കഥയിലെ നര്‍മ്മദ നദി

ലോകം മുഴുവനുമുണ്ടാക്കിയിരിക്കുന്നത് കഥകള്‍ കൊണ്ടാണ്. ചില കാര്യങ്ങള്‍ കേട്ടാല്‍ അതു ശരിയാണെന്നു തോന്നിപ്പോകും. കഥകള്‍ കൊണ്ടുള്ള നിര്‍മ്മിതികളുടെ കൂട്ടത്തില്‍ നദികളും പര്‍വ്വതങ്ങളും ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ മഹാനദിയായ ഗംഗയുടെ ഉത്ഭവത്തിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. അതുപോലെ തന്നെയാണ് മധ്യപ്രദേശില്‍ നിന്നാരംഭിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് വഴിയൊഴുകി അറബിക്കടലില്‍ പതിക്കുന്ന നദിയായ നര്‍മ്മദയുടെ കാര്യവും. തപസ്സില്‍ മുഴുകിയിരുന്ന ശിവന്റെ ശരീരത്തില്‍ നിന്നിറ്റുവീണ വിയര്‍പ്പ് ഒരു ചെറുകുളമായി തളംകെട്ടി അതില്‍ നിന്നാണ് നര്‍മ്മദ പിറന്നതെന്ന് ഒരു കഥയുണ്ട്. അതല്ല ബ്രഹ്മാവിന്റെ കണ്ണില്‍ നിന്നടര്‍ന്ന ഇരുനീര്‍ത്തുള്ളികളില്‍ നിന്നാണ് ഈ നദി തുടങ്ങിയത് എന്നും പറയാറുണ്ട്.

മധ്യപ്രദേശിലെ അമര്‍കാന്ദകിലാണ് നര്‍മ്മദ നദിയുടെ തുടക്കം. അതിനെ കുറിച്ച് ഈ ദിക്കിലെ ആദിമനിവാസികളുടെ ഇടയില്‍ ഒരു കഥയുണ്ട്. രസകരവും മനുഷ്യപ്പറ്റുള്ളതുമായ ഒരു കഥയാണത്.

പണ്ടു പണ്ടൊരിക്കില്‍ രേവയിലെ ഭരണാധിപനും ഭാര്യയും പലനാടുകള്‍ ചുറ്റിത്തിരിഞ്ഞ് അമര്‍കാന്ദക് വനനിരകളില്‍ എത്തി. നാടുമുഴുവനുമുള്ള അലഞ്ഞു തിരിയല്‍ ഇനി മതിയാക്കാം എന്നു തീരുമാനിച്ചു അങ്ങനെ അവരവിടെ താമസമാരംഭിച്ചു.

കാലങ്ങള്‍ പോയപ്പോള്‍ രേവാ നായകിന് ഒരു ത്വക് രോഗം വന്നു. അടുത്തുള്ള മുളകളും വാഴകളും നിറഞ്ഞ കാട്ടുചോലയിലെ ജലം അതീവ ഔഷധഗുണമുള്ളതായിരുന്നു. അതു പുരട്ടിയതോടെ അദ്ദേഹത്തിന്റെ രോഗം ശമിച്ചു.

ജോഹേലയായിരുന്നു അവരുടെ പുത്രി. ജോഹേലയുടെ അച്ഛനമ്മമാര്‍ പുറത്തു പോയി, അവിടെ ഒച്ചയും ബഹളവും അവസാനിച്ചാല്‍ മുളങ്കാട്ടിനുള്ളില്‍ നിന്നൊരു പെണ്‍കുട്ടി എന്നും പുറത്തിറിങ്ങി വന്നിരുന്നു. അന്തിയാവുവോളം ആ കുട്ടികള്‍ കളികളിലേര്‍പ്പെട്ടു. അകലെ നിന്നും ജോഹേലയുടെ മാതാപിതാക്കള്‍ വരുന്നതു കാണുമ്പോള്‍ അവള്‍ ചോലയ്ക്കുള്ളില്‍ മറയുകയും ചെയ്തു.

ഒരു ദിവസം പതിവിലും നേരത്തേ രേവാനായകും ഭാര്യയും മടങ്ങിവരികയും തങ്ങളുടെ പുത്രിയുടെ കളിക്കൂട്ടുകാരിയെ നേരില്‍ക്കാണുകയും ചെയ്തു.

“നീയാരാണ് മകളേ?” ജോഹേലയുടെ അമ്മയുടെ ചോദ്യത്തിനുത്തരമായി എന്റെ പേര് നര്‍മ്മദയാണ് എന്നവള്‍ വെളിപ്പെടുത്തി.

ഉറ്റവരില്ലാത്ത നര്‍മ്മദയെ അവര്‍ തങ്ങളുടെ മകളുടെ ഒപ്പം വളര്‍ത്താന്‍ തീരുമാനിച്ചു. കാലം നീങ്ങിക്കൊണ്ടിരുന്നു. വിവാഹപ്രായമെത്തിയപ്പോള്‍ സോണ്‍ഭദ്ര എന്ന യുവാവുമായി നര്‍മ്മദയുടെ കല്ല്യാണം തീര്‍ച്ചപ്പെടുത്തുകയും ചെയ്തു.

വിവാഹദിനമായി. വരനും സംഘവും ഘോഷയാത്രയായി പന്തലിലേക്ക് വരുന്നതിന്റെ ഘോഷം അകലെ നിന്നും കേട്ടു തുടങ്ങി.

“ഏടത്തീ. ഞാന്‍ നിങ്ങളുടെ വരനും സംഘവും ചമഞ്ഞൊരുങ്ങി വരുന്നത് ഒന്നു കണ്ടോട്ടേ! ഏട്ടത്തിയുടെ ആഭരണങ്ങും വസ്ത്രങ്ങളും ഒന്നു തരു. ദാ. ഇപ്പോള്‍ തിരികെ മടങ്ങിയെത്താം.”
ജോഹേല അവളോട് ആഗ്രഹം വെളിപ്പെടുത്തി. നര്‍മ്മദ സമ്മതിച്ചു.

സമയം നീങ്ങിയിട്ടും ഘോഷയാത്ര കാണാന്‍ പോയ ജോഹേല തിരിച്ചെത്തിയില്ല. വിവാഹത്തിനു ധരിക്കാനുള്ള ആടയാഭരണങ്ങള്‍ നര്‍മ്മദയ്ക്ക് തിരികെ കിട്ടിയില്ല. പന്തലില്‍ കല്ല്യാണമേളം ആരംഭിച്ചിരിക്കുന്നു.
ഇതെന്തു പറ്റി?

വിവാഹവേദിയിലെത്തുമ്പോള്‍ നര്‍മ്മദ വധൂവേഷത്തില്‍ ജോഹേലയെ കണ്ടു. സോണ്‍ഭദ്ര അവളെ മംഗല്യസൂത്രമണിയിക്കുന്നു.

നര്‍മ്മദ തന്റെ ശരിക്കുള്ള രൂപത്തിലേയ്ക്ക് മാറി. ക്രൂദ്ധയായി പാഞ്ഞടുക്കുന്ന നര്‍മ്മദാനദിയെ കണ്ട് നവ ദമ്പതികള്‍ ഇരുവശത്തേയ്ക്കായി ഭയന്നോടി. നര്‍മ്മദ എതിര്‍ദിശയില്‍ അവര്‍ക്കു നേരെ പാഞ്ഞു.
സോണ്‍ഭദ്രയുടെ സഹോദരനായ ഭീം അവളുടെ ഒഴുക്ക് തടയാനായി ലിന്‍ഗോ, ധൂതി എന്നി മലകളെ ജലപാതയിലേയ്ക്ക് വലിച്ചിട്ടു. നര്‍മ്മയുടെ ശക്തമായ പ്രവാഹത്തില്‍ അവയില്‍ വിള്ളലുകള്‍ ഉണ്ടാകുകയും മലകള്‍ക്കിടയിലൂടെ അവള്‍ പ്രവാഹം തുടരുകയും ചെയ്തു. ഒഴുകിയൊഴുകി കപിലധാരയില്‍ എത്തി നര്‍മ്മദ താഴേയ്ക്ക് ചാടി. വെള്ളച്ചാട്ടമുണ്ടായി. ഭീംകുണ്ടിയില്‍ വച്ച് വീണ്ടും തടസ്സമുണ്ടാക്കാന്‍ ഭീം ശ്രമിച്ചു. ഉടനെ നര്‍മ്മദ ഒരു മത്സ്യമായി മാറി. ഭൂമിതുരന്ന് ഉള്ളിലേയക്ക് പാഞ്ഞു. പഞ്ചധാരയില്‍ വീണ്ടും ജലപ്രവാഹമായി പുറത്ത് വന്നു.

ഭൂമിയില്‍ നടന്നക്കുന്ന ഈ ഉഗ്രന്‍ ബഹളങ്ങളെല്ലാം കണ്ടുകൊണ്ട് എല്ലാ ദേവതകളും അവിടെ എത്തിച്ചേര്‍ന്നു. നര്‍മ്മദയോട് സാവധാനം, അലസമായി മലനിരകളിലൂടെയും സമതലങ്ങളിലൂടെയും ഒഴുകിപോകാനും അവരെല്ലാം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നര്‍മ്മദയതു കേട്ടു.

ഭാരതത്തിന്റെ കിഴക്കുഭാഗത്തു പിറന്ന നര്‍മ്മദ അങ്ങനെ ജീവജാലങ്ങള്‍ക്ക് കുടിനീര്‍ പകര്‍ന്ന് ദീര്‍ഘം ഒഴുകുന്നു. പടിഞ്ഞാറ് ഗുജറാത്തിലെ ഘംബാറ്റില്‍ വച്ച് കടലില്‍ ചേരുന്നു.

നര്‍മ്മദയ്ക്ക് രേവയെന്നും പേരുണ്ട്. സോണ്‍ഭദ്രയും ജോഹേലയും മറ്റു രണ്ടു നദികളുമാണ്.

കുട്ടികളും കളിയും വഴക്കും കല്ല്യാണവുമൊക്കെയുള്ളയുള്ള നര്‍മ്മദയുടെ പിറവിയെ സംബന്ധിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ ഈ നാടോടിക്കഥ എങ്ങനെയുണ്ട്?

പി കെ സുധി

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content