രാജകുമാരനും
രാക്ഷസനും
ഭാഗം 5
കഥയുടെ മറ്റ് ഭാഗങ്ങൾ വായിക്കാം – രാജകുമാരൻ
കൊട്ടാര മട്ടുപ്പാവിൽ രാജകുമാരി വരുമെന്ന് അറിയിച്ചിരുന്ന ദിവസം അതിരാവിലെ തന്നെ മുക്കുവ വേഷത്തിൽ രാജകുമാരൻ അവിടെയെത്തി കാത്തിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ പെരുമ്പറകളുടെയും കുഴൽവിളികളുടെയും അകമ്പടിയോടെ രാജകുമാരി മട്ടുപ്പാവിൽ പ്രത്യക്ഷപ്പെട്ടു. പ്രജകൾ രാജകുമാരിയെ ഒരു നോക്കുകാണാൻ അവിടെ തിക്കും തിരക്കും കൂട്ടി. അന്തരീക്ഷത്തിൽ പൊടിപടലം ഉയർന്നുപൊങ്ങി. രാജകുമാരൻ ആദ്യമേ തന്നെ കൊട്ടാരമതിൽകെട്ടിനടുത്ത് സ്ഥാനം പിടിച്ചതിനാൽ രാജകുമാരിയെ വളരെ അടുത്തു നിന്ന് തന്നെ കേശാദിപാദം കാണുവാൻ കഴിഞ്ഞു. കാട്ടിലെ ഗുഹയിൽ കണ്ട രാജകുമാരിയുടെ സൗന്ദര്യവുമായി താരതമ്യം ചെയ്യാൻ പോലും ഈ രാജകുമാരിക്ക് യോഗ്യതയില്ലെന്നു ബോധ്യപ്പെട്ടു.
“ഈ രാജകുമാരി ലോകോത്തര സുന്ദരിയൊന്നുമല്ല. കുമാരിയേക്കാൾ അതിസുന്ദരിയായ ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടുണ്ട്.”
സ്ഥലകാലബോധമില്ലാതെ മുക്കുവ യുവാവ് വിളിച്ചുപറയുന്നതു കേട്ട് അവിടെ കൂടിയ നാട്ടുകാർ അമ്പരന്നു. അവർ ഉടനടി കേട്ട കാര്യം രാജഭടന്മാരെ അറിയിച്ചു. ഭടന്മാർ അയാളെ ഉടൻ തന്നെ രാജാവിന്റെ അടുക്കലെത്തിച്ചു.
“അപ്പോൾ എന്റെ മകൾ അല്ല വിശ്വസുന്ദരി എന്നും അവളെക്കാൾ സുന്ദരിയായ രാജകുമാരിയെ കണ്ടിട്ടുണ്ടെന്നും വിളിച്ചുപറഞ്ഞ മുക്കുവനാണല്ലേ നീ?”
“ഈ രാജ്യത്തിന്റെ രാജാവെന്ന നിലക്കും രാജകുമാരിയുടെ പിതാവെന്ന നിലക്കും ഇപ്പോൾ തന്നെ നിന്റെ തല ഞാൻ എടുക്കേണ്ടതാണ്. പക്ഷെ ഞാൻ അത് ചെയ്യുന്നില്ല. നീ പറഞ്ഞത് തെളിയിക്കാൻ ഞാൻ നിനക്കൊരു അവസരം തരാം. എന്നാൽ രണ്ടുദിവസത്തിനകം ആ സുന്ദരിയായ രാജകുമാരിയെ നിനക്ക് ഇവിടെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിന്റെ തല ഞാൻ അരിയും.” രാജാവ് അറിയിച്ചു.
ഭയലേശമില്ലാതെ രാജകുമാരൻ പറഞ്ഞു.
“തീർച്ചയായും മഹാരാജൻ. എനിക്ക് രണ്ടാഴ്ച സമയം വേണം. അതിനുള്ളിൽ ആ സൗന്ദര്യവതിയായ രാജകുമാരിയെ ഞാൻ ഇവിടെ ഹാജരാക്കുന്നതാണ്.”
മുക്കുവ യുവാവിന്റെ വാക്കുകൾ കേട്ട് രാജാവ് അത്ഭുതപ്പെട്ടു. കേവലം ഒരു മുക്കുവ യുവാവിന് ഏതു രാജകുമാരിയെ ആണ് അറിയുവാൻ വഴി എന്ന് ഒരു നിമിഷം ചിന്തിച്ചു എങ്കിലും രാജകുമാരിയെ തിരഞ്ഞു പോകാൻ രാജകുമാരനെ അനുവദിച്ചു.
അവിടെ നിന്നും രാജകുമാരൻ ഒരിക്കൽ കൂടി താൻ കാട്ടിൽ നിന്നും വന്ന വഴിയിൽ കൂടെ തിരിച്ചു നടന്നു തുടങ്ങി. ഒരു ദിവസത്തെ യാത്രക്ക് ശേഷം രാജകുമാരൻ കാട്ടുവഴിയിലെത്തിപ്പെട്ടു. കുറച്ചുകൂടി നടന്നപ്പോൾ ആദ്യത്തെ യാത്രയിൽ മുയലിനെ കണ്ട സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ നിന്നുമാണ് മുയലായി മാറിയ രാജകുമാരി തന്നെ ഗുഹയിലേക്ക് നയിച്ചതെന്ന് രാജകുമാരന് ഓർമ്മ വന്നു.
കാട്ടിൽ ഒരു പ്രളയമുണ്ടായതുപോലെ ഗുഹയുണ്ടായിരുന്ന ഭാഗമാകെ മണ്ണ് മൂടിക്കിടക്കുന്ന കാഴ്ചയാണ് രാജകുമാരന് കാണാൻ കഴിഞ്ഞത്. ഒട്ടും നിരാശനാകാതെ രാജകുമാരൻ ഏകദേശം ഊഹം വെച്ച് ഗുഹാ കവാടം ഉണ്ടായിരുന്ന സ്ഥലത്ത് കുഴിച്ചുതുടങ്ങി. കുറേ നേരം കുഴിച്ചപ്പോൾ ഗുഹയുടെ ഭീമാകാരമായ വാതിൽ കാണുവാൻ കഴിഞ്ഞു. പക്ഷെ ആ വാതിൽ തുറക്കുവാൻ പറ്റാത്ത വിധം അടച്ചിരുന്നു. രാജകുമാരൻ വാതിലിൽ ശക്തമായി മുട്ടി.
കുറച്ചു നേരം മുട്ടിയപ്പോൾ വാതിൽ ചെറുതായി തുറന്നു. വിടവിലൂടെ ഒരു വൃദ്ധയെ കണ്ടു. രാജകുമാരനെ കണ്ട വൃദ്ധ പറഞ്ഞു.
“കുമാരിയെ ബന്ധനത്തിൽ നിന്നും തുറന്നുവിട്ട രാജകുമാരനല്ലേ നിങ്ങൾ. ഞാൻ രാജകുമാരിയുടെ ആയയാണ്. കുമാരിയുടെ ദുർവിധിയിൽ നിന്നും അവളെ രക്ഷിക്കാൻ നിങ്ങളെത്തുന്നതും
കാത്തിരിക്കുകയാണ് അവൾ.”
തന്നെ ഈ മുക്കുവ വേഷത്തിലും ആയ എങ്ങിനെയാണ് തിരിച്ചറിഞ്ഞതെന്ന് ആശ്ചര്യപ്പെട്ട രാജകുമാരൻ ചോദിച്ചു.
“രാക്ഷസനിൽ നിന്നും എന്റെ ജീവൻ രക്ഷിച്ച കുമാരി എവിടെ? ഞാൻ രാജകുമാരനാണെന്ന് എങ്ങനെ മനസ്സിലായി?”
“രാജകുമാരി കുമാരനെ കുറിച്ച് എല്ലാം പറഞ്ഞിരുന്നു. കുമാരന്റെ മുഖത്തു വിരിയുന്ന പുഞ്ചിരിയെ കുറിച്ച് പോലും.. ആ ചിരി കണ്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായി. അകത്തേക്ക് വരൂ. എല്ലാം പറയാം”.
വൃദ്ധ വാതിൽ തുറന്നു. രാജകുമാരൻ അകത്തു കടന്നതും അവർ വാതിൽ ഭദ്രമായി അടച്ചു. എന്നിട്ട് സംഭാഷണം തുടർന്നു.
“കുമാരൻ ഇവിടെ നിന്നും പോയ ദിവസം രാത്രിയിൽ രാക്ഷസൻ ഗുഹയിൽ എത്തി. രാജകുമാരനെ രാജകുമാരി പെട്ടിയിൽ നിന്ന് സ്വതന്ത്രനാക്കി എന്നറിഞ്ഞു കുമാരിയെ കാര്യമായി ശകാരിച്ചു.
ദേഷ്യം കൊണ്ട് വിറച്ച രാക്ഷസൻ രാജകുമാരിയെ ആ പെട്ടിയിൽ കിടത്തി മൂടി കൊണ്ട് അടച്ചു. എന്നാൽ ആ പെട്ടി പൂട്ടുവാനുള്ള താക്കോൽ കണ്ടെത്താൻ കഴിഞ്ഞില്ല. കുമാരനെ തുറന്നുവിട്ടപ്പോൾ കുമാരി താക്കോൽ പെട്ടിക്കുള്ളിൽ ഇട്ടിരുന്നു. അത് കണ്ടെത്താനാകാതെ രാക്ഷസൻ വീണ്ടും കുപിതനായി. രാജകുമാരി മുയലിന്റെ രൂപത്തിലായിരിക്കുന്ന പകൽ സമയം മുഴുവൻ രാക്ഷസൻ ആ പെട്ടിയുടെ മുകളിൽ കയറി ഇരിക്കും. രാത്രി സമയം പുറത്ത് പോകുമ്പോൾ ഈ ഗുഹാകവാടത്തിനു ചുറ്റും മന്ത്രശക്തിയാൽ ശക്തിയായ ഒഴുക്കുള്ള ഒരു വലിയ പുഴ ഉണ്ടാക്കും. അതിൽ ഭീമാകാരനായ ഒരു മൽസ്യത്തെയും സൃഷ്ടിക്കും. മൽസ്യം കവാടത്തിനു മുൻപിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നീന്തിക്കൊണ്ടിരിക്കും. ആ സമയം മുഴുവൻ ഭയങ്കരമായ ശബ്ദത്തിൽ അത് അലറിക്കൊണ്ടിരിക്കും. ആർക്കും ഗുഹയിലേക്ക് പ്രവേശനം അനുവദിക്കാതെ അത് ഒരു കാവൽക്കാരന്റെ ചുമതല കൃത്യമായി നിർവഹിക്കും. കുമാരൻ വരുന്നതിനു തൊട്ടു മുൻപാണ് രാക്ഷസൻ ഇവിടെ നിന്നും പോയത്. ഇപ്പോൾ കവാടത്തിനു മുൻപിൽ പുഴയും ആ ഭീമൻ മത്സ്യത്തെയും രാക്ഷസൻ സൃഷ്ടിച്ചിട്ടുണ്ടാകും.”
ആയ സംസാരിക്കുന്നതിന് ഇടയിൽ മൽസ്യത്തിന്റെ ഗർജ്ജനശബ്ദം രാജകുമാരൻ കേട്ടു.
(തുടരും)

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു