സൈക്കിൾ ഗ്യാങ്ങ്
ടിങ്ങ് … ടിങ്ങ് …
സൈക്കിൾ ബെൽ മുഴങ്ങി. സൈക്കിൾ ഗ്യാങ്ങ് വീണ്ടും ഒത്തുചേർന്നു.
ഗാർഡൻ ഹൗസിംഗ് കോളനിയിലെ ചിൽഡ്രൻസ് പാർക്കാണ് വേദി.
“ഹായ് ഗൈസ് … ഒരു പുതിയ അഡ്വഞ്ചർ ട്രിപ്പിനു സമയമായി. ലെറ്റ്സ് ഗോ…!”
മിക്കി പറഞ്ഞു. മിക്കിയാണ് ഗ്യാങ്ങ് ലീഡർ.
“യെസ്.. പുതിയ റൈഡ് എങ്ങോട്ടാ ബോസ് …?”
അഞ്ചാം ക്ലാസുകാരിയായ അമ്മു ചോദിച്ചു.
“എല്ലാവരും റെഡിയല്ലേ…?”
നാൽവർ സംഘം സൈക്കിൾ ബെൽ മുഴക്കി
“യെസ്… യെസ്…”
“എങ്കിൽ ഇത്തവണ നമ്മൾക്ക് ഓൾഡ് ചർച്ചിനടുത്തുള്ള ബ്രിട്ടീഷ് കോട്ടയിൽ പോയാലോ..?”
“അയ്യോ… എനിക്ക് പേടിയാ .. പപ്പ അറിഞ്ഞാ എന്നെ തല്ലിക്കൊല്ലും.”
തക്കിടി മുണ്ടൻ ബോബോ സൈക്കിളിലിരുന്ന് കുലുങ്ങി പറഞ്ഞു. അവന്റെ മുഖം പേടിച്ച് ചുവന്നു.
“കമോൺ ബോബോ .. യു വിൽ മിസ് ദിസ് ട്രിപ്പ് … യു ടൂബ് വീഡിയോ ഇത്തവണ നമ്മൾ അവിടുന്നാ ചെയ്യുന്നത്..”
ചിഞ്ചു ത്രില്ലോടെ പറഞ്ഞു.
സൈക്കിൾ ഗ്യാങ്ങ് എന്ന യുടൂബ് ചാനലും ഇവരുടേതാണ്.
ഒടുവിൽ ബോബോയും മനസ്സില്ലാമനസ്സോടെ തല കുലുക്കി സമ്മതിച്ചു.
“ഒക്കെ പ്ലാൻ സെറ്റ്… എങ്കിൽ ഈ സാറ്റർഡേ രാവിലെ ഷാർപ്പ് 10 ന് എല്ലാവരും പാർക്ക് ട്രീയുടെ ചുവട്ടിൽ എത്തണം.. ദെൻ ബൈ മീറ്റിംഗ് ഈസ്ഓവർ.”
മിക്കി മിഷൻ പ്ലാനിട്ടു. ഗ്യാങ്ങ് വീടുകളിലേക്ക് സൈക്കിൾ ചവുട്ടി.
മിക്കി, ബോബോ, ചിഞ്ചു, അമ്മു എന്നിവരടങ്ങുന്നതാണ് ഗാർഡൻ ഹൗസിംഗ് കോളനിയിലെ സൈക്കിൾ ഗ്യാങ്ങ്. ഗ്യാങ്ങ് ലീഡർ എട്ടാം ക്ലാസുകാരൻ മിക്കിയാണ് സംഘത്തിന്റെ സാഹസിക യാത്രകൾ അത്രയും പ്ലാൻ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസം മിഷൻ ഫിഷിംഗ് വിജയിച്ച ശേഷം ഗ്യാങ്ങ് ഒന്നു കൂടി ഉഷാറായി.
വയൽക്കരയിലെ കുളത്തിൽ മീൻ പിടിക്കുന്നതിന്റെ വീഡിയോയ്ക്ക് 50 K വ്യൂസാണ് കിട്ടിയത്.
ബോബോയുടെ പപ്പയ്ക്ക് ഇതൊന്നും ഇഷ്ടമല്ല.
ജംഗ് ഫുഡ് കഴിച്ച് കിട്ടിയ വണ്ണം കുറയ്ക്കുക, പാലു വാങ്ങുക, അത്യാവശ്യ ഘട്ടങ്ങളിൽ ട്യൂഷന് പോവുക, അല്പറ ചില്ലറ സാധനങ്ങൾ വാങ്ങാൻ പോവുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ബോബോയുടെ പപ്പ അവന് സൈക്കിൾ വാങ്ങി നൽകിയിരിക്കുന്നത്. എന്നാൽ സൈക്കിൾ മൂലം അവൻ ഒരു കിടുക്കാച്ചി ഗ്യാങ്ങിൽ ചെന്നുപെട്ടു.
മിക്കിയുടെ ഫാമിലി സാഹസികരാണ്. ചേട്ടൻ റോക്കി റൈഡറാണ്. ചിന്നുവിന്റെ മമ്മി ഗ്യാങ്ങിന് കട്ട സപ്പോർട്ടാണ്. അമ്മു പറയുന്നതാണ് പേരന്റ്സിന്റെ ഇഷ്ടം.
സ്ക്കൂള് വീണ്ടും തുറന്നെങ്കിലും കൊറോണ പേടിച്ച് ബോബോയുടെ പേരന്റ്സ് ഓൺലൈൻ ക്ലാസ് തന്നെയാണ് പ്രിഫറ് ചെയ്തിരിക്കുന്നത്.
വീട്ടിൽ എത്തിയ ബോബോ ഗൂഗിൾ ചെയ്ത് ഓൾഡ് ചർച്ചും ബ്രീട്ടിഷ് കോട്ടയും അറിഞ്ഞു വെക്കാൻ തീരുമാനിച്ചു. പണ്ട് ബ്രിട്ടീഷുകാരുടെ കാലത്തെ പള്ളിയാണ് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഓൾഡ് ചർച്ച്. അതിനോട് ചേർന്ന് കച്ചവട സാധനങ്ങളൊക്കെ ശേഖരിക്കാനായിട്ടാണ് ചെറിയ കോട്ട പണിതിട്ടുള്ളത് . ബ്രിട്ടീഷുകാർ നാടു വിട്ടതിൽ പിന്നെ ആ സ്ഥലത്തെ ചുറ്റിപ്പറ്റി ഒരുപാട് കഥകൾ പിറന്നു. ആ കഥകളിലൊക്കെ വെള്ളക്കാരുടെ പ്രേതങ്ങൾ അലഞ്ഞ് നടന്നു. ആ പരിസരത്തേക്ക് ആരുമങ്ങനെ പോകാറില്ല.
എല്ലാം കാടു മൂടി കിടക്കുകയാണ്. ഗാർഡൻ ഹൗസിങ്ങ് ഏരിയയിൽ നിന്നും അങ്ങോട്ട് മൂന്ന് കിലോമീറ്റർ എങ്കിലും സൈക്കിൾ ചവിട്ടണം.
“ഹൊ.. ഈ മിക്കിയുടെ കാര്യം.. അവനിതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു.”
ബോബോ മനസ്സിൽ പറഞ്ഞു
റൈഡിന് പ്ലാൻ തുടങ്ങിയാൽ പിന്നെ മിക്കി വളരെ ആക്ടീവാകും. മിഷൻ ബാഗിൽ വേണ്ടതെല്ലാം ഒരുക്കി.പവർഫുൾ ടോർച്ച്, കാടും പടലും വെട്ടിമാറ്റാൻ ചെറിയൊരു വാക്കത്തി, ബൈനോക്കുലർ, അത്യാവശ്യം വേണ്ട മറ്റ് അല്ലറ ചില്ലറ സാധനങ്ങൾ എല്ലാം റെഡിയാക്കി. മിക്കിയുടെ ചേട്ടൻ റോക്കി റൈഡറാണ്. സാഹസിക സഞ്ചാരി. ബുള്ളറ്റിൽ ഈയിടെ ഹിമാലയത്തിൽ സോളോ ട്രിപ്പ് കഴിഞ്ഞു വന്നതേയുള്ളു. വളർന്നു വലുതാവുമ്പോൾ സോളോ റൈഡറാവാനാണ് മിക്കിയ്ക്ക് ആഗ്രഹം.
“ഓയ്.. ബ്രോ സാറ്റർഡേ ഞങ്ങൾ ബ്രിട്ടീഷ് കോട്ട എക്സ് പ്ളാർ ചെയ്യാൻ പോവാണ്…”
ബുള്ളറ്റ് തുടച്ചു കൊണ്ടിരിക്കുന്ന റോക്കിയുടെ അടുത്തെത്തി മിക്കി പറഞ്ഞു.
“വെരി ഗുഡ്. ബട്ട് അവിടെ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.. ടേക്ക് ഗുഡ് കെയർ”.
“ഷുവർ ഒക്കെ ബ്രോ..”
സൈക്കിൾ ഗ്യാങ്ങിന് ട്രിപ്പിന് വേണ്ട ഫുഡ് സ്പോൻസർ ചെയ്യുന്നത് ചിഞ്ചുവിന്റെ മമ്മിയാണ്.
വലിയ പാക്ക് ഫ്രൂട്ടി , കപ്പ് കേക്കുകൾ, പിന്നെ കുറച്ച് ചോക്കലേറ്റുകൾ എല്ലാം ബാഗിൽ പാക്ക് ചെയ്യാൻ മുൻകൈ എടുത്തതും മമ്മി.
“മമ്മി എനിക്ക് എല്ലാത്തിനും കട്ട സപ്പോർട്ടാ..”
അവൾ സ്ക്കൂളിലും ഗ്യാങ്ങിലും പറയും.
അങ്ങനെ മിഷൻ ഡേ സാറ്റർഡേ വന്നെത്തി.
പാർക്ക് ട്രീയുടെ ചുവട്ടിൽ ഗ്യാങ്ങ് എത്തി. മിക്കി ചേട്ടന്റെ ഗോപ്രോ സൈക്കിളിൽ ഫിക്സ് ആക്കി. റോഡ് ട്രിപ്പ് ഷൂട്ട് ചെയ്യാൻ ഐഫോൺ സെറ്റാക്കി. എല്ലാം റോക്കിയുടേതാണ്.
സംഘം യാത്ര തിരിച്ചു. എല്ലാവരുടേതും ഗിയർ സൈക്കിളാണ്. ഇടയ്ക്ക് നിന്നും ഇരുന്നും സൈക്കിൾ ചവുട്ടി. ബോബോയ്ക്ക് ചെറിയ ടെൻഷനും പേടിയും. അമ്മുവിന് ഉറക്കെ ഒരു പാട്ട് പാടാൻ തോന്നി..
“സിംഗപ്പെണ്ണേ… ആ സിംഗ പെണ്ണേ..”
ഉറക്കെ പാടിയപ്പോൾ ചിഞ്ചുവും ഒപ്പം ചേർന്നു.
മുക്കാൽ മണിക്കൂർ കൊണ്ട് സംഘം ഓൾഡ് ചർച്ചിനടുത്തെത്തി. ഒരു കുന്നിൻ പുറത്താണ് പള്ളിയും കോട്ടയും. ഈ പ്രദേശത്തേക്കൊന്നും പകലു പോലും ആരും വരാറില്ല.
ഐ ഫോൺ എടുത്ത് സൈക്കിൾ ഗ്യാങ്ങ് റിപ്പോർട്ടർ ചിന്നു തുടങ്ങി..
“ഹായ്… ഗൈസ്… ഇന്നു നമ്മുടെ സൈക്കിൾ ഗ്യാങ്ങ് ഓർഡ് ചർച്ചും ബ്രിട്ടീഷ് കോട്ടയുമാണ് എക്സ്പ്ളോർ ചെയ്യാൻ പോകുനത് … കമോൺ
ദേ… നമ്മുടെ സൈക്കിൾ ഗ്യാങ്ങ് എല്ലാവരുമുണ്ട്.”
പൊട്ടിപ്പൊളിഞ്ഞ കോട്ടയുടെ സമീപത്തെ വലിയ ആഞ്ഞിലി മരത്തിനു ചുവട്ടിൽ എല്ലാവരും സൈക്കിൾ വെച്ചു.
ആകപ്പാടെ ഭയാനകമായ അന്തരീക്ഷം. ബോബോയ്ക്ക് പേടി തോന്നി.
“എടീ അമ്മു… നമുക്ക് തിരിച്ചു പോയാലോ…?”
അവൻ കൂടെ നടക്കുന്ന അമ്മുവിനോട് ചോദിച്ചു
കുന്നിലേക്ക് ഓടിക്കയറി ചിഞ്ചു റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ പറയാൻ തുടങ്ങി. ഐഫോൺ ക്യാമറ ബോബോ കയ്യിൽപിടിച്ചു. ഷൂട്ട് തുടങ്ങി. മിക്കിയുടെ കയ്യിൽ ടോർച്ചും വാക്കത്തിയും.
പള്ളിയ്ക്കകത്തേക്ക് കുറ്റിക്കാട് വളർന്നു കയറിയിട്ടുണ്ട്.. മിക്കി ടോർച്ചടിച്ചു..
രണ്ട് മൂന്ന് നരിച്ചീറുകൾ കട കട ശബ്ദമുണ്ടാക്കി.
“യ്യോ…”
ബോബോയുടെ ശബ്ദമുയർന്നു
“മിണ്ടാതിരിയെടാ..”
ചിന്നു പറഞ്ഞു.
“ഹായ്.. ഗൈസ്… ഇതാണ് ഓർഡ് ചർച്ച് .. ബ്രിട്ടീഷുകാർ പണിത പള്ളിയാണ്. കണ്ടില്ലേ.. വെരി ഓൾഡാണ്. കമോൺ…”
ചിന്നു തുടങ്ങി.
പള്ളിയിൽ നിന്നും ഇറങ്ങി ഗ്യാങ്ങ് കോട്ടയിലേക്ക് കയറി. കോട്ടയ്ക്കകത്ത് ശരിക്കും ഇരുട്ടാണ്. മിക്കി ടോർച്ച് തെളിച്ചു. പെട്ടെന്നാണ് ടോർച്ച് വെട്ടത്തിൽ ഒരാൾ കിടന്നുറങ്ങുന്നത് കണ്ടത്. അടുത്ത് മദ്യകുപ്പികളും ഒഴിഞ്ഞ ഫുഡ് പായ്ക്കറ്റുകളും.
എല്ലാവരും പേടിച്ചു പോയി.
“സൈലൻസ് ..”
മിക്കി പറഞ്ഞു
ടോർച്ച് മറ്റൊരു ഭാഗത്തേക്ക് തെളിച്ചപ്പോൾ അവിടെയും ഒന്ന് രണ്ട് പേർ ഉറങ്ങുന്നു. മൊത്തം നാലു പേരുണ്ട്.
ചിന്നു പെട്ടെന്ന് രാവിലെ പത്രത്തിൽ വായിച്ച വാർത്ത ഓർത്തെടുത്തു.
ജുവലറി കൊള്ളയടിച്ചു, ഗ്യാങ്ങ് രക്ഷപെട്ടു.
പക്ഷേ ആ ഗ്യാങ്ങ് അധിക ദൂരത്തേക്ക് പോയിട്ടില്ല എന്ന് ചാനലിൽ പറയുന്നതും ചിന്നു കേട്ടതാണ്.
“യെസ്… ഇത്.. ആ ജുവലറി റോബേഴ്സാണ്.. പോലീസ് വല വിരിച്ചിരിക്കുന്നവർ..”
ചിന്നു മിക്കിയോട് പറഞ്ഞു. ടോർച്ച് കൈ കൊണ്ട് പൊത്തിപ്പിടിച്ച് ചുറ്റും നേരിയ വെട്ടത്തിൽ നോക്കി. ഒരു മൂലയിൽ ജുവലറിയുടെ പേരെഴുതിയ ബാഗ് കണ്ടു.
മിക്കി ഗ്യാങ്ങിനെ കൂട്ടി ശബ്ദമുണ്ടാക്കാതെ കോട്ടയിൽ നിന്നും പുറത്തിറങ്ങി. റോക്കിയെ വിളിച്ചു.
റോക്കി ബുളളറ്റിലും പോലീസ് ജീപ്പിലും പറന്നു വന്നു. മദ്യപിച്ച് പാതി ബോധത്തിൽ കിടന്ന കള്ളന്മാരെ തൂക്കിയെടുത്തു.
ജീപ്പ് വിടുന്നതിന് മുമ്പ് എസ്. ഐ സുൾഫിക്കർ സൈക്കിൾ ഗ്യാങ്ങിനെ അഭിനന്ദിച്ചു
ചിന്നു പെട്ടെന്ന് ഓടി മുന്നിൽ വന്നു..
“സർ… ഞങ്ങളുടെ യുട്യൂബ് ചാനലിന് വേണ്ടി ഒരു വാക്ക്..”
എസ്.ഐ കണ്ഠം ശരിയാക്കി
“ഹായ്… എല്ലാവർക്കും നമസ്ക്കാരം.. സൈക്കിൾ ഗ്യാങ് സൂപ്പർ ഗ്യാങ്ങാണ്.. ഈ ഗ്യാങ്ങ് മൂലമാണ് ഒരു ക്രിമിനൽ ഗ്യാങ്ങിനെ ഞങ്ങൾക്ക് അകത്താക്കാൻ കഴിഞ്ഞത്.. സോ… മിക്കി, ബോബോ , ചിന്നു , അമ്മു.. വെൽ ഡൺ…”
സൈക്കിൾ ഗ്യാങ്ങ് കുന്നിറങ്ങി. അടുത്ത സാറ്റർഡേ ട്രിപ്പ് മിക്കി പ്ലാൻ ചെയ്യാൻ തുടങ്ങി.
ജേക്കബ് ഏബ്രഹാം