കൂട്ടുകാരായ നാട്ടുപൂക്കള്‍: ലഘുനാടകം
(കുട്ടികള്‍ പാടുന്നു)
കൂട്ടുകൂടി കുട്ടിക്കൂട്ടം
നാട്ടുവഴിയില്‍ പൂ തേടുമ്പോള്‍
തോട്ടുവക്കില്‍ നിന്നൊരു മൂളി –
പ്പാട്ടു പാടുന്നാരാരോ…..
സാബു : മനൂ, അനുമോളേ… കേട്ടില്ലേ ആ പാട്ട്.
മനു : കേട്ടു കേട്ടു, അത് തോട്ടുവക്കില്‍ നിന്നല്ലേ.
അനു : അതെയതെ. അവിടെ നിന്നുതന്നെയാ ആ പാട്ടു കേട്ടത്.
കാക്കപ്പൂവ് : കൂട്ടുകാരേ, ദേ ഇങ്ങോട്ട് നോക്കിയേ.. ഞാനാ പാടിയത്. തോട്ടുവക്കിലല്ല; ദേ ഇവിടെ…
അനു : ആരാ നീ…? എവിടെയാ നീ….?
കാക്കപ്പൂവ് : ഈ പാടത്തേയ്ക്ക് നോക്ക്. ഞാനൊരു പൂവാണ്. ഓണക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നെല്ലിപ്പൂവെന്നു കൂടി ആളുകള്‍ വിളിക്കുന്ന ഒരു കുഞ്ഞ് പൂവാണു ഞാന്‍. എന്താണെന്റെ പേരെന്നറിയാമോ?
മനു : നോക്കട്ടെ നോക്കട്ടെ… കണ്ടാലല്ലേ പേരു പറയാന്‍ പറ്റൂ. ങാ..നീയായിരുന്നോ ? അനൂ, സാബൂ… ഒന്നിങ്ങ് വന്നേ…. ഞാന്‍ പാട്ടുപാടിയ പൂവിനെ കണ്ടുപിടിച്ചു. ഓണപ്പൂക്കളത്തില്‍ ഒഴിച്ചുകൂടാനാവാത്ത പൂവല്ലെ നീ. കാക്കപ്പൂവെന്നല്ലേ കൂട്ടുകാരീ നിന്റെ പേര്. പേരു പോലെ കാക്കയുടേതല്ല നിറം. നീലപ്പൂവാണ് നീ.
അനു : അതെ. നീലമുത്തുകള്‍ പോലെ ശാഖകളായി പിരിഞ്ഞ ഇലകള്‍ക്കിടയില്‍ വിരിഞ്ഞു നില്‍ക്കുന്ന നിന്നെ കാണാന്‍ എന്തൊരു ഭംഗിയാ…
കാക്കപ്പൂവ് : അപ്പോള്‍ നിങ്ങള്‍ക്കെന്നെ അറിയാം.
സാബു : പിന്നെ, ഞങ്ങള്‍ നിന്നെ അറിയും. നിന്നെക്കുറിച്ചുള്ള കഥകളും അറിയാം
കാക്കപ്പൂവ് : അയ്യയ്യോ ? കഥകളോ എന്താണത്?
സാബു : നിന്‍റെ ഇലകള്‍ കാണാന്‍ നല്ല രസമല്ലേ
കാക്കപ്പൂവ് : അതാണോ എന്നെക്കുറിച്ചുള്ള കഥ
അനു : നീ മാംസം കഴിക്കുന്ന ചെടിയല്ലേ.
കാക്കപ്പൂവ് : ഇതൊക്കെ നിങ്ങളെങ്ങനെ മനസ്സിലാക്കി.
മനു : ഞങ്ങള്‍ക്കെല്ലാം അറിയാം.
സാബു : നിന്‍റെ ഇലകളില്‍ അകത്തേക്കു തുറക്കുന്ന ഒരു വാതിലില്ലേ. അതില്‍ കൂടി കടന്നാല്‍ ഒരു ചെറിയ സഞ്ചി കാണാം. അടുത്തു വരുന്ന കൊച്ചു കൊച്ചു ജീവികളെ ആ സഞ്ചിയിലേക്ക് വിളിച്ചു വരുത്തി ആഹാരമാക്കുന്ന നിന്‍റെ വിരുതും ഞങ്ങള്‍ക്കറിയാം.
കാക്കപ്പൂവ് : സമ്മതിച്ചു സമ്മതിച്ചു. മിടുക്കരായ കുട്ടികള്‍ തന്നെ. ദേ…തൊട്ടപ്പുറത്ത് ഒരാള്‍ നില്‍ക്കുന്നുണ്ട്. ആ കുന്നിന്‍ മുകളില്‍ അവള്‍ കുറേ നേരമായി തലയാട്ടി നിങ്ങളെ വിളിക്കുന്നു.
സാബു : ആരാണത് ?
കാക്കപ്പൂവ് : മറ്റാരുമല്ല നമ്മുടെ കണ്ണാന്തളിപ്പൂവ് തന്നെ.
(കുട്ടികള്‍ പാടുന്നു)
കുന്നുകളില്‍ പൂത്തുനില്ക്കും
കണ്ണാന്തളിപ്പൂവേ
ഒന്നു നോക്കൂ നിന്നെ കാണാന്‍
വന്നു നില്പൂ ഞങ്ങള്‍
കണ്ണാന്തളി : ഈ കണ്ണാന്തളിയെ കാണാന്‍ കുന്നു കയറിവന്ന കുഞ്ഞുമക്കളെ
(പാടുന്നു)
ഒത്തിരിയൊത്തിരി സ്‌നേഹം നിങ്ങള്‍
ഒത്തൊരുമിച്ചുവരുമ്പോള്‍
പത്തരമാറ്റിന്‍ തങ്കം നിങ്ങള്‍
കത്തിപ്പടരും സ്‌നേഹം
സാബു: എന്നാലും എന്റെ കണ്ണാന്തളീ, ഈ കുന്നുകയറി കുന്നുകയറി ഞങ്ങള്‍ തളര്‍ന്നു.
അനു : തോട്ടുവക്കിലോ, ആറ്റുവക്കിലോ നിനക്കു വളര്‍ന്നു കൂടെ?
മനു : അങ്ങനെയെങ്കില്‍ പ്രയാസമില്ലാതെ നമുക്ക് നിന്നെ കാണാമായിരുന്നു.
കണ്ണാന്തളി : കൂട്ടുകാരെ, ഞാനൊരു ചോദ്യം ചോദിക്കട്ടെ.
മനു : ചോദിച്ചോളൂ ചോദിച്ചോളൂ
കണ്ണാന്തളി : മീന്‍ ജീവിക്കുന്നത് എവിടെയാ?
സാബു: വെള്ളത്തില്‍
കണ്ണാന്തളി : മനുഷ്യന് വെള്ളത്തില്‍ ജീവിക്കാന്‍ പറ്റുമോ?
കുട്ടികള്‍ : ഇല്ല.
കണ്ണാന്തളി : ഈ ഭൂമിയിലെ ഓരോ ജീവിക്കും ജീവിക്കുന്നതിന് അതിന്റേതായ ഒരു സാഹചര്യം വേണം. മീനിനു ജീവിക്കാന്‍ വെള്ളം വേണം. എന്നതുപോലെ എനിക്ക് ജീവിക്കണമെങ്കില്‍ അധികം വെള്ളക്കെട്ട് പാടില്ല. ഉണങ്ങിയ മണ്ണ് വേണം. നല്ല ശുദ്ധവായു, ആവശ്യത്തിന് സൂര്യപ്രകാശം. ഇതെല്ലാം ഉണ്ടെങ്കിലേ എനിക്കു വളരാന്‍ പറ്റൂ. അതുകൊണ്ടാണ് ഞാനീ കുന്നിന്‍പുറത്തു വളരുന്നത്.
സാബു : മലിനീകരണം കൂടിയ സ്ഥലത്തും നിനക്ക് വളരാന്‍ പറ്റില്ലെന്നു കേട്ടിട്ടുണ്ട്.
കണ്ണാന്തളി : അതെയതെ. കേട്ടതൊക്കെ ശരിതന്നെ. എന്നെ മാറ്റിനടാനും പറ്റില്ല. ചെടിച്ചട്ടിയിലൊന്നും ഞാന്‍ വളരില്ല.
അനു : അതെന്താ ചെടിച്ചട്ടിയില്‍ വളരാത്തത്? എത്രയോ ചെടികള്‍ ചെടിച്ചട്ടിയില്‍ വളരുന്നു. നിനക്ക് അങ്ങനെ വളര്‍ന്നുകൂടേ… `
കണ്ണാന്തളി : നേരത്തെ ഞാന്‍ പറഞ്ഞില്ലേ. ഓരോ ജീവികള്‍ക്കും ജീവിക്കുന്നതിന് അതിന്‍റേതായ, ജീവിക്കാന്‍ പറ്റിയ ഒരു സാഹചര്യം വേണം. അതിന്‍റേതായ സ്വാഭാവിക ആവാസവ്യവസ്ഥയെന്നു പറയും. പക്ഷേ അത് ചെടിച്ചട്ടിയില്‍ നിന്ന് ലഭിക്കില്ല. അതുകൊണ്ട് എനിക്ക് ചെടിച്ചട്ടിയില്‍ വളരാന്‍ സാധിക്കില്ല. മനസ്സിലായോ കുട്ടികളേ?
മനു : മനസ്സിലായി മനസ്സിലായി. ഇപ്പൊ എല്ലാം മനസ്സിലായി. പുത്തരിയുടെ മണവും വെള്ളയില്‍ വയലറ്റു കലര്‍ന്ന നിറവുമുള്ള കണ്ണാന്തളീ ഈ കുന്നുകളും മറ്റും ഇല്ലാതായാല്‍ പിന്നെ നിന്നെ കാണാന്‍ സാധിക്കില്ലല്ലോ എന്നോര്‍ക്കുമ്പോഴാ സങ്കടം.
കണ്ണാന്തളി : അതുകൊണ്ടല്ലേ കുന്നിന്റെ തലകള്‍ കൊയ്തു മാറ്റരുതെന്നു അറിവുള്ളവര്‍ പറയുന്നത്. ഇവിടെ മനുഷ്യന്‍ മാത്രം ജീവിച്ചാല്‍ പോരാ. മറ്റെല്ലാവരും വേണ്ടേ.
മനു: അതെയതെ. നീ പറഞ്ഞതു വളരെ ശരിയാണ്.
തുമ്പ : അതേയ്……. കൂട്ടുകാരേ…ഇങ്ങോട്ടൊന്നു വന്നേ…
സാബു : ആരോ വിളിച്ചല്ലോ.
കണ്ണാന്തളി : അതവളാ….. അങ്ങോട്ട് ചെല്ല്. നിങ്ങള്‍ക്കവളെ ഒത്തിരി ഇഷ്ടാ…
മനു : ആരാന്നു പറയ്യോ…?
തുമ്പ : ഞാനാണേ ദ്രോണപുഷ്പി എന്നറിയപ്പെടുന്ന ഒരു പാവം ചെടി.
അനു : തുമ്പയല്ലേ.
തുമ്പ : അതേയതേ.
സാബു : ധാരാളം കേട്ടിട്ടുണ്ട്. മഹാബലിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂവല്ലേ….
തുമ്പ : അപ്പൊ എന്നെക്കുറിച്ച്, ഏതാണ്ടൊക്കെ അറിയാം.
സാബു : കുറച്ചൊക്കെ അറിയാം. ഓണക്കാലത്ത് പൂക്കളമിടുമ്പോള്‍ ഒരിതള്‍ തുമ്പപ്പൂവില്ലാതിരുന്നാല്‍ അത് വലിയ ദോഷമാണെന്നു പഴമക്കാര്‍ പറഞ്ഞിരുന്നു. വിനയവും വിശുദ്ധിയുമുള്ള പൂവല്ലേ നീ. മറ്റു പൂക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മണം. തൃക്കാക്കരയപ്പന് ഏറ്റവും ഇഷ്ടമുള്ള പൂവാണ് നീ.
അനു : അതുമാത്രമോ?. പൂക്കളില്‍ വച്ച് ഏറ്റവും ഔഷധഗുണവും തുമ്പയ്ക്കാണ്.
(കുട്ടികള്‍ പാടുന്നു)
വമ്പനല്ലായെങ്കിലും കൊമ്പനല്ലായെങ്കിലും
തുമ്പയാണു പൂക്കളിലെ റാണിയെന്നറിയണം
രാജരാജന്‍ മാബലിക്ക് ഇഷ്ടപുഷ്പം തുമ്പ
രോഗശമനമാകും നല്ല ഔഷധച്ചെടി തുമ്പ.
തുമ്പ : കൊള്ളാം നിങ്ങടെ പാട്ട് ഒത്തിരി ഇഷ്ടമായി. എന്‍റെ തൊട്ടടുത്തായി ദാ മുക്കുറ്റി നില്‍ക്കുന്നു. നിങ്ങളെ കണ്ടപ്പോള്‍ അവള്‍ക്ക് ഒത്തിരി സന്തോഷമായിട്ടുണ്ട്. നോക്ക്യേ…
മനു : കണ്ടു കണ്ടു. ഞങ്ങളങ്ങോട്ടുപോകാന്‍ തുടങ്ങുകാരുന്നു. ഒരു കുഞ്ഞുതെങ്ങ് ഓലവിരിച്ചു നില്‍ക്കുന്നതു പോലെയല്ലേ മുക്കുറ്റി. പൂക്കളത്തില്‍ മൂലം നാളിലാണ് മുക്കുറ്റിയുടെ സ്ഥാനം.
അനു : ദാണ്ടെ ശംഖുപുഷ്പം. വെള്ളയും വയലറ്റും നിറത്തില്‍ ഈ വേലിപ്പടര്‍പ്പിലും തൊടിയിലുമെല്ലാം ശംഖുപുഷ്പവുമുണ്ട്.
സാബു : ആ ചെടിയുടെ പച്ചവേര് അരച്ച് വെണ്ണ ചേര്‍ത്തു അമ്മ എനിക്കു തന്നിരുന്നു.
മനു : എന്തിനാ?
സാബു : എനിക്ക് ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കൂടുന്നതിന്. നല്ലൊരു മരുന്നാ എന്നാണ് അമ്മ പറഞ്ഞത്.
മനു : ഇവിടെയെല്ലാം നിറയെ പൂക്കളാണല്ലോ. കൊങ്ങിണിപ്പൂവ്, നരിപ്പൂ, കുറിഞ്ഞി, കാട്ടുചെത്തി, മന്ദാരം, കാശിത്തുമ്പ, കൃഷ്ണമുടി, നക്ഷത്രമുല്ല ഇങ്ങനെയിങ്ങനെ ഒത്തിരിയൊത്തിരി ചെടികളും പൂക്കളും.
അനു : ദേ… ഒരു കൂട്ടം കുഞ്ഞുചെടികള്‍ നില്‍ക്കുന്നതു കണ്ടോ… മൊട്ടുകള്‍ മാത്രമേയുള്ളു, പൂവില്ല.
സാബു : അതോ..അതാണ് നാലുമണിപ്പൂവ് എല്ലാ പൂക്കളും കൊഴിയുന്ന നേരത്ത് കൃത്യം നാല് മണിക്ക് വിരിയുന്ന പൂക്കളാണിത്. പിങ്കും മഞ്ഞയുമൊക്കെയായി ഒത്തിരിപ്പൂക്കളുണ്ടല്ലോ. നോക്ക്
(കുട്ടികള്‍ പാടുന്നു)
നാട്ടുപൂക്കള്‍ നമ്മുടെ
കൂട്ടുകാരാണേ
വീട്ടുമുറ്റത്തെ നമ്മുടെ
കൂട്ടുകാരാണേ
കൂട്ടു കൂടണം കൂടെ കൂട്ടണം
നാട്ടുപൂക്കളെ കൂടെ കൂട്ടണം
(കണിക്കൊന്ന ഭാഗം – 3 ലെ പൂക്കാലച്ചന്തം എന്ന അധ്യായത്തിന്‍റെ ലഘുനാടകരൂപം)
റാണി പി.കെ