അതിജീവനത്തിന്റെ മഹാനഗരം

മുംബൈ (പഴയ ബോംബെ) മഹാനഗരം പേരിൽ തന്നെ അതിശയിച്ചു നിന്ന ഒരു കുട്ടിക്കാലം. പൂഴി ഉതിരാത്ത ജനപ്രവാഹം. റോഡ് കാണാൻ പറ്റാത്തത്ര വാഹനങ്ങൾ. അധോലോക രാജാക്കൻമാരുടെ വിഹാരരംഗം. തലങ്ങും വിലങ്ങും പായുന്ന ലോക്കൽ ട്രെയിനുകൾ… ബന്ധ ങ്ങൾക്കും സൗഹൃദങ്ങൾക്കും വില കൽപ്പിക്കാത്ത നഗരം. ഇങ്ങനെ സിനിമകളിൽ കണ്ടും കഥകളിൽ വായിച്ചും അനുഭവസ്ഥരുടെ നിറം പിടിപ്പിച്ച വർണ്ണനകളും കേട്ട് ഭയത്തോടെ മാറിനിന്നു നോക്കിക്കണ്ടിരുന്ന പാവാടക്കാരി ഒടുവിൽ എത്തിച്ചേർന്നത് അതേ നഗരത്തിൽ തന്നെ.

പക്ഷേ, ഞാൻ നേരിൽ കണ്ട മുംബൈ, കേട്ടറിഞ്ഞതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അറബിക്കടലിലേക്ക് തല ചായ്ച്ച് ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ വിരൽ നുണഞ്ഞ് കിടക്കുന്നമഹാനഗരത്തെയാണ് ഞാൻ നേരിൽ കണ്ടത്. എല്ലാവരെയും ഒരേ സന്തോഷത്തോടെ മുഖം കറുപ്പിക്കാതെ സ്വീകരിക്കുന്ന ഒരു ആതിഥേയ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ നഗരത്തിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ. നഗരം എന്റെ കൺമുന്നിൽ പെറ്റു പെരുകുകയായിരുന്നു. ജീവിതത്തിന്റെ അതിജീവനത്തിനായുള്ള ആയിരങ്ങളുടെ ഓട്ടപ്പാച്ചിലിൽ ഞാനും എന്റെ തോണിയിറക്കി. ആഞ്ഞു തുഴയുന്നവൻ മാത്രമാണ് വിജയി. തളരുന്നവന് നഗരത്തിൽ ഇടമില്ല, അത് നഗരം എവിടെയും എഴുതിവയ്ക്കാത്ത അതിജീവന സത്യം.

വളരുന്ന നഗരത്തെ തളർത്തുവാൻ എന്തെല്ലാം കുൽസിത ശ്രമങ്ങൾ. വർഗീയലഹളകൾ, തീവ്രവാദി ആക്രമണങ്ങൾ, ബോംബ് സ്ഫോടനങ്ങൾ… കൂടാതെ പ്രകൃതിയുടെ താണ്ഡവമായി പ്രളയദുരന്തങ്ങൾ. എല്ലാം കൺമുന്നിലൂടെ കടന്നുപോയ അനുഭവ ങ്ങൾ. സ്വരുക്കൂട്ടി വെച്ചിരുന്ന ഇത്തിരി എങ്കിലും ഒത്തിരി ആയിരുന്ന പല സ്വപ്നങ്ങളെയും നിമിഷങ്ങൾ കൊണ്ട് പ്രകൃതിതാണ്ഡവമാടി തകർത്തുകളഞ്ഞത് നേരിട്ട് അനുഭവിച്ചതാണ്. പക്ഷേ, ഒരു നിമിഷത്തെ പതർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് പതിവു പ്രയാണം തുടരുന്ന മഹാനഗരം എന്നും എനിക്ക് ഒരു അതിശയോക്തി തന്നെയാണ്. അതിജീവനത്തിന്റെ ഈ മൃതസഞ്ജീവനി മന്ത്രം മുംബൈക്കു മാത്രം സ്വന്തം. ബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ, സമയത്തിന്റെ വില പഠിപ്പിച്ചത് ഈ മഹാനഗരമായിരുന്നു. ഈ സ്വപ്നഭൂമിയിൽ പരാജിതരില്ല. എല്ലാവരും വിജയികൾ മാത്രം. എന്നും എപ്പോഴും തിരക്കുപിടിച്ച തെരുവു വീഥികൾ. സമയബ ന്ധിതരായി തലങ്ങും വിലങ്ങും ധൃതിയോടെ ഇടക്ക് വാച്ചിലേക്ക് നോക്കി നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളുടെ തിരക്കുകളിൽ അലിഞ്ഞുചേരുന്നവരുടെ ഒരു ലോകം.

സ്ത്രീയെന്നും പുരുഷനെന്നും വേർതിരിവ് ഇല്ല എന്നതും ഈ നഗരത്തിന്റെ ഒരു പ്രത്യേകത തന്നെ. ലോക്കൽ ട്രെയിനുകളുടെ ലേഡീസ് കംപാർട്മെന്റുകളിലെ തിരക്കുകളിൽ ജീവിതത്തിന്റെ തോണി ഒരുമിച്ചുതുഴയാനിറങ്ങിയ എത്രയോ സ്ത്രീകഥാപാത്രങ്ങൾ കാണാം. തിരക്ക് എന്നത് ഈ മഹാനഗരത്തിന് ഏറ്റവും അനുയോജ്യമായ ഒരു പര്യായം തന്നെയാണ് എന്ന് തോന്നിയിട്ടുണ്ട്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോഴും സജീവമാകുന്ന മുംബൈ നഗരം. നാട്ടിൽനിന്ന് വേറിടേണ്ടി വന്നപ്പോൾ ഗൃഹാതുരത എന്നിൽ വല്ലാതെ കുടിയേറി പാർത്തെങ്കിലും ഇന്ന് ഞാൻ എന്റെ പെറ്റമ്മയായ കേരളത്തെ സ്നേഹിക്കുന്ന പോലെ തന്നെ ഇപ്പോൾ എന്റെ പോറ്റമ്മയായ ഈ നഗരത്തെയും നെഞ്ചോട് ചേർക്കുന്നു.

മഹാനഗരത്തിലെ എന്നെ വളരെയധികം ആകർഷിച്ച ഒരു ഉത്സവമാണ് ഗണേശോത്സവം. മുഴുവൻ നഗരവും അണിഞ്ഞൊരുങ്ങി ഭക്തിയുടെ പരമ്യതയിൽ ജ്വലിച്ചുനിൽക്കുന്ന പത്തു ദിവസങ്ങള്‍. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗണപതി ഭഗവാന്റെ വലിയ വലിയ സുന്ദര മൂർത്തികൾ എഴുന്നള്ളിച്ചു കൊണ്ടുവരുന്നത് കാണാൻ തന്നെ എന്തു രസമാണ്. ജാതിമത വ്യത്യാസമില്ലാതെ വലിയ വലിയ മണ്ഡലുകളിൽ ഒഴുകിയെത്തു ന്ന ജനങ്ങളുടെ തിരയിളക്കമാണ് ആ പത്തു ദിവസങ്ങളിൽ. സന്തോഷത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തിളങ്ങുന്ന കണ്ണുകളുമായ് അപ്പോഴും മഹാനഗരം എല്ലാവരെയും ചേർത്തുപിടിച്ചു നിൽക്കും. എന്നും എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന തിരക്കുകളിൽ ആണെങ്കിലും സാമൂഹിക പ്രതിബദ്ധത കൈവിടാത്ത എത്രയോ നല്ല മനുഷ്യസ്നേഹികളുടെ ആരവങ്ങൾ കൂടി ഇവിടെ ശ്രവിക്കാം. ഇന്ന് ഒരു പ്രവാസി മലയാളിയായി ഞാൻ നഗരത്തിന്റെ ഏതോ ഒരു മൂലയിൽ ഇരിക്കുമ്പോഴും മലയാളിയുടെ സൗഹൃദങ്ങളുടെ ചങ്ങലക്കണ്ണികൾ അങ്ങു നീണ്ടു പടർന്നു മുംബൈ മഹാനഗരത്തിന്റെ മുക്കിലും മൂലയിലേക്കും വരെ എത്തിനിൽ ക്കുന്നത് അതിനൊരുദാഹരണമാണ്. എന്നു വെച്ച് ഓരോ പ്രവാസി മലയാളിയും മലയാളി മാത്രമായല്ല നഗരത്തെ സ്നേഹിക്കുന്നത്. തങ്ങൾ ജീവിക്കുന്ന, തങ്ങളെ ജീ വിപ്പിക്കുന്ന നഗരത്തിന്റെ ഓരോ സുഖദുഃഖങ്ങളിലും പങ്കാളിയാകാൻ ഓരോരുത്തരും ശ്രമിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

ഫൈവ് സ്റ്റാർ ഹോട്ടലിൽ നിത്യേന അത്താഴം ഉണ്ണുന്നവരും വഴിയോരത്ത് പത്തു രൂപയുടെ ഒരു വടാ പാവിൽ (റൊട്ടി) ഒരു ദിവസം തള്ളിനീക്കുന്നവരെയും നഗരത്തിൽ കാണാം. പക്ഷേ, അവരുടെ മനസ്സിന്റെ നിറവ് തുല്യമായിരിക്കും.

സ്വപ്നാന്വേഷകർക്ക് മുംബൈ ഒരു പരിശീലനക്കളരി കൂടിയാണ്. മുംബൈയിൽ ജീവിതത്തിന്റെ ആദ്യ പാഠം പഠിച്ചവർ എവിടെയും പരാജയപ്പെടില്ല. ഒരു കാലത്ത് ഗൾഫിലേക്കു ള്ള ചവിട്ടുപടി കൂടിയായിരുന്നു ഈ മഹാനഗരം. ഒരിക്കലും നിശ്ചലമാകാത്ത മുംബൈ നഗരം ഒരുവേള സ്തംഭിച്ചു നിന്നത് കോവിഡിന്റെ വ്യാപനത്തോടെയാണ്. മുംബൈയുടെ ജീവനാഡിയെന്ന് പറയപ്പെടുന്ന ലോക്കൽ ട്രെയിനുകൾ വഴികളിൽ ചലനമറ്റ് കിടന്നു. രാവും പകലും ജനനിബിഡമായ പ്ലാറ്റ്‌ഫോമുകൾ ഒരു കാലനക്കത്തിനായി കൊതിച്ചു. തിളങ്ങുന്ന ഉച്ചവെയിലിൽ റെയിൽവേ ട്രാക്കുകൾ കാലത്തിന്റെ വികൃതിയെ ശപിച്ചു. മുംബൈ നഗരം മെല്ലെ മെല്ലെ പതിവു താളം വീണ്ടെടുത്തു തുടങ്ങിയിരിക്കുന്നു. അതിജീവനത്തിന്റെ ഹൃദയതാളം ഓടിത്തുടങ്ങിയ ട്രെയിൻ ബോഗികൾക്ക് ചൂടു പകരുന്നു. ഒന്നും ശാശ്വതമല്ലാത്ത മഹാനഗരം ഒന്നുമറിയാത്തപോലെ അറബിക്കടലിലെ തിരമാലകളോട് കിന്നാരം ചൊല്ലുന്നു. തളരാത്ത കർമഭൂമി പ്രദക്ഷിണവഴികളിൽ വീണ്ടും ചലിക്കുന്നു.

ജയശ്രീ രാജേഷ്
മലയാളം മിഷന്‍
ഗോവ ചാപ്റ്റര്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content