രാജകുമാരനും
രാക്ഷസനും
ഭാഗം 4
കഥയുടെ മറ്റ് ഭാഗങ്ങൾ വായിക്കാം – രാജകുമാരൻ
യാത്ര തുടർന്ന രാജകുമാരൻ ഒരു കാടിനു സമീപം എത്തിച്ചേർന്നു. രാത്രിക്കു മുൻപ് കാട് കടക്കാൻ പറ്റില്ലെന്ന അറിവിൽ കുമാരൻ അവിടെ തമ്പടിച്ച ശേഷം പിറ്റേന്ന് യാത്ര തുടരാൻ തീരുമാനിച്ചു. അപ്പോൾ കാട്ടുവഴിയിലേക്ക് ഓടിയെത്തിയ പഞ്ഞികണക്ക് വെളുവെളുത്ത ഒരു മുയലിനെ കണ്ടു. അതിന്റെ അവാച്യമായ സൗന്ദര്യത്തിൽ ആകൃഷ്ടനായ രാജകുമാരൻ അതിനെ പിൻതുടർന്നു. വളരെ പതുക്കെ ചാടി ചാടി നടന്ന മുയൽ ചാട്ടത്തിന് വേഗം കൂട്ടി. രാജകുമാരനും അതേ വേഗതയിൽ മുയലിനെ പിന്തുടർന്നു.
പടിഞ്ഞാറ് സൂര്യൻ അസ്തമയത്തിലേക്കുള്ള യാത്ര തുടങ്ങി. പതുക്കെ പതുക്കെ കാട്ടിനുള്ളിൽ അന്ധകാരം പരന്നു. രാജകുമാരനും മുയലും ഉൾക്കാട്ടിലെത്തിയപ്പോൾ മുയൽ അവിടെയുള്ള ഒരു പൊത്തിലേക്ക് കയറിപ്പോയി. പെട്ടെന്ന് തന്നെ ആ പൊത്ത് വലിയ ഒരു ഗുഹയുടെ കവാടമായി മാറി. അതിനു മുൻപിൽ ഭീമാകാരനായ ഒരു രാക്ഷസൻ പ്രത്യക്ഷപ്പെട്ടു.
രാജകുമാരൻ ആശ്ചര്യപ്പെട്ടു നിൽക്കുമ്പോൾ രാക്ഷസൻ ദിഗന്തം മുഴങ്ങുമാറ് അട്ടഹസിക്കാൻ തുടങ്ങി.
“ഹ ഹ ഹ ഹ..നീ എന്റെ പുന്നാരമുയലിനെ പിടിക്കാൻ നോക്കി അല്ലെ. എന്നാൽ നീ ഇപ്പോൾ എന്റെ പിടിയിൽ പെട്ടു ഹ ഹ ഹാ . . ” എന്ന് പറഞ്ഞുകൊണ്ട് വലിയ കൈ കൊണ്ട് രാജകുമാരനെ വാരിയെടുത്ത് അടുത്തുണ്ടായിരുന്ന പെട്ടിയിലേക്കിട്ട് മൂടി താക്കോൽ തിരിച്ച് പെട്ടി പൂട്ടി. താക്കോൽ പഴുതിൽകൂടിയുള്ള നേരിയ വെളിച്ചം മാത്രമേ പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടാനുള്ള വഴി ആലോചിച്ചുകൊണ്ട് കിടന്ന രാജകുമാരൻ എപ്പോഴോ ഉറങ്ങിപ്പോയി.
കുറെ കഴിഞ്ഞപ്പോൾ പെട്ടിയുടെ താക്കോൽ ദ്വാരത്തിൽ താക്കോലിട്ടു തിരിക്കുന്ന ശബ്ദം കേട്ട രാജകുമാരൻ ഉറക്കത്തിൽ നിന്നും ഉണർന്നു. പെട്ടിയുടെ മൂടി തുറക്കപ്പെട്ടു. അപ്പോൾ രാജകുമാരൻ അതിസുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടു. തന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായിരുന്നു അവൾ.
“താങ്കൾ പിന്തുടർന്നുവന്ന മുയലാണ് ഞാൻ.” അവൾ പുഞ്ചിരിച്ചുകൊണ്ട് തുടർന്നു.
“താങ്കൾ കണ്ട രാക്ഷസന്റെ മാന്ത്രികവലയത്തിൽ പെട്ട രാജകുമാരിയാണ് ഞാൻ. രാത്രി മാത്രമേ എനിക്ക് എന്റെ രൂപം കിട്ടുകയുള്ളൂ. കാട്ടിൽ നിന്നും മറ്റു മൃഗങ്ങളെയും വഴിതെറ്റി വരുന്ന മനുഷ്യരെയും ആകർഷിച്ച് ഇവിടേക്കെത്തിക്കുവാൻ രാക്ഷസൻ എന്നെ പകൽ സമയം മുഴുവൻ ഒരു മാന്ത്രിക മുയലാക്കിയിരിക്കുകയാണ്. താങ്കളെക്കണ്ടിട്ട് നല്ലൊരു മനുഷ്യനായി തോന്നുന്നു. എന്നെ പിന്തുടർന്നതുകൊണ്ടാണല്ലോ ഇങ്ങനെ രാക്ഷസന്റെ കെണിയിൽ പെട്ടത്. അതുകൊണ്ട് ഞാൻ നിങ്ങളെ തുറന്നുവിടാൻ പോകുകയാണ്.
“ഞാൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയാണ് നീ. എനിക്ക് നിന്നെ കണ്ടുകൊണ്ട് ഇവിടെ തന്നെ ഇരിക്കുവാനാണ് തോന്നുന്നത് ” രാജകുമാരൻ മറുപടി പറഞ്ഞു.
“എനിക്ക് രാത്രി മാത്രമേ സ്വന്തം രൂപം കൈ വരുകയുള്ളൂ. പകൽ മുഴുവനും ഞാൻ മുയലിന്റെ രൂപത്തിലായിരിക്കും. മാത്രമല്ല രാത്രി ഭക്ഷണത്തിന് താങ്കളെ മതിയാകാത്ത കാരണം രാക്ഷസൻ വേറെ ഇരകളെ തേടി പോയിരിക്കുകയാണ്. ഏതു സമയത്തും തിരിച്ചെത്താം. താങ്കളുടെ ജീവൻ അപകടത്തിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടുക.”
ഇത്രയും പറഞ്ഞുകൊണ്ട് രാജകുമാരി രാജകുമാരനെ പെട്ടിയിൽ നിന്നും മോചിതനാക്കി. രാജകുമാരൻ അവൾക്ക് നന്ദി പറഞ്ഞുകൊണ്ട് അവിടെ നിന്നും വന്ന വഴിയിലൂടെ, രാക്ഷസന്റെ കണ്ണിൽ പെടരുതേ എന്ന പ്രാർത്ഥനയോടെ നടന്നു തുടങ്ങി.
കുറെ ദൂരം നടന്നപ്പോൾ അടുത്തുള്ള ജലാശയത്തിൽ നിന്നും ഒരു വൃദ്ധന്റെ ദയനീയമായ രോദനം കേട്ടു. “രക്ഷിക്കണേ… രക്ഷിക്കണേ..”
അവിടേക്ക് ഓടിച്ചെന്ന രാജകുമാരൻ കണ്ടത് ഒരു മുതലയുടെ വായിൽ കാലുകൾ അകപ്പെട്ട ഒരു മുക്കുവവൃദ്ധനെയാണ്. രാജകുമാരൻ തന്റെ കയ്യിലുണ്ടായിരുന്ന കുന്തം കൊണ്ട് മുതലയെ വകവരുത്തി വൃദ്ധനെ രക്ഷിച്ചു. തന്റെ ജീവൻ രക്ഷിച്ച കുമാരന് സന്തോഷത്തോടെ മുക്കുവന്‍ തന്റെ കയ്യിലുണ്ടായിരുന്ന മീൻ വല നൽകി. കടലിലെ ഏറ്റവും വലിയ മത്സ്യത്തെ വരെ പിടിക്കാൻ തക്ക ബലമുള്ള വലയായിരുന്നു അത്.
അവിടെ നിന്നും മുക്കുവന്റെ വേഷം മാറിയ രാജകുമാരൻ അടുത്ത രാജ്യത്തുകൂടെ സഞ്ചാരം തുടർന്നു. അദ്‌ഭുതവല കൊണ്ട് യഥേഷ്ടം മീൻ പിടിച്ച് ആവശ്യത്തിനുള്ളതെടുത്ത് ബാക്കി കച്ചവടം നടത്തി അന്നന്നത്തെ വിശപ്പടക്കികൊണ്ടിരുന്നു.
അങ്ങനെ ഒരു ദിവസം ആ രാജ്യത്തെ രാജകൊട്ടാരത്തിനടുത്തെത്തിച്ചേർന്നു. അവിടെ ഒരു ഉത്സവം നടക്കുന്നുണ്ടായിരുന്നു. രാജവീഥികൾ കൊടിതോരണങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. തെരുവുകൾ കച്ചവടക്കാരെകൊണ്ടും, കാഴ്ചകൾ കാണാനും സാധനങ്ങള്‍ വാങ്ങുവാനും വന്ന ജനങ്ങളെക്കൊണ്ടും നിറഞ്ഞിരുന്നു. ഒരു രാജഭടൻ ഒരു പീഠത്തിൽ കയറി നിന്നുകൊണ്ട് ഇപ്രകാരം വിളംബരം ചെയ്യുന്നുണ്ടായിരുന്നു.
“ഇന്ന് വൈകുന്നേരം കൊട്ടാരക്കെട്ടിലെ മട്ടുപ്പാവിൽ ഭൂമിയിലെ ഏറ്റവും സുന്ദരിയായ നമ്മുടെ രാജകുമാരി പ്രജകളെ മുഖം കാണിക്കുന്നതായിരിക്കും.”
മുക്കുവ വേഷം കെട്ടിയ രാജകുമാരന് കാട്ടിൽ വെച്ചു കണ്ട രാജകുമാരിയെ ഓർമ്മ വന്നു. അവളെക്കാൾ സുന്ദരിയായിരിക്കുമോ ഈ രാജകുമാരി എന്നറിയാനുള്ള ആകാംക്ഷയിൽ കൊട്ടാരത്തിനടുത്ത് രാജകുമാരിയെ കാണാൻ കാത്തിരുന്നു.
(തുടരും)
കഥയുടെ മറ്റ് ഭാഗങ്ങൾ വായിക്കാം – രാജകുമാരനും രാക്ഷസനും

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു