ഹോളി ആഘോഷം വിവിധ സംസ്ഥാനങ്ങളിൽ

ഹോളി ഭാരതത്തിന്റെ ദേശീയ ഉത്സവമായിട്ടാണ് കണക്കാക്കുന്നത്. വസന്തത്തിന്റെ ഉത്സവം, നിറങ്ങളുടെ ഉത്സവം, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഉത്സവം എന്നൊക്കെ അറിയപ്പെടുന്ന ഹോളി തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു. ഹിരണ്യകശിപുവിന്‍റെ മേൽ മഹാവിഷ്ണു നേടിയ വിജയത്തെ ഇത് ആഘോഷിക്കുന്നു. രാധയുടെയും, കൃഷ്ണന്റെയും ശാശ്വതവും ദൈവീകവുമായ സ്നേഹത്തിന്റെ പ്രതീകമായും ഈ ഉത്സവാഘോഷത്തെ കാണാം. ഇന്ത്യയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതലായി ഹോളി ആഘോഷിച്ചു വരുന്നത്. പല സംസ്ഥാനങ്ങളിലും, പല പേരുകളിലും, പല വിധത്തിലുമാണ് ഹോളി ആഘോഷിച്ചു വരുന്നത്. നമുക്ക് അത് ഒന്ന് നോക്കാം.

ലോകത്തെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് വൈവിധ്യമാർന്ന സംസ്കാരം തന്നെയാണ്. ദേശീയ ഉത്സവങ്ങൾ പോലും വിവിധ സംസ്ഥാനങ്ങളിൽ വിവിധ രീതിയിലും പേരുകളിലുമാണ് ആഘോഷിക്കപ്പെടാറുള്ളത്. ഹോളി ആഘോഷങ്ങളിലും ഈ വ്യത്യസ്തത പുലർത്തുന്നു.

ഗുജറാത്ത്

ഹോളിയുടെ തലേ ദിവസം വൈകുന്നേരം ഹോളിക ദഹനത്തോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. വിറക്, വയ്ക്കോൽ, ചകിരി തുടങ്ങിയവ കൊണ്ട് മൈതാനത്ത് ഒരു അഗ്നികുണ്ഠം ഒരുക്കുന്നു. വെള്ളം, വിളക്ക്, നാളികേരം, ചന്ദനം, കുങ്കുമം, കർപ്പൂരം, പൊരി, കടല, ഈന്തപ്പഴം തുടങ്ങിയവ ഒരു തളികയിൽ വെച്ച് ഈ അഗ്നികുണ്ഠത്തിനു ചുറ്റുമായി ഇരുന്ന് സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും പൂജ ചെയ്യുന്നു. (കൂടുതലും സ്ത്രീകളാണ് പൂജക്കായി ഇരിക്കുന്നത്). പിന്നെ കർപ്പൂരം കത്തിച്ച് അഗ്നികുണ്ഠത്തിന് തീ കൊളുത്തുന്നു. പിന്നീട് ഈ അഗ്നിക്കു ചുറ്റും വലം വെച്ച് കൊണ്ടുപോയ സാധനങ്ങൾ എല്ലാം ആ അഗ്നിയിൽ സമർപ്പിക്കുന്നു. ഹിരണ്യകശിപുവിന്‍റെ സഹോദരി ഹോളിക അഗ്നിയിൽ എരിഞ്ഞ് അടങ്ങിയതുപോലെ തങ്ങളുടെ ആന്തരിക ദോഷങ്ങൾ എല്ലാം ശമിക്കാനായി പ്രിർത്ഥിക്കുന്നു.

പിറ്റേ ദിവസം നിറങ്ങളുടെ ആഘോഷമാണ്. ഈ ദിവസം ഗുജറാത്തിൽ ‘ധുലേതി’ എന്നാണ് അറിയപ്പെടുന്നത്. ആളുകൾ പരസ്പരം നിറങ്ങൾ തേച്ചും, നിറം കലർത്തിയ വെള്ളം പരസ്പരം കോരിയൊഴിച്ചും, ജാതിമത ഭേദമെന്യേ പുരുഷന്മാരും, സ്ത്രീകളും ആഘോഷങ്ങളിൽ പങ്കുചേരുന്നു. അതോടൊപ്പം പാട്ടു പാടിയും, നൃത്തം ചവിട്ടിയും ആഘോഷത്തിന്റെ ഭംഗി കൂട്ടുന്നു. തുടർന്ന് മധുര പലഹാരങ്ങളും, പാനീയങ്ങളും പങ്കിട്ടു കഴിക്കുന്നു. പിന്നെ വൈകുന്നേരം നല്ല വസ്ത്രങ്ങൾ ധരിച്ച് കുടുംബങ്ങളെയും, സുഹൃത്തുക്കളെയും വീടുകളിൽ പോയി സന്ദർശിച്ച് പരസ്പരം സ്നേഹം കൈമാറുന്നു.

ഞങ്ങൾ മലയാളികളും ഗുജറാത്തി സുഹൃത്തുക്കളുടെ കൂടെ ആചാരങ്ങളിലും, ആഘോഷങ്ങളിലും പങ്ക് കൊള്ളാറുണ്ട്.

മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ ‘രംഗ് പഞ്ചമി’ എന്ന പേരിൽ ആണ് ഹോളി അറിയപ്പെടുന്നത്. പൂർണിമയിൽ സൂര്യാസ്തമനത്തിന് ശേഷം ഹോളിക ദഹനത്തോടെ ആഘോഷങ്ങൾ ആരംഭിക്കുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഈ ആചാരം സൂചിപ്പിക്കുന്നത്. അടുത്ത ദിവസം രംഗ് പഞ്ചമി ആഘോഷത്തിന് തുടക്കം കുറിക്കുന്നു. അന്ന് ആളുകൾ നിറങ്ങൾ പരസ്പരം വാരി വിതറിയും, നിറങ്ങൾ കലർത്തിയ വെള്ളം പരസ്പരം കോരിയൊഴിച്ചും ആഘോഷിക്കുന്നു.

രാജസ്ഥാൻ

നിരവധി കുതിരകളും റോയൽ ബാൻഡും അണിനിരക്കുന്ന ഗംഭീര ഘോഷയാത്രയോടെ ആണ് രാജസ്ഥാനിൽ ഹോളി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് പരമ്പരാഗതമായ രീതിയിൽ ഹോളിക രൂപത്തിന് തീ കൊളുത്തുന്നു. ഉദയ്പൂരിലെ മേവാർ രാജകുടുംബം ആണത്രെ ഇവിടെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

പഞ്ചാബ്

പഞ്ചാബിലെ ചില പ്രദേശങ്ങളിൽ ഹോളി ‘ഹോല മൊഹല്ല’ എന്ന പേരിൽ അറിയപ്പെടുന്നു. സിഖ് വീരയോദ്ധാക്കളുടെ സ്മരണയെ സൂചിപ്പിക്കുന്ന ദിനമായാണ് പഞ്ചാബികൾ ആചരിക്കുന്നുന്നത് എന്ന് പറയപ്പെടുന്നു. പരമ്പരാഗത ആയോധന കലകളുടെ പ്രദർശനത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചിക്കുന്നത്. തുടർന്ന് സംഗീത നൃത്ത പരിപാടികൾ സംഘടിപ്പിക്കുന്നു.

ഉത്തർപ്രദേശ്

ഉത്തർപ്രദേശിലെ ഹോളി ആഘോഷങ്ങൾ വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. പ്രാദേശിക ഭോജ്പുരി ഭാഷയിൽ ‘ലാത്ത്മാർ ഹോളി’ എന്ന പേരിൽ അറിയപ്പെടുന്നു. ഇവിടുത്തെ ആഘോഷ രീതിയും കുറച്ച് വ്യത്യസ്തത പുലർത്തുന്നു. ആഘോഷ വേളയിൽ സ്ത്രീകൾ വിനോദത്തിനു വേണ്ടി ചൂരലുകൾ ഉപയോഗിച്ച് പുരുഷന്മാരേയും, ആൺകുട്ടികളെയും തമാശ രൂപേണ പ്രഹരിക്കുന്നു. മറുവശത്ത് പുരുഷന്മാർ തങ്ങളെ പ്രതിരോധിക്കാനായി പരിചകൾ ഉപയോഗിക്കുന്നു. സ്ത്രീകളുടെ കൈയിലകപ്പെടുന്ന പുരുഷന്മാർ സ്ത്രീ വേഷം കെട്ടി തെരുവിൽ നൃത്തം ചവിട്ടാൻ നിർബന്ധിതരാകുന്നു. വിനോദത്തിന് വേണ്ടിയാണ് ഈ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ബർസാനയിൽ ശ്രീകൃഷ്ണൻ ഹോളി കളിക്കുന്നതിനിടെ രാധയെ കളിയാക്കിയതായി ഹിന്ദു പുരാണങ്ങളിൽ പറയപ്പെടുന്നു. അതിൽ പ്രകോപിതരായ അയൽപക്കത്തെ സ്ത്രീകൾ കൃഷ്ണനെ ലാത്തി വീശി ഓടിച്ചിരുന്നത്രെ! അതിൻറെ ഓർമ്മയ്ക്കായിട്ടാണ് ഇവിടെ ഇങ്ങനെ ഹോളി ആഘോഷിക്കുന്നത് എന്നും പറയപ്പെടുന്നു.

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ ഹോളി നിരവധി പേരുകളിൽ അറിയപ്പെടുന്നു. ഖടി ഹോളി, മഹിളാ ഹോളി, ബൈഠക്കി ഹോളി എന്നിങ്ങനെ. പരമ്പരാഗത വേഷങ്ങൾ ധരിച്ചുകൊണ്ട് നാടോടി ഗാനങ്ങൾ ആലപിച്ചും നൃത്തം ചവിട്ടിയും, പരസ്പരം നിറങ്ങൾ വാരി വിതറിയും ആഘോഷിക്കുന്നു.

പശ്ചിമബംഗാൾ

പശ്ചിമബംഗാളിൽ ഹോളി ‘ബസന്ത ഉത്സവ്’ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. സ്ത്രീകൾ ഈ ദിവസം സമൃദ്ധിയുടെ നിറമായ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് പൂജാദി കർമ്മങ്ങൾ നിർവഹിക്കുന്നു. തുടർന്ന് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

ഗോവ

ഗോവയിൽ ഹോളി ‘ഷിഗ്മോ’ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. നിറങ്ങൾക്ക് പുറമേ പരമ്പരാഗത നാടൻപാട്ടുകളും നൃത്ത രൂപങ്ങളും, ഘോഷയാത്രകളും, പ്രദർശനങ്ങളും മറ്റും സംഘടിപ്പിച്ച് ഹോളി ആഘോഷങ്ങൾ കൊഴുപ്പിക്കുന്നു.

നമ്മുടെ കേരളത്തിൻറെ പല ജില്ലകളിലും ഹോളി ആഘോഷിക്കുന്നുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ കുടിയേറി പാർത്തവർ. വരും വർഷങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതു പോലെ വിപുലമായ ആഘോഷങ്ങൾ നമ്മുടെ കേരളത്തിലും നമുക്ക് പ്രതീക്ഷിക്കാം!

ലത മേനോൻ
മലയാള മിഷൻ അധ്യാപിക
ഗുജറാത്ത് ചാപ്റ്റർ
ബറോഡ മേഖല
ഗോത്രി പഠനകേന്ദ്രം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content