പാട്ടുപാടും കൂഴവാലി
ഭാഗം 4
(കഥയുടെ മുൻഭാഗങ്ങൾ വായിക്കാം: പാട്ടുപാടും കൂഴവാലി)
കൂഴവാലി ജലത്തിനു മീതെ ഉയര്‍ന്നുചാടി. കുതിച്ചുയര്‍ന്നു വട്ടം കറങ്ങി പിന്നെയും കായലിന്റെ ആഴത്തിലേക്ക് ഊളിയിട്ടു. കുറച്ചുനേരം ജലപ്പരപ്പില്‍ നിവര്‍ന്നു കിടന്നു.
”പറ, കായല്‍ കഥകള്‍ പറ” കുട്ടികള്‍ കെഞ്ചി.
കൂഴവാലി തല ഉയര്‍ത്തി. മീന്‍വാലു മുകളിലേക്ക് ചുരുട്ടി തല മെല്ലെ പൊന്തിച്ചു. ഇപ്പോള്‍ കണ്ടാല്‍ ഒരു ചെറിയ തോണിപോലെ തോന്നും. വളഞ്ഞ വാളുകണക്കെ ഒരു മീന്‍. കൂഴവാലിയുടെ ഈ കുസൃതി കണ്ടിട്ട് കുട്ടികള്‍ക്ക് ചിരിവന്നു. അവര്‍ പൊട്ടിപ്പൊട്ടി ചിരിച്ചു. അപ്പൂപ്പനും അവരോടൊപ്പം ചേര്‍ന്നു. ഇതു കണ്ടപ്പോള്‍ കൂഴവാലി ചോദിച്ചു.
”ഇങ്ങനെ ബ്ലാ ബ്ലാന്ന് ചിരിച്ചാല്‍ മതിയോ…? കഥ കേള്‍ക്കണ്ടേ…”
”കേള്‍ക്കണം” കുട്ടികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
”എന്നാല്‍ കേട്ടോളൂ. അഷ്ടമുടിക്കായലിന്റെ തീരത്തു നടന്ന രണ്ട് ചരിത്ര സംഭവങ്ങളാണ് പറയാന്‍ പോകുന്നത്.”
കുട്ടികള്‍ കാതുകൂര്‍പ്പിച്ചു. കൂഴവാലി മെല്ലെ പറഞ്ഞുതുടങ്ങി.
”പെരിനാട് ലഹള എന്നു കേട്ടിട്ടുണ്ടോ…?”
”ഇല്ല” എന്നു കുട്ടികള്‍ തലയാട്ടി.
കൂഴവാലി പെരിനാട് ലഹളയെക്കുറിച്ച് അവരോട് പറഞ്ഞു.
”1915 ഒക്‌ടോബര്‍ 24 ന് പെരിനാട്, ചെറുമൂട്, കാഞ്ഞാവേലി തുടങ്ങിയ സമീപ ഗ്രാമങ്ങളില്‍ പുലയര്‍ സമുദായം നടത്തിയ ഒരു സാമൂഹിക വിപ്ലവമാണ് കല്ലുമാല സമരം അഥവാ പെരിനാട് ലഹള.”
കൂഴവാലി കുട്ടികളെ നോക്കി. അവര്‍ക്കൊന്നും മനസ്സിലായില്ലെന്ന് കൂഴവാലിക്ക് പിടികിട്ടി.
”ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതരാമോ?” കുട്ടികള്‍ ചോദിച്ചു.
മീന്‍ തലയാട്ടി.
”എന്തിനാണ് പുലയ സമുദായത്തില്‍ പെട്ടവര്‍ ഈ സമരം നടത്തിയത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതിനുള്ള മറുപടിയാണ് ഞാന്‍ പറയാന്‍ പോകുന്നത്.”
”മക്കളേ, നിങ്ങള്‍ എന്നെ കാണാന്‍ നടന്നുവന്ന ഈ പാത പൊതുവഴിയാണ്. അതായത് എല്ലാ ആളുകള്‍ക്കും ഈ വഴിയിലൂടെ യാത്ര ചെയ്യാം. ഒരു തടസവുമില്ല. എന്നാല്‍ പെരിനാട് ലഹള നടക്കുന്നതുവരെ അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍. പൊതുവഴിയിലൂടെ ആ ഗ്രാമത്തിലെ പിന്നോക്ക ജാതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ അവകാശമില്ലായിരുന്നു. പൊതുവഴിയില്‍ സഞ്ചരിക്കരുത്, നല്ല വസ്ത്രം ധരിക്കരുത്, കുട ഉപയോഗിക്കരുത്, സ്വര്‍ണ്ണാഭരണങ്ങള്‍ അണിയാന്‍ പാടില്ല. വിദ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ല. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല. ജോലി ചെയ്യുന്ന പിന്നോക്ക ജാതിയിലെ സ്ത്രീകള്‍ക്ക് അവധിപോലും നല്‍കിയിരുന്നില്ല. അരയ്ക്കു മുകളില്‍ വസ്ത്രം ധരിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നു.”
കൂഴവാലി കുട്ടികളെ നോക്കി. അവര്‍ക്ക് എന്തോ പറയാനുണ്ടെന്ന് മീനിനു തോന്നി.
”വല്ലാത്ത അനീതി തന്നെ. അല്ലേ അപ്പൂപ്പാ…” ചിഞ്ചു ചോദിച്ചു.
അപ്പൂപ്പന്‍ തലകുലുക്കി.
”മനുഷ്യരെല്ലാം ഒന്നാണ് എന്ന് നമ്മള്‍ ഓണപ്പാട്ടില്‍ പാടാറുണ്ടല്ലോ. എല്ലാ മനുഷ്യരെയും ഒന്നായി കാണാതെ ഇങ്ങനെ ജാതി പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് അനീതി തന്നെ.” ചിപ്പുവും തന്റെ കൊച്ചു ചിന്തയില്‍ വന്ന കാര്യങ്ങള്‍ അവരുമായി പങ്കുവച്ചു.
”അപ്പോ മനസിലായല്ലോ ഇത് അനീതിയാണെന്ന്. ഈ അനീതിക്കെതിരെ ഉയര്‍ന്നുവന്ന സമരമാണ് കല്ലുമാല സമരം.”
ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഒരു നാട്ടുകൂട്ടം വിളിച്ചുകൂട്ടി. എന്നാല്‍ സവര്‍ണ്ണ സമുദായത്തില്‍പെട്ട ഭൂ ഉടമകള്‍ പുലയരുടെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചു. ഇതിനെ തുടര്‍ന്ന് സമരം ശക്തമാവുകയും 1915 ഒക്‌ടോബര്‍ 24 ന് പെരിനാടിനടുത്തുള്ള ചെറുമൂട് പ്ലാവിലപ്പുരയിടത്ത് പിന്നോക്ക ജാതിക്കാര്‍ ഒരു വലിയ യോഗം ചേരാന്‍ തീരുമാനിച്ചു. യോഗസ്ഥലത്ത് തടിച്ചുകൂടിയ പിന്നോക്ക ജാതിക്കാര്‍ക്ക് ഉയര്‍ന്ന സമുദായത്തിലെ സാമൂഹിക വിരുദ്ധരില്‍നിന്ന് മര്‍ദ്ദനം ഏറ്റു. നിരവധിപേര്‍ക്ക് പരിക്കുപറ്റി. രണ്ട് വിഭാഗത്തിലെയും ആളുകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തീവെയ്പ്പും തീയണയ്ക്കലുമുണ്ടായി. ഡിസംബറില്‍ അയ്യങ്കാളി, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1915 ഡിസംബര്‍ 21 ന് കൊല്ലം പീരങ്കിമൈതാനിയില്‍ ഇരുവിഭാഗങ്ങളെയും ഒരുമിപ്പിച്ച് ഒരു യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ പുലയസമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ കല്ലും മരവും കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ അതായത് കല്ലുമാല വലിച്ചെറിഞ്ഞ് സ്വര്‍ണ്ണമോ ലോഹമോ ആയ ആഭരണങ്ങള്‍ മാത്രമേ ഉപയോഗിക്കൂ എന്ന് പ്രഖ്യാപിച്ചു. അടിമത്തത്തിന്റെയും താഴ്ന്ന ജാതി പദവിയുടെയും പ്രതീകമായിട്ടായിരുന്നു അവര്‍ കല്ലുമാല ധരിച്ചിരുന്നത്. ഈ സമരത്തിലൂടെ ഒരു അവകാശവും ഇല്ലാതെ മൃഗതുല്യം ജീവിച്ചിരുന്ന പാവപ്പെട്ടവര്‍ക്ക് ആഭരണങ്ങള്‍ ധരിക്കാനുള്ള അവകാശവും പൊതുവഴിയില്‍ കൂടി നടക്കാനുള്ള അധികാരവും ലഭിച്ചു.
സമരം അവസാനിച്ചപ്പോള്‍ രസകരമായ ഒരു സംഭവം ഉണ്ടായി.
”രസകരമായ സംഭവമോ…? ഇത്രയും വലിയ ഒരു സമരം ഉണ്ടായപ്പോള്‍ അതിലെന്താ ഇത്ര രസിക്കാന്‍?”
കൂഴവാലി കുട്ടികളെ നോക്കി പറഞ്ഞു: ”അതൊക്കെയുണ്ട്… രസകരമായ ഒരു സംഭവം ഈ സമരത്തിന് ശേഷം നടന്നു….”
(തുടരും…)
റാണി പി കെ