എന്റെ പ്രണയം
മനസ്സും മണ്ണും കുളിർപ്പിച്ചു
ആനന്ദിപ്പിക്കാനെത്തുന്ന
നനുനനുത്ത
മഴയോടെനിക്കെന്നും
പ്രണയം
തീരത്തെ പുണർന്നു, ചുംബിച്ചു,
സ്നേഹം പങ്കിടാനെത്തുന്ന
കുസൃതിക്കാരിയാം
തിരയോടെനിക്കെന്നും
പ്രണയം
തനുവിനെ തഴുകി
കിന്നാരം പറഞ്ഞു
ശാന്തമായ് നീങ്ങുന്ന
കള്ള തെന്നലിനോടെനിക്കെന്നും പ്രണയം
കളകളം പൊഴിച്ചും, മനം നിറച്ചും
കുണുങ്ങിയൊഴുകും
അരുവിതൻ
കിന്നാരത്തോടെനിക്കെന്നും പ്രണയം
ഏകാന്തമാം താഴ് വരയിലെ
അനുഭൂതി ഉണർത്തുന്ന
ശ്രവ്യ മധുരമാം
സംഗീതത്തോടെനിക്കെന്നും പ്രണയം
മനം തേങ്ങുമ്പോൾ
മഴയായ്, തിരയായ്,
തെന്നലായ്, അരുവിയായ്,
സംഗീതമായ്
തലോടി സാന്ത്വനമേകുന്ന
എൻ കള്ളക്കണ്ണനോടെനിക്കെന്നും
ഏറെ പ്രണയം
സുനിത സോമൻ
അധ്യാപിക
തിഡ്ക്കെ നഗർ സെന്റർ
നാസിക്ക്