ഒ.എന്‍.വിയുടെ ‘കൊച്ചുദുഃഖം’ – ഒരു ആസ്വാദനം
തേനൂറുന്ന കവിതകള്‍കൊണ്ടും സിനിമാഗാനങ്ങള്‍കൊണ്ടും മലയാളികളുടെ കര്‍ണങ്ങളെ കുളിരണിയിച്ച കേരളത്തിന്റെ പ്രിയകവിയാണ് ഒ.എന്‍.വി കുറുപ്പ് . ജ്ഞാനപീഠമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു കവിതയാണ് ‘കൊച്ചുദുഃഖം’.
ദാരിദ്ര്യമാണ് ഈ കവിതയുടെ പ്രമേയം. ഇല്ലായ്മ പുറത്തു പറയാന്‍ മടിക്കുന്ന മലയാളിയുടെ മുഖവും ഈ കവിത തുറന്നു കാട്ടുന്നു. വിദ്യാലയവാതില്‍ക്കല്‍ നിര്‍ത്തിയ ബസ്സില്‍നിന്നും തിക്കിത്തിരക്കിയിറങ്ങുന്ന കുട്ടിയുടെ കൈയില്‍നിന്ന് ചെറിയൊരു ചോറ്റുപാത്രം താഴെ വീണു. അതിലുണ്ടായിരുന്നതെല്ലാം പുറത്തുപോയി. റോഡിലൂടെ പാത്രവും മൂടിയും ഉരുണ്ടു നടന്നു. ഒരാള്‍ അവയെടുത്ത് കുട്ടിയുടെ കൈയില്‍ തിരികെയേല്‍പ്പിച്ചു. അപ്പോള്‍ കുട്ടിയുടെ കണ്ണ് നിറഞ്ഞുപോയി. പട്ടിണിയാകുമെന്നതല്ല കുട്ടിയെ കരയിച്ചതിന്റെ കാരണം. മറിച്ച് തന്റെ ചോറ്റുപാത്രത്തില്‍നിന്ന് പുറത്തേയ്ക്കു വീണത് നാലഞ്ചു കപ്പക്കഷണങ്ങളായിരുന്നു. അത് ആളുകള്‍ കണ്ടതിനാലാണ് കുട്ടി നാണക്കേടോര്‍ത്ത് കരഞ്ഞത്. ഇത്തരത്തില്‍ കവിത അവസാനിക്കുമ്പോള്‍ അതു പട്ടിണിയാണെങ്കിലും മുണ്ടു മുറുക്കിയുടുത്ത് ആരെയും അറിയിക്കാതെ ജീവിക്കുന്ന മലയാളിയുടെ മുഖം തെളിഞ്ഞു വരുന്നു.

ഒ.എന്‍.വി കുറുപ്പ്
വാങ്മയചിത്രങ്ങള്‍കൊണ്ടു സമ്പന്നമാണ് ഈ കവിത. കുട്ടികള്‍ തിങ്ങിനിറഞ്ഞ ബസ്സ്, തിക്കിത്തിരക്കിയിറങ്ങുന്ന കുട്ടികള്‍, താങ്ങാനാവാത്ത ഭാരം പേറുന്ന ബാഗുമായി നില്‍ക്കുന്ന കുട്ടികള്‍ ഇവയെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്നത് കേരളത്തിലെ ഒരു വിദ്യാലയക്കാഴ്ചതന്നെയാണ്.താര്‍മഷിയിട്ട നിരത്തും, ഉരുണ്ടുപോകുന്ന പാത്രവും മൂടിയുമൊക്കെ വായനക്കാരന്റെ മനസ്സില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ പര്യാപ്തമാണ്.
‘അക്ഷരഭാണ്ഡം’ എന്ന പ്രയോഗം നല്‍കുന്ന അര്‍ഥസാധ്യതകള്‍ വളരെ വലുതാണ്. പുസ്തകങ്ങള്‍ കുത്തിനിറച്ച സഞ്ചി, വിജ്ഞാനം കുത്തിനിറച്ച പുസ്തകങ്ങള്‍…അങ്ങനെയങ്ങനെ പോകുന്ന സൂചനകള്‍. അതുപോലെത്തന്നെ താര്‍മഷിയിട്ട നിരത്ത് എന്ന പ്രയോഗവും.
കവി ഉപയോഗിച്ചിരിക്കുന്ന ഭാഷ വളരെ ലളിതമാണ്. ഏതൊരു സാധാരണക്കാരനും ഒറ്റവായനയില്‍ ആശയം മനസ്സിലാകത്തക്ക വിധത്തിലുള്ള ഭാഷയാണ് കവിതയില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ആശയത്തിന്റെ ആഴംകൊണ്ട് സമ്പന്നവുമാണ്.
കുട്ടിതന്‍ കൈയിലെ ചോറ്റുപാത്രം.., നടുറോട്ടില്‍ തുടങ്ങി നിരവധിതവണ ആവര്‍ത്തിച്ചിരിക്കുന്ന ‘ട്ട’ എന്ന അക്ഷരത്തിന്റെ പ്രയോഗം, രണ്ടു വരികളിലും രണ്ടാമത്തെ അക്ഷരമായ് ‘ട്ട’ വരുന്നത് ഇവയെല്ലാം കവിതയ്ക്ക് മനോഹാരിത വര്‍ധിപ്പിക്കുന്നു.
വിദ്യാലയങ്ങളില്‍ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്ന ഇക്കാലത്ത് കവിതയുടെ പ്രമേയം പ്രശക്തമാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ കവിത എഴുതിയ കാലത്ത് ഒരുപക്ഷേ, വളരെ ശ്രദ്ധേയമായ ഒരു പ്രമേയംതന്നെയായിരിക്കും ഇത് എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന ഈ കവിത വായനക്കാരന്റെ മനസ്സില്‍ കണ്ണുനിറഞ്ഞു നില്‍ക്കുന്ന ഒരു ഒരു കുഞ്ഞിന്റെ ചിത്രം ബാക്കിയാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കെ. വി. മോഹനന്‍
അക്കാദമിക് കോര്‍ഡിനേറ്റര്‍
മലയാളം മിഷന്‍