രാജകുമാരനും
രാക്ഷസനും
ഭാഗം 6
കഥയുടെ മറ്റ് ഭാഗങ്ങൾ വായിക്കാം – രാജകുമാരൻ
ഭീമൻ മത്സ്യത്തിന്റെ ഗർജ്ജനങ്ങൾക്കിടയിൽ രാജകുമാരൻ ആയയോട് പറഞ്ഞു.
“അമ്മ രാജകുമാരിയെ കിടത്തിയിട്ടുള്ള ഈ പെട്ടിയിൽ കയറി കിടന്നുകൊള്ളൂ. രാജകുമാരിയെയും അമ്മയെയും ഇവിടെ നിന്നും രക്ഷിക്കാൻ ഞാൻ എത്തിയ വിവരം രാജകുമാരിയെ അറിയിക്കുക.”
“പക്ഷെ നദിയിൽ കൂടി എങ്ങിനെ നമ്മൾ രക്ഷപ്പെടും?”
ആയ സംശയം പ്രകടിപ്പിച്ചു.
“എനിക്ക് നന്നായി നീന്താനറിയാം. നിങ്ങൾ കയറിയ പെട്ടി മരം കൊണ്ട് ഉണ്ടാക്കിയിട്ടുള്ളതിനാൽ വെള്ളത്തിൽ പൊങ്ങി കിടന്നോളും”
“പക്ഷെ ആ ഭീമൻ മത്സ്യം കുമാരനെ ആക്രമിക്കില്ലേ?”
“ആ മത്സ്യത്തെ ഞാൻ ഈ വലക്കുള്ളിലാക്കും. ലോകത്തിലെ ഏറ്റവും ശക്തികൂടിയ മത്സ്യത്തെ വരെ പിടിച്ചു കെട്ടാൻ പ്രാപ്തിയുള്ള വലയാണിത്. എനിക്ക് ഒരു മുക്കുവ വൃദ്ധൻ അദ്ദേഹത്തിനെ ഒരു മുതലയിൽ നിന്നും രക്ഷിച്ചതിന് എനിക്ക് നൽകിയ മാന്ത്രിക വലയാണിത്. “
രാജകുമാരൻ നൽകിയ ധൈര്യം കൊണ്ട് സന്തോഷവതിയായ ആയ കുമാരിയെ അടച്ച പെട്ടിക്കുള്ളിൽ കയറി കിടന്നു.
കുമാരൻ ഗുഹയുടെ വലിയ വാതിൽ സർവ്വ ശക്തിയുമെടുത്ത് തുറന്നു. ഭീമൻ മൽസ്യം ഗർജ്ജിച്ചുകൊണ്ട് അവർക്കടുത്തെത്തിയതും രാജകുമാരൻ മാന്ത്രികവലയെറിഞ്ഞുകൊണ്ട് നദിയുടെ അക്കരക്കെത്തിച്ച് അതിനെ വധിച്ചു.
അനന്തരം അതിന്റെ ചെതുമ്പലുകൾ അടർത്തിയെടുത്ത് തന്റെ മുക്കുവ കുപ്പായത്തിന്റെ കീശകളിൽ നിക്ഷേപിച്ചു. വെള്ളത്തിൽ പൊങ്ങി കിടന്ന പെട്ടി വലയെറിഞ്ഞു തീരത്തേക്കടുപ്പിച്ചു.
പെട്ടി തുറന്ന് ആയയും രാജകുമാരിയും പുറത്തിറങ്ങി. രാജകുമാരിയുടെ ജ്വലിക്കുന്ന സൗന്ദര്യത്തിനു മുൻപിൽ രാജകുമാരൻ ഒരു നിമിഷം സ്വപ്നത്തിലെന്നപോലെ സ്തബ്ധനായി നിന്നുപോയി.
“കുമാരൻ എന്നെ രക്ഷിക്കുവാനായി വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ. എന്തുകൊണ്ടാണ് തിരിച്ചുവരാൻ ഇത്രയും വൈകിയത്?”, രാജകുമാരി ചോദിച്ചു.
രാജകുമാരൻ ഗുഹയിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷമുള്ള സംഭവങ്ങൾ വിശദമായി കുമാരിയെ ധരിപ്പിച്ച ശേഷം പറഞ്ഞു.
“കുമാരി രാക്ഷസനിൽ നിന്നും എന്റെ ജീവൻ രക്ഷിച്ചു. കുമാരിയുടെ ജീവൻ രക്ഷിക്കാൻ ഒരു അവസരം ഉണ്ടായതിൽ എനിക്കും അതിയായ സന്തോഷമുണ്ട്. എന്നാൽ എന്റെ ജീവൻ ഒരിക്കൽ കൂടി രക്ഷിക്കുവാൻ ഞാൻ അപേക്ഷിക്കുകയാണ്.”
രാജാവിന്റെ മകളെക്കാൾ സുന്ദരിയായ പെൺകുട്ടിയെ കൊട്ടാരത്തിൽ ഹാജരാക്കുവാൻ വാക്കുകൊടുത്ത കാര്യവും വിശദീകരിച്ചു.
രാജകുമാരി കുമാരനോടൊപ്പം കൊട്ടാരത്തിലേക്ക് പോകാൻ സന്തോഷത്തോടെ സമ്മതിച്ചു.
അവർ ലോകത്തിലെ ഏറ്റവും സുന്ദരിയായ രാജകുമാരി എന്ന് അവകാശപ്പെടുന്ന രാജാവിന്റെ കൊട്ടാരത്തിലേക്കുള്ള യാത്ര ആരംഭിച്ചു.
നീണ്ട യാത്രക്ക് ശേഷം അവർ കൊട്ടാരത്തിലെത്തിച്ചേർന്നു. രാജകുമാരിയെ പെട്ടിയിലാക്കി ആയ തലയിൽ ചുമന്നുകൊണ്ടാണ് അവിടെ എത്തിയത്. അപ്പോൾ കൊട്ടാരത്തിലെ ഭടന്മാർ മുക്കുവവേഷത്തിലുള്ള രാജകുമാരനെ വധിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങി. ആ രാജ്യത്തെ രാജകുമാരിയേക്കാൾ സുന്ദരിയായ പെൺകുട്ടിയെ ഈ മുക്കുവ യുവാവിന് കൊട്ടാരത്തിൽ ഹാജരാക്കാൻ പറ്റില്ലെന്ന് അവർ വിശ്വസിച്ചു.
വൃദ്ധയായ ആയയെയും അവർ തലയിൽ ചുമന്നുകൊണ്ടുവന്ന പെട്ടിയും കണ്ട അവർ മുക്കുവ യുവാവിനെ പരിഹസിച്ചു ചിരിക്കുവാൻ തുടങ്ങി. ഭടന്മാർ യുവാവിനെ പിടിച്ചുകെട്ടി വധശിക്ഷ നടപ്പാക്കുവാൻ തയ്യാറെടുത്തു.
“എന്നെ വധിക്കുന്നതിനു മുൻപ് എനിക്ക് ഒരു നിമിഷം സമയം തരൂ” കുമാരൻ അഭ്യർത്ഥിച്ചു.
രാജാവ് കുമാരന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് തലയാട്ടി. ഭടന്മാർ കുമാരനെ ബന്ധനത്തിൽ നിന്നും മുക്തനാക്കി. കുമാരൻ തന്റെ മുക്കുവ കുപ്പായത്തിന്റെ കീശയിൽ നിന്ന് വെള്ളി നിറത്തിലുള്ള മീൻ ചെതുമ്പലുകൾ വാരിയെടുത്ത് അന്തരീക്ഷത്തിലേക്കെറിഞ്ഞു. കൊട്ടാരമുറ്റം വെള്ളി നിറത്തിലുള്ള മേഘപടലം കൊണ്ട് തിളങ്ങി നിന്നു.
ഒരു നിമിഷം കൂടി വേണമെന്ന് പറഞ്ഞ ശേഷം വീണ്ടും കുമാരൻ കീശയിൽ നിന്നും സ്വർണ്ണ വർണ്ണത്തിലുള്ള ചെതുമ്പലുകൾ വാരി വിതറി. അപ്പോൾ അവിടം മുഴുവൻ സ്വർണ്ണ മേഘങ്ങൾ കൊണ്ട് നിറഞ്ഞു.
വെള്ളിമേഘങ്ങളും സ്വർണ്ണമേഘങ്ങളും മാഞ്ഞപ്പോൾ അവിടെ അതിസുന്ദരിയായ പെൺകുട്ടി പ്രത്യക്ഷയായി. ആ സുന്ദരിയെ രാജഭടന്മാരും അന്തപുര വിവാസികളും അദ്‌ഭുതത്തോടെ നിക്കി നിന്നു. രാജാവും അതിശയം കൊണ്ട് വാക്കുകൾ നഷ്ടപ്പെട്ടവനെ പോലെ കുറെ നേരം നിശബ്ദനായി. തന്റെ മകളേക്കാൾ ഈ കുമാരി എത്രയോ സൗന്ദര്യവതിയാണെന്ന് പ്രഖ്യാപിക്കുകയും മുക്കുവ വേഷത്തിലുള്ള രാജകുമാരനെ
അഭിനന്ദിക്കുകയും ചെയ്തു.
രാജകുമാരനും ആയയും രാജകുമാരിയും കുമാരിയുടെ സ്വന്തം രാജ്യത്തേക്ക് യാത്ര തിരിച്ചു. കുമാരിയുടെ തിരോധാനത്തിൽ ദുഖിച്ചു കഴിഞ്ഞിരുന്ന രാജാവും കുടുംബവും കൊട്ടാരത്തിലെത്തിയ അവരെ കണ്ടപ്പോൾ വളരെ അധികം സന്തോഷിച്ചു. ഉണ്ടായ സംഭവങ്ങൾ രാജാവിനെ ധരിപ്പിച്ചു. രാജാവും കുടുംബവും രാജകുമാരന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഗംഭീരമായ വിരുന്നു നൽകി കുമാരനെ യാത്രയാക്കി. രാജകുമാരൻ തന്റെ സാഹസിക യാത്ര തുടർന്നു.
(തുടരും)

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു