അറിയാം ഫുട്ബോള്‍ ലോകകപ്പിന്റെ ചരിത്രം
വീണ്ടുമൊരു ലോകകപ്പിന് ആരവമുയരുകയാണ്. ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന ആഗോള ഫുട്‌ബോൾ മാമാങ്കത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മിഡിൽ ഈസ്റ്റ് രാജ്യം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ്. പ്രത്യേകതകൾ ഏറെയാണ് ഇത്തവണ. ഇരുപത്തിരണ്ടാമത് ലോകകപ്പിനാണ് ഖത്തർ വേദിയാവുന്നത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.
2018 ലെ റഷ്യൻ ലോകകപ്പിന് ശേഷം മഹാമാരിയും യുദ്ധങ്ങളും അധിനിവേശങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ പിന്നിട്ടാണ് ലോക ഫുട്‌ബോൾ മാമാങ്കത്തിന് ഖത്തറിൽ അരങ്ങുണരുന്നത്.
ലോകം മുഴുവൻ, കാൽപന്ത് കളിയുടെ ആവേശത്തിലേക്ക് ഉയരുന്ന നാളുകളാണ് ഓരോ ലോകകപ്പ് ടൂർണമെന്റുകളും. പതിമൂന്ന് രാജ്യങ്ങൾ പങ്കെടുത്ത ഉറുഗ്വായിൽ നടന്ന പ്രഥമ ലോകകപ്പിൽ നിന്നും 22ാ മത് ഖത്തർ ലോകകപ്പിൽ എത്തുമ്പോൾ 32 രാജ്യങ്ങളാണ് മത്സരത്തിന് ഇറങ്ങുന്നത്. എന്നാൽ ഡിസംബർ 18 ന് നടക്കാനിരിക്കുന്ന ഫൈനൽ മത്സരം ആകുമ്പോഴേക്കും ലോകം രണ്ട് പക്ഷങ്ങൾ മാത്രമായി മാറും. ഫുട്‌ബോൾ എന്ന വികാരം അത്രത്തോളം കായിക പ്രേമികളിൽ പതിഞ്ഞു കിടക്കുന്ന ഒന്നാണ്.
നൂറ്റാണ്ടിന്റെ ചരിത്രം
റഷ്യൻ ലോകകപ്പോടെ നവതി പിന്നിട്ടിരിക്കുകയാണ് ലോക ഫുട്‌ബോൾ മാമാങ്കം. 1930 ൽ ആയിരുന്നു പ്രഥമ ലോകകപ്പ് മത്സരം നടന്നത്. നേരത്തെ ഒളിംപിക്‌സ് മത്സരമായിരുന്നു ആഗോള തലത്തിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന പ്രധാന ഫുട്‌ബോൾ ടൂർണമെന്‍റ്. മറിച്ചൊരു ടൂർണമെന്റ് എന്നുള്ള ഫിഫയുടെ ചിന്തയാണ് ലോകകപ്പ് എന്ന ആശയത്തിന് അടിത്തറ പാകിയത്. അതിന്റെ ആദ്യ വേദിയായി 1928 ലെ ഒളിംപിക്‌സ് സ്വർണമെഡൽ ജേതാക്കളായ ഉറൂഗ്വായുടെ തട്ടകം തന്നെ ഫിഫ തെരഞ്ഞെടുക്കുകയായിരുന്നു. ഉറൂഗ്വായ് എന്ന രാജ്യത്തിന്റെ ഭരണഘടന നിലവിൽ വന്നതിന്റെ നൂറാം വാർഷികം കൂടിയായിരുന്നു അത്.
ആംസ്റ്റർഡാമിൽ ചേർന്ന ഫിഫ കോൺഗ്രസിൽ ഫ്രഞ്ച് ഫുട്ബോൾ സമിതി സെക്രട്ടറി ഹെന്റി ഡിലേനി 1928ൽ ആണ് ലോകകപ്പ് എന്ന ആശയം മുന്നോട്ടുവച്ചത്. ആ ആശയത്തെ പക്ഷേ യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങളിൽ ആറിലൊന്നും എതിർത്തു. 1929 ൽ ബാഴ്സലോണയിൽ കൂടിയ ഫിഫ യോഗം ചരിത്രപരമായ ആ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ലോക ഫുട്ബോൾ ചരിത്രത്തിൽ ഒരു സുവര്‍ണ്ണ അധ്യായമായി ആ തീരുമാനം മാറി.
പന്തുരുളുന്നു
1930 ജൂലായ് പതിമൂന്നിന് ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് മത്സരത്തിന്റെ പന്തുരുണ്ടു. ഫ്രാൻസും മെക്‌സികോയും തമ്മിലായിരുന്നു ആദ്യ മത്സരം. ഈ മത്സരത്തിൽ മെക്‌സികോയെ 4-1 ന് തകർത്ത് ഫ്രാൻസ് വിജയം നേടി. ഉറൂഗ്വേൻ തലസ്ഥാനമായ മോണ്ടിവിഡിയോയിലെ പോസിറ്റോവ് സ്‌റ്റേഡിയത്തിലായിരുന്നു ആദ്യ മത്സരം.
പ്രതിസന്ധികൾ
സാമ്പത്തിക പ്രതിസന്ധി മുതൽ യുദ്ധങ്ങളും ഒടുവിൽ കൊവിഡ് മഹാമാരിയും പല സമയങ്ങളിലായി ലോകകപ്പ് ടൂർണമെന്റിനെ അനിശ്ചിതത്വത്തിൽ നിർത്തിയിട്ടുണ്ട്. യൂറോപ്പിനെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ച കാലത്തായിരുന്നു ഫിഫ 1930 ൽ ലോകകപ്പ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. അതിനാൽ തന്നെ പല രാജ്യങ്ങളും ഇതിനോട് അന്ന് താൽപര്യം കാണിച്ചില്ല. യൂറോപ്പിൽ നിന്നും ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വേയിലേക്കുള്ള യാത്ര ചെലവായിരുന്നു ഇതിന് പ്രധാന കാരണം. കപ്പലിൽ അറ്റ്‌ലാന്റിക് സമുദ്രം കടക്കുക എന്നത് ചെലവിന് അപ്പുറം ഏറെ വെല്ലുവികൾ നിറഞ്ഞതുമായിരുന്നു. ഇതിനൊപ്പം രണ്ട് മാസം നീണ്ട അന്നത്തെ ടൂർണമെന്റിന് താരങ്ങളെ വിട്ട് നൽകാൻ ക്ലബുകളും വിമുഖത കാണിച്ചിരുന്നു.
മത്സരങ്ങളുടെ തീയ്യതികൾ തീരുമാനമായിട്ടും അതിനാൽ തന്നെ അന്ന് പങ്കെടുക്കുന്ന ടീമുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. യൂറോപിൽ നിന്നും ബെൽജിയം, ഫ്രാൻസ്, യൂഗോസ്ലോവിയ, റുമാനിയ രാജ്യങ്ങൾ ഒടുവിൽ സന്നദ്ധത അറിയിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കൂടിയായപ്പോൾ ടീമുകളുടെ എണ്ണം പതിമൂന്നായി.
രണ്ടാം ലോക മഹായുദ്ധം
1942- നാലാം ലോകകപ്പ് അരങ്ങേറേണ്ട കാലത്ത് ലോകം രണ്ടാം ലോക മഹായുദ്ധത്തെ അഭിമുഖീകരിച്ച് തുടങ്ങിയിരുന്നു. ബ്രസീൽ ആതിഥേയത്വം വഹിക്കേണ്ട ലോകകപ്പ് പക്ഷേ യുദ്ധം പ്രതിസന്ധിയിലാക്കി. 1938ല്‍ നടന്ന ഫ്രാൻസ് ലോകകപ്പിന് ശേഷം രണ്ട് ലോകകപ്പുകൾ യുദ്ധം മൂലം മുടങ്ങുകയായിരുന്നു. 1950 ൽ ലോകകപ്പ് മത്സരം പുനഃരാരംഭിക്കുമ്പോൾ ബ്രസീൽ തന്നെ വേദിയായി തെരഞ്ഞെടുക്കുകയായിരുന്നു. കാരണം നാലാം ലോകകപ്പിനായി ഒരുങ്ങിയ ബ്രസീൽ വലിയ മുന്നൊരുക്കങ്ങളായിരുന്നു നടത്തിയിരുന്നത്. ഇതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബ്രസീലിനെ വേദിയാക്കി പരമാവധി മത്സരങ്ങൾ നടത്തുക മാത്രമായിരുന്നു ഫിഫയ്ക്ക് മുന്നിലുണ്ടായിരുന്ന പോംവഴി.
മാറിയ ലോകക്രമം
1950 ലെ നാം ലോകകപ്പിന് പന്തുരുളുന്ന കാലത്ത് രണ്ടാം ലോകമഹായുദ്ധം ലോക ക്രമം തന്നെ മാറ്റിയെഴുതിയിരുന്നു. യുദ്ധം യൂറോപിനെ തകർത്തെറിഞ്ഞിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട പക്ഷത്തുണ്ടായിരുന്ന ജർമനിയെയും ജപ്പാനെയും ടൂർണമെന്റിൽ പങ്കെടുക്കാൻ പോലും അനുവദിച്ചില്ല. ഇറ്റലിയും പരാജിതരുടെ കൂട്ടത്തിൽ ആയിരുന്നെങ്കിലും മത്സരിക്കാൻ അനുവദിച്ചു. ഒരു ദുരന്തമായിരുന്നു അതിന് പിന്നിൽ- 1949 ൽ ഇറ്റലിയിലെ മുൻനിര ക്ലബായ യൂറിനോയുടെ ടീം മുഴുവൻ ഒരു വിമാനാപകടത്തിൽ ഇല്ലാതായതിന്റെ അനുകമ്പയായിരുന്നു ഇറ്റലിക്ക് ലഭിച്ചത്. 1978ലെ ലോകകപ്പ് അർജന്റീനയിൽ നടത്തുന്നതിനെതിരെ ലോകമെമ്പാടും വൻ പ്രതിഷേധമുയർന്നു. സൈനികഭരണത്തിൻ കീഴിലായിരുന്നു അന്ന് അർജന്റീന എന്നതായിരുന്നു പ്രതിഷേധത്തിന് അടിസ്ഥാനം.
മഹാമാരി
കോളറയുൾപ്പെടെ മഹാമാരികൾ മുൻപും ലോകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. എന്നാൽ 2019 ൽ ആരംഭിച്ച കൊവിഡ് ആയിരുന്നു ഖത്തർ ലോകകപ്പ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കൊവിഡ് ഒളിംപിക്‌സ് ഒരു വർഷം വൈകിപ്പിച്ചു. സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമോ എന്ന ഫുട്‌ബോൾ പ്രേമികളും ഭയപ്പെടാതിരുന്നില്ല. എന്നാൽ മഹാമാരിക്കാലത്തും പ്രതിസന്ധികൾ തരണം ചെയ്ത് ഖത്തർ ലോകകപ്പിനായി ഒരുങ്ങി.
ഏറ്റവും ഒടുവിൽ ഉയര്‍ന്നുവന്ന പ്രതിസന്ധി റഷ്യ യുക്രൈൻ യുദ്ധമാണ്. യുക്രൈൻ സൈനിക നീക്കം ഇല്ലാതാക്കിയത് റഷ്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ കൂടിയാണ്. റഷ്യൻ നിലപാടുകൾളുടെ ഫലമായി ഏർപ്പെടുത്തിയ വിലക്കാണ് 2018ലെ ആതിഥേയരെ പുറത്തിറക്കിയത്.
എന്നാൽ, യുദ്ധക്കെടുതി ഏറ്റുവാങ്ങുന്ന യുക്രൈൻ ടീമിന് ഇനിയും മത്സരിക്കാനുള്ള സാധ്യത നിലനിൽക്കുകയാണ്. സ്‌കോട്‌ലാന്റുമായുള്ള വരുന്ന പ്ലേഓഫ് മത്സരം യുക്രൈന്റെ ഭാവി നിശ്ചയിക്കും. കളിക്കാനായാൽ ആഗോള വേദിയിൽ തങ്ങളുടെ പോരാട്ട വീര്യം ഒരിക്കൽ കൂടി വെളിപ്പെടുത്താനായിരിക്കും യുക്രൈൻ ശ്രമിക്കുക.
ദുരന്തങ്ങൾ
ലോകകപ്പ് എന്നത് ദുരന്തങ്ങളുടെ വേദികൂടിയാണ്. ചില ടീമുകൾക്ക് നേരിട്ടുന്ന തിരിച്ചടികൾ ഇത്തരത്തിൽ ദുരന്തം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും ആന്ദ്രേ എസ്‌കോബാർ എന്ന കൊളംബിൻ താരത്തെ മറക്കാൻ ഫുട്‌ബോൾ ചരിത്രത്തിനാവില്ല. 27 വർഷങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം. അമരിക്കൻ ഐക്യനാടുകളിൽ നടന്ന 1994 ലെ ലോകകപ്പ് ടൂർണമെന്റ്. ജൂൺ 22 ന് നടന്ന പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയതായരുന്നു കൊളംബിയ. അക്കുറി ലോകകപ്പ് നേടാൻ സാധ്യത കൽപിച്ചിരുന്ന ടീമുകളിൽ ഒന്നായിരുന്നു കൊളംബിയ. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി ആദ്യമത്സരത്തിൽ കൊളംബിയ റുമാനിയയോട് പരാജയം ഏറ്റുവാങ്ങി. ഇതോടെ രണ്ടാം മത്സരം നിർണായകമായി. ആതിഥേയരും പൊതുവെ ദുർബലരുമായ അമേരിക്കയായിരുന്നു എതിരാളികൾ.
ഒരു ലക്ഷത്തോളം കാണികൾ അണിനിരന്ന മത്സരത്തിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ആയിരുന്നു വാൾഡറാമ നയിച്ച കൊളംബിയ ഇറങ്ങിയത്. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയത് ആദ്യ പകുതിയുടെ 34ാം മിനിറ്റിലായിരുന്നു. അമേരിക്കയുടെ ഒരു ആക്രമണ നീക്കം തട്ടിയകറ്റാൻ ശ്രമിക്കുന്നതിനിടെ കൊളംബിയയുടെ സുപ്പർതാരവും ഡീപ് ഡിഫന്ററുമായിരുന്ന ആന്ദ്ര എസ്‌കോബാറാന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് നീങ്ങി. ഗോളി ഓസ്‌കാർ കൊർഡോസെക്ക് പ്രതിരോധിക്കാൻ കഴിയും മുൻപ് പന്ത് ഗോൾവല ചലിപ്പിച്ചിരുന്നു.
വലതുഭാഗത്ത് നിന്ന് വന്ന ക്രോസ് ഇടങ്കാലനായ എസ്‌കോബാർ വലത് കാൽകൊണ്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ചതായിരുന്നു തിരിച്ചടിയായത്. 52ാം മിനിറ്റിൽ അമേരിക്ക ലീഡുയർത്തി. കൊളംബിയ ആശ്വാസ ഗോൾ നേടിയെങ്കിലും മത്സരം 2-1ന് കൈവിട്ട് പോയി. കൊംബിയയ്ക്ക് ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴിയും തെളിഞ്ഞു. പിന്നീട് നടന്ന മത്സരം ജയിച്ചെങ്കിലും ഗോൾ മുൻ പരാജയങ്ങൾ തിരിച്ചടിയായി.
പരാജയം കായിക രംഗത്തെ അവസാന വാക്കല്ലെന്നിരിക്കെ തന്നെ കൊളംബയയിലെ മയക്കുമരുന്ന മാഫിയക്ക് പൊറുക്കാവാത്തതായിരുന്നു ആ തിരിച്ചടി. അതിവ് അവരിട്ട വില എസ്‌കോബാറിന്റെ ജീവനായിരുന്നു. തോൽവിക്ക് നേരിട്ട ഒരാഴ്ച തികയും മുമ്പേ മയക്കുമരുന്ന് മാഫിയ എസ്‌കോയുടെ ജീവനെടുത്തു.
ജൂലായ് 2 ന് ആയിരുന്നു ആ ദാരുണ സംഭവം. കൊളംബിയൻ നഗരമായ മെഡിലനിൽ ഒരു നിശാ ക്ലബിൽ വച്ചു്ണ്ടായ തർക്കത്തിനിടെ ആയിരുന്നു എസ്‌കോബാറിന് നേരെ അക്രമികൾ വെടിയുതിർത്തത്. സെൽഫ് ഗോളടിച്ച് നാടിന് നാണക്കേടുണ്ടാക്കി എന്നാക്ഷേപിച്ചായിരുന്നു തർക്കം. എസ്‌കോബാർ വെടിയേറ്റ് വീണപ്പോൾ അക്രമികൾ “ഗോൾ…” എന്ന് ഉറക്കെ ആക്രോശിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.
വിവാദങ്ങൾ
വിവാദങ്ങൾ ലോകകപ്പിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പ്രഥമ ലോകകപ്പ് മുതൽ തന്നെ വിവാദങ്ങളും കൂടെ ഉണ്ടായിരുന്നു. 1986ലെ ലോകകപ്പ് മറോഡണയുടെ പ്രകടനം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ടൂർണമെന്റായി മാറി. കിരീടം അർജന്റീന സ്വന്തമാക്കുകയും ചെയ്തു. മറഡോണ തന്നെ ‘ദൈവത്തിന്റെ കൈ’ എന്ന് പിന്നീട് വിശേഷിപ്പിച്ച ആ വിവാദ പിറന്നത് ആ വർഷമായിരുന്നു.
ഇംഗ്ലണ്ടുമായുള്ള മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു വിഖ്യാതമായആ ഗോൾ പിറന്നത്. പെനൽറ്റി ബോക്‌സിനു പുറത്ത് വച്ച് ഉയർന്നെത്തിയ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്‌റ്റീവ് ഹോഡ്‌ജിനെ മറികടക്കാൻ മറഡോണയുടെ ഇടംകൈയ്യുകൊണ്ട് തട്ടി വലയിലേക്കെത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ കളിക്കാർ ഹാന്‍ഡ്ബോൾ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും ടുണീസിയക്കാരൻ റഫറി അലി ബെന്നസീർ ഗോൾ അനുവദിക്കുകയായിരുന്നു.
പന്തുകൾക്കുമുണ്ട് നിരവധി കഥകൾ
1930 മുതൽ തന്നെ ലോകകപ്പ് ഫുട്ബോളിലെ പന്തുകൾ ശ്രദ്ധ നേടിയിരുന്നു. അന്ന് പ്രത്യേകിച്ച ഒരു പന്തില്ലായിരുന്നു. അവരവർ കളിക്കുന്ന പന്തുകളുമായാണ് ടീമുകളെല്ലാം ലോകകപ്പിന് എത്തിയത്. ഓരോ മത്സരങ്ങൾക്കും ഓരോ പന്ത് എന്ന രീതി. അന്നത്തെ ഫൈനൽ മത്സരത്തിൽ പക്ഷേ അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി രൂപപ്പെട്ടു. കളിക്ക് തങ്ങളുടെ പന്ത് ഉപയോഗിക്കണമെന്ന് ഉറുഗ്വായ്ക്കും അർജന്റീനയും വാശിപിടിച്ചു. ഒടുവിൽ ആദ്യ പകുതിയിൽ അർജന്റീനയുടെ പന്തും രണ്ടാം പകുതിയിൽ ഉറുഗ്വെയുടെ പന്തുമായി കളിക്കാൻ തീരുമാനിച്ച് പ്രശ്നം പരിഹരിച്ചു.
1966 ൽ ആണ് ലോകകപ്പിന് പ്രത്യേകം പന്തെന്ന രീതി വരുന്നത്. പിന്നീട് ഓറഞ്ച് (ഇംഗ്ലണ്ട് 1966), ടെൽസ്റ്റർ ഡർലാസ്റ്റ് (പശ്ചിമ ജർമ്മനി 1974), അസ്‌റ്റെക (മെക്‌സിക്കോ 1986), ഫീവർനോവ(കൊറിയ/ജപ്പാൻ 2002), ടീംജീസ്റ്റ് (ജർമനി 2006), ജബുലാനി (സൗത്താഫ്രിക്ക 2010), ബ്രസൂക്ക (ബ്രസീൽ 2014), ടെൽസ്റ്റാർ -18 (റഷ്യ-2018) എന്നിവയായിരുന്നു പന്തുകൾ,. അൽ റിഹ എന്ന പന്തായിരിക്കും ഖത്തറിൽ ഉപയോഗിക്കുക.
വിജയികളും റണ്ണറപ്പുകളും
1930
ആതിഥേയ രാജ്യം: ഉറുഗ്വായ്
ജേതാക്കൾ: ഉറുഗ്വായ്
റണ്ണറപ്പ്: അർജന്റീന
1934
ആതിഥേയ രാജ്യം: ഇറ്റലി
ജേതാക്കൾ: ഇറ്റലി
റണ്ണറപ്പ്: ചെക്കസ്ലോവാക്യ
1938
ആതിഥേയ രാജ്യം: ഫ്രാൻസ്
ജേതാക്കൾ: ഇറ്റലി
റണ്ണറപ്പ്: ഹംഗറി
1942, 1948:
രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ലോകകപ്പ് നടന്നില്ല
1950
ആതിഥേയ രാജ്യം: ബ്രസീൽ
ജേതാക്കൾ: ഉറുഗ്വായ്
റണ്ണറപ്പ്: ബ്രസീൽ
1954
ആതിഥേയ രാജ്യം: സ്വിറ്റ്‌സർലന്റ്
ജേതാക്കൾ: പശ്ചിമ ജർമനി
റണ്ണറപ്പ്: ഹംഗറി
1958
ആതിഥേയ രാജ്യം: സ്വീഡൻ
ജേതാക്കൾ: ബ്രസീൽ
റണ്ണറപ്പ്: സ്വീഡൻ
1962
ആതിഥേയ രാജ്യം: ചിലി
ജേതാക്കൾ: ബ്രസീൽ
റണ്ണറപ്പ്: ചെക്കസ്ലോവാക്യ
1966
ആതിഥേയ രാജ്യം: ഇംഗ്ലണ്ട്
ജേതാക്കൾ: ഇംഗ്ലണ്ട്
റണ്ണറപ്പ്: പശ്ചിമ ജർമനി
1970
ആതിഥേയ രാജ്യം: മെക്‌സിക്കോ
ജേതാക്കൾ: ബ്രസീൽ
റണ്ണറപ്പ്: ഇറ്റലി
1974
ആതിഥേയ രാജ്യം: ജർമനി
ജേതാക്കൾ: ജർമനി
റണ്ണറപ്പ്: നെതർലന്റ്‌സ്
1978
ആതിഥേയ രാജ്യം: അർജന്റീന
ജേതാക്കൾ: അർജന്റീന
റണ്ണറപ്പ്: നെതർലന്റ്‌സ്
1982
ആതിഥേയ രാജ്യം: സ്‌പെയിൻ
ജേതാക്കൾ: ഇറ്റലി
റണ്ണറപ്പ്: പശ്ചിമ ജർമനി
1986
ആതിഥേയ രാജ്യം: മെക്‌സിക്കോ
ജേതാക്കൾ: അർജന്റീന
റണ്ണറപ്പ്: പശ്ചിമ ജർമനി
1990
ആതിഥേയ രാജ്യം: ഇറ്റലി
ജേതാക്കൾ: പശ്ചിമ ജർമനി
റണ്ണറപ്പ്: അർജന്റീന
1994
ആതിഥേയ രാജ്യം: അമേരിക്ക
ജേതാക്കൾ: ബ്രസീൽ
റണ്ണറപ്പ്: ഇറ്റലി
1998
ആതിഥേയ രാജ്യം: ഫ്രാൻസ്
ജേതാക്കൾ: ഫ്രാൻസ്
റണ്ണറപ്പ്: ബ്രസീൽ
2002
ആതിഥേയ രാജ്യം: ദക്ഷിണ കൊറിയ/ജപ്പാൻ
ജേതാക്കൾ: ബ്രസീൽ
റണ്ണറപ്പ്: ജർമനി
2006
ആതിഥേയ രാജ്യം: ജർമനി
ജേതാക്കൾ: ഇറ്റലി
റണ്ണറപ്പ്: ഫ്രാൻസ്
2010
ആതിഥേയ രാജ്യം: ദക്ഷിണാഫ്രിക്ക
ജേതാക്കൾ: സ്‌പെയിൻ
റണ്ണറപ്പ്: നെതർലന്റ്‌സ്
2014
ആതിഥേയ രാജ്യം: ബ്രസീൽ
ജേതാക്കൾ: ജർമനി
റണ്ണറപ്പ്: അർജന്റീന
2018
ആതിഥേയ രാജ്യം: റഷ്യ
ജേതാക്കൾ: ഫ്രാൻസ്
റണ്ണറപ്പ്: ക്രൊയേഷ്യ
എന്‍ പി അനൂപ്