എന്റെ മലയാളം
മലയാളമേ എന്റെ മലയാളമേ
മധുരമാം ഇളനീരിൻ അനുരാഗമേ
മനസ്സിൽ നീ നിറയുന്ന പ്രിയരാഗമേ
രവിവർമ ചിത്രം പോൽ അഭികാമ്യമേ
തുഞ്ചനും കുഞ്ചനും നെഞ്ചേറ്റി വളർത്തിയ
കിളിമകൾ കൊഞ്ചിയ മലയാളമേ
കഥകളി മുദ്രയും കൈകൊട്ടി പാട്ടും
നിള പോലെ ഒഴുകുന്ന മലയാളമേ
ഹരിതാഭ ഭംഗിയാൽ പുതുമഴ പൊഴിയുമ്പോൾ
വഴിവിളക്കായ് വരും കളിയോടവും
ശ്യാമള തീരവും കായലിനോളവും
ഇഴചേർന്നമരുന്ന മലയാളമേ
കരിമഷി എഴുതിയ കനകനിലാവിൽ
ആശകൾ കൈകൂപ്പി നിൽക്കും എന്നും
എന്റെ ഉഷസ്സും സന്ധ്യയും നീയല്ലയോ
എന്റെ മലർമാസ മധുവാണി നീയല്ലയോ
ആവണി ചിങ്ങത്തിൽ പൂവിളി ഉയരുമ്പോൾ
പൂക്കുന്ന പൊന്നോണ ചിന്തകളും
മലയും പുഴയും വയലും കതിരും
കനവെഴും ഗ്രാമത്തിൻ അടയാളമാം
എന്റെ മലയാള നാട്ടിൽ പോയ് വരാം
എന്നും ഉദയത്തിൽ കിളിക്കൊഞ്ചൽ കേട്ടുണരാം
മലയാളമേ എന്റെ മലയാളമേ
മധുരമാം ഇളനീരിൻ അനുരാഗമേ
മനസ്സിൽ നീ നിറയുന്ന പ്രിയരാഗമേ
രവിവർമ ചിത്രം പോൽ അഭികാമ്യമേ
മനോജ് കളത്തിൽ, കെനിയ ചാപ്റ്റര്‍