കുഞ്ഞുനടപ്പ്; പ്രകൃതി പാഠശാലയിലൂടെ: ഭാഗം 1
(മകന്‍ ജോസഫ് കടന്നു പോകുന്ന നോര്‍വെയിലെ സ്കൂള്‍ വിദ്യാഭ്യാസ രീതിയെ കുറിച്ചും കുട്ടികളുടെ ലോകത്തെ കുറിച്ചും മലയാളം മിഷന്‍ അധ്യാപിക സീമ സ്റ്റാലിന്‍ എഴുതുന്ന പരമ്പര)
ലേഖനത്തിന്റെ മറ്റ് ഭാഗങ്ങൾ വായിക്കാം – കുഞ്ഞുനടപ്പ്; പ്രകൃതി പാഠശാലയിലൂടെ
ആഴ്ചയിൽ രണ്ടു ദിവസം ജോപ്പനും കൂട്ടുകാരും നടക്കുകയാണ്…
നോർവേയിലെ ലോമ്മദ്ദാൽ തഴ്വരയിലെ അവരുടെ സ്കൂളിന് ചുറ്റുമുള്ള കാടുകളിലൂടെ…
രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് രണ്ടര വരെയുള്ള പഠനം ഈ നടപ്പിനിടയിലാണ്. ബാഗിൽ ഐപാഡും, വെള്ളവും, ഇടയ്ക്കെവിടെയെങ്കിലും വട്ടം കൂടിയിരിക്കുമ്പോൾ കഴിക്കാനുള്ള ബ്രെഡും പഴങ്ങളും.
utteskole എന്നാണ് ഇത്തരം പഠനരീതിയ്ക്കു ഇവിടെ പറയുന്നത്.
കണക്കും, കവിതയും, ശാസ്ത്രവും, ചരിത്രവുമൊക്കെ ചർച്ച ചെയ്യുന്നത് ഈ യാത്രയിൽ തന്നെ. കളികളും, സംഗീതവും, നീന്തലും, മീൻപിടുത്തവും, ഫോട്ടോഗ്രാഫിയും എല്ലാം ഇക്കൂട്ടത്തിൽ നടക്കും. യാത്രയുടെ ശേഷിപ്പായി ഒരു തുണ്ടു കടലാസോ, പ്ലാസ്റ്റിക്കോ വഴിയിൽ ഉപേക്ഷിക്കാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നു.
ഐസ് ഏജ് കാലഘട്ടം വരെ പഴക്കം പറയുന്ന നോര്‍വീജിയൻ സ്പ്രൂസ് മരങ്ങളും, പൈൻ മരങ്ങളും, ബിര്‍ച്ച് മരങ്ങളും, നിറം മാറിക്കൊണ്ടേയിരിക്കുന്ന മേപ്പിൾ മരങ്ങളും നിറഞ്ഞ കാടുകളിൽ മാനുകളും, കാട്ടുപോത്തും, ചെറിയ കുറുക്കന്മാരും, അണ്ണാനും, അപൂർവ്വം ചിലയിനം പാമ്പുകളുമുണ്ട്.
പ്രകൃതിയിലൂടെയുള്ള നടപ്പാണ് കുഞ്ഞുങ്ങൾക്ക് നല്കാനാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം. പ്രകൃതിയിലും മികച്ച അധ്യാപകനില്ല, ഓരോ കാഴ്ചയും പാഠഭാഗമാണ്.
വിദ്യാഭ്യാസം ഓരോ നാടിന്‍റെയും ചരിത്രവും, ഭൂപ്രകൃതിയുമായി എത്ര ചേർന്നിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ പഠന സമ്പ്രദായം. ഇവിടെ വളരുന്ന കുഞ്ഞുങ്ങൾ ചുറ്റുമുള്ള മലകളെയും, അരുവികളെയും അനുഭവിച്ചു വളരണമെന്ന ചിന്തയാണ് ഇത്തരം പഠനരീതിയ്ക്കു പിന്നിൽ.
നമ്മുടെ നാട് പോലെ ഫലഭൂയിഷ്ഠമായ മണ്ണും, മരങ്ങളും, കലാവസ്ഥയും നോർവേയിൽ ഇല്ല. ഇവിടെ കൂറ്റൻ മലകളും, അരുവികളും, കരയിലേക്ക് കയറിക്കിടക്കുന്ന കടലുകളും, സൂര്യൻ ഒളിച്ചു നിൽക്കുന്ന കഠിനമായ ശൈത്യമാസങ്ങളുമാണ്. അതിജീവിക്കാൻ പ്രകൃതിയുമായി ദിനവും കൂട്ടുകൂടാതെ വയ്യ. മഴയത്തും, മഞ്ഞിലും, വെയിലിലും പ്രകൃതി തന്നെ ഇവരുടെ പാഠശാല.
സീമ സ്റ്റാലിന്‍
എഴുത്തുകാരി
മലയാളം മിഷന്‍ അധ്യാപിക
നോര്‍വെ ചാപ്റ്റര്‍