മിസ്റ്റര്‍ ചിപ്പിയും ബട്ടര്‍ഫ്‌ളൈസും കൂട്ടുകാരായ കഥ

‘ഓണ്‍ലൈന്‍’ എന്ന വാക്ക് ടക്കനാ പോയി പകരം ‘ടൈപ്പിംഗ്…’ എന്നു കണ്ടപ്പോള്‍, അച്ഛന്റെ മൊബൈല്‍ ഫോണിലെ വാട്‌സാപ്പിലേക്ക് നോക്കിയിരുന്ന പന്ത്രണ്ടു വയസ്സുകാരന്‍ ഓഷിന്റെ മുഖം പുഞ്ചിരി കൊണ്ടു വിടര്‍ന്നു. എത്തിപ്പോയ്… എത്തിപ്പോയ്…

ഓഷിന്റെ കൂട്ടുകാരി അന്‍ഷി അയച്ചു കൊടുത്ത കടങ്കഥക്ക് അവന്‍ ഉത്തരം നല്‍കുന്നതിനിടെ ദേ പിന്നെയും സ്‌ക്രീനില്‍ ‘ടൈപ്പിംഗ്’ എന്നു തെളിഞ്ഞു.

ചോദ്യം വന്നു.

തല തിരിച്ചാല്‍ കിട്ടുന്ന പെണ്ണിന്റെ പേര്? ഉത്തരം പറയാമോ?

അവന്‍ തല തിരിച്ചു. ഇടത്തോട്ട്, വലത്തോട്ട്, മുന്നോട്ട്, പിന്നോട്ട്.

തല തിരിച്ചിട്ടൊന്നും പെണ്ണിന്റെ പേര് കിട്ടുന്നില്ല.

ഓഷിന്‍ മേലേക്ക് നോക്കി.

ദോശ ചുടുന്നതിന്റെ ഒച്ച കേള്‍പ്പിച്ച് കറങ്ങുന്ന പഴയ ഫാന്‍. ഇടയ്ക്കിടെ കറകറാന്ന് അത് ഒച്ചയുണ്ടാക്കും. ഫാനിന്റെ കറക്കം നോക്കി അവന്‍ സ്വയം ചോദിച്ചു എന്തായിരിക്കും ഉത്തരം.

ദാണ്ടെ, തൊട്ടടുത്ത് ഭിത്തിയോട് ചേര്‍ന്ന് ചാരുകസേരയില്‍ ചാരിക്കിടന്ന് ഒരാളങ്ങനെ ഗൗരവമായി പത്രം വായിക്കുന്നുണ്ട്. അച്ഛനാണ്. ചോദിച്ചാലോ? വേണ്ട. ഞാനൊരു ബുദ്ധിയില്ലാത്തവനാണെന്ന് അച്ഛന്‍ വിചാരിച്ചാലോ. ഉള്ള വെയ്റ്റ് കളയണ്ട. ഒന്നുകൂടി ആലോചിച്ചു നോക്കാം. ഉത്തരമേ പെട്ടെന്ന് മനസ്സിലേക്ക് ഡൗണ്‍ലോഡ് ആകണമേ.

ഓഷിന്‍ ഇങ്ങനെ ആലോചനയോടാലോചന. അപ്പോഴേക്കും പടപടാന്ന് നാലഞ്ച് കടങ്കഥാ സന്ദേശങ്ങള്‍ ‘ടൈപ്പിംഗ്….’

ഓഷിന്‍ കണ്ണട നേരെയാക്കി അന്‍ഷിയുടെ മെസേജുകള്‍ ഓരോന്നോരോന്നായി വായിച്ചു.

കൊടുത്തു മുടിഞ്ഞവന്‍ ആര്?

കൊടുക്കാതെ മുടിഞ്ഞവന്‍ ആര്?

മറ്റൊന്ന്.

ഈരഞ്ചു തേരുള്ള രാജന്റെ പുത്രന്റെ ബന്ധൂന്റെ ശത്രൂന്റെ ഭാര്യേട പേരു പറ.

ദൈവമേ എന്തൊക്കെയാണിതിന്റെ ഉത്തരങ്ങള്‍. ഇങ്ങനെയും കടങ്കഥകളോ? ഓഷിന്‍ കണ്ണട നേരെയാക്കി ഫോണിലേക്കു നോക്കുമ്പോള്‍ ദാ പിന്നെയും ‘ടൈപ്പിംഗ്’

“ഈ കടങ്കഥകള്‍ക്ക് രാമായണവുമായും മഹാഭാരതവുമായും ബന്ധമുണ്ട്. അതിന്റെ ഉത്തരവും കടങ്കഥയ്ക്കു പിന്നിലെ പുരാണകഥയും വോയിസ് മെസേജായി അയച്ച് തരിക.”

പ്രവര്‍ത്തനം: 1. മൂന്നു കടങ്കഥകളുടെ ഉത്തരം കണ്ടെത്തുക 2. കഥ പൂര്‍ത്തിയാക്കുക

(തുടരും)

ഉണ്ണി അമ്മയമ്പലം

ഉണ്ണി അമ്മയമ്പലം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content