അലക്കിയ തുണികൾ ഇനിയും ഉണങ്ങാനുണ്ട്
അലക്കിയിട്ട തുണികൾ
അയയിൽ ഇപ്പോഴും
നനഞ്ഞു കിടക്കുന്നു.
വെയിലത്ത് ഏറെ നേരം
ആറിയിട്ടിട്ടും നനവ്
ഇപ്പോഴും ബാക്കിയാണ്.
തൗബകളേറെ ചെയ്തിട്ടും
പരിവർത്തനമേൽക്കാത്ത
ഹൃദയം പോലെ
അതിലിപ്പോഴും
ചെറിയ ദുർഗന്ധമുണ്ട്.
നനഞ്ഞു കിടന്ന തുണികൾ കണ്ടു
വീട് കാണാൻ വന്ന
എളാപ്പയുടെ ഉപദേശം കേട്ട്
കാമുകി എന്നെ മൂന്ന് മൊഴിയും ചൊല്ലി.
നനഞ്ഞ തുണിയുടെ
ശകുനം ദർശിക്കയാലെ,
വീട്ടു മുറ്റത്ത്
നടന്നു കണ്ണൂക്കും പതിനാലും
പിന്നെ അടിയന്തിരത്തിൻ
ചടങ്ങുകളും.
എന്നിട്ടും
അലക്കിയ തുണികൾ
ഇനിയും ഉണങ്ങാനുണ്ട്
മനംപിരിക്കും മണവും
ഇപ്പോഴും ബാക്കിയുണ്ട്.
*തൗബ: പശ്ചാത്താപം
മുജീബ് മുസാഫിർ
ദുബായ് ചാപ്റ്റർ