തേയ്മാനം സംഭവിച്ച ‘തേപ്പ്’
“നിന്‍റെ ജോലി?”
“തേപ്പ്”
“പാത്രം തേപ്പോ?”
“അല്ല”
“പിന്നെ, തുണി തേപ്പോ?”
“അല്ല”
“ചായം തേപ്പോ?” (പെയിന്‍റ് പണി)
“അല്ലേ , അല്ല”
“പിന്നെ, ആളെ തേപ്പോ, അല്ല പിന്നെ”
“ആ തേപ്പ് നിങ്ങടെ പണിയാണ്..”
“ചായം തേപ്പ്.. മുഖത്ത് ചായം തേക്കുന്ന പണി.”
“ആ.. ആ.. അങ്ങനെ വരട്ടെ. മേക്കപ്പ്…”
പണ്ട് ‘തേപ്പുകട’ എന്നു പറഞ്ഞാല്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു കൊടുക്കുന്ന കട എന്നാണ് മനസിലാക്കുക. ഇപ്പോള്‍ തേപ്പുകട എന്നു പറഞ്ഞാല്‍. ‘കൊള്ളാമല്ലോ തേപ്പിനും കട തുടങ്ങിയോ… കുറച്ചുകാലം കൂടി കഴിഞ്ഞാല്‍ തേപ്പ് യൂണിവേഴ്സിറ്റി തുടങ്ങും” എന്നു കളിയാക്കിയെന്നിരിക്കും.
‘തേപ്പ്’ എന്ന തൊഴില്‍ സൂചകവാക്ക്, ഉപയോഗിച്ചുപയോഗിച്ച് അര്‍ഥം തേഞ്ഞുതേഞ്ഞ് മറ്റൊരര്‍ത്ഥത്തിലേക്ക് കൂപ്പുകുത്തി. ഇങ്ങനെ എല്ലാ ഭാഷയിലും കാലക്രമത്താല്‍ ചിലവാക്കുകള്‍ക്ക് തേയ്മാനം സംഭവിക്കാറുണ്ട്.