സഡാക്കോ സസാക്കിയും

ആയിരം കൊക്കുകളും

സഡാക്കോ സസാക്കി

സഡാക്കോ സസാക്കി

1945 ആഗസ്റ്റ് ആറ്, അന്ന് സഡാക്കോ സസാക്കിക്ക് പ്രായം രണ്ടു വയസ്സ്. ഹിരോഷിമയിൽ നിന്ന് കുറച്ച് അകലെയായിരുന്നു അവള്‍. ഹിരോഷിമയുടെ ആകാശത്ത് ബോംബർ വിമാനങ്ങള്‍ പറന്നുനടക്കുകയാണ്. ആ കാഴ്ച കൗതുകത്തോടെ, നിഷ്കളങ്കതയോടെയും കൊച്ചുമിടുക്കി നോക്കിനിന്നു. പക്ഷേ ആ കൗതുകം അല്പസമയത്തിനുള്ളിൽത്തന്നെ ഭീതിയ്ക്കും ഭീകരതയ്ക്കും വഴിമാറി. ലക്ഷക്കണക്കിനു മനുഷ്യർ നിസ്സഹായതയോടെ കത്തിക്കരിഞ്ഞു. പലരും ആവിയായിപ്പോയി. അല്പം അകലെയായതിനാലാവും സഡാക്കോ സസാക്കിയോടു മാത്രം പക്ഷേ ആ തീജ്വാലകള്‍ കരുണ കാണിച്ചു.

കാലം കടന്നു പോയി. നിഷ്കളങ്കതയുടെ ബാല്യമെന്തെന്ന് അന്ന് ജപ്പാനിലെ കുട്ടികളാരും അറിഞ്ഞിരിക്കില്ല. റേഡിയോ ആക്റ്റീവ് വികിരണങ്ങൾ തങ്ങളുടെ ചുറ്റുമുള്ളവരെ കൊന്നൊടുക്കുകയാണ്. പ്രിയപ്പെട്ടവർ വേദനയോടെ വിടപറഞ്ഞുകൊണ്ടിരിക്കുന്നു. ആറ്റം ബോംബിന്റെ തീജ്വാലകള്‍ സഡാക്കോയോട് കരുണകാണിച്ചതാണ്. പക്ഷേ കാലം കരുണ കാണിച്ചില്ല. രക്താർബുദത്തിന്റെ രൂപത്തിൽ അവളെയും റേഡിയോ വികിരണങ്ങള്‍ ആക്രമിച്ചു.

പക്ഷേ ആശുപത്രിക്കിടക്കയിൽ വച്ചും അവള്‍ ആശ കൈവെടിഞ്ഞില്ല. ആശുപത്രിയിൽ അവളെ സന്ദര്‍ശിക്കാൻ ആത്മസുഹൃത്ത് ചിസുക്കോ ഹമാമോട്ടോ വരാറുണ്ട്. ഒരു ദിവസം സഡാക്കോയ്ക്ക് കടലാസുകൊണ്ട് ഒരു കൊക്കുണ്ടാക്കി കൊടുത്തു ഹമാമോട്ടോ. സഡാക്കോയും പെട്ടെന്നുതന്നെ കൊക്കുണ്ടാക്കാൻ പഠിച്ചു. വെള്ളക്കൊക്കുകള്‍ ജപ്പാന്‍കാര്‍ക്ക് ഐശ്വര്യത്തിന്‍റെ പ്രതീകമാണ്. ആ ഐശ്വര്യത്തെ വിളിച്ചു വരുത്താനായി ആശുപത്രിക്കിടക്കയിലിരുന്ന് സഡാക്കോയും കടലാസുകൊക്കുകളെ ഉണ്ടാക്കാന്‍ തുടങ്ങി. ആയിരം കൊക്കുകളെ ഉണ്ടാക്കിയാല്‍ അനുഗ്രഹിക്കപ്പെടും എന്നാണു വിശ്വാസം. അത് അവളെ ആവേശം കൊള്ളിച്ചു.

ആശുപത്രിയില്‍ കഴിച്ചു കൂട്ടിയ സമയം മുഴുവന്‍ സഡാക്കോ കൊക്കുകളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. കടലാസ് അന്ന് വളരെ എളുപ്പം കിട്ടുമായിരുന്നില്ല. മരുന്നു പൊതിയുന്ന കടലാസുകള്‍ക്കായി അവള്‍ അയൽമുറികളില്‍ കയറിയിറങ്ങി. ചിസുക്കോയും സ്കൂളിൽനിന്ന് കടലാസുകള്‍ നല്‍കി അവളെ സഹായിച്ചു. സമയം കടന്നുപോയി. ആരോഗ്യനില വഷളായി. പക്ഷേ ഒരു രക്താർബുദത്തിനും തന്നെ കീഴ്പെടുത്താനാവില്ല എന്ന ആത്മവിശ്വാസമായിരുന്നു അവൾക്ക്. എന്നാൽ വിധി മറ്റൊന്നായിരുന്നു. ആയിരം കൊക്കുകൾ എന്ന പ്രതീക്ഷ തികയ്ക്കാൻപോലും ലിറ്റില്‍ ബോയുടെ വികിരണങ്ങള്‍ അവളെ അനുവദിച്ചില്ല. 644 കൊക്കുകളെ പൂര്‍ത്തിയാക്കി 1955 ഒക്റ്റോബര്‍ 25 ന് ലോകജനതക്കായി തന്റെ പ്രതീക്ഷകള്‍ കൈമാറിക്കൊണ്ട് അവൾ കടന്നു പോയി. സഡാക്കോയുടെ പ്രിയ ചങ്ങാതി ചിസുക്കോ ഹമാമോട്ടോ നിറകണ്ണുകളോടെ അവൾക്കു വേണ്ടി 1000 കൊക്കുകളെ പൂര്‍ത്തിയാക്കി. പ്രിയപ്പെട്ട ആ കൊക്കുകൾക്കൊന്നിച്ചാണ് അവളെ അടക്കം ചെയ്തത്.

പക്ഷേ സഡാക്കോ അറിഞ്ഞിരിക്കില്ല, തന്റെ പ്രതീക്ഷ നിലനിർത്താൻ ലോകജനത മുഴുവന്‍ കാത്തിരിക്കുകയായിരുന്നു എന്നത്. അവളുടെ മരണശേഷം ചിസുക്കോയും സ്കൂളിലെ ചങ്ങാതിമാരും ചേർന്ന് അനേകം കത്തുകളെഴുതി. തങ്ങളുടെ പ്രിയചങ്ങാതി സഡാക്കോയുടെ പേരിലും ആണവവികിരണമേറ്റ് അകന്നുപോയ ആയിരക്കണക്കിനു കുട്ടികള്‍ക്കായും ഒരു സ്മാരകം നിർമ്മിക്കണം. ആർക്കുംവേണ്ടാത്ത, ആരുടെയൊക്കെയോ പിടിവാശികള്‍ക്കുവേണ്ടി മാത്രമുള്ള യുദ്ധങ്ങൾ ഇനി വേണ്ടെന്നു പറയാനുള്ള ഒരു സ്മാരകം. ആ കുഞ്ഞുങ്ങളുടെ കത്തുകള്‍ക്ക് ഏത് ആറ്റം ബോംബുകളേയും ഉരുക്കിക്കളയാനുള്ള കഴിവുണ്ടായിരുന്നു. ജപ്പാനിലെ സ്കൂൾകുട്ടികള്‍ ഒറ്റമനസ്സോടെ ഇറങ്ങിത്തിരിച്ചു. സ്മാരകം നിര്‍മ്മിക്കാനുള്ള പണത്തിനായി പ്രചരണപരിപാടികള്‍ നടത്തി. അവസാനം 1958 മേയ് 5 ന് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കുട്ടികളുണ്ടാക്കിയ ആയിരക്കണക്കിനു കടലാസുകൊക്കുകളുടെ സാന്നിദ്ധ്യത്തില്‍ ഹിരോഷിമയിലെ സമാധാനസ്മരണിക ഉദ്യാനത്തില്‍ ഒരു വലിയ പ്രതിമ സ്ഥാപിക്കപ്പെട്ടു. സമാധാനത്തിനുവേണ്ടിയുള്ള ഒരു സ്മാരകം. ആ സ്മാരകത്തിന്റെ മുകളിലേക്കു നോക്കിയാൽ ഇന്നും ഓരോ കുട്ടിക്കും കാണാം, കടലാസുകൊക്കുകളെ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്ന സഡാക്കോ സസാക്കിയെ.

സഡാക്കോ സസാക്കി എന്ന പന്ത്രണ്ടു വയസ്സുകാരി മനുഷ്യത്വമുള്ള മനസ്സുകളിൽ ഇന്നും വേദനയായി അവശേഷിക്കുന്നു. എല്ലാ വര്‍ഷവും ആഗസ്റ്റ് ആറിന് ഒരു കോടിയിലധികം കടലാസുകൊക്കുകള്‍ ഹിരോഷിമയിലെ സമാധാനസന്ദേശ ഉദ്യാനത്തിലെത്തും. ലോകത്ത് മനുഷ്യത്വമുള്ള മനസ്സുകള്‍ നിലനില്‍ക്കുന്നു എന്നതിന്റെ പ്രതീകമാണത്. സഡാക്കോ സസാക്കി എന്ന പന്ത്രണ്ടു വയസ്സുകാരിയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എല്ലായിടത്തെയും കുട്ടികള്‍ പരിശ്രമിക്കുകയാണിന്നും. ഹിരോഷിമയെന്ന ദുരന്ത ഭൂമിയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി എത്തുന്ന കടലാസു കൊക്കുകള്‍ക്കു പുറകില്‍ സസാക്കിയുടെ നിലവിളിയുണ്ട്… വേദനയുണ്ട്… അതിനൊപ്പം സമാധാനത്തിനു വേണ്ടിയുള്ള അവളുടെ പുഞ്ചിരിയുമുണ്ട്.

നവനീത് കൃഷ്ണന്‍ എസ്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content