പാട്ടുപാടും കൂഴവാലി
ഭാഗം 3
കുട്ടികള്‍ക്കും സങ്കടം വന്നു. കൂഴവാലി ഒരു മീനാണ് പക്ഷേ കുട്ടികള്‍ക്ക് ഒരു നല്ല ഫ്രണ്ടിനെ കിട്ടിയതുപോലെയാണ്. അതുകൊണ്ടാണ് കൂഴവാലിയുടെ കണ്ണ് നിറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് സങ്കടം വന്നത്. ‘ഞാന്‍ നിങ്ങടെ കൂടെ പോന്നോട്ടെ’ കൂഴവാലി ചോദിച്ചു.
‘ഞങ്ങള്‍ തിരികെ പോയാല്‍ നീ ഒറ്റയ്ക്കാകില്ലേ. പിന്നെ അടുത്ത വര്‍ഷമാണ് നാട്ടിലേക്കെത്തുക’.
കൂഴവാലി ഉയര്‍ന്നുപൊങ്ങി വെള്ളത്തിനടിയിലേക്ക് ഊളിയിട്ടുപോയി. പെട്ടെന്ന് ജലപരപ്പിലേക്ക് ഉയര്‍ന്നുവന്നു.
‘ഞാനൊരു കാര്യംചോദിക്കട്ടെ ?’
കൂഴവാലി ചോദിച്ചു. കുട്ടികള്‍ കൗതുകപൂര്‍വ്വം കൂഴവാലിയുടെ ചോദ്യത്തിന് കാതോര്‍ത്തു. മീന്‍ പറഞ്ഞു.
‘നിങ്ങള്‍ എന്നോടൊപ്പം കുറച്ച് നേരം ഈ കായല്‍ തീരത്ത് നില്‍ക്കാമോ? അങ്ങനെയെങ്കില്‍ കുറെ കായല്കഥകള് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരാം’.
കുട്ടികള്‍ ആലോചിച്ചു. അപ്പൂപ്പന് അവരെ കാത്ത് അക്ഷമനായി ദൂരെ മരച്ചുവട്ടില്‍ നില്‍ക്കുകയാണ്. അപ്പൂപ്പനോട് അനുവാദം ചോദിക്കണം. കുട്ടികള്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്നു. കാര്യംപറഞ്ഞു. അപ്പുപ്പന് ചിരിച്ചു.
കായല്ക്കഥ കേള്‍ക്കാനല്ലേ ഞാനും വരാം മക്കളെ.’ അങ്ങനെ അപ്പുപ്പനും കുട്ടികളും തുള്ളിച്ചാടി കൂഴവാലിയുടെ അരികിലെത്തി. മീനിന് സന്തോഷമായി. അപ്പുപ്പന് കൂഴവാലിയുടെ മുഖത്ത് നോക്കി ഒരു കവിത പാടി.
മഴക്കോളില്‍ പിറക്കുന്ന നറും കൂഴാലി
ജലശ്ശീലക്കപ്പുറത്തെ മണല്ക്കണ്ണാടി
ഇവ തമ്മില്‍ കൊളുത്തുന്ന നിഴല്‍ കൂമ്പാരം പ്രാച്ചി-
ക്കരഞ്ഞാണം വിളക്കുന്ന വെയില്ക്കിന്നാരം
‘കുരീപ്പുഴ ശ്രീകുമാറിന്റെ നിന്നെക്കുറിച്ചുള്ള വരികളാണിത്.’ അപ്പുപ്പന് ചിരിച്ചു. കൂഴവാലിക്ക് സന്തോഷമായി. വലിയകവികള് പോലും തന്നെ വാഴ്ത്തിപ്പാടുന്നു. കൂഴവാലി തല വെള്ളത്തിന് മീതെ ഉയര്‍ത്തിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു.’എനിക്കും ഒരു പാട്ടറിയാം. കായലിനെക്കുറിച്ചുള്ള പാട്ടാ. ഞാന്‍ പാടി കഴിയുമ്പോള്‍ നിങ്ങളും എന്നോടൊപ്പം പാടണം.’
കുട്ടികളും അപ്പുപ്പനും സമ്മതിച്ചു. കുഴവാലി പാട്ട്പാടാന്‍ തുടങ്ങി.
കായലിനക്കരെ പോകാനെനിക്കൊരു
കളിവള്ളമുണ്ടായിരുന്നു- പണ്ടൊരു
കളിവള്ളമുണ്ടായിരുന്നു.
ഒത്തിരിദൂരം തുഴഞ്ഞുതരാനൊരു
മുത്തശ്ശിയുണ്ടായിരുന്നു നല്ലൊരു
മുത്തശ്ശിയുണ്ടായിരുന്നു.
അന്തിക്കു ഞങ്ങളാ കായലിനക്കരെ
അമ്പലമുറ്റത്ത് പോകും
കളിവള്ളം തുഴയും കഥകള്‍ പറയും
കഥകളിപ്പാട്ടുകള്‍ പാടും-മുത്തശ്ശി
കളിവഞ്ചിപ്പാട്ടുകള്‍ പാടും
കര്‍ക്കിടക കാറ്റത്തൊരന്തിക്ക് കായലില്‍
മുത്തശ്ശിയൊറ്റയ്ക്ക് പോയി
പിറ്റേന്ന് നേരം ഇരുണ്ടുവെളുത്തു
മുത്തശ്ശിയമ്മയെ കണ്ടില്ല
ഒത്തിരിനേരം കരഞ്ഞുപറഞ്ഞു ഞാന്‍
മുത്തശ്ശിയമ്മേ പോകല്ലേ
അമ്പലക്കായലില്‍ വള്ളം കിടന്നു.
പമ്മി നടന്നു പങ്കായം….
കൂഴവാലി പാട്ടുപാടിയപ്പോള്‍ കുട്ടികളുടെ കണ്ണ് നിറഞ്ഞുപോയി. അപ്പൂപ്പന്റെ കണ്ണില്പൊടിഞ്ഞ നീര്‍ത്തുള്ളികള്‍ തുടച്ചുകൊണ്ട് അദ്ദേഹം ചിരിക്കാന്‍ ശ്രമിച്ചു. എന്നിട്ട് പറഞ്ഞു. ‘ ഇത് ഒരു നാടകഗാനമാണ് വിശറിക്ക് കാറ്റ് വേണ്ട എന്ന നാടകത്തിനുവേണ്ടി വയലാര്‍ രാമവര്‍മ്മ എഴുതിയ പാട്ടാണിത്’.
‘വയലാര്‍ രാമവര്‍മ്മയെപ്പോലെ തന്നെ മിടുക്കരായ ധാരാളം എഴുത്തുകാര്‍ ജനിച്ച മണ്ണാണ് അഷ്ടമുടിക്കായലിന്റെ തീരം’. കൂഴവാലി പറഞ്ഞു.
‘അതാരൊക്കെയാ’ കുട്ടികള്ചോദിച്ചു. കൂഴവാലി ചിരിച്ചുകൊണ്ട് അഷ്ടമുടിക്കായലിന്റെ തീരത്തെ എഴുത്തുകാരെക്കുറിച്ച് പറഞ്ഞുതുടങ്ങി.
‘മഹാകവി അഴകത്ത് പത്മാനാഭക്കുറിപ്പ്, തിരുനെല്ലൂര്‍,ഒ.എന്‍.വി. കുറുപ്പ്, കെ.ജിശങ്കരപ്പിള്ള, കുരീപ്പുഴ ശ്രീകുമാര്‍, പട്ടത്തുവിള കരുണാകരന്, സി.എന്‍.ശ്രീകണ്ഠന് നായര്‍ തുടങ്ങിയ എഴുത്തുകാര്‍; പാരീസ് വിശ്വനാഥന്, ജയപാലപ്പണിക്കര്‍ എന്നീ ചിത്രകാരന്മാര്.ചലച്ചിത്രകാരന് ഷാജി എന്‍ കരുണ്‍, കാഥികന് വി സാംബശിവന്, ബാലസാഹിത്യകാരന്‍ വി.എം. രാജമോഹന്‍ തുടങ്ങി എത്രയോ കലാകാരന്മാര് ഈ തീരത്തു നിന്നുണ്ടായി. രാഷ്ട്രീയ നേതാക്കളും വ്യവസായികളും വേറെയുണ്ട്. ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് അഷ്ടമുടിക്കായല്‍ സാക്ഷിയായിരുന്നു. കുണ്ടറ വിളംബരം പെരിനാട് ലഹള എന്നൊക്കെ കേട്ടിട്ടില്ലേ അതെല്ലാം അഷ്ടമുടിക്കായലിന്റെ തീരത്ത് നടന്ന ചരിത്രസംഭവങ്ങളാണ്.’
അഷ്ടമുടിക്കായലിന്റെ വിശേഷങ്ങള്‍ കേട്ടപ്പോള്‍ അപ്പുപ്പനും കുട്ടികള്‍ക്കും ആവേശമായി. കായല്‍ കഥകള്‍ ഇനിയും ഇനിയും കേള്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചു. കൂഴവാലി കായല്‍ കഥകളുമായി അവര്‍ക്കൊപ്പം കൂടി.

റാണി പി. കെ
( രണ്ടാം ഭാഗം ഇവിടെ വായിക്കാം )