തവളക്കുഞ്ഞിന്റെ മോഹം
കുണ്ടു കിണറ്റിൻ ഉള്ളിലിരിക്കും
കുഞ്ഞിത്തവളക്കൊരു മോഹം
ആകാശത്തങ്ങോടി നടക്കും
അമ്പിളിമാമനെ കൈയേറാൻ
അമ്മ വിളമ്പിയ തുമ്പച്ചോറും
കാച്ചിയ മോരും പപ്പടവും
മുറ്റത്തങ്ങു വിതർത്തി വിരിച്ചോ-
രോണ നിലാവും തൂവെയിലും
കൂട്ടരോടൊത്തു കളിച്ചു മദിക്കെ
തവളക്കുഞ്ഞിന് കൊതിയായി
ആകാശത്തങ്ങോടി നടക്കും
അമ്പിളി മാമനു മേലേറാൻ
കണ്ടു മടുത്തൊരു കുണ്ടൻ കിണറും
ഉണ്ടു മടുത്തൊരു പാൽച്ചോറും
എല്ലാം വിട്ടു കരുത്തു നിറഞ്ഞൊരു
ഹിമവൽ ചാട്ടം ചാടേണം
ആകാശത്തങ്ങോടി നടക്കാൻ
ഉല്ലാസത്തിരി കത്തിക്കാൻ
കൂടെ ചാടി മറിഞ്ഞു കളിക്കാൻ
നക്ഷത്ര കുഞ്ഞുണ്ടാകും
കാലത്തങ്ങനെ ചുറ്റിയടിക്കാൻ
സ്വർണ നിലാവ് വിരിപ്പുണ്ട്
മുങ്ങാംകുഴിയങ്ങിട്ടു തുടിക്കാൻ
നീലാകാശ കുളമുണ്ട്
ഓടിച്ചാടി ഒളിച്ചു കളിക്കാൻ
മേഘപ്പഞ്ഞിക്കെട്ടുണ്ട്
പിന്നെയുമെന്തിന് കുണ്ടൻ കിണറിൽ
സ്വന്തം ജീവൻ ഹോമിപ്പൂ ?!
തവളക്കുഞ്ഞിൻ ചോദ്യം കേ-
ട്ടമ്മത്തവള ഇരുന്നേ പോയ്
മാവിൻ കൊമ്പിലെ അണ്ണാൻ മാമൻ
കിലുകിലെയെന്നു ചിരിച്ചേ പോയ്
മുറ്റത്തെല്ലാം തത്തി നടന്നൊരു
മുത്തശ്ശിക്കിളി ചോദിച്ചു
മാനത്തങ്ങനെ പാറി നടക്കാൻ
തവളക്കുഞ്ഞിന് ചിറകുണ്ടോ?
കുണ്ടു കിണറ്റിൻ വക്കിലിരിക്കും
കാക്കച്ചേട്ടൻ കോപിച്ചു
കൊത്തിലൊതുങ്ങാ കൊത്തി എടുത്താൽ
നട്ടെല്ലൊടിയും സൂക്ഷിച്ചോ !
എന്തുപറഞ്ഞും ചൊല്ലി വിളിച്ചും
തവളക്കുട്ടൻ കേട്ടില്ല
പിറ്റേന്നാളിൽ കൂട്ടരോടെല്ലാം
യാത്ര പറഞ്ഞു പുറപ്പെട്ടു….
ഓരോ നാളും ചന്ദ്രനുദിക്കെ
കുഞ്ഞിനെ വീണ്ടും കാണാനായ്
പൊള്ളക്കണ്ണിൽ വെള്ളവുമായി
അമ്മത്തവള ഇരിപ്പായി
ചന്ദ്രനുദിക്കും ദിക്കും നോക്കി
സന്ധ്യ മയങ്ങും നേരത്ത്
കുഞ്ഞിൻ പേര് വിളിച്ചും കേണും
അമ്മത്തവള തപസ്സായി
പാട വരമ്പും വേലിപ്പൊത്തും
പൊട്ടക്കുളവുമുപേക്ഷിച്ച്
അമ്പിളി മാമൻ മടിയിലിരിക്കും
പൊന്നോമനയെ കാണാനായ്
അമ്മത്തവളക്കകമ്പടിയായി
കൂട്ടരുമെന്നും വരവായി
പേക്രോം പേക്രോം ചൊല്ലി വിളിച്ചാ
തവളക്കൂട്ടം വരവായി…
പി ശ്രീകല, അധ്യാപിക,
ദുബായ് ചാപ്റ്റർ