പൂക്കളെ കാണുമ്പോൾ
നല്ല ഭംഗിയുള്ള ഒരു കുല പൂവ്. വണ്ണം കുറഞ്ഞ ഒരു കമ്പിൽ ഒരറ്റത്തുനിന്നും ഇടവിട്ട് ഇടവിട്ട് ചുറ്റും തുരുതുരാ വെളുത്ത പൂക്കൾ. പൂക്കുല പ്രദർശിപ്പിച്ചു കൊണ്ട് ജിസ്ന ടീച്ചർ ചോദിച്ചു.
“ഈ പൂക്കളുടെ പേര് പറയാമോ?”
കുട്ടികൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ചിലർ ആദ്യമായി പൂക്കൾ കാണുന്ന പോലെ നോക്കിയിരുന്നു.
പൂക്കളുടെ പേര് മാത്രം ആർക്കും കിട്ടിയില്ല.
ടീച്ചർ പൂക്കളുമായി ഓരോരുത്തരേയും സമീപിച്ചു. രശ്മി, വിവേക് എന്നിവർ പൂക്കൾ കൈയ്യിൽ വാങ്ങി പരിശോധിച്ചു.
പക്ഷേ അവർക്കും പൂക്കളുടെ പേര് മാത്രം കിട്ടിയില്ല.
ഷബ്ന എഴുന്നേറ്റു നിന്നു. എല്ലാവരും അവളെ തന്നെ നോക്കി.
“ടീച്ചർക്ക് എവിടുന്നാ ഈ പൂക്കൾ കിട്ടിയത് !”
കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ചിലരെങ്കിലും ഷബ്ന പൂവിന്റെ പേരു പറയും എന്ന് കരുതിയിരുന്നു.
ടീച്ചർ കുട്ടികളുടെ മുന്നിൽ വന്നുനിന്ന് ചോദിച്ചു
“ശരി ഈ പൂക്കളുടെ പേര് അറിയാൻ എന്താ വഴി?”
“പൂവിന്റെ ഫോട്ടോ എടുത്ത് ഗൂഗിൾ ചെയ്താൽ മതി.” ഫയാസ് പറഞ്ഞു.
“ശരി അത് ഒരു മാർഗമാണ്.”
“ആരുടെയെല്ലാം വീട്ടുകളിലാണ് പൂക്കൾ ഉള്ളത്?”, ടീച്ചർ മറ്റൊരു ചോദ്യം പുറത്തെടുത്തു.
അതുൽ ഒഴികെ എല്ലാവരും കൈ ഉയർത്തി
“ഫയാസിന്റെ വീട്ടിൽ എത്ര തരം പൂക്കൾ ഉണ്ടാവും? എത്ര പൂക്കളുടെ പേരറിയും?” ടീച്ചർ ചോദിച്ചു
“ഉമ്മാക്ക് കുറെ ചെടികളുടെ പേരുകൾ അറിയും ഇനി വരുമ്പോൾ ചോദിച്ച് വരാം.” ഫയാസ് അല്പം വിഷമത്തോടെ പറഞ്ഞു.
“നമുക്ക് ഇന്ന് പൂക്കളുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനം ആവാം… എന്താ തയ്യാറല്ലേ…?”
“ശരി ടീച്ചർ….”
കുട്ടികൾ ഒന്നിച്ചു പറഞ്ഞു.
“ഈ പൂക്കൾ കണ്ടപ്പോൾ എന്താണ് തോന്നിയത്?”
“മണത്തു നോക്കണം എന്ന് തോന്നി…” രശ്മി പറഞ്ഞു
“തൊട്ടു നോക്കാനാണ് എനിക്ക് തോന്നിയത്.” ഷിനിൽ പറഞ്ഞു
“ഇത് ഏതു തരം ചെടിയിലാണ് ഉണ്ടാവുക എന്നാണ് ഞാൻ ചിന്തിച്ചത്.”
അങ്ങനെ ഓരോരുത്തരും പറയാൻ തുടങ്ങി
ടീച്ചർ തടഞ്ഞുകൊണ്ട് പറഞ്ഞു.
“നിങ്ങളുടെ മനസിൽ വന്ന ചിന്തകൾ നോട്ടുബുക്കില്‍ എഴുതണം.”
കുട്ടികൾ എല്ലാവരും എഴുത്തിൽ മുഴുകി. ടീച്ചർ അവർ എഴുതുന്നതും നോക്കി നിന്നു .
ലൈബ്രറിയോട് ചേർന്നുള്ള ഒരു ചെറിയ ഹാളിലാണ് മലയാളം മിഷന്റെ ക്ലാസ് നടക്കുന്നത്. ലൈബ്രറിക്ക് മുൻവശം ചെറിയ ഒരു പുൽത്തകിടി. അരികിൽ ഉയർന്നു നിൽക്കുന്ന മരങ്ങൾ.
“എഴുതി ടീച്ചർ ” വിവേക് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
ടീച്ചർ മുറ്റത്തു നിന്നും തന്റെ ശ്രദ്ധ പറിച്ചെടുത്ത് കുട്ടികളുടെ നേരെ നോക്കി.
“ശരി നമുക്ക് അടുത്ത പ്രവർത്തനത്തിലേക്ക് കടക്കാം. ഓരോരുത്തർക്കും ഈ പൂക്കളോട് ചോദ്യങ്ങൾ ചോദിക്കാം. പൂക്കൾക്കു വേണ്ടി ടീച്ചർ മറുപടി പറയും. ഒരാൾ ചോദിച്ച ചോദ്യം മറ്റുള്ളവർ ആവർത്തിക്കരുത്.
മറ്റുള്ളവർ ചോദിക്കാനിടയുള്ള ചോദ്യങ്ങൾ ഒഴിവാക്കണം. അതിനായി എല്ലാവരും ചുരുങ്ങിയത് 5 ചോദ്യങ്ങളെങ്കിലും എഴുതണം. എഴുതി കഴിഞ്ഞാൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം തരും.”
കുട്ടികൾ എഴുത്തിൽ മുഴുകി.
ടീച്ചർ വാച്ചിൽ നോക്കിക്കൊണ്ട് പറഞ്ഞു.
“ഇന്ന് എല്ലാ ചോദ്യങ്ങളും ചോദിക്കാൻ സമയം തികയും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ഞാൻ കൊണ്ടുവന്ന ഈ പൂവിനെ കുറിച്ച് പറയാം.”
“ഇത് കാപ്പിച്ചെടിയുടെ പൂക്കളാണ്. കാപ്പിക്കൃഷിയെ കുറിച്ച് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട ഒരു കഥ ഇതാണ്.”
കാലി മേയ്ക്കുന്ന ഒരു കുട്ടി തന്റെ ആടുകൾ ഒരു കുറ്റിച്ചെടിയുടെ കായ്ക്കുലകൾ ചവച്ച് ഉൻമാദത്തോടെ തുള്ളിച്ചാടുന്നത് ശ്രദ്ധിച്ചു. അയാളും അത് രുചിച്ചു നോക്കുകയും ഉത്തേജിക്കപ്പെടുകയും ചെയ്തു. അതിലെ വന്ന ഒരു സന്യാസി കുട്ടിയെ ഈ അവസ്ഥയിൽ കാണുകയും അദ്ദേഹവും അതു രുചിച്ചുനോക്കുകയും ചെയ്തു. തന്റെ ആശ്രമ പരിസരത്ത് നീല നൈൽ നദി മൂലം ഉണ്ടായ ടാണ തടാകക്കരയിൽ നട്ടുവളർത്തുകയും ചെയ്തു. അദ്ദേഹം അത് വിളവെടുത്ത് തിളപ്പിച്ച് അനുയായികൾക്ക് കൊടുത്തു. അതിന്റെ ഫലമായി രാത്രികാലത്തെ ദീർഘമായ പ്രാർത്ഥനകളിൽ അവർ എഴുന്നേറ്റിരുന്നു. അങ്ങിനെ കാപ്പി ഒരു ഉത്തേജന പാനിയം എന്ന് അംഗീകരിക്കപ്പെട്ടു. സീഗ് എന്ന സ്ഥലത്ത് കാപ്പിച്ചെടി ആരാധിക്കപ്പെടുന്നു. ഇവിടെ നിന്ന് ആയിരക്കണക്കിന് ചെടികൾ സങ്കര ഇനങ്ങൾ ഉണ്ടാക്കുന്നതിന് ഏത്യോപ്യൻ കോഫി റിസർച്ച് സെന്റർ ഉപയോഗപ്പെടുത്തുന്നു. കാപ്പിയുടെ ഉത്ഭവം ആഫ്രിക്കയിലെ എത്യോപ്യൻ പീഠഭൂമിയിലാണെന്ന് കരുതുന്നു. കാപ്പിയെ കുറിച്ച് പറയാൻ ധാരാളം ഉണ്ട്. ഇന്ന് ലോകം മുഴുവൻ കാപ്പി ഉപയോഗിക്കുന്നു. ആഫ്രിക്കയിൽ നിന്നും കാപ്പിയുടെ ലോക സഞ്ചാരം തന്നെ ആലോചിക്കാൻ രസമാണ്.
(കാപ്പിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. മികച്ച കുറിപ്പുകൾ പൂക്കാലത്തിന് അയക്കാൻ മറക്കരുത്. തെരഞ്ഞെടുത്ത കുറിപ്പുകൾ പൂക്കാലത്തിൽ പ്രസിദ്ധീകരിക്കും.)

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ