തകഴി: മലയാള സാഹിത്യത്തിലെ ഇതിഹാസ ഗ്രാമം

തകഴി ശിവശങ്കരപ്പിള്ള

തകഴി ശിവശങ്കരപ്പിള്ള

ലപ്പുഴ ജില്ലയിലെ ഒരു സാധാരണ കാര്‍ഷിക ഗ്രാമമായ തകഴി ഇന്ന് ലോകം അറിയപ്പെടുന്നത് എഴുത്തുകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ പേരിലാണ്. കായല്‍ തീരത്ത് പമ്പ നദിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ കുട്ടനാടന്‍ പ്രദേശമായിരുന്നു തകഴി ശിവശങ്കര പിള്ളയുടെ ജന്മസ്ഥലം. കുട്ടനാടിന്റെ ഇതിഹാസകാരനെന്നും കേരള മോപ്പസാങ്ങും എന്നു വിശേഷിക്കപ്പെടുന്ന തകഴിയുടെ പ്രധാന തട്ടകം നോവലുകളും ചെറുകഥകളുമായിരുന്നു. നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ വിഭാഗങ്ങളിലും തന്റെതായ സംഭാവനകള്‍ നല്‍കിയ മഹാസാഹിത്യകാരനായിരുന്നു ജ്ഞാനപീഠ ജേതാവു കൂടിയായ തകഴി ശിവശങ്കരപ്പിള്ള. മലയാളത്തെയും മലയാള സാഹിത്യത്തെയും ആഗോളതലത്തിലേക്ക് എത്തിച്ച ഈ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തകഴിയെയുമാണ് ഇത്തവണ വിശദമായി പരിചയപ്പെടുത്തുന്നത്.

ശങ്കരമംഗലത്ത് തകഴി സ്മാരക മ്യൂസിയം

ശങ്കരമംഗലത്ത് തകഴി സ്മാരക മ്യൂസിയം

പൊയ്പള്ളി കളത്തില്‍ ശങ്കരക്കുറുപ്പിന്റെയും അരിപ്പുറത്ത് വീട്ടില്‍ പാര്‍വ്വതിയമ്മയുടെയും മകനായി 1912 ഏപ്രില്‍ 17-നായിരുന്നു ശിവശങ്കരപ്പിള്ളയുടെ ജനനം. പിതാവില്‍ നിന്നും ചക്കംപുറത്ത് കിട്ടു ആശാന്റെ കീഴിലും നിലത്തെഴുത്ത് പഠിച്ചതിന് ശേഷം തകഴി സ്‌കൂള്‍, അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂള്‍, വൈക്കം ഹൈസ്‌ക്കൂള്‍, കരുവാറ്റ സ്‌ക്കൂള്‍ തുടങ്ങിയിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് പ്ലീഡര്‍ഷിപ്പ് കരസ്ഥമാക്കി.

പഠനത്തിന് ശേഷം കുറച്ചുകാലം കേരളകേസരി പത്രത്തില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കിയിരുന്നു. ഇതിനിടയില്‍ തന്നെ അദ്ദേഹം സാഹിത്യരംഗത്തേക്ക് കടന്നിരുന്നു. പതിമൂന്നാം വയസ്സില്‍ ആദ്യ കഥ എഴുതിയ തകഴിയുടെ പ്രസിദ്ധീകരിച്ച ആദ്യത്തെ കഥ ‘സാധുക്കള്‍’ ആണ്. പതിനേഴാം വയസില്‍. ഇരുപത്തിരണ്ടാം വയസ്സില്‍ (1934 ല്‍) പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ ‘ത്യാഗത്തിന്‍റെ പ്രതിഫല’ത്തിലൂടെയാണ് സാഹിത്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇതേ വര്‍ഷം തന്നെയാണ് നെടുമുടി ചെമ്പകശ്ശേരി ചിറയ്ക്കല്‍ കമലാക്ഷിയമ്മ എന്ന കാത്തയെ അദ്ദേഹം ജീവിതസഖിയാക്കുന്നത്.

കേരളകേസരിയില്‍ നിന്ന് വിട്ടതിന് ശേഷം അദ്ദേഹം അമ്പലപ്പുഴ കോടതിയില്‍ നീണ്ട പതിനഞ്ച് വര്‍ഷത്തോളം വക്കീലായി സേവനമനുഷ്ഠിച്ചു. ഇതിന് ശേഷം പൂര്‍ണമായും അദ്ദേഹം സാഹിത്യരംഗത്ത് തന്നെ മുഴുകി. 1947ല്‍ തോട്ടിയുടെ മകന്‍, 1948ല്‍ രണ്ടിടങ്ങഴി, 1950ല്‍ തെണ്ടിവര്‍ഗ്ഗം, 1978ല്‍ കയര്‍ എന്നീ നോവലുകള്‍ വായനക്കാരുടെ കൈകളിലെത്തി. ഈ സൃഷ്ടികളെല്ലാം തകഴിയെ ഇന്ത്യ അറിയുന്ന എഴുത്തുകാരനാക്കി. എന്നാല്‍ 1956ല്‍ പ്രസിദ്ധീകരിച്ച ചെമ്മീന്‍ എന്ന നോവല്‍ അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കി. ഈ നോവല്‍ രാമുകര്യാട്ട് ഇതേ പേരില്‍ സിനിമയാക്കുകയും പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ നേടുകയും ചെയ്തു.

തകഴിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ

തകഴിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ

വെള്ളപ്പൊക്കത്തില്‍ അടക്കം വളരെ പ്രശസ്തമായ ഒട്ടേറെ ചെറുകഥകളും തകഴി എഴുത്തിയിട്ടുണ്ട്. മുപ്പത്തിയൊമ്പത് നോവലുകളും അറുന്നൂറില്‍പ്പരം ചെറുകഥകളും എഴുതിയ അദ്ദേഹം മൂന്നു ആത്മകഥകളും ഒരു നാടകവും ഒരു യാത്രാവിവരണവും കൂടി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എട്ടുകഥകള്‍ സിനിമയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒട്ടേറെ രചനകള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

സാഹിത്യ രംഗത്ത് സജീവമായിരുന്നപ്പോള്‍ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും സജീവ പങ്കാളിയായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ഏപ്രില്‍ 10-ാം തീയതി തന്റെ 87-ാം വയസ്സില്‍ ആ മഹാനായ ആ സാഹിത്യകാരന്‍ സ്വന്തം തറവാട് വീടായ തകഴി ശങ്കരമംഗലം ഭവനത്തില്‍ വച്ച് അന്തരിച്ചു.

ഇന്ത്യാ ഗവണ്‍മെന്റ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുള്ള തകഴിക്ക് ജ്ഞാനപീഠ പുരസ്‌കാരം (1984), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1965), എഴുത്തച്ഛന്‍ പുരസ്‌കാരം(1994), വള്ളത്തോള്‍ പുരസ്‌കാരം(1996) തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തകഴി ഉപയോഗിച്ചിരുന്ന കസേര

തകഴി ഉപയോഗിച്ചിരുന്ന കസേര

തകഴി ശിവശങ്കര പിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ് തകഴി മെമ്മോറിയല്‍ മ്യൂസിയം അഥവാ തകഴി സ്മാരകം. അദ്ദേഹത്തിന്റെ തറവാട് വീടായ ശങ്കരമംഗലം ഭവനം, 2000ല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് 2001ല്‍ ആ വീട് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. തകഴി സ്മാരക പരിസരത്ത് അദ്ദേഹത്തിന്റെ ഒരു പൂര്‍ണ്ണകായ വെങ്കല പ്രതിമയും സ്മാരക മണ്ഡപവും പണികഴിപ്പിച്ചിട്ടുണ്ട്.

തകഴി ശിവശങ്കരപിള്ള ഉപയോഗിച്ചിരുന്ന പേന, കണ്ണട, വസ്ത്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചുണ്ട്. പൂമുഖത്ത് തകഴിയുടെ ചാരുകസേര പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന് ലഭിച്ച പത്മഭൂഷണ്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അവാര്‍ഡുകളും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ പുരാവസ്തു വകുപ്പാണ് മ്യൂസിയം പരിപാലിക്കുന്നത്.

തകഴി കഥകളെഴുതാനായി ഉപയോഗിച്ചിരുന്ന ടൈപ്പ് റൈറ്റർ

തകഴി കഥകളെഴുതാനായി ഉപയോഗിച്ചിരുന്ന ടൈപ്പ് റൈറ്റർ

തകഴിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ഓട്ടന്‍ തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്. കുഞ്ചന്‍ നമ്പ്യാര്‍ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയിലാണ് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴലുള്ള കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്. തകഴിയില്‍ നിന്ന് 17 കി.മീ അകലെയാണ് നിരണം കവികള്‍ എന്ന് അറിയപ്പെടുന്ന കണ്ണശ്ശക്കവികളുടെ സ്മരണാര്‍ത്ഥം കണ്ണശ്ശ സ്മാരകം സ്ഥിതി ചെയ്യുന്നത്. കണ്ണശ്ശകവികള്‍ ജീവിച്ചിരുന്ന നിരണത്തെ കണ്ണശ്ശന്‍ പറമ്പിലാണ് അത് സ്ഥിതിചെയ്യുന്നത്.

ശങ്കേഴ്‌സ് വീക്ക്ലി സ്ഥാപകന്‍ കെ. ശങ്കരപിള്ള എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മരണയക്കായിട്ടുള്ള കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം തകഴിയില്‍ നിന്ന് 30 കി.മീ അകലെ കായംകുളത്താണ്. കേരളത്തിന്റെ നവോത്ഥാനത്തില്‍ സുപ്രധാന പങ്കുവഹിച്ച പ്രഫഷണല്‍ നാടക സംഘം കെപിഎസി-യുടെ ആസ്ഥാന മന്ദിരവും കാര്‍ട്ടൂണ്‍ മ്യൂസിയത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ പുന്നപ്ര വയലാര്‍ ഉള്‍പ്പടെയുള്ള ചരിത്രയിടങ്ങളും ആലപ്പുഴയുടെ ബൗദ്ധപാരമ്പര്യം വെളിപ്പെടുത്തുന്ന കരുമാടിക്കുട്ടന്‍ വിഗ്രഹവും ഒക്കെ തകഴിക്ക് സമീപം സന്ദര്‍ശിക്കാവുന്നയിടങ്ങളാണ്.

തകഴി അന്ത്യവിശ്രമം കൊള്ളുന്ന ഇടം

തകഴി അന്ത്യവിശ്രമം കൊള്ളുന്ന ഇടം

ദേശീയപാത 66-ലൂടെ വരുകയാണെങ്കില്‍ ആലപ്പുഴയില്‍ നിന്ന് അമ്പലപ്പുഴ – തിരുവല്ല റോഡിലാണ് തകഴി സ്മാരകം സ്ഥിതി ചെയ്യുന്നത്. എംസി റോഡിലൂടെയാണ് വരുന്നതെങ്കില്‍ തിരുവല്ല – അമ്പലപ്പുഴ റോഡിലൂടെ ഇവിടെ എത്താം. ആലപ്പുഴയില്‍ നിന്നും തിരുവല്ലയില്‍ നിന്നും 20 കി.മീ ദൂരമാണ് തകഴിയിലേക്കുള്ളത്. രണ്ടിടത്ത് നിന്നും ബസ്, ടാക്‌സി സൗകര്യങ്ങള്‍ ലഭ്യമാണ്. അമ്പലപ്പുഴയില്‍ നിന്ന് ആറ് കിലോ മീറ്റര്‍ ദൂരമുണ്ട്. അടുത്തുള്ള പ്രധാന റെയില്‍വെസ്റ്റേഷനുകള്‍ ആലപ്പുഴയിലും തിരുവല്ലയിലുമാണ്. അമ്പലപ്പുഴയിലും റെയില്‍വെ സ്‌റ്റേഷനുണ്ട്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് 100 കി.മീ ദൂരവും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 130 കി.മീ ദൂരവുമുണ്ട്.

കൃഷ്‌ണ ഗോവിന്ദ്

കൃഷ്‌ണഗോവിന്ദ്

 

(കൃഷ്‌ണ ഗോവിന്ദ് എഴുതിയ മറ്റ് ലേഖനങ്ങൾ വായിക്കുക)

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content