പുതുവാക്കുകളുടെ പിറവി
“എന്റെ കൈഫോണ്‍ എവിടെ വെച്ചു…?”
“അത് നീ തരിപ്പിലിട്ട് വെച്ച്. ദാ …ആ മേശപ്പുറത്ത് കിടക്കുന്നുണ്ട്.”
‘അതിലുള്ളത് മുന്‍കായാണോ?”
‘അല്ല. വേഗം തീര്‍ന്നുപോകുന്ന കാരണം ഞാനത് പിന്‍കായിലേക്ക് മാറ്റി.”
ഈ സംഭാഷണ വാചകങ്ങള്‍ വായിക്കുമ്പോള്‍ ചില വാക്കുകള്‍ പുതുമയായി തോന്നുന്നുണ്ടാകും. മനസിലായില്ലെന്നും വരാം. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് മലപ്പുറം ഭാഗത്ത് രൂപപ്പെട്ട ചില പുതുവാക്കുകളാണ് അവയിലുള്ളത്.
കൈഫോണ്‍ -മൊബൈല്‍ ഫോണ്‍
തരിപ്പിലിടുക- മൊബൈല്‍ ഫോണ്‍ വൈബ്രേറ്റര്‍ മോഡില്‍ ഇടുക
മുന്‍കായ് -പ്രീപെയ്‌ഡ്
പിന്‍കായ് -പോസ്റ്റ്‌പെയ്‌ഡ്
ഇങ്ങനെ ഫോണുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകള്‍ക്ക് അനുയോജ്യമായ മലയാളം കണ്ടെത്തി പ്രയോഗിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അര്‍ത്ഥപരമായി, ക്രിയാപരമായി ശരിക്കും ചേര്‍ന്നുപോകുന്ന തരത്തില്‍ തന്നെ ഇവിടെ മലയാള വാക്കുകള്‍ രൂപപ്പെട്ടിരിക്കുന്നു. പ്രാദേശിക ഭാഷയുടെ ലാളിത്യവും മാധുര്യവും അതില്‍ നിറയുന്നു.
പുതിയ വാക്കുകളും ശൈലികളും രൂപപ്പെടുക എന്നത് സജീവമായി നിലനില്‍ക്കുന്ന ഭാഷകളുടെ സ്വഭാവമാണ്. ആള്‍ക്കാര്‍ സംസാരിച്ചും എഴുതിയും വളര്‍ന്നുകൊണ്ടിരിക്കുന്ന ജീവല്‍ ഭാഷകളാണ് അവ. മലയാളത്തെ സംബന്ധിച്ച് ഇത്തരം പുതിയ വാക്കുകള്‍ രൂപപ്പെടുന്നുണ്ടോ എന്ന അന്വേഷണം കൌതുകകരവും ഗവേഷണ പ്രാധാന്യമുള്ളതുമാണ്.
ഇംഗ്ലീഷ് വാക്കുകളും സംജ്ഞകളും അതേപടി പ്രയോഗിക്കുന്ന ശീലം മലയാളികള്‍ക്കിടയില്‍ കൂടിവരുന്നതാണ് പൊതുവില്‍ കാണാന്‍ കഴിയുന്നത്. തത്തുല്യമായ മലയാളം വാക്കുകള്‍ ഉണ്ടെങ്കിലും അത് പ്രയോഗിക്കുന്നത് പല സന്ദര്‍ഭങ്ങളിലും കുറച്ചിലായി മാറിയിരിക്കുന്നു. നമ്മുടെ ഏറ്റവും മനോഹരമായ പദസൃഷ്ടികളില്‍ ഒന്നാണ് ‘തീവണ്ടി’ എന്നത്. “കൂ.. കൂ.. തീവണ്ടി…” എന്ന പാട്ട് പല തലമുറകളുടെ ബാല്യ കൌതുകമായിരുന്നു. കല്‍ക്കരി കൊണ്ട് തീ കത്തിച്ച് ഓടിക്കുന്ന പുതിയൊരു തരം വണ്ടി കാണുന്ന മലയാളിയുടെ കൌതുകവും ശാസ്ത്രധാരണയും എല്ലാം ആ വാക്കില്‍ ഉള്‍ച്ചേരുന്നു. എന്നാല്‍ ട്രെയിന്‍ എന്നല്ലാതെ തീവണ്ടി എന്നു ഉപയോഗിക്കാന്‍ ഇന്ന് നാം മടി കാണിക്കുന്നു. കുത്തിവെയ്പ്പ്-ഇന്‍ജക്ഷന്‍. ഇതും മറ്റൊരു ഉദാഹരണമാണ്.
എങ്കിലും ചിലയിടങ്ങളിലും സമാന പദങ്ങള്‍ക്കുള്ള അന്വേഷണവും കണ്ടെത്തലും നടക്കുന്നു എന്നതിന്റെ സൂചനയാണ് തുടക്കത്തില്‍ പറഞ്ഞ ഫോണുമായി ബന്ധപ്പെട്ട മലപ്പുറം വാക്കുകള്‍. ഇംഗ്ലീഷിന്റെ അതിപ്രസരം ഒഴിവാക്കി നിലവിലുള്ള മലയാള പദങ്ങള്‍ പ്രയോഗിച്ച് ശീലിക്കുക എന്നത് ഭാഷാസ്നേഹികള്‍ പുലര്‍ത്തേണ്ട ശ്രദ്ധയും ഉത്തരവാദിത്തവുമാണ്.
ബിലു സി. നാരായണന്‍
കര്‍ണ്ണാടക ചാപ്റ്റര്‍