കിളികളും മൃഗങ്ങളും പതുങ്ങി പതുങ്ങി ഒച്ചയില്ലാതെ നടന്നും ഇരുന്നും കഴിച്ചുകൂട്ടി.
താക്കി കുയിലിന്റെ കൂട്ടിലിരുന്നു കുഞ്ഞ് ചോദിച്ചു: “എന്തിനാ അമ്മേ അമ്മ കരയുന്നത്?”
“അതേയ്, മരം മുറിക്കാൻ നാട്ടിൽ നിന്ന് മനുഷ്യന്മാർ വന്നിരിക്കുകയാ”, താക്കി മറുപടി പറഞ്ഞു.
അവർ നമ്മളെ എന്തെങ്കിലും ചെയ്യുമോയെന്നു കുഞ്ഞിക്കുയിൽ പേടിയോടെ ചോദിച്ചു.
“അവർ നമ്മുടെ മരത്തിന്റെ അടുത്തൊന്നും ഇല്ല. പക്ഷെ പക്കിപ്പരുന്തിന്റെ കൂടിരിക്കുന്ന മരം വെട്ടിക്കൊണ്ടിരിക്കുകയാ.”
“ആ പരുന്തല്ലേ നമ്മളെ കൊത്തിക്കൊണ്ട് പോകാൻ വരുന്നത്? നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്”, കുഞ്ഞിക്കുയിലിനു പിന്നെയും സംശയം.
അമ്മക്കുയിൽ ചിറകൊന്നു വിടർത്തി കുഞ്ഞിക്കുയിലിനോട് ചേർന്ന് ഇരുന്നു. എന്നിട്ട് പറഞ്ഞു: “അവളുടെ കൂട്ടിൽ മോളെ പോലെ രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്. അതാണ് എനിക്ക് പേടി. പിന്നെ നമ്മൾ കുഞ്ഞുപുഴുവിനേം പഴങ്ങളും ഒക്കെ കഴിക്കുന്ന പോലെ വിശന്നിട്ടാണ് പക്കി നമ്മളെ കഴിക്കുന്നത്. മനസ്സിലായോ?”
കുഞ്ഞിക്കുയിൽ തലയാട്ടി.
അമ്മക്കുയിൽ തുടർന്നു: “ലോകത്ത് സസ്യഭുക്കുകൾ ഉണ്ട്, മാംസഭുക്കുകൾ ഉണ്ട്, പിന്നെ രണ്ടും കഴിക്കുന്ന മിശ്രഭുക്കുകളുമുണ്ട്. എല്ലാവരും പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയെ മറികടന്ന് ജീവിക്കാൻ നമുക്ക് കഴിയില്ലല്ലൊ. എന്നാലും അപകടങ്ങൾ വരാതെ ശ്രദ്ധിക്കാൻ നമുക്ക് കഴിയും”.
കുഞ്ഞിക്കുയിൽ എല്ലാം കേട്ടിരുന്നു.
താക്കി കുഞ്ഞിക്കുയിലിനെ പിന്നെയും പിന്നെയും ചേർത്തുപിടിച്ചു.
അഖില എം