അമ്മയുടെ കുട്ടന്‍, മലയാളിയുടെ സ്വന്തം വയലാര്‍

“പച്ചപ്പിലാവിലത്തൊപ്പി മെടഞ്ഞു കൊ –
ണ്ടച്ഛന്റെ ചാരത്തിരുന്നതോർക്കുന്നു ഞാൻ.
നാലുവയസ്സു തികഞ്ഞില്ലെനി, – ക്കെഴു –
ത്തോലകളെല്ലാമുരുവിട്ടു തീർത്തു ഞാൻ
ആരുവന്നാലും കിളിപോലെ ഞാൻ ചൊല്ലും
‘ആ’ മുതല’ക്ഷ’ വരെയുള്ള വാർത്തകൾ.
അന്നെനിക്കൊട്ടും മനസ്സുഖമില്ലെന്റെ
ചന്ദനപ്പമ്പരമെങ്ങോ കളഞ്ഞുപോയ്.”

ചന്ദനപ്പമ്പരം കാണാതെ പോയതിന്റെ സങ്കടവുമായിരിക്കുന്ന ആ മൂന്നുവയസ്സുകാരനെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ വാവിട്ട് കരഞ്ഞു.”മോന്റെ അച്ഛൻ പോയി”. അവനൊന്നും മനസിലായില്ല. അച്ഛൻ മരിച്ചുപോയി എന്നുവെച്ചാൽ… കൊച്ചിയ്ക്ക് പോകാറുള്ളതുപോലെ അച്ഛൻ ഒരു യാത്ര പോയതാകും. കഴിഞ്ഞ ദിവസം അവനു മിഠായിവാങ്ങിക്കൊടുത്തിട്ട് നാട്ടിലേക്ക് പോയ അച്ഛൻ തിരികെയെത്തുമ്പോൾ ബിസ്ക്കറ്റ് വാങ്ങികൊണ്ടുവരുമല്ലോ എന്ന സന്തോഷവുമായി കാത്തുകാത്തിരിക്കുമ്പോഴാണ് “ഇനി എന്റെ മോനാരുമില്ലല്ലോ” എന്നു പറഞ്ഞുകൊണ്ടുള്ള അമ്മയുടെ നിലവിളി.

അമ്മയുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ കുഞ്ഞിക്കൈകൾ കൊണ്ട് തുടച്ചിട്ട്, ആ മകൻ ആശ്വസിപ്പിച്ചു.
“അച്ഛനില്ലെങ്കിലെന്താ, അമ്മയ്ക്ക് ഞാനില്ലേ?”

പിന്നീടുള്ള നാൽപ്പത്തിയഞ്ചു വർഷക്കാലം അമ്മയ്ക്ക് വേണ്ടി മാത്രമാണ് ആ മകൻ ജീവിച്ചത്. മകനുവേണ്ടി അമ്മയും. അവനോടൊന്നിച്ചു വട്ടുകളിക്കാനും മാങ്ങായെറിയാനും മണ്ണപ്പം ചുടാനും ആ അമ്മ എന്നും കൂടെയുണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ വയലാർ എന്ന കൊച്ചുഗ്രാമത്തിൽ നാനൂറോളം വർഷം പഴക്കമുള്ള രാഘവപ്പറമ്പു കോവിലകത്തെ അംബാലിക തമ്പുരാട്ടിയും അവർക്ക് ആറ്റുനോറ്റുണ്ടായ ഏകപുത്രൻ രാമവർമ്മയും തമ്മിലുണ്ടായിരുന്നത് അനിർവചനീയമായ ഒരു സവിശേഷ ബന്ധമായിരുന്നു.

1928 മാർച്ച് 25 ന് ജനിച്ച രാമവർമ്മ തിരുമുൽപ്പാടിന്റെ (കൊച്ചി രാജാക്കന്മാരുടെ മുമ്പിൽ ഇരിക്കാനുള്ള യോഗ്യത നേടിയവർ എന്നാണ് തിരുമുൻപിൽപാട് അതായത് തിരുമുൽപ്പാട് എന്ന ബഹുമതിയുടെ അർത്ഥം) പിതാവ് ആലുവായ്ക്ക് വടക്ക് വെള്ളാരപ്പള്ളിയിലെ കളപ്പാട്ടു മഠത്തിൽ കേരളവർമ്മയായിരുന്നു. തിരുവിഴാ ക്ഷേത്രത്തിൽ കഴകമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തി. ആകസ്മികമായി സംഭവിച്ച അദ്ദേഹത്തിന്റെ മരണം ആ അമ്മയെയും മകനെയും അനാഥരാക്കി. അമ്മാവനായ കേരളവർമ്മ സ്വന്തം മക്കളെ ഇംഗ്ലീഷ് സ്കൂളിൽ ചേർത്തു പഠിപ്പിക്കാൻ ശുഷ്‌കാന്തി കാണിച്ചപ്പോൾ, അനന്തരവനെ സംസ്കൃതം പഠിക്കാനായി തൈക്കാട്ടുശ്ശേരിയിൽ മൂസതിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി. ഒടുവിൽ ഒരു ബന്ധു ഇടപെട്ടപ്പോഴാണ് ആറേകാൽ രൂപ ഫീസ് കൊടുത്ത് ഇംഗ്‌ളീഷ് സ്കൂളിൽ ചേർത്തു പഠിപ്പിക്കാൻ അമ്മാവൻ തയ്യാറായത്. “ഞാൻ പള്ളിക്കൂടത്തിൽ പോകാതെ പഠിച്ചു കൊള്ളാം”, നാലുവയസുകാരനായ കുട്ടൻ അന്നേ പ്രഖ്യാപിച്ചു. ആ പറഞ്ഞതുപോലെ തന്നെ ഫിഫ്ത്തു ഫോറത്തിലെ (ഒൻപതാം ക്ലാസ്) ഓണപ്പരീക്ഷ കഴിഞ്ഞപ്പോൾ കുട്ടൻ സ്കൂളിൽ പോക്കവസാനിപ്പിച്ചു. എന്നാൽ അതിനു വളരെ മുമ്പു മുതൽക്കു തന്നെ കുട്ടൻ, കുഞ്ചൻ നമ്പ്യാരിൽ നിന്ന് പ്രചോദനം കൊണ്ട് ഒറ്റ ശ്ലോകങ്ങൾ എഴുതാനാരംഭിച്ചിരുന്നു. കുട്ടന്റെ അന്നത്തെ ആഗ്രഹമെന്തായിരുന്നുവെന്നോ? ജ്യോതിഷം പഠിച്ച് ഒരു നല്ല ജ്യോത്സനായി തീരുക!

സ്കൂൾ വാർഷികത്തോടനുബന്ധിച്ചു നടന്ന ഒരു കവിതാമത്സരത്തിൽ പങ്കെടുത്ത കുട്ടന് രണ്ടാം സ്ഥാനമേ കിട്ടിയുള്ളൂ. എങ്കിലും “കോളുകൊണ്ട വേമ്പനാട്ടു കായൽ” എന്നു പേരിട്ട കവിതയും അതിനു കിട്ടിയ സമ്മാനവും കൂടുതലെഴുതാൻ പ്രേരിപ്പിച്ചു. അന്നുമുതൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾക്ക് സ്ഥിരമായി കവിത അയച്ചു. മുടങ്ങാതെ അതെല്ലാം മടങ്ങിവരികയും ചെയ്തു.

ഡോ. കെ പി തയ്യിലിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘സ്വരാടി’ലാണ് ജി. രാമവർമ്മ തിരുമുൽപ്പാടിന്റെ കവിത ആദ്യമായി അച്ചടിച്ചുവന്നത്. പഠിത്തം മതിയാക്കി വെറുതെ വീട്ടിലിരുന്ന കുട്ടനെ ഏറ്റുമാനൂർ അമ്പലത്തിൽ ഭജനമിരിക്കാനായി അമ്മ കൂടെകൊണ്ടുപോയപ്പോൾ അവിടെ കുളിച്ചു തൊഴാനെത്തിയിരുന്ന സംസ്‌കൃത പണ്ഡിതൻ വടക്കും കൂർ രാജരാജവർമ്മയെ കണ്ടുമുട്ടാനിടയായി. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് കെ പി കരുണാകരപ്പിഷാരടി നടത്തുന്ന ‘ചക്രവാള’ത്തിൽ ‘ശുക്ര നക്ഷത്രം’എന്ന കവിത പ്രസിദ്ധീകരിച്ചു. പേരിനോടൊപ്പം ബ്രായ്ക്കറ്റിലാണെങ്കിലും വയലാർ എന്നുകൂടി ആദ്യമായി പ്രത്യക്ഷപ്പെട്ടത് അപ്പോഴാണ്.

ആ കവിതയിലൂടെ രാമവർമ്മയുടെ കാവ്യജീവിതത്തിലെ ശുക്രനക്ഷത്രത്തിന്റെ ഉദയം കുറിക്കുകയായിരുന്നു. വിപ്ലവത്തിന്റെ ചുവപ്പ് അതിൽ ദർശിച്ച അരുണോദയം മാസികക്കാര്‍ കവിതയാവശ്യപ്പെട്ടുകൊണ്ട് കത്തയച്ചു. തുടർന്ന് വിപ്ലവാവേശം തുളുമ്പുന്ന കവിത ചോദിച്ചു കൊണ്ട് കത്തുകൾ ധാരാളമെത്തിത്തുടങ്ങി.

കൊല്ലവർഷം 1122 തുലാം പത്ത്. 1946 ഒക്ടോബർ 27. അന്ന് രാവിലെ പതിനൊന്നു മണിക്കാണ് ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ പട്ടാളം വയലാറിലെ മർദ്ദിതവർഗ്ഗത്തിന്റെ വിരിമാറിന് നേരെ നിറയൊഴിച്ചത്. വാരിക്കുന്തം കയ്യിലേന്തിക്കൊണ്ട് അമേരിക്കൻ മോഡൽ ഭരണത്തിനും സ്വതന്ത്ര തിരുവിതാംകൂറിനുമെതിരെ അവസാന യുദ്ധത്തിനിറങ്ങിത്തിരിച്ച തൊഴിലാളികളുടെ ചെഞ്ചോരയിൽ കുതിർന്ന വയലാറിലെ പഞ്ചാരമണൽത്തരികൾ രാമവർമ്മയുടെ വിപ്ലവബോധത്തെ ത്രസിപ്പിച്ചു.

പുന്നപ്ര വയലാർ സമരത്തിന്റെ ധീരനായകരിലൊരാൾ വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന സി കെ കുമാരപ്പണിക്കർ രാമവർമ്മയുടെ ജീവിതത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. “വയലാറിലെ ഒരു കോവിലകത്തെ, നാലുകെട്ടിൽ വളർന്ന രാമവർമ്മ തിരുമുൽപ്പാടിനെ ഒരു വയലാർ രാമവർമ്മയാക്കിയ മനുഷ്യനാണദ്ദേഹം” എന്ന് വയലാർ പിന്നീടൊരിക്കൽ എഴുതി.”സ്വേച്ഛാധിപത്യത്തിന്റെ കാഹളം മുഴക്കിക്കൊണ്ട്‌ ഈ നാട്ടുകാരുടെ മനുഷ്യാവകാശങ്ങളെയും സംസ്‌കാരത്തെയും ചോരയിൽ മുക്കിത്താഴ്ത്തുവാൻ, നമ്മുടെ മജ്ജയിലും ജീവനിലും കൂടി അധികാരത്തിന്റെ സ്റ്റീം റോളറുകളുരുട്ടി തേർവാഴ്ച്ച നടത്തിയ ദിവാൻ ഭരണത്തിനെതിരായി നാട്ടുകാർ ആദ്യമായി ആയുധമെടുത്തു സമരം നടത്തിയ നാട്” എന്ന് ജന്മനാടിനെ കുറിച്ചും രേഖപ്പെടുത്തി.

പൊൻകുന്നം വർക്കിയും കെ ബാലകൃഷ്ണനും വൈക്കം ചന്ദ്രശേഖരൻ നായരും മലയാറ്റൂർ രാമകൃഷ്ണനും ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രവർത്തകരും പുരോഗമന സാഹിത്യകാരന്മാരുമൊക്കെ വെടിവെയ്പ്പ് നടന്ന പ്രദേശം കാണാൻ എത്തിയപ്പോൾ രാമവർമ്മയാണ് അവർക്ക് വഴികാട്ടിയായത്. അമ്മയുടെ കുട്ടൻ കേരളത്തിന്റെയാകെ പ്രിയപ്പെട്ട ‘കുട്ടൻ’ ആയിത്തീർന്നത് ആ നാളുകളിലാണ്.

ഇടയ്ക്ക് രാമവർമ്മ കവിതയിൽ നിന്ന് കളം മാറ്റിച്ചവുട്ടി കഥയെഴുതാൻ തുടങ്ങി. ‘രക്തം പുരണ്ട മണ്ണും’, ‘വെട്ടും തിരുത്തും’അടക്കമുള്ള കഥകൾ സഹൃദയ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഒടുവിൽ കവിതയിലേക്ക് തന്നെ മടങ്ങിപ്പോന്നു. ജി. രാമവർമ്മ തിരുമുൽപ്പാടിന്റെ ‘പാദമുദ്രകൾ’ എന്ന സമാഹാരം അപ്പോഴേക്കും പുറത്തിറങ്ങിയിരുന്നു. വയലാർ സമരം കഴിഞ്ഞ നാളുകളിൽ, പ്രസാധകർ ആ പുസ്തകത്തിന്റെ പുറംചട്ടയിൽ ഗ്രന്ഥകാരന്റെ പേരിന്റെ സ്ഥാനത്ത് വയലാർ രാമവർമ്മ എന്നച്ചടിച്ച കടലാസ് ഒട്ടിച്ചുചേർത്തു. വലിയ വിൽപനയൊന്നുമില്ലാതെ കെട്ടിക്കിടന്നിരുന്ന പുസ്‌തകത്തിന്റെ കോപ്പികൾ വിറ്റഴിഞ്ഞത് വളരെപ്പെട്ടെന്നാണ്.

അതിനിടയിൽ നാടകാഭിനയത്തിലും ഒരു കൈനോക്കിയ രാമവർമ്മ, ചേർത്തലയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച എസ് എൽ പുരം സദാനന്ദന്റെ ‘ചെങ്കൊടി ഉയരുന്നു’ എന്ന നാടകത്തിൽ ഒരു പടുവൃദ്ധന്റെ വേഷമണിഞ്ഞു. കയ്യടിയും പ്രശംസയും ധാരാളം നേടിയതോടെ നാടകാഭിനയം വീണ്ടും തുടർന്നു. ‘പ്രഖ്യാപനം’ എന്നൊരു നാടകമുൾപ്പെടെ മൂന്നു നാടകങ്ങൾ പ്രൊഫഷണൽ സമിതികൾക്ക് വേണ്ടി എഴുതിക്കൊടുക്കുകയും ചെയ്തു. ആയിടയ്ക്ക് തന്നെ അരങ്ങിന്റെ പുറത്ത് രാമവർമ്മ എടുത്തണിഞ്ഞ വേഷം ഒരു പത്രാധിപരുടേതാണ്. 1951 ഏപ്രിൽ മാസത്തിൽ ചേർത്തല ആസ്ഥാനമായി പുറത്തിറങ്ങിയ ‘ജനാധിപത്യം’ രാമവർമ്മ തന്നെ പണം മുടക്കി ആരംഭിച്ചതായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘ജനാധിപത്യ’ത്തിൽ കാരൂർ നീലകണ്ഠപിള്ള, എൻ വി കൃഷ്ണ വാര്യർ, ഓ എൻ വി കുറുപ്പ് തുടങ്ങിയവരെ കൂടാതെ, ഇ എം എസ്, സി ഉണ്ണിരാജ, ഡി എം പൊറ്റക്കാട് തുടങ്ങിയവരുമെഴുതി. വെറും ഏഴു ലക്കങ്ങൾ മാത്രമേ ‘ജനാധിപത്യം’ ഇറങ്ങിയുള്ളൂ. 1960 കളിൽ മദ്രാസിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ‘അന്വേഷണം’ മാസികയുടെ പത്രാധിപർ എന്ന ഉത്തരവാദിത്തം വെറുമൊരു ആലങ്കാരിക പദവിയായിട്ടല്ലാതെ ഏറ്റെടുക്കാൻ രാമവർമ്മയ്ക്ക് ബലമായത് ഇരുപത്തിയൊന്നാമത്തെ വയസിൽ ഉണ്ടായ ആ അനുഭവമാണ്.

പ്രായം ഇരുപത് പിന്നിടുമ്പോഴേക്കും വയലാർ രാമവർമ്മ മലയാളത്തിന്റെ യുവകവിനിരയിലെ ഒന്നാമത്തെ ഇരിപ്പടം വലിച്ചിട്ട് ഇരുന്നുകഴിഞ്ഞിരുന്നു. പി ഭാസ്‌ക്കരൻ, ഓ എൻ വി കുറുപ്പ്, തിരുനല്ലൂർ കരുണാകരൻ, പുനലൂർ ബാലൻ, പുതുശ്ശേരി രാമചന്ദ്രൻ എന്നിവരടങ്ങിയ ആ പുതുകവിനിര, പുരോഗമന സാഹിത്യ സൈനികരിലെ മുൻ നിര പോരാളികളായി. ചങ്ങമ്പുഴയുടെ വാചാലതയും വികാരപരതയും ഈ കവികളുടെ കൃതികളിൽ ദർശിച്ച നിരൂപകർ അവരെ മാറ്റൊലിക്കവികൾ എന്നു വിളിച്ചു. അതിനു മറുപടിയായി വയലാർ 1957 ൽ ‘എന്റെ മാറ്റൊലിക്കവിതകൾ’ എന്ന സമാഹാരമിറക്കി. 1950 ൽ പ്രസിദ്ധീകരിച്ച ‘കൊന്തയും പൂണൂലി’നും ശേഷം ‘നാടിന്റെ നാദം'(52), ‘ആയിഷ'(54), ‘എനിക്ക് മരണമില്ല’, ‘മുളങ്കാട്’,’ഒരു ജൂഡാസ് ജനിക്കുന്നു'(1955),’സർഗസംഗീതം'(1961) എന്നീ കവിതാ സമാഹാരങ്ങൾ പുറത്തുവന്നു. അന്ന് കൗമുദി ആഴ്ച്ചപ്പതിപ്പിലും ജനയുഗം വാരികയിലും പ്രസിദ്ധീകരിച്ച ഓരോ വയലാർ കവിതയെയും വായനക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. 1953, 54 വർഷങ്ങളിലെ കൗമുദി ഓണപ്പതിപ്പിൽ വന്ന ‘ആയിഷ’യുടെ ജനപ്രീതി കണ്ട് സാംബശിവൻ അപ്പോൾ തന്നെ അത് കഥാപ്രസംഗരൂപത്തിൽ ജനങ്ങളുടെ മുൻപാകെ അവതരിപ്പിച്ചു.

സാമൂഹിക പ്രതിബദ്ധതയുടെയും മാനവികതയുടെയും സന്ദേശങ്ങളാണ് വയലാർ കവിതയിൽ തുടിച്ചുനിന്നത്.

“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും”
എന്നദ്ദേഹം ഉറക്കെ പാടി. വിശ്വമാനവസങ്കല്പവും ശാസ്ത്രത്തിന്റെ നേട്ടങ്ങളിലുള്ള അടിയുറച്ച വിശ്വാസവും ആ ഈരടികളിൽ പ്രതിഫലിച്ചു.

“കാലമാണവിശ്രമം പായുമെന്നശ്വം സ്നേഹ —
ജ്വാലയാണെന്നിൽക്കാണും ചൈതന്യം സനാതനം”

എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞുകൊണ്ടുള്ള മനുഷ്യന്റെ ജൈത്രയാത്ര യിൽ വയലാർ ഊറ്റം കൊണ്ടു. വിപ്ലവബോധവും പുതിയൊരു മനുഷ്യസമുദായത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും വയലാർ കവിതകളുടെ അന്തർധാരയായി.

വയലാറിന്റെ കാവ്യജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തെ കുറിയ്ക്കുന്ന ‘സർഗ്ഗസംഗീതം’ എന്ന സമാഹാരം 1962 ലെ കേരളസാഹിത്യ അക്കാദമിയുടെ അവാർഡ് നേടി.

ഏത് പ്രതികൂല സാഹചര്യങ്ങളിലും നിമിഷ നേരം കൊണ്ട് കവിത രചിക്കുവാനുള്ള വയലാറിന്റെ അസാധാരണ സിദ്ധി അത്ഭുതകരമായിരുന്നു. ഒരിക്കൽ കടുത്ത പനിയുമായി കൗമുദി ഓഫീസിൽ കയറിച്ചെന്ന വയലാറിനോട്, മഹാനടനായിരുന്ന പി കെ വിക്രമൻ നായരുടെ ദേഹവിയോഗത്തെ കുറിച്ചുള്ള വാർത്തയറിയിച്ച കെ ബാലകൃഷ്ണൻ ഒരു കവിതയെഴുതാനാവശ്യപ്പെട്ടു. അപ്പോൾ അവിടെയിരുന്ന് മിനിറ്റുകൾക്കുള്ളിലെഴുതിയ ‘രാജഹംസം’ എന്ന കവിതയാണ് ആ ലക്കം കൗമുദിയുടെ മുഖപ്രസംഗത്തിന്റെ സ്ഥാനത്ത് പ്രസിദ്ധീകരിച്ചത്.

“കൈയിലൊരിന്ദ്രധനസ്സുമായ് മാനത്തു
പെയ്യുവാൻ വന്ന തുലാവർഷമേഘമേ
കമ്രനക്ഷത്രരജനിയിലിന്നലെ
കണ്ടുവോ നീയെന്റെ രാജഹംസത്തിനെ”

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന തോപ്പിൽ ഭാസിയുടെ നാടകവും ഓ എൻ വി – ദേവരാജൻ ടീം ഒരുക്കി കെ എസ് ജോർജ്ജും കെ സുലോചനയും ചേർന്നുപാടിയ അതിലെ പാട്ടുകളും ചേർന്ന് കേരളത്തിലെ പുരോഗമന നാടകപ്രസ്ഥാനത്തിന് ആവേശകരമായ ഒരു പുത്തനുണർവേകി. നാടകത്തിന്റെ ചുവന്നദശകം എന്നു വിളിക്കുന്ന 1950 കളിൽ പലയിടത്തും പുരോഗമന നാടകസമിതികൾ രൂപം കൊണ്ടു. ഭാസിയും എസ് എൽ പുരം സദാനന്ദനും പി ജെ ആന്റണിയും ചെറുകാടും കെ ടി മുഹമ്മദും മറ്റുമെഴുതി, ആ സമിതികൾ അവതരിപ്പിച്ച നാടകങ്ങൾ നാടിനെയാകെ ഇളക്കി മറിച്ചു. വിപ്ലവ വീര്യവും ഭാവാത്മകതയും തുടിച്ചുനിൽക്കുന്ന, അതിമനോഹരമായ തന്റെ ഗാനങ്ങളിലൂടെ വയലാർ ആ അരുണനാടക കാലത്തിന്റെ അവിഭാജ്യഭാഗമായി. ‘ജീവിതം അവസാനിക്കുന്നില്ല’, ‘നമ്മളൊന്ന്’, ‘വിശറിക്ക് കാറ്റുവേണ്ട’, ‘സ്വർഗം നാണിക്കുന്നു’,’കതിരുകാണാക്കിളി’ തുടങ്ങിയ നാടകങ്ങളിലെ പാട്ടുകൾ കെ പി എ സി ഗാനങ്ങളെപ്പോലെ തന്നെ ജനങ്ങൾ പാടിനടന്നു.

“പറന്നു പറന്നു പറന്നു ചെല്ലാൻ…”
“ഏഴാം കടലിനക്കരെയുണ്ടോരേഴിലംപാല..”
“കായലിനക്കാരെ പോകാനെനിയ്ക്കൊരു
കളിവള്ളമുണ്ടായിരുന്നു…”

1957 ആഗസ്റ്റ്15 ന് ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൂറോളം ഗായകർ ചേർന്നു പാടിയ ‘ബലികുടീരങ്ങളേ’യിലൂടെ വയലാറും ദേവരാജനും ചേർന്ന് മലയാള ഗാനശാഖയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിച്ചു.

“നെടിയൊരു പച്ചതാഴ് വരയിൽ നൂറുനൂറു ചില്ലകളിൽ ഗ്രീഷ്മപുഷ്പങ്ങൾ വിടർത്തി നിൽക്കുന്ന ഒരു പൂവാകയെ അനുസ്മരിക്കുന്ന ഗാനം” എന്ന് ഓ എൻ വി ആ ഗാനത്തെ വിശേഷിപ്പിക്കുന്നു.

അതിനു തൊട്ടുമുമ്പ് ‘കൂടപ്പിറപ്പ്’ എന്ന ചിത്രത്തിലൂടെ സിനിമാഗാനരചനാരംഗത്ത് പ്രവേശിച്ച വയലാർ വളരെവേഗം അവിടെ ആധിപത്യം സ്ഥാപിച്ചു. പിന്നീടുള്ള കാലത്ത്, അദ്ദേഹം കവിതകൾ വളരെക്കുറച്ചു മാത്രമേ എഴുതിയുള്ളൂ. എന്നാൽ കവിതയെ അതിശയിപ്പിക്കുന്ന ഭാവഗീതങ്ങളായിരുന്നു വയലാർ എഴുതിയ ഓരോ ചലച്ചിത്ര ഗാനവും. ഒപ്പം കെ പി എ സി നാടകങ്ങൾക്ക് വേണ്ടിയും അദ്ദേഹം തുടർച്ചയായി പാട്ടുകളെഴുതി.

ആഴവും പരപ്പുമുള്ള വായനയിൽ നിന്നാർജ്ജിച്ച അഗാധമായ അറിവും ഹൃദയത്തിൽ അന്തർലീനമായി കുടികൊള്ളുന്ന സംഗീതവും കവിതകളിലെന്ന പോലെ ആ മനോഹരഭാവഗീതങ്ങളിലും സമന്വയിച്ചു. കവിതയിൽ നിന്ന് ലഭിച്ച പ്രശസ്തിയാണ് അദ്ദേഹത്തെ സിനിമാരംഗത്തേക്ക് കടന്നുവരാൻ സഹായിച്ചതെങ്കിലും നിമിഷനേരം കൊണ്ട് ഭാവസാന്ദ്രമായ, സാഹിത്യ ഭംഗി തുടിച്ചു നിൽക്കുന്ന, സന്ദർഭത്തിന് അനുയോജ്യമായ ഗാനങ്ങളെഴുതാനുള്ള അപൂർവ സിദ്ധി വയലാറിനെ ഏറ്റവും തിരക്കുള്ള ഗാനരചയിതാവാക്കി. ഒപ്പം ജനപ്രിയതയുടെ കൊടുമുടിയിൽ കൊണ്ടെത്തിക്കുകയും ചെയ്തു. ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ശബ്ദവും ആ ഗാനങ്ങൾക്ക് അഭൗമ ചാരുതയും ഭാവഗാംഭീര്യവും പകർന്നു നൽകി. പ്രണയ ഗാനങ്ങളും വിരഹ ഗാനങ്ങളും വിപ്ലവ ഗാനങ്ങളും ഭക്തിഗാനങ്ങളുമെല്ലാം ഒരുപോലെ ആ അസാധാരണതൂലികയിൽ നിന്ന് അനായാസം വിരിഞ്ഞു. പലതവണ സംസ്‌ഥാന ഗവണ്മെന്റിന്റെ പുരസ്കാരങ്ങളും ഒരുതവണ ദേശീയ പുരസ്കാരവും വയലാറിനെ തേടിയെത്തി.

1949 ൽ ചെങ്ങണ്ട പുത്തൻ കോവിലകത്തെ ചന്ദ്രമതി തമ്പുരാട്ടിയെ വയലാർ വിവാഹം കഴിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷവും കുട്ടികൾ പിറക്കാത്തതുകൊണ്ട്, അമ്മയുടെയും ഭാര്യയുടെയും നിർബന്ധത്തിനു വഴങ്ങി അദ്ദേഹം, ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം ചെയ്തു. ശരത്ചന്ദ്ര വർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ് മക്കൾ.

പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ കഴിയുന്ന നാളുകളില്‍,1975 ഒക്ടോബർ 27ന്, മറ്റൊരു തുലാം പത്തിന് മൃത്യുവിന്റെ ഗുഹയിലേക്ക് കറുത്ത മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി. നാളിതു വരെ പ്രതിഭാധനനായ മറ്റൊരു കലാ – സാഹിത്യ പ്രവർത്തകനോ എഴുത്തുകാരനോ കിട്ടാത്ത അതിഗംഭീരമായ, അതേസമയം കണ്ണീരിൽ കുതിർന്ന യാത്രയയപ്പാണ് കേരളത്തിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ വയലാർ രാമവർമ്മയ്ക്ക് നൽകിയത്. ഒരെഴുത്തുകാരനെ സമൂഹം എത്രമാത്രം സ്നേഹിക്കുന്നുവെന്ന്, മനസ്സിനോട് ചേർത്തുവെക്കുന്നുവെന്ന് കേരളം തിരിച്ചറിഞ്ഞ വേളയായിരുന്നു അത്. മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് വയലാർ രചിച്ച ഒരു ഗാനത്തിന്റെ ഈരടികൾ അന്ന് അദ്ദേഹത്തിനെ ഇഷ്ടപ്പെട്ടിരുന്ന എല്ലാവരുടെയും ഉള്ളിൽ ഉയർന്നുകേട്ടു.

“ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മംകൂടി…”

ബൈജു ചന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍)

ബൈജു ചന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍)

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content