കുട്ടികളുടെ ആഫ്രിക്ക: ഭാഗം 5
കൊമോറോസ് – യലാങ് പൂക്കളുടെ നാട്
(കുട്ടികളുടെ ആഫ്രിക്ക പരമ്പരയിലെ മറ്റ് ഭാഗങ്ങള്‍ വായിക്കാം)
ഇന്ന് നമ്മൾ കൊമോറോസിലേക്കാണ് പോവുന്നത്. കിഴക്കന്‍ ആഫ്രിക്കയിലെ ഒരു കുഞ്ഞു രാജ്യമാണ് കൊമോറോസ്. ഗ്രാന്റ് കൊമോറോ, മവോലി, അഞ്ചുവം എന്നിങ്ങനെ മൂന്ന് ദ്വീപുകൾ അടങ്ങിയ ഒരു ചെറിയ രാജ്യമാണ് കൊമോറോസ്. മഡഗാസ്കറിനും ആഫ്രിക്കൻ വൻകരയ്ക്കും ഇടയ്ക്കായിട്ടാണ് കൊമോറോസിന്റെ സ്ഥാനം. മൊറാനിയാണ് കൊമോറോസിന്റെ തലസ്ഥാനം. ഫ്രഞ്ച്, അറബിക്, കൊമോറോണിയുമാണ് കൊമോറോസിന്റെ ഔദ്യോഗിക ഭാഷ. ഇസ്ലാമാണ് കൊമോറോസിലെ ഔദ്യോഗിക മതം. കൊമോർ എന്ന അറബിക് പദത്തിൽ നിന്നാണ് കൊമോറോസ് എന്ന പദം വന്നത്. ചന്ദ്രൻ എന്നാണ് കൊമോർ എന്ന വാക്കിന്റെ അർഥം.
പണ്ട് പണ്ട് കച്ചവട കപ്പലുകൾ കൊമോറോസ് വഴിയായിരുന്നു കടന്നുപോയിരുന്നത്. അതിന്റെ കൂടുതൽ വിവരങ്ങൾ നമുക്ക് ലഭ്യമല്ല.
കൊമോറോസിലെ ഒരു പ്രധാനപ്പെട്ട ദ്വീപാണ് മയോട്ടെ. എന്നാൽ മയോട്ടെ കൊമോറോസിന്റെ ഭാഗമല്ല. ഫ്രാൻസിന്റെ കീഴിലുള്ള ഭൂപ്രദേശമാണ്. 1841 ലാണ് ഫ്രാൻസ് മയോട്ടെ ദ്വീപ് വാങ്ങിക്കുന്നത്. 1885 ലെ ബെർലിൻ കോണ്‍ഫറന്‍സില്‍ കൂടി മയോട്ടെ പൂർണമായും ഫ്രാൻസിന്റെ ഭാഗമായി. 1975 ൽ കൊമോറോസ് ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ മയോട്ടെ ഫ്രാൻസിന്റെ ഒപ്പം തന്നെ നില്ക്കാന് തീരുമാനിച്ചു. കൊമോറോസ് യൂണിയന്റെ ഭാഗമായി മയോട്ടയെ കണക്കാക്കുന്നുവെങ്കിൽ പൂർണമായും ഫ്രാൻസിന്റെ അധീനതയിൽ ഉള്ള പ്രദേശമാണ് മയോട്ടെ ദ്വീപ്.
ടാൻസാനിയ, മയോട്ടെ, സെയ്ഷെൽസ്, മൊസാംബിക് എന്നിവയുമായാണ് കൊമോറോസ് സമുദ്രാതിർത്തി പങ്കുവെക്കുന്നത് .
ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതം ഉള്ളത് കൊമോറോസിലാണ്. 2005 ലാണ് മൗണ്ട് കർത്താല എന്ന ഭീമൻ അവസാനമായി തീ തുപ്പിയത്.
സുഗന്ധലേപനങ്ങൾ ഉണ്ടാക്കുവാനായി ഉപയോഗിക്കുന്ന യലാങ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൊമോറോസാണ്. യലാങ് പൂക്കുന്ന കനങ് മരങ്ങൾ ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കൊമോറോസിലാണ്. അൻപത് കിലോ യലാങ് പൂക്കളിൽ നിന്നും ഒരു ലിറ്റർ എണ്ണയാണ് ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് .
കുഞ്ഞു രാജ്യമായതുകൊണ്ട് തന്നെ കൊമോറോസിന് വിശേഷങ്ങളും കുറവാണ്. ഇപ്പോഴും കൊളോണിയൽ കാലത്തിന്റെ ഭാരം പേറുന്നതിനാൽ എഴുതപ്പെട്ട ചരിത്രമോ, മറ്റു വിവരങ്ങളോ ലഭ്യമല്ല. എഴുതപ്പെടാത്ത ചരിത്രമെന്നതിനർഥം ചരിത്രമില്ലെന്നല്ല. ചരിത്രം രേഖപ്പെടുത്തിയിട്ടില്ലായെന്നാണ്.
ലോകഭൂപടത്തിൽ വളരെ ചെറിയ ഇടമുള്ള ഈ കുഞ്ഞ് രാജ്യം വരും കാലത്തിൽ സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
സോമി സോളമന്
(എഴുത്തുകാരി, കോളമിസ്റ്റ്)