പടപ്പാട്ടുകളുടെ കവിയില്‍ നിന്നും ചലച്ചിത്രകാരനിലേക്ക്

പി ഭാസ്ക്കരന്റെ രചനാവഴികള്‍

“ഉയരും ഞാൻ നാടാകെ പടരും ഞാനൊരു പുത്തനു-
യിർ നാടിനേകിക്കൊണ്ടുയരും വീണ്ടും…”

അന്തരീക്ഷത്തിൽ ചോരയുടെയും വെടിയുണ്ടയുടെയും ഗന്ധം തളംകെട്ടിനിൽക്കുന്ന ആ കൊച്ചുഗ്രാമത്തിലൂടെ ആ ചെറുപ്പക്കാരൻ ക്ഷോഭിക്കുന്ന ഹൃദയവും പരിക്ഷീണമായ ശരീരവുമായി നടന്നു നീങ്ങി.

ഉരുക്കും മാംസവുമായി നടന്ന പോരാട്ടത്തിൽ ഉരുക്ക് താൽക്കാലികമായി വിജയം വരിച്ച കഥകൾ…വാരിക്കുന്തം കയ്യിലേന്തിയ തൊഴിലാളി വർഗം പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചുവീണതിന്റെ ദൃക്‌സാക്ഷിവിവരണങ്ങൾ… കേട്ടറിഞ്ഞു.പിടയ്ക്കുന്ന മനസുമായി കൊടുങ്ങല്ലൂരിലേക്ക് വണ്ടികയറിയ ആ ചെറുപ്പക്കാരൻ വീട്ടിൽ ചെന്നയുടനെ ഒറ്റവീർപ്പിന് തന്നെ തന്റെ വികാരം മുഴുവനും കടലാസിലേക്ക് പകർത്തി.’വയലാർ ഗർജ്ജിക്കുന്നു’ എന്നു പേരിട്ട ആ കൊച്ചുകാവ്യം ഒരു കാലഘട്ടത്തിന്റെ വീരേതിഹാസമായി ചരിത്രത്തിൽ ഇടം തേടി.

അത് പി ഭാസ്കരനായിരുന്നു. കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായി മലയാളിമനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഭാസ്‌കരൻ മാസ്റ്റർ…

കൊടുങ്ങല്ലൂർ പുല്ലൂറ്റുപാടത്ത് വീട്ടിൽ നന്തിയേലത്ത് പത്മനാഭ മേനോന്റെയും അമ്മാളു അമ്മയുടെയും ഒൻപത് മക്കളിൽ ആറാമനായി 1924 ഏപ്രിൽ 21ന് പുല്ലൂറ്റുപാടത്ത് ഭാസ്കരമേനോൻ എന്ന പി ഭാസ്‌കരൻ ജനിച്ചു. തൊണ്ണൂറ്റിയൊൻപതിലെ വെള്ളപ്പൊക്കം എന്ന് ചരിത്രം രേഖപ്പെടുത്തിയ മഹാപ്രളയം കേരളമാകെ വിനാശം വിതച്ചുകൊണ്ട് ഇരമ്പിയെത്തിയ വർഷമായിരുന്നു അത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാൻ മസ്ജിദും അതിപുരാതനമായ ദേവീക്ഷേത്രവും സ്ഥിതിചെയ്യുന്ന, മതസൗഹാർദ്ദത്തിനും ഒത്തൊരുമയ്ക്കും പേരുകേട്ട നാടായിരുന്നു, അന്നത്തെ കൊടുങ്ങല്ലൂർ.ഭരണി മഹോത്സവത്തിന് ഉയർന്നുകേട്ടിരുന്ന കാവു തീണ്ടൽ പാട്ടുകളും, പെരുന്നാൾനാളുകളിൽ അലയടിച്ചിരുന്ന മാപ്പിളപ്പാട്ടുകളും ചേർന്ന് സംഗീതസാന്ദ്രമാക്കിയ ഒരന്തരീക്ഷത്തിലാണ് ഭാസ്കരൻ വളർന്നത്.

സ്വാതന്ത്ര്യ സമര സേനാനി, കോൺഗ്രസ് നേതാവ്, നിയമസഭാംഗം, അഭിഭാഷകൻ, എഴുത്തുകാരൻ, പരിഭാഷകൻ, അഭിനേതാവ്, പത്രാധിപർ…..എന്നിങ്ങനെ പഴയ കൊച്ചീരാജ്യമാകെ നിറഞ്ഞു നിന്ന വ്യക്തിപ്രഭാവത്തിന്റെ ഉടമയായിരുന്നു, പിതാവ് നന്തിയേലത്ത് പത്മനാഭ മേനോൻ. ആനി ബസന്റ്, തിലകൻ, ഗോഖലെ, വി കെ കൃഷ്ണമേനോൻ, ആർ കെ ഷണ്മുഖം ചെട്ടി, കെ പി കേശവമേനോൻ, കെ കേളപ്പൻ തുടങ്ങി ഒട്ടേറെ പ്രമുഖരടങ്ങിയ അദ്ദേഹത്തിന്റെ സൗഹൃദലോകം അതിവിശാലവും വിപുലവുമായിരുന്നു. വള്ളത്തോളും നാലപ്പാട്ട് നാരായണ മേനോനും ഈ വി കൃഷ്ണപിള്ളയുമടക്കമുള്ള മഹാരഥന്മാർ പലരും വന്നു താമസിക്കാറുണ്ടായിരുന്ന തറവാട്ടിൽ, അവരെല്ലാം ചേർന്ന് നയിച്ചിരുന്ന കവിയരങ്ങുകളും സമസ്യാപൂരണങ്ങളുമൊക്കെയാണ്, ഭാസ്കരന്റെ ഇളം മനസിൽ സാഹിത്യത്തോട് അടുപ്പവും അഭിരുചിയും വളരാനുള്ള സാഹചര്യമൊരുക്കിയത്.

രസികരഞ്ജിനി, ഭാഷാപോഷിണി, കവനകൗമുദി, ഗ്രാമീണൻ, കേരളവ്യാസൻ, ദീപം, സദ്ഗുരു, വിദ്യാവിനോദിനി തുടങ്ങി വീട്ടിൽ വരുത്തിയിരുന്ന അക്കാലത്തെ പ്രധാന മാസികകളൊക്കെ കമ്പോടുകമ്പു വായിക്കാൻ ഭാസ്കരൻ ആവേശം കാണിച്ചിരുന്നു. സാഹിത്യത്തിൽ മാത്രമല്ല, രാഷ്ട്രീയസാമൂഹിക രംഗങ്ങളിലെല്ലാമുണ്ടാകുന്ന മാറ്റങ്ങളെയും പുതിയ ചലനങ്ങളെയും കുറിച്ച് ആ ബാലന് അറിവ് ലഭിച്ചത് ആ പത്രമാസികകളിലൂടെയാണ്. കൊച്ചീരാജ്യത്തെ പാഠപുസ്തകക്കമ്മിറ്റിയംഗമായിരുന്ന പത്മനാഭ മേനോന് എല്ലാ പ്രസാധകരും പുസ്തകങ്ങൾ അയച്ചുകൊടുത്തിരുന്നു. അവയുടെയൊക്കെ പ്രധാന വായനക്കാരനും ഭാസ്ക്കരനല്ലാതെ മറ്റാരുമായിരുന്നില്ല.

ദേശീയ പ്രസ്ഥാനത്തോടും സ്വാതന്ത്ര്യ സമരത്തോടും കുട്ടിക്കാലം മുതൽക്കു തന്നെ ഭാസ്കരന് ഹൃദയബന്ധമുണ്ടായിരുന്നു. അച്ഛനോടും സഹോദരങ്ങളോടുമൊപ്പം ചർക്കയിൽ ഖാദി നൂൽ നൂൽക്കാനും വസ്ത്രം നെയ്യാനുമൊക്കെ വലിയ ഉത്സാഹം പ്രകടിപ്പിച്ചിരുന്നു. ഖാദി വിൽക്കാനും മുന്നിട്ടിറങ്ങി. അച്ഛന്റെ മാതൃക പിന്തുടർന്ന് ഖാദിവസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന പ്രതിജ്ഞയുമെടുത്തു.

ഗുരുവായൂർ സത്യഗ്രഹത്തിന്റെ പ്രചാരണാർത്ഥം എ കെ ഗോപാലൻ നയിച്ച ജാഥയ്ക്ക്, പത്മനാഭ മേനോന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയ സംഭവം നാട്ടിലും ബന്ധുക്കൾക്കിടയിലുമൊക്കെ വലിയ ഒച്ചപ്പാടുണ്ടാക്കി. മറ്റൊരിക്കൽ ‘പുലയനയ്യപ്പൻ’ എന്ന് ഉയർന്ന ജാതിക്കാർ ആക്ഷേപിച്ചു വിളിച്ചിരുന്ന സഹോദരനയ്യപ്പൻ അതിഥിയായി വീട്ടിൽ വന്നു താമസിച്ചു. ഇതിനെല്ലാം സാക്ഷിയായ കൊച്ചു ഭാസ്കരന്റെ കണ്ണിൽ പിതാവ് ഒരു വീരപുരുഷനായി വളരുകയായിരുന്നു. ഒപ്പം മനസിൽ നിന്ന് ജാതിചിന്ത തീരെ ഇല്ലാതാവുന്നതിനും ഈ സംഭവങ്ങൾ കാരണമായി.

എന്നാൽ മക്കൾക്കും നാട്ടുകാർക്കുമെല്ലാം ആരാധ്യപുരുഷനായ ആ വലിയ മനുഷ്യൻ അധികം വൈകാതെ തന്നെ ഗുരുതരമായ ക്ഷയരോഗം ബാധിച്ച് ലോകത്തോട് വിടപറഞ്ഞു. അന്ന് ഭാസ്കരൻ അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു. രാഷ്ട്രീയ സാമൂഹ്യ സേവന രംഗങ്ങളിലെ പ്രവർത്തനങ്ങൾ കാരണം ധാരാളം കടബാധ്യതകളുണ്ടായിരുന്നു പത്മനാഭ മേനോന്. കടക്കാർ ദിവസവും വീട്ടിൽ കയറിയിറങ്ങി.കടം തീർക്കാൻ കിട്ടിയ വിലയ്ക്ക് വസ്തുക്കൾ മിക്കവാറും വിറ്റു. അതുകൊണ്ടും പോരാതെ ആഭരണങ്ങൾ വിറ്റുമൊക്കെയാണ് കടങ്ങളൊക്കെ വീട്ടിയത്.

സാഹിത്യത്തോടെന്ന പോലെ സംഗീതത്തോടും കടുത്ത ഭ്രമം ജനിപ്പിച്ചത്, വീട്ടിൽ സദാ മുഴങ്ങിക്കേട്ടിരുന്ന കുന്ദൻ ലാൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കിന്റെയും മധുര മനോജ്ഞ ഗാനങ്ങളാണ്. ചേച്ചിമാർ സംഗീതം പഠി ക്കുമ്പോൾ അരികത്തൊരിടത്ത് ശ്രദ്ധിച്ചു കേട്ടിരിക്കുമായിരുന്ന ഭാസ്കരന് വിവിധ രാഗങ്ങളെയും സംഗീത ശാസ്ത്രത്തെയും കുറിച്ച് ഒരു സാമാന്യ ധാരണയൊക്കെയുണ്ടായി. പാടാൻ പഠിച്ചില്ലെങ്കിലും സംഗീതത്തെ ആഴത്തിൽ ആസ്വദിക്കാൻ ഭാസ്ക്കരന്‍ പഠിച്ചു.

ഭാസ്കരൻ തന്റെ ആദ്യകവിത എഴുതുന്നത് ഫോർത്ത് ഫോമിൽ പഠിക്കുമ്പോഴാണ്. സ്കൂളിലെ കയ്യെഴുത്ത് മാസികയായ ‘സാഹിത്യ കുസുമ’ത്തിൽ.

“പുഷ്‌കല പുഷ്പങ്ങൾ പുൽകുന്ന മെത്തയിൽ
പൊൻകിനാക്കൾ കണ്ടു ഞാൻ മയങ്ങീടവേ…”

എഴുത്തച്ഛനെയും കുഞ്ചൻ നമ്പ്യാരെയും ചെറുശ്ശേരിയെയും ആശാനെയും വള്ളത്തോളിനെയും ചങ്ങമ്പുഴയെയും ജി ശങ്കരക്കുറുപ്പിനെയുമൊക്കെ ആവർത്തിച്ചാവർത്തിച്ചു വായിച്ചു മനഃപാഠമാക്കിയ ഭാസ്കരന്റെ ഏറ്റവും വലിയ ആഗ്രഹം, ആ മഹാരഥന്മാരെ പോലെ ഒരു കവിയായിത്തീരുക എന്നതായിരുന്നു. സ്‌കൂളിൽവച്ചൊരിക്കൽ ഷേക്സ്പിയറുടെ കവിത പരിഭാഷ ചെയ്തതിന് ഒന്നാം സമ്മാനം നേടി.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സാഹിത്യ സൃഷ്ടി അച്ചടിച്ചു വരുന്നത്. മാതൃഭൂമിയുടെ ബാലപംക്തിയിൽ ‘ചോറിന്റെ കൂറ്’ എന്ന കഥ. ഭാസി എന്ന പേരിലാണത് വന്നത്. പിന്നെ തുടരെത്തുടരെ കവിതകളുടെ വരവായി. ‘മഹാകവി ഉലുകൻ’ എന്ന പേരിൽഎഴുതിയ ഹാസ്യകവിതകളും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. ‘രഹസ്യരംഗം’ എന്നൊരു ഡിറ്റക്ടീവ് നോവലും എഴുതിത്തുടങ്ങിയെങ്കിലും പൂർത്തിയാക്കിയില്ല.

സാഹിത്യത്തിനോടെന്നപോലെ ഭാസ്കരന് ഒരുപാട് കമ്പമുള്ള മറ്റൊരു രംഗം സിനിമയായിരുന്നു. വീട്ടുകാരെ ഒളിച്ചുപോയി, കൊടുങ്ങല്ലൂരിൽ ആകെക്കൂടി യുണ്ടായിരുന്ന ശ്രീ കാളീശ്വരി തീയേറ്ററിലും ഉത്സവകാലത്തും മറ്റും വരാറുള്ള ടൂറിംഗ് തീയേറ്ററുകാർ കെട്ടിയുണ്ടാക്കുന്ന തുണിക്കൂടാരത്തിലും രണ്ടണ ടിക്കറ്റെടുത്ത് ഏറ്റവും മുൻ നിരയിൽ ചെന്നിരുന്ന്, ധാരാളം നിശ്ശബ്ദ സിനിമകൾ കാണാറുണ്ടായിരുന്നു.

ഇന്റർമീഡിയറ്റിന് പഠിക്കാനായി എറണാകുളം മഹാരാജാസ് കോളേജിൽ ചേർന്നതോടെയാണ് പി ഭാസ്കരൻ വിപ്ലവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദാസ് ക്യാപിറ്റലും ഒക്കെ വായിച്ച് ഉറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായിത്തീർന്ന ഭാസ്‌കരൻ, വിദ്യാർത്ഥി ഫെഡറേഷന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സജീവ പ്രവർത്തകനായി. പാർട്ടി നിരോധിക്കപ്പെട്ട നാളുകളായിരുന്നു അത്. ഭാസ്കരനും ഉറ്റ മിത്രമായ കെ എ രാജനും താമസിച്ച ലോഡ്ജ് മുറി പ്രമുഖ പാർട്ടി നേതാക്കളുടെ ഒളിത്താവളമായി. രാത്രികാലങ്ങളിൽ,ഭാസ്കരനും സഖാക്കളും ചേർന്ന് നഗരത്തിന്റെ പ്രധാനയിടങ്ങളിലെ ചുവരുകളിൽ വിപ്ലവമുദ്രാവാക്യങ്ങൾ എഴുതിവെച്ചു. അഖിലകേരള വിദ്യാർത്ഥി ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായി ഭാസ്കരൻ തെരഞ്ഞെടുക്കപ്പെട്ടു.

ആയിടയ്ക്ക് ഭാസ്കരനെഴുതിയ ഐക്യ കേരള ഗാനം നാടെങ്ങും പാടിനടക്കാൻ തുടങ്ങി.

“പദം പദമുറച്ചു നാം
പാടിപ്പാടിപ്പോവുക
പാരിലൈക്യകേരളത്തിൻ
കാഹളം മുഴക്കുവാൻ…”

പിൽക്കാലത്ത്, പാലിയത്തച്ചന്റെ മാളികയ്ക്ക് മുന്നിലൂടെ വഴിനടക്കാനുള്ള അവകാശത്തിന് വേണ്ടി അയിത്തജാതിക്കാർ സമരം ചെയ്തപ്പോൾ, സത്യഗ്രഹികളുടെ ജാഥയിൽ ഭാസ്‌കരനുമുണ്ടായിരുന്നു. ഒരു പടപ്പാട്ടെഴുതി പാടിക്കൊടുത്തുകൊണ്ടായിരുന്നു ആ യാത്ര. അപ്പോൾത്തന്നെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പടപ്പാട്ടുകൾ പിന്നെയും ഭാസ്കരൻ എഴുതിക്കൊണ്ടേയിരുന്നു.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ അധികം വൈകാതെ കോളേജിൽ നിന്ന് പുറത്താക്കി. വീട്ടിലേക്ക് മടങ്ങിച്ചെന്ന ‘മുടിയനായ പുത്രനെ’ വീട്ടുകാരും ഗൗനിച്ചില്ല. അമ്മ മാത്രം ഒരുപാട് കരഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത്യ സമരത്തിന് എതിരായിരുന്നെങ്കിലും കൊടുങ്ങല്ലൂരിലും കോട്ടപ്പുറത്തുമൊക്കെ ആഗസ്റ്റ് സമരം സംബന്ധിച്ച് നടന്ന യോഗങ്ങളിൽ ഭാസ്കരനായിരുന്നു പ്രധാന പ്രസംഗകൻ. അടുത്ത ദിവസം തന്നെ അറസ്റ്റിലായ ഭാസ്കരനെ ഒൻപതു മാസത്തെ തടവിന് ശിക്ഷിച്ചു. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലടയ്ക്കപ്പെടുമ്പോൾ ഇരുപത്തിയൊന്ന് വയസ്സായിരുന്നു പ്രായം. ഇക്കണ്ട വാര്യരും പനമ്പിള്ളി ഗോവിന്ദ മേനോനും സി അച്യുത മേനോനും മത്തായി മാഞ്ഞൂരാനും കെ കരുണാകരനും അടക്കമുള്ള പ്രമുഖ നേതാക്കൾ ആ കാലത്ത് വിയ്യൂർ ജയിലിലെ അന്തേവാസികളായിരുന്നു. നെല്ലുകുത്ത്, റാട്ടുതിരി, ചകിരി പിരിക്കൽ, കയർ പിരി, നെയ്ത്ത് തുടങ്ങിയ ജോലികളൊക്കെ വശമാക്കുന്നത് അപ്പോഴാണ്. ഒരു ദിവസം ഒരു പറ നെല്ലു വരെ കുത്താൻ ഭാസ്കരന് സാധിച്ചിരുന്നു. ജീവിതത്തിലെ വിലപ്പെട്ട പല പാഠങ്ങളും ഭാസ്‌കരൻ പഠിക്കുന്നത് ജയിലിലെ വിചിത്രമായ ആ അനുഭവലോകത്തുനിന്നാണ്. കള്ളന്മാരും കൊലപാതകികളും രാഷ്ട്രീയ തടവുകാരുമെല്ലാമൊരുമിച്ചു കഴിഞ്ഞുകൂടിയ ആ ദിവസങ്ങളിൽ എഴുത്തും വായനയും രാഷ്ട്രീയ ക്ലാസ്സുകളും അക്ഷരശ്ലോകമത്സരങ്ങളും കലാപരിപാടികളുമൊക്കെയായി ദിവസങ്ങൾ കടന്നുപോയതറിഞ്ഞില്ല. 1943 ഫെബ്രുവരി മാസത്തിൽ ഭാസ്‌കരൻ സ്വതന്ത്രനായി.

ജയിൽ വിമോചിതനായതിനു ശേഷം ഭാസ്‌കരൻ, കണ്ണൂർ, തലശ്ശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ച് തൊഴിലാളിപ്രവർത്തനങ്ങളിൽ സജീവമായി. ഒപ്പം കവിതയെഴുത്തും വിപ്ലവഗാനാലാപനവും നാടകവുമൊക്കെയായി മലബാർ മുഴുവനും ചുറ്റിസഞ്ചരിച്ചു.ജോർജ്ജ് ചടയൻമുറി, ചെങ്കാളിയപ്പൻ എന്നീ കമ്മ്യൂണിസ്റ്റ് സഖാക്കളുമായി ഏറെ അടുപ്പമുണ്ടാകുന്നത് ആ നാളുകളിലാണ്. നാടുചുറ്റിയുള്ള പാർട്ടി പ്രവർത്തനങ്ങൾക്കിടയിൽ എറണാകുളത്ത് ബോട്ട് ജെട്ടിയിൽ ബുക്ക് സ്റ്റാൾ നടത്തിയിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സൗഹൃദസംഘത്തിലെ ഒരു പ്രധാന അംഗവുമായി മാറി.

കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും മഹാത്മാഗാന്ധിയെ കാണാനുള്ള ആവേശം മൂത്തപ്പോൾ, ഭാസ്‌കരൻ ഒരു നാൾ വാർധയിലേക്ക് വണ്ടി കയറി. ആശ്രമത്തിൽ മൗനവൃതത്തിലേർപ്പെട്ടിരിക്കുന്ന ഗാന്ധിജിയെ കുറച്ചുനേരം നോക്കി നിന്നശേഷം മടങ്ങിപ്പോരുകയും ചെയ്തു. മറ്റൊരു യാത്ര ലാഹോറിലേക്കായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഗറില്ലാ യുദ്ധത്തിലേർപ്പെടാൻ തീരുമാനിച്ചപ്പോൾ, പാർട്ടി നിയോഗിച്ചതനുസരിച്ച് ഭാസ്കരനും മറ്റു മൂന്ന് വിദ്യാർത്ഥി സഖാക്കളും ദാവി നദീതീരത്തുള്ള ഒരു വനപ്രദേശത്ത് വെച്ചുനടത്തിയ ക്യാമ്പിൽ പങ്കെടുത്തുകൊണ്ട് ഗറില്ലാ യുദ്ധമുറകൾ പരിശീലിച്ചു.

അപ്പോഴും എഴുത്ത് മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. ഭാസ്‌കരൻ എഴുതിയ ‘കരവാൾ’, ‘നവകാഹളം’ തുടങ്ങിയ സമരഗാന സമാഹാരങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.1945ൽ ‘വില്ലാളി’ എന്ന ആദ്യ കവിതാസമാഹാരവും പുറത്തുവന്നു. 46ൽ അടുത്ത പുസ്തകമായ ‘രണഭേരി’യും. കമ്മ്യൂണിസ്റ്റ് നേതാവ് കെ ദാമോദരൻ അവതാരിക എഴുതിയ ‘രണഭേരി’യിലെ ‘അന്ത്യസമരത്തിന്’, ‘പുറത്തുപോ’ തുടങ്ങിയ പടപ്പാട്ടുകൾ സഖാക്കളിൽ ആവേശമുണർത്തിക്കൊണ്ട് ഭാസ്‌കരൻ തന്നെ പാടുകയായിരുന്നു പതിവ്.

“പുറത്തുപോകെ’ന്നലറുകയാണിജ്ജനങ്ങളെല്ലാരും,
മറുത്തുചൊന്നാൽ മരണം വരെയും കടുത്ത പോരാട്ടം”

വൈകാതെ പുസ്തകം നിരോധിക്കപ്പെട്ടു. ആ കവിതകൾ പ്രസിദ്ധീകരിച്ച പത്രങ്ങളെല്ലാം കണ്ടുകെട്ടി.

എഴുത്തുകാരനായ സി ജെ തോമസും ഫോട്ടോഗ്രാഫർ ജേക്കബ് ഫിലിപ്പുമായി കൂട്ടുചേർന്ന് നിഴൽ നാടകം അഥവാ ഷാഡോ പ്ളേ എന്ന പുതുമയുള്ള കലാപരിപാടിയുമായി പാർട്ടി പ്രചാരണത്തിനിറങ്ങുന്നതൊക്കെ ആ കാലത്താണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം തുടങ്ങിയപ്പോൾ ഭാസ്‌കരൻ പത്രാധിപസമിതിയുടെ ഭാഗമായി. പത്രാധിപർ എം എസ് ദേവദാസ്, സി ഉണ്ണിരാജ, വി ടി ഇന്ദുചൂഡൻ തുടങ്ങിയവരൊരുമിച്ച്ഒരു കമ്മ്യൂണിലായിരുന്നു താമസം. കാക്കിനിറത്തിലുള്ള ഹാഫ് ട്രൗസറും ഷർട്ടുമാണ് പാർട്ടി സെക്രട്ടറി പി സി ജോഷി മുതലുള്ള കമ്മ്യൂണിസ്റ്റു കാരുടെ അന്നത്തെ യൂണിഫോം. കോട്ടയത്തു വെച്ച് സർ സി പി യുടെ പോലീസ് അറസ്റ്റു ചെയ്ത ഭാസ്കരൻ തിരുവതാംകൂറിൽ പ്രവേശിച്ചുകൂടെന്ന നിരോധനാജ്ഞ നിലവിലിരിക്കുമ്പോഴാണ് വയലാറിൽ ചെല്ലുന്നതും വിപ്ലവത്തിന്റെ ആ വീരഗാഥ ‘വയലാർ ഗർജ്ജിക്കുന്നു’ എഴുതുന്നതും. അതുപോലെ തന്നെ പ്രചുരപ്രചാരം നേടിയ ഒരു പ്രണയകാവ്യവും ആ നാളുകളിൽ തന്നെ ഭാസ്കരൻ എഴുതി.’ഓർക്കുകവല്ലപ്പോഴും’

“വാക്കിന് വിലപിടി-
പ്പേറുമീസന്ദർഭത്തിൽ
‘ഓർക്കുക വല്ലപ്പോഴു’
മെന്നല്ലാതെന്തോതും ഞാൻ”

മദ്രാസിൽ നിന്ന് പുറത്തിറങ്ങിയ ജയകേരളം എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപചുമതല ഏറ്റെടുത്തു. ഡോ.സി ആർ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കെ പത്മനാഭൻ നായർ, രാംസ്കി എന്ന പി രാമൻ മേനോൻ, നാടൻ എന്ന പേരിലെഴുതുന്ന എം ആർ മേനോൻ, തുടങ്ങിയ കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നു പുതിയ പ്രസിദ്ധീകരണത്തിന്റെ പിറകിൽ. മറുനാടൻ മലയാളികളുടെ സൃഷ്ടികളും എം വി ദേവന്റെ വരയും വിഹാരി എന്ന പേരിൽ പി ഭാസ്‌കരൻ എഴുതിയ കവിതകളുമെല്ലാം കൂടി ജയകേരളം ഒരു പുരോഗമന സാഹിത്യ പ്രസിദ്ധീകരണമെന്ന നിലയിൽ വളരെവേഗം ശ്രദ്ധിക്കപ്പെട്ടു. ബുക്ക് സ്റ്റാൾ അടച്ചുപൂട്ടി മദിരാശിയിലേക്ക് ചേക്കേറിയ ബഷീർ നേരും നുണയും എന്ന പേരിൽ ഒരു ചോദ്യോത്തര പംക്തി അതിൽ കൈകാര്യം ചെയ്തു

1948 ൽകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കട്ട തീസിസ് നടപ്പിൽ വന്നതോടെ പാർട്ടി നിരോധിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ചായ് വുള്ള പ്രസിദ്ധീകരണമെന്ന് മുദ്രകുത്തി അന്നത്തെ മദിരാശി സർക്കാരിലെ ആഭ്യന്തര മന്ത്രി കോഴിപ്പുറത്ത് മാധവമേനോൻ ഉത്തരവിട്ട പ്രകാരം ജയകേരളം ഓഫീസ് റെയ്ഡ് ചെയ്ത് ബഷീറും ഭാസ്കരനുമുൾപ്പെടെയുള്ളവരെ പിടിച്ചുകൊണ്ടുപോയി. ജാമ്യത്തിൽ വിട്ടയക്കപ്പെട്ടെങ്കിലും അതോടെ ഭാസ്കരന്റെ പത്രപ്രവർത്തന ജീവിതത്തിലെ ആദ്യഘട്ടത്തിന്റെ അവസാനം കുറിക്കുകയായിരുന്നു.

1950 മെയ് 24 നാണ് കോഴിക്കോട് റേഡിയോ നിലയം ആരംഭിക്കുന്നത്. കെ പത്മനാഭൻ നായരുടെ പ്രേരണയിൽ മദിരാശി റേഡിയോ നിലയത്തിന് വേണ്ടി പാട്ടുകളും സംഗീതശില്പങ്ങളും തയ്യാറാക്കി പരിചയമുണ്ടായിരുന്ന പി ഭാസ്കരൻ കരാറടിസ്ഥാനത്തിൽ സ്ക്രിപ്റ്റ് റൈറ്റർ ആയി ചേർന്നു. ഭാസ്‌കരൻ എഴുതിയ വീരകേരളം എന്ന സംഗീത ശില്പത്തോടെയാണ് റേഡിയോ നിലയം പ്രക്ഷേപണം തുടങ്ങിയത്. ജി പി എസ് നായരുടെ നേതൃത്വത്തിൽ കെ പത്മനാഭൻ നായർ, പി സി കുട്ടികൃ ഷ്ണൻ, തിക്കോടിയൻ, കെ രാഘവൻ, അക്കിത്തം, കെ എ കൊടുങ്ങല്ലൂർ, ബി എ ചിദംബരനാഥ്‌, ശാന്താ പൊതുവാൾ, ലക്ഷ്‌മീദേവി തുടങ്ങി പ്രതിഭാശാലികളുടെ ഒരു സംഘമാണ് അന്ന് റേഡിയോ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്നത്. കോഴിക്കോട് അബ്ദുൽ ഖാദർ, ബാബുരാജ്, കെ പി ഉദയഭാനു തുടങ്ങിയവരൊക്കെ പരിപാടികളുടെ ഭാഗഭാക്കുകളായി. പി ഭാസ്കരനും കെ രാഘവനും ചേർന്ന് തുടക്കമിട്ട ലളിത ഗാന ശാഖയ്ക്ക് ശബ്ദ മാധുര്യം പകർന്നത് ശാന്താ പി നായരും ഗായത്രി ശ്രീകൃഷ്ണനും ഉദയഭാനുവും അബ്ദുൽ ഖാദറുമെല്ലാം ചേർന്നാണ്.

അതിനിടെ,പി ഭാസ്കരൻ കമ്മ്യൂണിസ്റ്റുകാരനാണെന്ന് ആരോ പരാതി നൽകി. അധികം വൈകാതെ കരാർ അവസാനിപ്പിച്ചതായുള്ള കത്ത് നൽകിക്കൊണ്ട് ആകാശവാണി അദ്ദേഹത്തെ പുറത്താക്കി.അപ്പോഴേക്കും ഭാസ്‌കരൻ പുതിയൊരു മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു.പിച്ചവെച്ചു തുടങ്ങിയ മലയാള സിനിമയുടെ മാസ്മരിക ലോകമായിരുന്നു അത്.

ചലച്ചിത്രം എന്ന പുതിയ മാധ്യമത്തോട് വല്ലാത്തൊരു ആകർഷണീയതയുണ്ടായിരുന്നു, പി ഭാസ്കരന്. ജയകേരളത്തിൽ പ്രവർത്തിക്കുന്ന നാളുകളിലായിരുന്നു ആ ബന്ധത്തിന്റെ തുടക്കം. ജെമിനി സ്റ്റുഡിയോയ്ക്ക് വേണ്ടി എസ് എസ് വാസൻ നിർമ്മിച്ച അപൂർവ സഹോദരർകൾ എന്ന ചിത്രത്തിൽ ഒരു ബഹുഭാഷാ ഗാനം ഉൾപ്പെടുത്താൻ തീരുമാനിച്ചു. അതിലെ മലയാളത്തിലുള്ള വരികൾ എഴുതാൻ നിയുക്തനായത് ഭാസ്കരനാണ്.

“കടക്കണ്ണിൻ തലപ്പത്ത് കറങ്ങും വണ്ടേ
കളിച്ചും കൊണ്ട് പറക്കുന്നതെന്തിനോ വണ്ടേ..”

എന്ന വരികൾക്ക് സംഗീതം പകർന്നത് വി ദക്ഷിണാമൂർത്തിയാണ്. ഇത്1949ലായിരുന്നു. തുടർന്ന് ചന്ദ്രിക എന്ന ചിത്രത്തിനു വേണ്ടി പൂർണ്ണമായ ഗാനങ്ങൾഎഴുതി. തുടർന്നാണ് നവലോകത്തിന്റെ വരവ്. അബ്ദുൽഖാദർ ആലപിച്ച ” തങ്കക്കിനാക്കൾ ഹൃദയേ വീശും” എന്ന ഗാനം വലിയ ഹിറ്റായതോടെ പി ഭാസ്‌കരൻ എന്ന ഗാനരചയിതാവ് ശ്രദ്ധിക്കപ്പെട്ടു. നവലോകത്തിന് വേണ്ടി പാട്ടുകൾ റെക്കോർഡ് ചെയ്ത് സന്തോഷത്തോടെ മടങ്ങിയെത്തുമ്പോഴാണ് ആകാശവാണിയിൽ നിന്നുള്ള പിരിച്ചുവിടൽ. അസ്സോസിയേറ്റ് വാസു എന്നറിയപ്പെടുന്ന ടി ഇ വാസുദേവൻ നിർമ്മിച്ച ‘അമ്മ എന്ന ചിത്രത്തിൽ പാട്ടുകളെഴുതുക മാത്രമല്ല തമിഴനായ സംവിധായകന്റെ മുഖ്യസഹായിയും സംഭാഷണ രചയിതാവുമൊക്കെയായി പ്രവർത്തിച്ചതോടെ സിനിമാ സംവിധാനത്തിലും ഒരു കൈ നോക്കാമെന്നായി. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന പ്രശസ്ത നോവലും പൊൻകുന്നം വർക്കിയുടെ ‘കതിരുകാണാക്കിളി’ എന്ന നാടകവും എസ് കെ പൊറ്റക്കാടിന്റെ ‘പുള്ളിമാൻ’ എന്ന വിഖ്യാത ചെറുകഥയും ചലച്ചിത്രമാക്കാനായി പി ഭാസ്കരനും ഉറ്റ ചങ്ങാതിയായ രാമുകാര്യാട്ടും ചേർന്ന് ഒരുപാട് ശ്രമങ്ങൾ നടത്തിനോക്കിയെങ്കിലും അവയൊന്നും വിജയം കണ്ടില്ല. ഇടയ്ക്ക് പി ആർ എസ് പിള്ള സംവിധാനം ചെയ്ത’തിരമാല’ എന്ന ചിത്രത്തിന് വേണ്ടി പാട്ടുകളെഴുതുകയും ചെറിയൊരു വേഷമിടുകയും ചെയ്തതോടെ ആത്മവിശ്വാസം കൂടി.

അപ്പോഴാണ് പുതിയൊരു ചിത്രത്തിന്റെ ആശയവുമായി ഉറ്റചങ്ങാതി രാമുകാര്യാട്ടിന്റെ വരവ്. ടി കെ പരീക്കുട്ടി എന്നൊരു തടിമുതലാളിയാണ് പ്രൊഡ്യൂസർ. ഉമ്മാച്ചു എന്ന നോവൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്നതിനായി ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ച പി സി കുട്ടികൃഷ്ണൻ കഥയെഴുതുന്നു.പരീക്കുട്ടി യുടെ നിർദ്ദേശ പ്രകാരം ഭാസ്‌കരൻ രാമുവിനോടൊപ്പം സംവിധാനചുമതല ഏറ്റെടുത്തു. സംഗീതസംവിധാനം കെ രാഘവനും ഛായാഗ്രഹണം എ വിൻസെന്റും കൈകാര്യം ചെയ്തു. അഭിനേതാക്കളായി സത്യൻ, മിസ് കുമാരി എന്ന അന്നത്തെ നായക താരങ്ങൾ ക്കു പുറമെ പ്രേമ,കൊടുങ്ങല്ലൂർ അമ്മിണിയമ്മ, കൊച്ചപ്പൻ, ബാലകൃഷ്ണമേനോൻ എന്ന പുതുമുഖ ങ്ങളെയും നിശ്ചയിച്ചു. ഒരു പ്രധാന കഥാപാത്രമായ പോസ്റ്റ്മാൻ ശങ്കരൻ നായരായി അഭിനയിക്കാൻ നാടക നടൻ പി ജെ ആന്റണിയെയാണ് തീരുമാനിച്ചതെങ്കിലും, നാടകത്തിലെ തിരക്ക് മൂലം ആന്റണി എത്തിയില്ല.പകരം ഭാസ്കരൻ തന്നെ ആ വേഷം കൈകാര്യം ചെയ്തു. തൃശ്ശൂരിലെ അന്നക്കരയിലും വടക്കാഞ്ചേരിയിലും മദ്രാസിലുമൊക്കെയായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

1954 ഒക്ടോബർ24 ന് പുറത്തിറങ്ങിയ ‘നീലക്കുയിൽ’ എല്ലാ അർത്ഥത്തിലും മലയാള സിനിമയിൽ ഒരു മാറ്റത്തിന്റെ നാന്ദി കുറിച്ച ചിത്രമായിരുന്നു. പ്രമേയത്തിൽ, സംഭാഷണത്തിൽ, പാത്ര സൃഷ്ടിയിൽ, ദൃശ്യപരിചരണത്തിൽ, ഗാനങ്ങളിൽ, അഭിനയത്തിൽ..ഇവയിലെല്ലാം മലയാളമണ്ണിന്റെ മണം നിറഞ്ഞു നിന്ന,പുതുമയും വ്യത്യസ്തതയും പുലർത്തിയ നീലക്കുയിലിന് രാഷ്ടപതിയുടെ വെള്ളിമെഡൽ ലഭിച്ചതോടെ മലയാള സിനിമ പുതിയ ആകാശങ്ങളിലേക്ക് പറന്നുയരുകയായിരുന്നു.

ഭാസ്കരൻ മാസ്റ്റർ എന്ന ഒന്നാം നിര ചലച്ചിത്രകാരന്റെ ജീവിതം അവിടെത്തുടങ്ങുന്നു. ‘രാരിച്ചൻ എന്ന പൗരൻ’, ‘നായര് പിടിച്ച പുലിവാല്‍’, ‘ലൈലാ മജ്നു’, ‘ആദ്യകിരണങ്ങൾ’, ‘പരീക്ഷ’, ‘അന്വേഷിച്ചു കണ്ടെത്തിയില്ല’, ‘കാട്ടുകുരങ്ങ്’, ‘കള്ളിചെല്ലമ്മ’, ‘മൂലധനം’, ‘വിലയ്ക്ക് വാങ്ങിയ വീണ’, ‘വിത്തുകൾ’, ‘കുരുക്ഷേത്രം’, ‘സ്നേഹദീപമേ മിഴിതുറക്കൂ’, ‘തച്ചോളി മരുമകൻ ചന്തു’, ‘ജഗദ്‌ഗുരു ആദിശങ്കരാചാര്യ’ തുടങ്ങി മലയാള സിനിമാചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന എത്രയെത്ര മികച്ച ചിത്രങ്ങൾ. എം ടി വാസുദേവൻ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ‘ഇരുട്ടിന്റെ ആത്മാ’വ് അക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നു. മലയാളസാഹിത്യത്തിലെശ്രേഷ്ഠങ്ങളായ സാഹിത്യ കൃതികളുടെ ചലച്ചിത്ര രൂപാന്തരങ്ങളായിരുന്നു അവയിൽ ഭൂരിഭാഗവും.

കേരളപ്രകൃതിയുടെയും സംസ്കാരത്തിന്റെയും വാമൊഴിമൊഴിപ്പഴക്കത്തിന്റെയും നാടോടിപ്പാട്ടു പാരമ്പര്യത്തിന്റെയുമൊക്കെ സത്ത കാച്ചിക്കുറുക്കിയെടുത്ത് പദപ്രയോഗങ്ങളും ബിംബങ്ങളുമൊക്കെയായി മാറ്റി, സംഗീതത്തിൽ അലിയിച്ചുചേർത്ത കുറെയധികം അതിമനോഹരഗാനങ്ങളുടെ പേരിലാണ് ഭാസ്കരൻ മാഷിനോട് മലയാളികൾ കൂടുതൽ കടപ്പെട്ടിരിക്കുന്നത്.

1957 ൽ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് കേരളസംഗീത അക്കാദമിയുടെ ആദ്യത്തെ സെക്രട്ടറിയായ പി ഭാസ്കരൻ, മുപ്പതുവർഷങ്ങൾക്ക് ശേഷം അതിന്റെ അദ്ധ്യക്ഷനുമായി. 1970 കളുടെ ഒടുവിൽ മദിരാശിയും സിനിമാരംഗവും വിട്ട് കോട്ടയത്ത് ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. ചിത്രാഞ്ജലി സ്‌റ്റുഡിയോയുടെ മാനേജർ, കേരള സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിന്റെ ചെയർമാൻ തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു.ആദ്യത്തെ മലയാളം ടെലിവിഷൻ പരമ്പരയായ ‘വൈതരണി’ ഉൾപ്പെടെ പല പരമ്പരകളിലും സിനിമകളിലും റേഡിയോ നാടകങ്ങളിലും അഭിനേതാവായി തിളങ്ങി. ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന കാവ്യ സമാഹാരത്തിന് കേരളം സാഹിത്യ അക്കാദമി പുരസ്കാരം നേടി. സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരവും പി. ഭാസ്ക്കരന്‍ നേടി.

സ്മൃതിനാശം സംഭവിച്ചതിനെ തുടർന്ന്, തിരുവനന്തപുരത്ത് വിശ്രമജീവിതം നയിച്ചു വരുമ്പോൾ 2007 ഫെബ്രുവരി 25 ന് പി. ഭാസ്ക്കരന്‍ അന്തരിച്ചു.

ഭാര്യ – ഇന്ദിര
മക്കൾ – രാധിക, അജിത്, വിനയൻ
പ്രശസ്ത മാധ്യമ പ്രവർത്തകനായ ശശി കുമാർ മരുമകനും രേഖാമേനോൻ മരുമകളുമാണ്.

ബൈജു ചന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍)

ബൈജു ചന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍)

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content