ആ ഒരു നിമിഷം
മൊട്ടായിരുന്നോരു കാലം
ഞാന്‍ പൂവായി മാറാന്‍ കൊതിച്ചു
പൂവായി മാറിയ നേരം
വീണ്ടും മൊട്ടാകുവാന്‍ മനം നിനച്ചു.
ചെടിയായിരുന്നൊരാ നേരം
വന്‍ മരമാകുവാനായി കൊതിച്ചു
മരമായിമാറിയപ്പോഴോ
വീണ്ടും ചെടിയാകുവാനായി മോഹം.
നദിയായിരുന്നപ്പോള്‍ വേഗം
ചെന്നാ കടലില്‍ ചേരുവാനോടി
കടലില്‍ പതിച്ചൊരാനേരം
വീണ്ടും പഴയ വഴിതേടി പോയി.
പുഴുവായിരുന്നൊരാക്കാലം
ചിത്രശലഭമായി പാറുവാന്‍ മോഹം
ശലഭമായി മറിയപ്പോഴോ
വീണ്ടും ചെറുതാകുവാനായി നിനച്ചു.
മേഘമായിരുന്നപ്പോള്‍ മണ്ണില്‍
മഴയയായി പെയ്യാന്‍ മോഹിച്ചു
മഴയായി മണ്ണില്‍ അലിയുമ്പോള്‍
വിണ്ണില്‍ പറക്കാന്‍ കൊതിച്ചു.
പകലായി ജ്വലിക്കുന്ന നേരം
മനം രാത്രിതന്‍ ഇരുട്ടിനെ തേടി
ഇരുട്ടില്‍ ഉറങ്ങുമ്പോള്‍ വീണ്ടും
ഒരു പകല്‍ കാണാന്‍ വിതുമ്പി.
കുഞ്ഞായിരുന്നൊരാക്കാലം
എന്നു ഞാന്‍ വലുതാകുമെന്നായി
മുതിര്‍ന്നുകഴിഞ്ഞപ്പോ-
ളെന്‍മനം വീണ്ടുമാ ബാല്യം തേടിപ്പോയി.
മണ്ണോടു ചേരുന്ന നേരം
മനം ജീവിതം തേടിക്കരഞ്ഞു
ഒരു ദിനം കൂടിയീ ഭൂമിതന്‍ മടിയില്‍
ഉയര്‍ത്തെഴുന്നേല്‍ക്കാനായി കൊതിച്ചു.
തിരിച്ചുകിട്ടാത്തൊരമൂല്യ നിധിയാണീ-
ഭൂമിയിലുള്ളൊരു നിമിഷം
സ്നേഹത്തിന്‍ തളിരുകള്‍ പൂക്കുന്ന കാലമായി
മാറ്റുക നാമീ നിമിഷങ്ങളെ…!
ശാന്തിമൂര്‍ത്തി
കെനിയ ചാപ്റ്റര്‍