കുഞ്ഞുനടപ്പ്; പ്രകൃതി പാഠശാലയിലൂടെ: ഭാഗം 2

(മകന്‍ ജോസഫ് കടന്നു പോകുന്ന നോര്‍വെയിലെ സ്കൂള്‍ വിദ്യാഭ്യാസ രീതിയെ കുറിച്ചും കുട്ടികളുടെ ലോകത്തെ കുറിച്ചും മലയാളം മിഷന്‍ അധ്യാപിക സീമ സ്റ്റാലിന്‍ എഴുതുന്ന പരമ്പര)

ലേഖനത്തിന്റെ മറ്റ് ഭാഗങ്ങൾ വായിക്കാം – കുഞ്ഞുനടപ്പ്; പ്രകൃതി പാഠശാലയിലൂടെ

പ്രകൃതിയിലൂടെയുള്ള നടപ്പു പോലെ ഇവിടെ നിത്യജീവിതത്തിന്റെ ഭാഗമാണ് പുസ്തക വായന. ഉറങ്ങുന്നതിനു മുൻപ് കുട്ടികൾക്ക് ഒന്നോ രണ്ടോ പുസ്തകങ്ങൾ വായിച്ചു കൊടുക്കുന്നത് പതിവാണ്. ഇവിടെ ഒരു കുഞ്ഞു ജനിക്കുമ്പോൾ ആദ്യം എത്തുന്ന സമ്മാനപ്പൊതി അക്ഷര ചിത്രങ്ങൾ ഉള്ള കുട്ടിപ്പുസ്തകമാണ്‌. ചിത്രങ്ങളും, വാക്കുകളും, ആശയങ്ങളും കുഞ്ഞു മനസ്സുകളിൽ പതിയുന്നതിനു ഇത്തരം വായനകൾ സഹായകമാണ്. ലൈബ്രറിയിൽ നിന്നും ഒരു കാർഡിൽ ഇരുപതു പുസ്തകങ്ങൾ വരെ എടുക്കാം. ശനിയാഴ്ചകളിൽ കുഞ്ഞുങ്ങളെയും കൊണ്ട് ലൈബ്രറിയിൽ പോകുന്നതും, ഒരാഴ്ചത്തേയ്ക്കുള്ള പുസ്തകങ്ങൾ എടുക്കുന്നതും അവർ വായിച്ചു വളരട്ടെ എന്ന ചിന്തയിലാണ്.

ബാലവാടി എന്ന് നമ്മൾ പറയുന്നത് പോലെ കുട്ടികളുടെ ഉദ്യാനം എന്നർത്ഥം വരുന്ന Barnehage എന്ന വാക്കാണ് ഇവിടത്തെ നഴ്സറി ക്ലാസ്സുകൾക്ക് പറയുന്നത്. പതിനൊന്നു മാസം മുതൽ ആറു വയസ്സ് വരെയാണ് കുട്ടികൾ നഴ്സറിയിൽ പോകുന്നത്. ആറാമത്തെ വയസ്സിലാണ് അക്ഷരങ്ങൾ എഴുതി തുടങ്ങുന്നത്. അത് വരെ പാട്ടും, കളിയും, പടം വരയും, കഥാ പുസ്തകങ്ങൾ വായിച്ചു കേൾക്കലും, ഗ്രാമത്തിലൂടെയുള്ള സഞ്ചാരവുമൊക്കെയാണ് പ്രധാന പരിപാടികൾ.

ഇവിടെ പൊതുവെ കുട്ടികൾക്ക് വളരെ ഉത്സാഹമാണ് സ്കൂളിൽ പോകാൻ. കാരണം പഠനത്തേക്കാൾ കളികളാണ് കൂടുതൽ. പല തരം കളികൾക്കിടയിലൂടെയാണ് പഠനവിഷയങ്ങൾ അവതരിപ്പിക്കുന്നത്. പാഠപുസ്തകങ്ങൾ സ്കൂളിൽ തന്നെയാണ് സൂക്ഷിക്കുന്നത്, വീടുകളിലേക്കു കൊടുത്തയക്കുന്ന പതിവില്ല. ഓരോ അധ്യയന വർഷത്തിന് ശേഷം അത് അടുത്ത ബാച്ചിലെ കുട്ടികൾക്കായി മാറ്റിവയ്ക്കുന്നു. ഗൃഹപാഠം തീരെ കുറവാണ്. കുട്ടികൾ കാണുന്നതും, കേൾക്കുന്നതും ആയ പുതിയ അറിവുകളെ കുറിച്ച് ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിനും അവർക്കു ആവശ്യമുള്ളത്ര സമയം ലഭ്യമാക്കണം എന്നൊരു ആശയമാണ് ഇതിനു പിന്നിൽ.

പടം വരയ്ക്കൽ, വായന, എഴുത്തു , മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, കൗതുക വസ്തു നിർമാണം തുടങ്ങിയ പലതരം പഠന രീതികളെ പരിചയപ്പെടുത്തുകയാണ് സ്കൂളിൽ പ്രധാനമായും ചെയ്യുന്നത്. പരീക്ഷകളും, താരതമ്യപ്പെടുത്തലുകളും ഇവിടെ ഇല്ല. നുള്ളും പിച്ചും വടിയെടുക്കലുമൊന്നും ഇല്ല. സ്കൂളിലോ, വീടുകളിലോ കുട്ടികളെ മാനസികമായോ, ശാരീരികമായോ ഉപദ്രവിക്കുന്നത് ശിക്ഷാർഹമാണ്. പഠനത്തിന് ആവശ്യമായ സുരക്ഷിതവും സന്തോഷകരവുമായ ഒരു അന്തരീക്ഷമൊരുക്കുകയാണ് അദ്ധ്യാപകരും മാതാപിതാക്കളും പ്രധാനമായും ചെയ്യുന്നത്.

സ്കൂൾ പഠനത്തിന് പുറമെ , വൈകുന്നേരങ്ങളിൽ ഏതെങ്കിലും സംഗീത ഉപകരണങ്ങൾ പഠിക്കുന്നതും, ഓട്ടം, ഫുട്ബാൾ, ബാഡ്മിന്റൺ, വോളീബോൾ, ടെന്നീസ് ഇങ്ങനെ എന്തെങ്കിലും കായിക ഇനങ്ങളിൽ പരിശീലം നൽകുന്നതും ഇവിടെ പതിവാണ്. നിർബന്ധമായും കുട്ടികൾ പഠിക്കേണ്ട ഒന്നാണ് നീന്തൽ. ആറാമത്തെ മാസം മുതൽ നീന്തൽ പരിശീലനം നൽകി വരുന്നു. നിറയെ അരുവികളും, ശുദ്ധജല തടാകങ്ങളും, കടൽത്തുണ്ടുകളും നിറഞ്ഞ നോർവേയിൽ അതിജീവനത്തിനു നീന്തൽ അറിഞ്ഞേ മതിയാകു.

നമ്മുടേതിൽ നിന്നും വിഭിന്നമായി എല്ലാ കുട്ടികൾക്കും എല്ലാ വിഷയത്തിനും എ+ വേണമെന്ന ചിന്ത ഇവിടെ കുറവാണ്. ഓരോരുത്തരും അവരവരുടെ അഭിരുചി എന്തെന്ന് മനസ്സിലാക്കി അതിൽ മിടുക്കരാവട്ടെ എന്നതാണ് ഇവിടത്തെ രീതി.

കുറഞ്ഞ ജനസംഖ്യയുള്ള കൊച്ചു രാജ്യമായിട്ടും ഒളിമ്പിക്സ് അടക്കമുള്ള ലോകമത്സരങ്ങളിൽ മെഡലുകൾ നേടുന്ന മിടുക്കർ ഇവിടെ ഉണ്ടാകുന്നതിന് കാരണവും ഒരു പക്ഷെ ഇതായിരിക്കും. ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസൺ പഠിച്ചത് ലോമ്മദലാനിലെ സ്കൂളിലാണ്.

ഹൈസ്കൂളിലെത്തിയപ്പോഴേയ്ക്കും ചെസ്സ് ആണ് തന്റെ ലോകമെന്നു അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിനു അദ്ദേഹത്തെ സഹായിച്ചത് ഇവിടത്തെ അദ്ധ്യാപകരും, സ്കൂളിലെ പഠനരീതിയും, മാതാപിതാക്കളുടെ പ്രോത്സാഹനവും തന്നെ.

സീമ സ്റ്റാലിന്‍

Tags:

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content